Home ക്ഷേത്ര വിശേഷങ്ങൾ ക്ഷേത്ര ഭരണം വിശ്വാസികൾക്കുള്ളതെന്ന് സുപ്രീംകോടതി നിർദേശം. ആഹോബിലം ക്ഷേത്ര വിഷയത്തിൽ സർക്കാരിന് തിരിച്ചടി.

ക്ഷേത്ര ഭരണം വിശ്വാസികൾക്കുള്ളതെന്ന് സുപ്രീംകോടതി നിർദേശം. ആഹോബിലം ക്ഷേത്ര വിഷയത്തിൽ സർക്കാരിന് തിരിച്ചടി.

0
ക്ഷേത്ര ഭരണം വിശ്വാസികൾക്കുള്ളതെന്ന് സുപ്രീംകോടതി നിർദേശം. ആഹോബിലം ക്ഷേത്ര വിഷയത്തിൽ സർക്കാരിന് തിരിച്ചടി.

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാകുന്നതാണ് ഈ വിധി. 

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സർക്കാർ ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്ന് ആന്ധ്ര സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു. ഇതിന് വ്യക്തമായ മറുപടിയുണ്ടായില്ല. ഇതോടെയാണ് വിശ്വാസികൾക്ക് ഭരണം വിട്ടുകൊടുക്കണമെന്ന നിർദ്ദേശം എത്തിയത്. 

അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 

അഹോബിലം മഠത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി. ശ്രീധരൻ, പി. ബി സുരേഷ്, വിപിൻ നായർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. നേരത്തെ സംസ്ഥാനത്തെ 38,000 ക്ഷേത്രങ്ങളുടെ ഭരണനിർവഹണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇൻഡിക് കളക്ടീവ് ട്രസ്റ്റ് എന്ന എൻജിഒയാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്. ഇതിനിടെയാണ് മറ്റൊരു കേസിൽ സുപ്രീംകോടതിയുടെ വിധി വരുന്നത്. 

അതുകൊണ്ട് തന്നെ തമിഴ്‌നാട് കേസിലെ വിധിയും ഏറെ നിർണ്ണായകവും പ്രസക്തവുമാകും. ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം തമിഴ്‌നാട് സർക്കാർ വിലക്കിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എക്സിക്യുട്ടീവ് ഓഫീസർമാരെ നിയമിച്ച് ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുക മാത്രമല്ല, ക്ഷേത്രങ്ങളുടെ ഭീമമായ ഫണ്ട് വൻതോതിൽ ദുരുപയോഗം ചെയ്യുകയാണ്. എക്സിക്യുട്ടീവ് ഓഫീസർമാരുടെ നിയമന ചട്ടം- 2015ൽ പരമാവധി 5 വർഷത്തേക്ക് നിയമിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു ഉപാധിയും കൂടാതെ സംസ്ഥാന സർക്കാർ ഈ ഉദ്യോഗസ്ഥരെ അനിശ്ചിതകാലത്തേക്ക് നിയമിച്ചതായി ഹർജിയിൽ പറയുന്നു. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ആക്ഷേപം. സമാന വിഷയം തന്നെയാണ് അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടിയിലും നിറയുന്നത്. 

തമിഴ്‌നാട്ടിൽ വരുമാനം തീരെ കുറവും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുമായ ക്ഷേത്രങ്ങളിൽ പോലും എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതുവഴി യാതൊരു കാരണവുമില്ലാതെ സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളെ നിയന്ത്രിക്കുകയാണ്. ഇത്തരത്തിൽ ക്ഷേത്ര ഭരണം കൈക്കലാക്കുന്നത് ന്യായമല്ല. ക്ഷേത്രങ്ങളിലെ ഫണ്ട് എക്സിക്യുട്ടീവ് ഓഫീസർമാർ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഭക്തർ നൽകിയ സംഭാവനയിൽ നിന്നാണ് ഈ ഫണ്ട് രൂപീകരിച്ചത് 

ക്ഷേത്രഭരണം വിശ്വാസികൾക്ക് എന്ന വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നിലവിൽ കേരളത്തിലേതുൾപ്പെടെ പല ക്ഷേത്രങ്ങളും ഭരിക്കുന്നത് സർക്കാരാണ്. ആരാധന ക്രമത്തിലോ മൂർത്തിയിലോ വിശ്വാസമില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണം കൈയ്യാളുന്നതിലെ അനൗചിത്യം ഭക്തർ പലപ്പോഴും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. ക്ഷേത്രത്തിന്റെ നിയന്ത്രണം വിശ്വാസികൾക്ക് വിട്ടു കൊടുത്താൽ കേരളത്തിലേതുൾപ്പെടുയുള്ള പല ക്ഷേത്രങ്ങളിലും അവിശ്വാസികൾ ഭരണ കാര്യങ്ങളിലും ആചാര വിശ്വാസങ്ങളിലും ഇടപെടുന്നത് ഒഴിവാക്കാനാകും. 

LEAVE A REPLY

Please enter your comment!
Please enter your name here