കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസിന്‍റെ കറുത്ത കൈയും

6

കേംബ്രിഡ്ജ് അനലിറ്റിക്ക (CA – Cambridge Analytica) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കൺസല്‍ട്ടന്‍സി  സ്ഥാപനമാണ്. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും കേംബ്രിഡ്ജ് അനലിറ്റിക്കയും തമ്മിലുള്ള വിശുദ്ധമോ അവിശുദ്ധമോ ആയ  കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകൾ പത്ര-ദൃശ്യ മാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണല്ലോ. പൊതുതെരഞ്ഞെടുപ്പുകൾ, രാഷ്ട്രിയ പ്രാധാന്യമുള്ള പൊതുജന ഹിതപരിശോധനകൾ എന്നിവകളിൽ ഇടപെട്ട് താങ്കളുടെ ഇടപാടുകാര്‍ക്ക് അനുകൂലമായ ജനവിധി നേടുന്നതിനാവശ്യമായ പ്രചാരണതന്ത്രങ്ങളും കുതന്ത്രങ്ങളും രൂപപ്പെടുത്തിക്കൊടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ പ്രധാന കര്‍മം.

2016-ല്‍ നടന്ന അമേരിക്കൻ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിൽ ഡൊനാൾഡ്  ട്രംപിനെ സഹായിച്ചത് CA ആയിരുന്നു. 2015-ല്‍ ബ്രിട്ടനിൽ നടന്ന ബ്രക്സിറ്റ് (Brexit) നാം ആരും മറന്നു കാണാന്‍ സാധ്യതയില്ല. യുറോപ്യൻ യുണിയനില്‍നിന്നും ബ്രിട്ടൻ വിട്ടുപോകണമോ അതോ തുടരണമോ എന്നത് പൊതുജന ഹിതപരിശോധനയിലൂടെ കണ്ടുപിടിക്കുന്ന പ്രക്രിയക്കായിരുന്നു ബ്രക്സിറ്റ് എന്നു പറയുന്നത്. ബ്രിട്ടന്‍ വിട്ടുപോകണം എന്ന ആശയത്തെ അനുകൂലിക്കുന്നവർക്കു വേണ്ടിയാണ് CA പ്രവര്‍ത്തിച്ചതും അത് വിജയത്തിലെത്തിച്ചതും. ഇതുകൂടാതെ കെനിയ, നൈജീരിയ, ചെക്ക്‌ റിപ്പബ്ലിക്, അര്‍ജന്‍റീന, ഭാരതം തുടങ്ങി 25-ഓളം രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളിൽ ഇടപെടാനും അവിഹിത സ്വാധിനം ചെലുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് അവർ തന്നെ അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.

2011 മുതല്‍ CA ഭാരതത്തിലെ കോൺഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്. മാര്‍ച്ച്‌ 27-നു ക്രിസ്റ്റഫർ വൈലി (Christopher Wylie) എന്ന CA-യുടെ മുന്‍ജീവനക്കാരനാണ് ഇക്കാര്യം ബ്രിട്ടനിലെ പാര്‍ലമെന്‍ററി പാനലിനുമുമ്പാകെ ആധികാരികമായി വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്‍റെ തലവനായ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് അമേരിക്കൻ സെനറ്റ് പ്രതിനിധികള്‍ക്ക് മുന്‍പിൽ ഏപ്രിൽ 11-നു ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. എന്നുമാത്രമല്ല, CA ഫേസ്ബുക്കില്‍ നിന്നും വ്യാജമായി ചോര്‍ത്തിയ ഭാരത പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് തടയാൻ കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി 800 കോടിയോളം രൂപ CA-ക്ക് ഫീസ് ആയി നല്‍കി എന്നാണ് ചില പത്രറിപ്പോര്‍ട്ടുകൾ നല്‍കുന്ന സൂചന.

ഫേസ്ബുക്കില്‍നിന്നും അഞ്ചു കോടിയിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ CA മോഷ്ടിച്ചു എന്നു കണക്കാക്കപ്പെടുന്നു. ഫേസ്ബുക്കിന്‍റെ  ഉപയോക്താക്കളിൽ 11 ശതമാനം ഭാരതീയരാണ് – അതായത്‌ 55 ലക്ഷത്തില്‍ അധികം പേർ. ഭാരതമാണ്‌ ഫേസ്ബുക്കിന്‍റെ പ്രധാന വിപണി. അമേരിക്കൻ പൗരന്മാരേക്കാൾ കൂടുതൽ അത് സജീവമായി ഉപയോഗിക്കുന്നത് നാം ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക്‌ ഭാരതത്തിന്‍റെ സാമുഹ്യജീവിതത്തിൽ ആഴ്നിറങ്ങിയിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്  ബ്രിട്ടനിലെ പാര്‍ലമെന്‍ററി കമ്മിറ്റി മെംബർ പോൾ ഫറെല്ലി (Paul Farrelly) പറഞ്ഞത് “CA-യുടെ പ്രചാരണ പ്രവര്‍ത്തനങ്ങൾ ഭാരതത്തിന്‍റെ ശിഥിലീകരണത്തിന്‍റെ സാധ്യതകൾ (Opportunity for Destruction) വര്‍ദ്ധിപ്പിച്ചു” എന്ന്. ജനാധിപത്യ സ്ഥാപനത്തിനുവേണ്ടി പോരാടുന്ന മൂന്നാംലോകരാജ്യങ്ങളിൽ CA-യുടെ പ്രവര്‍ത്തനം നവ-കൊളോണിയലിസത്തിനു വഴിയൊരുക്കും എന്ന ക്രിസ്റ്റഫർ വൈലിയുടെ ആരോപണവും ഇത്തരുണത്തിൽ ഓര്‍ക്കേണ്ടതുണ്ട്.

കോൺഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തെക്കുറിച്ച് വിശദമായ ചര്‍ച്ച ആവശ്യമുണ്ട്. ആശയവിനിമയ മാധ്യമങ്ങളിൽ മനുഷ്യൻ കൈവരിച്ച സാങ്കേതിക നേട്ടങ്ങൾ ശ്ലാഘനീയമാകുമ്പോൾതന്നെ അതിലെ ചില പോരായ്മകൾ  ചൂഷണം ചെയ്തു സാമ്പത്തിക ലാഭമുണ്ടാക്കുന്ന CA എന്ന പ്രസ്ഥാനത്തെക്കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്.

ഭരണാധികാരിയും പ്രജകളും തമ്മിലുള്ള ആശയവിനിമയത്തിന് ജനങ്ങള്‍ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലത്തോളം തന്നെ പഴക്കമുണ്ട്. പണ്ടുകാലത്ത് രാജകീയ വിളംബരങ്ങൾ പെരുമ്പറ മുഴക്കി രാജകിങ്കരന്മാര്‍ പ്രജകളെ അറിയിച്ചിരുന്നു. ഒരു ദേശത്തിന്‍റെ  ഭരണപരവും സാമുഹ്യവുമായിട്ടുള്ള ആശയരൂപികരണം സാദ്ധ്യമാക്കിയിരുന്നത് ഈ ഏകചാലക സംവിധാനത്തില്‍കൂടി ആയിരുന്നു. അതിനുശേഷം പത്രമാധ്യമങ്ങളുടെ വരവായി. ഭാരതത്തിലെ ആദ്യത്തെ പത്രമായി കല്‍കത്തയില്‍നിന്നും 1780-ല്‍ ബംഗാൾ ഗസറ്റ് പ്രസിദ്ധികരിച്ചെങ്കിലും അതൊരു പൊതുമാധ്യമമായി മാറാന്‍ പിന്നെയും ഏകദേശം രണ്ടു നൂറ്റാണ്ട് വേണ്ടിവന്നു. കേരളേതര സംസ്ഥാനങ്ങളിലെ സാക്ഷരതക്കുറവും, അടിസ്ഥാന സൗകര്യങ്ങളിലുള്ള അപര്യാപ്തതയും കാരണം പത്രങ്ങള്‍ക്കു വേണ്ടത്ര പ്രചാരം കിട്ടിയില്ല. പക്ഷെ റേഡിയോ എന്ന മാധ്യമം ഭാരതത്തില്‍ പ്രചുരപ്രചാരം നേടുകയും അതിന്‍റെ  വ്യാപ്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ചെയ്തു. 1927-ല്‍ ബോംബെയിലും കല്‍കത്തയിലും റേഡിയോനിലയങ്ങൾ ആരംഭിക്കുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ റേഡിയോ സാധാരണക്കാരന്‍റെ മാധ്യമമായി മാറുകയും ചെയ്തു. ഇന്നും വടക്കൻ ഭാരതത്തിൽ ഏറ്റവും പ്രചാരമുള്ള മാധ്യമം റേഡിയോ ആണ്. ഇതു മനസ്സിലാക്കിയിട്ടായിരിക്കണം പ്രധാനമന്ത്രി ശ്രി. നരേന്ദ്രമോഡി അദ്ദേഹത്തിന്‍റെ “മന്‍ കീ ബാത്ത്” എന്ന പരിപാടി റേഡിയോ വഴി പ്രസാരണം ചെയ്യാൻ തീരുമാനിച്ചത്.

ഇന്റര്‍നെറ്റിന്‍റെ ആവിര്‍ഭാവത്തോടെ ആശയവിനിമയത്തിന്‍റെ  മാനദണ്ഡത്തില്‍തന്നെ സമൂലപരിവര്‍ത്തനമുണ്ടായി. ഇക്കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ഭാരതത്തിലുണ്ടായ ടെലികമ്മ്യൂണിക്കേഷൻ വിപ്ലവം സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവിൽ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടുന്നതിനുള്ള സാഹചര്യമൊരുക്കി. ഇന്റര്‍നെറ്റ്‌ എന്നത് ഒരു ബഹുദിശാചാലകമാണ്‌. വിവരങ്ങള്‍ അറിയുന്നതോടൊപ്പം അതിനു അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാനും അത് മറ്റു പലരിലേക്കും എത്തിക്കാനും കഴിയും. ഇന്നു നാം ജീവിക്കുന്നത് ഒരു വിവരാധിഷ്ടിത സമൂഹത്തിലാണ്. ഇന്റര്‍നെറ്റ്‌ എന്ന സാങ്കേതികവിദ്യ തുറന്നുതന്ന സാധ്യതകള്‍ അനന്തമാണ്‌. എങ്കിലും ഇതില്‍ ചില പോരായ്മകളുമുണ്ട്. ജനപ്രിയങ്ങളായ ഫേസ്ബുക്ക്‌, വാട്ട്‌സാപ്പ്, ട്വിറ്റെര്‍ തുടങ്ങി അനേകം ആപ്പ്കൾ ഇന്നു ലഭ്യമാണ്. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതവും വ്യക്തിഗതവുമായി തോന്നാമെങ്ങിലും ഇതിന്‍റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. വളരെ സ്വകാര്യമെന്നു കരുതി പോസ്റ്റ്‌ ചെയ്യുന്ന പല വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തിയെടുക്കുകയും അതുചില കുത്സിത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന CA പോലെയുള്ള ഉപജാപകസംഘങ്ങൾ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാനും ഭരണകൂടങ്ങളെ  അട്ടിമറിക്കാനും ഇത്തരം സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്റര്‍നെറ്റ്‌ നിരോധിക്കുന്നതിന്‍റെ പ്രധാന കാരണം തന്നെ പ്രകോപനപരമായ സന്ദേശങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് യാഥാസ്ഥിതിക മാധ്യമങ്ങളെക്കാൾ വളര്‍ന്നു കഴിഞ്ഞു.

നാം കൈയില്‍കൊണ്ടുനടക്കുന്ന സ്മാര്‍ട്ട്‌ ഫോൺ ഒരു വാര്‍ത്താവിനിമയ യന്ത്രം എന്ന അവസ്ഥയില്‍നിന്നും ഒരു മാരകായുധമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വകാര്യത എന്നു നാം അവകാശപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ ബന്ധങ്ങൾ, ബാങ്ക് അക്കൗണ്ട്‌, രാഷ്ട്രിയതാത്പര്യങ്ങൾ, മതവിശ്വാസം എന്നിവയൊക്കെ നാം അറിയാതെതന്നെ നിമിഷംപ്രതി ചോര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നു – നാം നഗ്നരാക്കപ്പെട്ടിരിക്കുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കപോലെയുള്ള സ്ഥാപനങ്ങള്‍ നമ്മുടെ നഗ്നത വിറ്റ് കാശുണ്ടാക്കുന്നു. കോണ്‍ഗ്രസ്‌ പാർട്ടി നമ്മുടെ നഗ്നതയെ വോട്ടാക്കിമാറ്റാൻ വൃഥാ ശ്രമിക്കുന്നു.

നിഗല്‍ ഓക്സ് (Nigal Oakes) ഒരു ടെലിവിഷൻ പരസ്യ നിര്‍മ്മാതാവ് ആയിരുന്നു. മനുഷ്യരുടെ സ്വഭാവവൈരുദ്ധ്യങ്ങള്‍ പഠിക്കാനും അതിനെ മനശ്ശാസ്ത്രപഠനങ്ങളുടെ അടിസ്ഥാനത്തിൽ വേര്‍തിരിച്ചു പരസ്യപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാനുമായി 1990-ൽ ലണ്ടൻ ആസ്ഥാനമായി ബിഹേവിയറല്‍ ഡൈനാമിക്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (BDI – Behavioural Dynamics Institute) എന്ന സ്ഥാപനം തുടങ്ങി. പുതിയ മേച്ചില്‍പുറങ്ങൾ തേടുക എന്ന ലക്ഷ്യത്തോടെ 1993-ല്‍ ഈ സ്ഥാപനത്തിന്‍റെ പേര് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ ലബോറട്ടറീസ് (SCL – Strategic Communication Laboratories) എന്നു പുനര്‍നാമകരണം ചെയ്തു. മനുഷ്യ സ്വഭാവശാസ്ത്രം (Behavioural Science), സൈക്കോളജി, നരവംശശാസ്ത്രം (Anthropology) എന്നീ വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുള്ളവരെ കണ്ടുപിടിച്ചു ഒരു വലിയ ഗവേഷണസംഘം തന്നെ ഉണ്ടാക്കി. തങ്ങളുടെ  അന്താരാഷ്ട്ര ഇടപാടുകാരെ സഹായിക്കാൻ അതാതുരാജ്യങ്ങളില്‍നിന്നും പ്രമുഖ പത്രസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകരെയും കണ്ടുപിടിച്ചു. പൊതുവേ പത്രപ്രവര്‍ത്തകരെ തങ്ങളുടെ ജോലിക്കാരായി നിയമിക്കാറില്ല. അവർ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം കൊടുക്കും. തദ്ദേശ പത്രപ്രവര്‍ത്തകര്‍ക്ക് രണ്ടു തരത്തിലുള്ള ജോലി ആണ് ചെയ്യേണ്ടത്. പ്രാദേശിക വാര്‍ത്തകൾ സത്യസന്ധമായി SCL-നു റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ആദ്യത്തെ കര്‍മം. ഈ വാര്‍ത്തകൾ SCL-ലെ ഗവേഷകര്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ വളച്ചൊടിച്ച് ഈ പത്രക്കാരെത്തന്നെ തിരിച്ചേല്‍പ്പിക്കും. അത് പ്രാദേശികമായി പ്രചരിപ്പിക്കുക എന്നതാണ് അവരുടെ രണ്ടാമത്തെ ദൗത്യം. ഭാരതത്തില്‍നിന്നുതന്നെ 62-ഓളം പേർ CA-യില്‍നിന്ന് സ്ഥിരമായി പ്രതിഫലം പറ്റുന്നു എന്നാണ് റിപ്പോര്‍ട്ട്കൾ സൂചിപ്പിക്കുന്നത്. പ്രതിമാസം രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ട്.  1994 മുതലാണ് SCL സജീവമായി പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടുതുടങ്ങിയത്. ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലാണ് SCL-ന്‍റെ തുടക്കമെങ്കിലും, തദ്ദേശീയരായ ജീവനക്കാരുടെ എതിര്‍പ്പുമൂലം 1997 മുതല്‍ ആ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു.

അമേരിക്കയില്‍ 2014-ല്‍ നടന്ന മദ്ധ്യകാല തെരഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻ പാര്‍ട്ടിയെ സഹായിക്കാൻ വേണ്ടിയാണ് 2013-ല്‍   കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സഹോദര സ്ഥാപനം SCL സ്ഥാപിച്ചത്. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സഹയാത്രികനായ റോബര്‍ട്ട്‌ മെര്‍സർ (Robert Mercer) എന്ന അമേരിക്കന്‍ കോടീശ്വരൻ ആണ് CA-യുടെ ഭൂരിഭാഗം ഷെയറുകളും വാങ്ങിയിരിക്കുന്നത്. ബ്രക്സിറ്റ് പ്രചാരണത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന നിഗൽ ഫരാഗെയെ (Nigel Farage) പിന്‍തുണച്ചുകൊണ്ട് മെര്‍സർ ആണ് CA-യുടെ സഹായം അവര്‍ക്ക് നല്‍കിയത്. അതുപോലെ അമേരിക്കൻ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിന്‍റെ   പ്രൈമറിയില്‍ റ്റെഡ് ക്രുസ്-ന് (Ted Cruz) CA-യുടെ സഹായം കിട്ടിയിരുന്നു. റ്റെഡ് ക്രുസ് പ്രസിഡണ്ട്‌ തെരഞ്ഞടുപ്പിൽ നിന്നും പുറത്തായപ്പോള്‍ CA-യുടെ ദൗത്യം ട്രുംപിനെ വിജയിപ്പിക്കുക എന്നതായി മാറി.

കോണ്‍ഗ്രസ്സിനെ സഹായിക്കാനായി ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദിൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൂടാതെ പത്തോളം പ്രാദേശിക ഓഫീസുകളും തുറന്നു കഴിഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ, 2019-ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയാണ് ലക്‌ഷ്യം. CA വളരെ സങ്കീർണമായ ഒരു ടാറ്റാബാങ്ക് (Data Bank) ആണ് അവരുടെ ഗവേഷണത്തിനുവേണ്ടി ഉപയോഗിക്കുന്നത്. ഒരു ദേശത്തിന്‍റെ സംസ്കാരം, ചരിത്രം, മതം തിരിച്ചുള്ള ജനസംഖ്യ, ജാതി തിരിച്ചുള്ള കണക്കുകള്‍, പ്രധാന ആചാരങ്ങൾ, അനുഷ്ടാനങ്ങള്‍, വിദ്യാഭാസം, പ്രധാന തൊഴിലുകൾ, സ്ത്രീ-പുരുഷ അനുപാദം – അങ്ങനെ നീണ്ടുപോകുന്നു ആ കണക്കുകൾ. ഇതില്‍ കുറച്ചു വിവരങ്ങൾ വോട്ടർ പട്ടികയില്‍നിന്നു ലഭിക്കും. മറ്റു ചിലത് പത്രപ്രവര്‍ത്തകരിൽ നിന്നും കിട്ടും. ബാക്കി വിവരങ്ങൾ ഇവരുടെ ഇടപാടുകാര്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കണം. ഇക്കഴിഞ്ഞ ദിവസം ഒരു പത്രവാര്‍ത്ത‍ വന്നിരുന്നു – കര്‍ണാടക സര്‍കാർ പോലീസിനെ ഉപയോഗിച്ച് ഓരോ പഞ്ചായത്തിലേയും മത-ജാതി വിവരകണക്കുകൾ ശേഖരിച്ചുവെന്ന്. CA-യുടെ കൈകൾ കര്‍ണാടക തെരഞ്ഞടുപ്പിൽ ആഴ്നിറങ്ങിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഈ വാര്‍ത്ത‍. കര്‍ണാടകത്തിന്‍റെ ജനസംഖ്യയിൽ ഏകദേശം 17 ശതമാനം വരുന്ന ലിംഗായത്തുകളെ ഒരു പുതിയ പിന്നോക്ക മതമായി പരിഗണിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭ തീരുമാനിച്ചതും ഒരുപക്ഷെ CA-യുടെ ഉപദേശപ്രകാരം ആയിരിക്കാം.

തങ്ങളുടെ ഇടപാടുകാരെ വിജയിപ്പിക്കാൻ എത്രയും നീചമായ മനശാസ്ത്ര-യുദ്ധമുറകള്‍ (Psychological Warfare) പയറ്റാനും ഇവറ്റകള്‍ക്ക് മടിയില്ല. ജാതിമത വ്യത്യാസങ്ങള്‍ അനുസരിച്ച് ഓരോപ്രദേശത്തിനും വ്യത്യസ്ഥമായ അടവുകള്‍ ആയിരിക്കും നിര്‍ദേശിക്കുക. ന്യുനപക്ഷസമുദായങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതോ ആയ വാര്‍ത്തകൾവഴി ജനങ്ങളെ ഭയചകിതരാക്കും. എതിര്‍പക്ഷ പാര്‍ടികളിലുള്ള ജനസമ്മതരായ നേതാക്കളെ കരിവാരിത്തേക്കാൻ വ്യക്തിഹത്യക്കു ശ്രമിക്കും. സാമ്പത്തിക ഇടപാടുകളിൽ താത്പര്യമുള്ളവരെ വഴിതെറ്റിക്കാൻ എതിര്‍പാര്‍ടിയുടെ സാമ്പത്തിക നയങ്ങളിൽ പോരായ്മയുണ്ടെന്നു തെറ്റായ പ്രചാരണം നടത്തും. സ്ഥിരമായി സാമുഹ്യമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവര്‍ക്കു ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയും. ഒരുകാര്യം മനസ്സിലാക്കുക – നമ്മളിലേക്ക് എത്തുന്ന വ്യക്തിനിഷ്ടമായ സന്ദേശങ്ങളുടെ വേരന്വേഷിച്ചുപോയാൽ ഒരുപക്ഷെ എത്തിച്ചേരുന്നത് നാം അടുത്തസമയത്ത് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ഏതെങ്കിലും വേവലാതികളിലേക്കായിരിക്കും. ശ്രദ്ധിച്ചിരിക്കുക. നിങ്ങളുടെ മനോവ്യാപാരങ്ങൾ ചോര്‍ത്താൻ കോണ്‍ഗ്രസ്സും CA-യും നിങ്ങളുടെ പിന്നാമ്പുറത്തു കാത്തുനില്പുണ്ട്.

CA എന്നും നിലകൊണ്ടിട്ടുള്ളത് കനത്ത പ്രതിഫലം നല്കാൻ കരുത്തുള്ള ശിഥിലശക്തികളോടൊപ്പമാണ്. രാജ്യതന്ത്രജ്ഞതയുടെ ബാലപാഠങ്ങള്‍പോലും വശമില്ലാത്ത ഡൊനാൾഡ്  ട്രംപ് എന്ന ബിസിനസ്സ്കാരനെ അമേരിക്കന്‍ പ്രസിഡണ്ടായി അവരോധിച്ചതിലൂടെ അവര്‍ അതു തെളിയിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ തകർച്ചയിലൂടെ അമേരിക്ക നേടിയ അപ്രമാദിത്വം ട്രംപിന്‍റെ വിദേശനയ രൂപികരണത്തിലുള്ള പരിചയക്കുറവുമൂലം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു – അത് രാജ്യത്തിന്‍റെ സാമ്പത്തിക മേധാവിത്വത്തിനും ക്ഷതമേല്‍പ്പിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോകുക എന്ന തിരുമാനം ബ്രിട്ടീഷ്‌പൗരന്മാർ കാണിച്ച ശുദ്ധഅബദ്ധമായി കാലം തെളിയിക്കുന്നു. CA-യുടെ മനശാസ്ത്ര-യുദ്ധമുറകളുടെ ബലിയാടായ രണ്ടു മഹത് രാജ്യങ്ങൾ.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു മഹാപ്രസ്ഥാനം നവ-കൊളോണിയല്‍ പ്രഭുക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചെങ്കിൽ അതു ഭാരതത്തിലെ പൗരന്മാരുടെ ദൗര്‍ഭാഗ്യം അല്ലാതെ മറ്റെന്താണ്? 2004 മുതൽ 2014 വരെയുള്ള 10 വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള UPA ഭരണത്തില്‍ തകര്‍ന്നടിഞ്ഞത് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം മാത്രമല്ല. അസ്ഥിരമായ വിദേശനയം, സ്വജനപക്ഷപാതം, ബാങ്ക്കൊള്ള, തൊഴിലില്ലായ്മ, ഭൂരിപക്ഷസമുദായത്തില്‍ ഭിന്നതയുണ്ടാക്കൽ, ന്യുനപക്ഷ പ്രീണനം – അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.

അമേരിക്കയിലും ബ്രിട്ടനിലും നടത്തിയ പരീക്ഷണത്തിനാണ് CA ഭാരതത്തിലും മുതിരുന്നത്. യാതൊരു രാഷ്ട്രിയപ്രവര്‍ത്തന പരിചയമോ വിവേചനബുദ്ധിയോ ഇല്ലാത്ത ഒരാളെ ഭാരതത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കാനുള്ള വൃഥാശ്രമം. ഇക്കഴിഞ്ഞ ദിവസം രാജ്യസഭാംഗമായ ശ്രി. രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ട വസ്തുതയാണ്. അദ്ദേഹം പറഞ്ഞത് “രാഹുല്‍ കോമാളിയല്ല – അപകടകാരിയാണ്” എന്നാണ്. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഭാരതത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്നവരുടെ കളിപ്പാട്ടമായി രാഹുലും അദ്ദേഹം നയിക്കുന്ന പാര്‍ട്ടിയും മാറിക്കഴിഞ്ഞു എന്ന സൂചനയാണ് അദ്ദേഹം തരുന്നത്.

ഭാരതത്തിലെ ജനതക്കാവശ്യം സുസ്ഥിര ഭരണവും, സുരക്ഷിതത്വവും, സാമ്പത്തിക വളര്‍ച്ചയുമാണ്‌. അതിനുള്ള ഉത്തരം കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസും അല്ല എന്നുമാത്രം ഓര്‍മപ്പെടുത്തുന്നു. അന്തിമ തിരുമാനം നിങ്ങളുടേതാണ്. ഭാരതീയര്‍ക്ക് സര്‍ക്കസ്സിലെ കോമാളികളെ ഇഷ്ടമാണ്. കോമാളികള്‍ സര്‍ക്കസ്സിന്‍റെ അവിഭാജ്യഘടകവുമാണ്. പക്ഷെ, സര്‍ക്കസ് കാണാൻ പോകുന്ന ഭാരതീയർ പണം കൊടുത്തു ടിക്കറ്റെടുക്കുന്നത് കോമാളികളെ കാണാനല്ല. അത് 2019-ല്‍ സ്പഷ്ടമാകുകതന്നെചെയ്യും.

-അര്‍ജുൻ, ഡല്‍ഹി
author.arjundelhi@gmail.com

6 COMMENTS

  1. മലയളത്തിൽ ഈ വിഷയം ഒരു മാധ്യമങ്ങും കൈകാര്യം ചെയ്തു കണ്ടില്ല. വളരെ ലളിതമായ ആഖ്യാനം. പത്രിക കുടുതൽ പേരിലേക്ക് എത്തേണ്ടിയിരിക്കുന്നു

  2. A very precise and concise write up. All relevant foul plays fooling the general public, which is genrally thought to be accepted the ‘downtroden’ are pin poined and presented with great clarity. Let the whole nation visualise and understand their plight in such a novel angle. That will help them to ponder better and take wiser decisions. Jai Hind.

  3. Well written.An eye opener to laymen. Democracy is in peril.Cong President has become a pawn in the hands of antinationalist forces

  4. ശ്രീ അർജുൻ ഡൽഹിയുടെ ലേഖനം വായിച്ചു. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും താങ്കളുടെ ലേഖനത്തിൽ കൂടി വെളിച്ചത്തു വന്നിരിക്കയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ ഇവർ സ്വാധീനം ചെലുത്താതിരിക്കാൻ സർക്കാർ തന്നെ മുൻ കയ്യ് എടുത്താൽ നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here