ജാതിവാല്‍ – കേസ് കൊടുക്കണം പിള്ളേച്ചാ..!

0

ലഡാക്കിലെ പട്ടാള ക്യാമ്പിലെ മലയാളിക്കൂട്ടം അത്താഴമേശയില്‍ ചര്‍ച്ചയിലാണ്. ജാതി വാലാണ് കേരളത്തിലെ ഇപ്പൊഴത്തെ പ്രധാന പ്രശ്‌നമത്രെ.!

പേരിനൊപ്പം ജാതി ചേര്‍ക്കുന്നത് കേരളത്തില്‍ മാത്രമാണോ.. ?ഇന്ത്യയില്‍ എല്ലായിടത്തും ഉള്ള പാരമ്പര്യവും പതിവുമാണ് ഇത്.

യാദവും, ഗുപ്തയും, തീവാരിയും ,ചാറ്റര്‍ജിയും ,റെഡ്ഡിയും, പാട്ടീലും , പട്ടേലും, കുല്‍ക്കര്‍ണിയും ,സിംഗും ,മഹാപത്രയും, ഗൗഡയും, അയ്യരും ,നാടാരും ,ഗൗണ്ടറും ..എന്നു വേണ്ട പേരില്‍ ജാതിയുടെ വാലുള്ളവര്‍ മനസിലോടിവന്നു..

മലയാളിയായ മേജര്‍ സാബ് എന്നോട് പറഞ്ഞു എന്നെ നായര്‍ സാബ് എന്നെല്ലാവരും വിളിക്കും. എനിക്ക് ജാതിചിന്തയൊന്നുമില്ല. പേരിനൊപ്പം നായരുള്ളത് അന്തസ്സായിട്ടുമല്ല. അതാണെന്റെ സര്‍നെയിം. ശശിധരന്‍ നായര്‍ കളത്തിപ്പടിയില്‍ എന്നാണ് എന്റെ പേര്. എളുപ്പത്തിന് ഇവര്‍ നായര്‍ സാബ് എന്നുവിളിക്കുന്നു.

‘ആട്ടെ, പുരുഷുന്റെ ശരിയായ പേര് എന്താ? ‘ നായര്‍ സാബ് ചോദിച്ചു

‘പുരുഷോത്തമന്‍’ -ഞാന്‍ പറഞ്ഞു

‘അതല്ല.. വാല് .. ?’

‘വി എസ് ‘

‘ഏത് നമ്മുടെ വി എസ് അച്യുതാനന്ദന്റെ ..?

‘അല്ല.. വല്യാറമ്പത്ത് ശങ്കുപ്പിള്ള.. ‘

‘. ഹോമിയോ ഡോക്ടറായിരുന്നു. വ്‌ല്യാറമ്പത്ത് ശങ്കുപ്പിള്ള.. ‘

‘അപ്പോള്‍ നായര് തന്നെ..’ മേജര്‍ സാബ് പറഞ്ഞു,

‘അല്ല.. അമ്മ സരോജിനി തീയ്യ സമുദായത്തില്‍ നിന്നാ.. ‘

‘ഓ അപ്പോ ക്രോസ് ആണല്ലേ..? ‘

‘അതെ.. അങ്ങിനെയും പറയാം..’

‘പുരുഷൂന്റെ മക്കളുടെ ജാതി ഏതാ..? ഐ മീന്‍ സ്‌കൂളിലൊക്കെ ചേര്‍ക്കുമ്പോള്‍ ?’

ഞാന്‍ പറഞ്ഞു.

‘ജാതിക്കോളം പൂരിപ്പിക്കേണ്ടെന്നാ വെച്ചത്. പക്ഷേ, സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. പിള്ളേരുടെ അമ്മൂമ്മയുടെ ജാതി വെച്ചോളാന്‍. അപ്പോള്‍ ഒബിസി സംവരണം കിട്ടുമെന്ന് .അങ്ങിനെ മക്കള്‍ക്ക് ജാതിവെച്ചു. ജിനുവും ജിനേഷും .പേരിലില്ലാ ജാതി .പക്ഷേ, രേഖകളിലുണ്ട്.’

മൂന്നാമത്തെ ട്രിപ്പിള്‍ എക്‌സില്‍ ഐസിട്ട് നായര്‍ സാബ് എഴുന്നേറ്റു പോയി.. ഞാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളത്തിന്റെ വിസിലടി നോക്കി ദൂരെ കണ്ണു നട്ടു.. ഈ ചൈനീസിനൊക്കെ ജാതിയുണ്ടോ ? പേരിനൊപ്പം ഇപ്പറഞ്ഞ വാലുണ്ടോ? കാണും. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് ഇല്ലായിരുന്നോ ? ബംഗാളിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് ഉണ്ടല്ലോ. ?പേരിലെന്ത് ജാതി .? മനസിലും പ്രവര്‍ത്തിയിലും ജാതിവന്നാലല്ലേ കുഴപ്പമുള്ളു.. !

എന്റെ ചിന്തകള്‍ കാടുകയറി. അപ്പോഴാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ വര്‍ഗീസ് മാളിയേക്കല്‍ എത്തിയത്. ഇക്കാര്യത്തില്‍ എന്റെ സംശയം തീര്‍ത്ത പ്രഭാഷണം ഏതാണ്ട് ഇതുപോലെ സംഗ്രഹിക്കാം.

പേരിന് അറ്റത്തുള്ളതിനെ സര്‍ നെയിം എന്നാണ് പാശ്ചാത്യര്‍ പറയുന്നത്. കുടുംബപ്പേരാകാം ചിലപ്പോള്‍ അവരുടെ ട്രൈബിനെ പരാമര്‍ശിക്കുന്നതാകാം. പാസ്‌പോര്‍ട്ടുള്ളവര്ക്ക് അറിയാം. ഗിവണ്‍ നെയിം ലാസ്റ്റ് നെയിം എന്ന വേര്‍തിരിവ്. കുടുംബപ്പേരും വിളിപ്പേരും,

ഒരേ പേരില്‍ പതിനായിരങ്ങളും ലക്ഷങ്ങളും ഉണ്ട്. ഒരേ ഇന്‍ഷ്യല്‍ ഉള്ളവരും നിരവധി. പേരുകള്‍ ആളെ തിരിച്ചറിയാനുള്ളതാണ്. ഇതിനിടയിലാണ് പേരിലെ ജാതി, കുലം, വര്‍ഗം.. എന്നിവയൊക്കെ എത്തുന്നത്.

ജാതി ഇല്ലെന്നു വിളിച്ചു കൂവിയാല്‍ ജാതിയില്ലാതാകുമോ. പേരിനു പിന്നില്‍ ജാതിയുടെയും മതത്തിന്റെയും പേരുകള്‍ ഉണ്ടാകാറുണ്ട്. സിഖുകാരുടെ പേരിനൊപ്പം മതത്തിന്റെ സ്വത്വം ചേര്‍ക്കുന്നവരാണ്. ക്രിസ്റ്റ്യന്‍ എന്ന് സര്‍ നെയിം ഉള്ള എത്രയോ പേരുണ്ട്.

കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനും അയ്യന്‍കാളിയുമെല്ലാം തങ്ങളുടെ സമുദായങ്ങളുടെ ഉന്നമനത്തിന് ശ്രമിച്ചവരാണ്. സമുദായംഗങ്ങളെ അടിച്ചമർത്തലുകളില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്. അതുകൊണ് ഇവര്‍ ജാതിചിന്തയുള്ളവരായിരുന്നോ ? ഹിന്ദുമതത്തില്‍ മാത്രമേ ജാതിയുള്ളു എന്നൊന്നും കരുതരുത് ക്രിസ്റ്റ്യാന്ിറ്റിയിലും ഉണ്ട് ഇതര മതങ്ങളിലും ഉണ്ട്. ഇവര്‍ പേരിനൊപ്പം ചേര്ക്കുന്നുമുണ്ട്.

ബ്രിട്ടീഷുകാരുടെ പേരിന്നവസാനം വരുന്നതെല്ലാം അവരുടെ ജാതി വിളിച്ചോതുന്നവയാണ്. ലോഹങ്ങളുടെ ജോലി ചെയ്യുന്നവരുടെ പേരിനൊപ്പം സ്മിത്ത് എന്ന് കാണും വാക്കര്‍ വസ്ത്രങ്ങള്‍ അലക്കുന്നവരുടെയും റൈറ്റ് മരയാശാരിയുടേയും ക്ലര്‍ക്ക് ഗുമസ്തപ്പണി പാരമ്പര്യമായി എടുക്കുന്നവരുടേയുമാണ്. റാവുത്തര്‍, അന്‍സാരി, സായിദ്, ഖുറൈഷി, എന്നിങ്ങനെ പോകുന്നു മുഹമ്മദീയരുടെ പേരിന്നവസാനങ്ങള്‍.. ഇതെല്ലാം തൊഴിലുമായി ബന്ധപ്പെടുന്നതോ വംശപരമ്പരയുടെ മാഹാത്മ്യം വിളിച്ചോതുന്നതോ ഒക്കെയാണ്. സിദ്ദിഖിയൊക്കെ ഇവരിലെ സവര്‍ണരാണ്.

കേരളത്തിലെ പോലെ ഇടത് സഹയാത്രികര്‍ ഏറെയുള്ള ബംഗാളില്‍ ഏതു പേരിനൊപ്പവും ജാതിയുടെ അകമ്പടിയുണ്ടാകും. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ഇതില്‍ പെടും. ബ്രാഹ്മണരും ക്ഷത്രിയരും ഉപയോഗിക്കുന്ന ചക്രവര്‍ത്തി എന്ന സര്‍ നെയിം ഇതിന് ഒരു ഉദാഹരണം മാത്രം. ഭരണാധികാരിയായ രാജയൊന്നുമല്ല.. വലിയ സാമ്രാജ്യങ്ങളുടെ അധിപനായ ചക്രവര്‍ത്തിയാണിവര്‍. സിപിഐ എംപിയായിരുന്ന അജയ് ചക്രവര്‍ത്തിയെ ഓര്‍ക്കുക. മറ്റു ബ്രാഹ്മണ സര്‍നെയിമുകളായ ഭട്ടാചാര്യയും ചാറ്റര്‍ജിയും കമ്യൂണിസ്റ്റ് നേതാക്കള്‍ കൊണ്ടുനടന്നിരുന്നു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവിനൊപ്പവും ലോക്‌സഭാ സ്പീക്കറായ സോമനാഥിനൊപ്പവും ഈ സര് നെയിമുകള്‍ ഉണ്ട്.

ഇഎംഎസ് നമ്പൂതിരിപ്പാട് പി കൃഷ്ണപിള്ള എന്നിവരൊക്കെ ജാതി പേരിനൊപ്പം ചേര്‍ത്തവരാണ് എന്നാല്‍ ഇവരെല്ലാം ജാതിക്കോമരങ്ങളായിരുന്നോ.?

നേരത്തെയുള്ള എന്റെ സംശയത്തിനും മാളിയേക്കല്‍ സാര്‍ മറുപടി തന്നു. ചൈനക്കാരുടെ സര്‍നെയിം തൊഴിലും പ്രഭുത്വവും ഒക്കെ സൂചിപ്പിക്കുന്നതാണത്രെ.. അറവുകാരന് തു, ചുമട് എടുക്കുന്നവന്‍ താവു, കരകൗശലക്കാരന്‍ ഷിംയാംഗ്, കുശിനിക്കാരന്‍ ചു , പ്രഭു രാജകുടുംബമാണെങ്കില്‍ വാംഗ് രാജകൊട്ടാരത്തിലെ ലൈബ്രേറിയന്‍ ജി, ചരിത്രകാരന്‍മാരുടെ പരമ്പരയിലാണെങ്കില്‍ ഷി, ഇങ്ങിനെ പോകുന്നു ചൈനക്കാരുടെ വാലുകള്‍.

പേരിലെ ജാതി ആരെയും പിടിച്ച് കടിക്കില്ല. പക്ഷേ, മനസിലെ ജാതിപ്പാമ്പ് വിഷം ചീറ്റുകയും കടിക്കുകയും ചെയ്‌തെന്നു വരാം.

മാളിയേക്കല്‍ സാര്‍ പറഞ്ഞതിലും കാര്യമുണ്ട് എന്ന് എനിക്ക് തോന്നി.. പേരിനൊപ്പം വാലു വെയ്ക്കാം. അല്ലാത്തവര്‍ക്ക് വെട്ടാം. അതവരവരുടെ സ്വകാര്യത. അല്ലാതെ മറ്റുള്ളവരുടെ ജാതി നോക്കി അവരെ തരം തിരിച്ച് പെരുമാറുന്നതിനോടൊന്നും യോജിപ്പില്ല. മാത്രവുമല്ല പരമ പുച്ഛവുമാണ്. പേരിനൊപ്പം ജാതിയുള്ളവരെ ടാര്‍ഗറ്റ് ചെയ്യുകയാണെങ്കില്‍ ചേക്കിലെ പിള്ളേച്ചനെ വിളി്ച്ച് പറയും പിള്ളേച്ചന്‍ കേസു കൊടുക്കും.. ലഡാക്കില്‍ വെടിയൊച്ചയില്ല.. അപ്പുറം ചൈനീസ് പട്ടാളമാണ്.. ഏതെങ്കിലും ജിയാനോ, വാംഗോ, ഹുവാംങ്ങോ മറ്റോ റോന്ത് ചുറ്റുന്നുണ്ടാവും ഇവനൊക്കെ ഏജ്ജാതി പട്ടാളമാണോ എന്തോ …?

വാല്‍ മുറിക്കാത്ത കഷ്ണം – കേസും കൗണ്ടര്‍ കേസുമൊക്കെ നേരിടുന്ന സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പേരിലെ വാല്‍ മുറിച്ചു മാറ്റിയത്രെ..നേരത്തെ കേസ് കൊടുത്ത മഞ്ജുവാര്യര്‍ക്കുള്ള വാലുമുറി ചലഞ്ച് ആണോ എന്തോ .. ?എന്താല്ലേ.. ? അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന സംവിധായകന്‍ മൂന്നാംകിട നടനൊപ്പം (ജാതിയല്ല വിഷയം) വേദി പങ്കിടില്ലെന്ന് പറഞ്ഞത്രെ.. പക്ഷേ, തന്റെ പേരില്‍ മേനോന്‍ ഇല്ലെന്നും പറഞ്ഞ് വേദിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച നടന്റെ കേസ് പെട്ടെന്ന് ജാതിവിഷയമായി മാറി.. അല്ല മാറ്റി.. ജാതി എവിടെയാ പേരിലോ ?അതോ മനസിലോ ? അനില്‍ രാധകൃഷ്ണ മേനോന്‍ ദേശീയ പുരസ്‌കാരം ലഭിച്ച സംവിധായകനാണെങ്കിലും തന്നെപ്പോലെയുള്ള ചെറുകിട നടന്‍മാരെ പരിഗണിക്കാറുണ്ടെന്നും അദ്ദേഹം മനുഷ്യനെ മനുഷ്യനെ പോലെ കാണുന്നയാളാണെന്നും ബിനീഷ് ബാസ്റ്റിന്‍ എന്ന ഈ നടന്‍ ഇതിനു മുമ്പ് പറയുന്നതായുള്ള വീഡിയോയും ഉണ്ടത്ര…! ബിനീഷിനും അനില്‍ രാധാകൃ്ഷണ മേനോനുമിടയില്‍ ജാതിയിടേയോ മതത്തിന്റേയോ വേലിക്കെട്ടുകളില്ലായിരുന്നു.. പ്രെഫഷണലായ ചില തരംതിരിവുകള്‍ മാത്രം.. പക്ഷേ, അതിനെ പൊടുന്നനെ ജാതിവിഷയമായി മാറ്റിയതിനു പിന്നില്‍ ഒരു ഗൂഡാലോചന നടന്നിരിക്കണം.. ഒരോരോ ഇട്ടിക്കണ്ടപ്പനാടകങ്ങള്‍.. !!

LEAVE A REPLY

Please enter your comment!
Please enter your name here