ആര്‍ടിഐ – ദുഷ് പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു, മോദിക്ക്‌ രാഷ്ട്രീയ വിജയം

വിവരാവകാശ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്പ്രചാരണത്തിലാണ്. ജനാധിപത്യധ്വംസനമാണെന്ന് വരുത്തിത്തീർത്ത് പൊതുജനങ്ങളെ ഭയചകിതരാക്കി കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടുക മാത്രമാണ് ഇതിനുപിന്നിലെ അജന്‍ഡ.

നിലവില്‍ നിര്‍ദ്ദേശിച്ച മൂന്നു ഭേദഗതികള്‍ 2005 ല്‍ പാസാക്കിയ വിവരാവകാശ നിയമത്തിന്റെ സത്തയ്‌ക്കോ സ്വയംഭരണത്തിനോ യാതൊരു ദോഷവും വരുത്തുന്നതല്ലെന്ന് ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര -സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സേവന കാലാവധി നിശ്ചയിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതിനും ഇവരുടെ പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനും സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഭേദഗതിയാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 27, സെക്ഷന്‍ 13, 16 എന്നിവയിലാണ് നേരിയ ഭേദഗതി വരുത്തുന്നത്.

വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുന്ന വിവിധ നടപടികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന വസ്തുതകള്‍ മറച്ചുവെച്ചാണ് ഇപ്പൊഴത്തെ കുപ്രചാരണം. സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി സഹായം നല്‍കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലും മൊബൈല്‍ ആപ്പും എല്ലാം മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന് നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന് തുല്യമായ പദവി വിവരാവകാശ കമ്മീഷന് നല്‍കിയതിലുള്ള അപാകമാണ് സര്‍ക്കാര്‍ തിരുത്തിയത്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാകുമ്പോള്‍ വിവരവകാശ കമ്മീഷണര്‍ സ്റ്റാറ്റുട്ടറി പരിവേഷം മാത്രമുള്ള പദവിയുമാണ്.

Image

പാര്‍ലമെന്റില്‍ നിയമം പാസാക്കിയ ശേഷം നിലവില്‍ വരുന്നതാണ് സ്റ്റാറ്റുട്ടറി സ്ഥാപനങ്ങള്‍. ഭരണഘടന അനുശാസിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഈ പദവി നല്‍കുക നിയമ പ്രകാരം സാധ്യവുമല്ല. അതല്ലെങ്കില്‍ ഭരണ ഘടന ഭേദഗതി വരുത്തി വേണം ഇതിന് ഭരണഘടന സ്ഥാപന പദവി നല്‍കാന്‍.

നിലവിലെ ഭേദഗതി മൂലം വിവരാവകാശ കമ്മീഷന് യാതൊരു അധികാരവും നഷ്ടമാകുന്നില്ല. അഞ്ചു വര്‍ഷം കാലാവധി എന്നത് നിര്‍ബന്ധമാക്കാതിരുന്നാല്‍ ആര്‍ടിഐ അപേക്ഷകളില്‍ തീരുമാനം എടുക്കാന്‍ കമ്മീഷണര്‍മാരെ വിമുഖരാക്കുമെന്നും ഇവര്‍ സര്‍ക്കാര്‍ ദാസന്‍മാരായി മാറുമെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങളും ആശങ്കകളും അസ്ഥാനത്താണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു.

സേവന കാലാവധിയും വേതന വിഷയവും ഭരണകൂടം തീരുമാനിച്ചാല്‍ പിന്നെ അവരുടെ പാദസേവകാരായി ഇത്തരം സ്ഥാപനങ്ങള്‍ മാറുമെന്ന വിചിത്ര വാദമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിട്ടും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഈ സ്ഥാപനത്തെ അവഹേളിക്കാനാണ് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിച്ചിട്ടുള്ളത്.

വേതനം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന്റെ പാദസേവകരായി സ്ഥാപനങ്ങളിലെ പദവി അലങ്കരിക്കുന്നവര്‍ മാറുമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മുതല്‍ കീഴ്‌കോടതികളിലെ ന്യായാധിപന്‍മാര്‍ വരെ തങ്ങള്‍ക്ക് ശമ്പളം നിശ്ചയിക്കുന്ന സര്‍ക്കാരിന്റെ ദാസന്‍മാരും ആജ്ഞാനുവര്‍ത്തികളുമായി മാറണമല്ലോ ?

2018 ജനുവരിയിലാണ് പാര്‍ലമെന്റില്‍ ഭേദഗതി അവതരിപ്പിച്ച് സുപ്രീം കോടതി ജഡ്ജിമാരുടേയും മറ്റും വേതനം പുതുക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ശമ്പളം വര്‍ദ്ധിപ്പിച്ച കേ ന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യറിയെ സ്വാധീക്കനായിരുന്നുവെന്ന് ആരാനും ആക്ഷേപിച്ചാല്‍ അതിനെ അവജ്ഞയോടെ തള്ളിക്കളയുകയേ നിവൃത്തിയുള്ളു.

65 വയസില്‍ വിരമിക്കണമെന്നുള്ളതും ഭരണകൂടത്തിന്റെ തീരുമാനമാണ്. ഇതില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ഭൂരിപക്ഷമുള്ള ഏതൊരു സര്‍ക്കാരിനും ഇത്തരം ഭേദഗതികള്‍ വരുത്താം. ഇതിനു മുമ്പ് പലവട്ടം ഭേദഗതികള്‍ വരുത്തിയ ചരിത്രവുമുണ്ട്. ജഡ്ജിമാരുടെ വിരമിക്കലും സേവന വേതന വ്യവസ്ഥകളും കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ തീരുമാനമെടുത്ത വിഷയങ്ങളാണ്. സര്‍ക്കാരുകള്‍ക്ക് ഇതിനുള്ള അധികാരവുമുണ്ട്, അന്നൊന്നും ഇല്ലാത്ത വിവാദവും വിമര്‍ശനവുമാണ് ഇതെല്ലാം ചെയ്ത കോണ്‍ഗ്രസ് ഇന്ന് ബിജെപിക്ക് എതിരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഉന്നയിക്കുന്നത്.

മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വരെയുള്ള ഭരണഘടനാ സ്ഥാപന മേധാവികളെ കേന്ദ്ര സര്‍ക്കാരുകളാണ് നിയമിക്കുന്നത്. അവരുടെ സേവന-വേതന കാലാവധിയില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാരുകള്‍ തന്നെയാണ്.

കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനെ നിമയിക്കാം. ആറുവര്‍ഷം സേവന കാലാവധി എന്നത് നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്. 1991 ലാണ് ഈ നിയമം പാസാക്കിയത്.

മറ്റൊരു ഭരണഘടനാ സ്ഥാപനമായ സി ആന്‍ഡ് എജി യുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാരിനാണ് നിയമന അധികാരം. പ്രധാനമന്ത്രി നേരിട്ടാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമനമാകും. 1971 ലെ നിയമ ഭേദഗതിയിലൂടെ പല വെട്ടിക്കുറയ്ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറെ നിശ്ചയിക്കുന്നതും സമാനമായ രീതിയില്‍ തന്നെ. ലോക്പാലിനെയും ലോകായുക്തയേയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും നിയമിക്കുന്നതില്‍ മാത്രമാണ് പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഉള്‍പ്പെടുന്നത്.

വിവരാവകാശ നിയമത്തെക്കുറിച്ച് പുരപ്പുറത്ത് ഇരുന്ന് കൂവുന്ന ചിലരാണ് ഫാസിസ്റ്റ് നടപടികളിലൂടെ ഈ സംവിധാനത്തെ പ്രഹസനമാക്കിയതെന്ന് ചെറുതായി ഒരു ഗവേഷണം നടത്തിയാല്‍ മനസിലാകും. ഓഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ കുംഭകോണം ഇറ്റാലിയന്‍ കോടതിയില്‍ തെളിയുകയും ഇന്ത്യയിലെ അന്നത്തെ ഭരണകുടവും ഉദ്യോഗസ്ഥരും വന്‍തോതില്‍ പണം കൈപ്പറ്റുകയും ചെയ്തതായി തെളിഞ്ഞപ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും വിവരാവകാശ രേഖകള്‍ വഴി അപേക്ഷിച്ചവര്‍ക്ക് നിഷേധിച്ചു.

പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയാണ് രാജ്യസുരക്ഷയുടെ മറപ്പറ്റി വിവരങ്ങള്‍ നിഷേധിച്ചത്. അഴിമതി സംരക്ഷിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ കയത്തില്‍ താഴ്ത്തി. ഇത്തരത്തില്‍ വേലി തന്നെ വിളവു തിന്ന സംഭവങ്ങള്‍ നിരവധിയാണ്. സംസ്ഥാനങ്ങളില്‍ ബംഗാളും കേരളവുമാണ് വിവരാവകാശ നിയമത്തെ കാറ്റില്‍പ്പറത്തി ഫാസിസ്റ്റു ഭരണകൂടമായി വിലസുന്നത്.

സെന്റര്‍ ഫോര്‍ ഈക്വറ്റി സ്റ്റഡീസ് ( സിഇഎസ്) സതാരക് നഗരിക് സംഘാതന്‍ (എസ്എന്‍എഎസ്) എന്നിവരും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ രാജ്യത്തെ 23 വിവരാവകാശ കമ്മീഷനുകളിലുമായി പതിനഞ്ച് ലക്ഷത്തോളം അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.

അപേക്ഷകളില്‍ തീര്‍പ്പു കല്പ്പിക്കാതെ വൈകിപ്പിക്കുന്നതില്‍ ബംഗാളിലെ മമത സര്‍ക്കാരാണ് മുന്നിലെന്ന് ഈ പഠനം തെളിയിക്കുന്നു. തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം വെച്ച് പരിശോധിച്ചാല്‍ ബംഗാളില്‍ ഇന്നു അപേക്ഷ നല്‍കുന്ന ഒരാള്‍ക്ക് ഇതില്‍ തീര്‍പ്പ് ലഭിക്കാന്‍ 43 വര്‍ഷം കാത്തിരിക്കേണ്ടിവരുമത്രെ. കേരളമാണ് കാലതാമസത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. ആറര വര്‍ഷം എടുക്കുമത്രെ കമ്യുണിസ്റ്റ് കേരളത്തിന്റെ സര്‍ക്കാരില്‍ നിന്ന് വിവരം ലഭിക്കാന്‍.

ആര്‍ടിഐ ആക്ട് നിലവില്‍ വന്ന ശേഷം ഈ സൗകര്യം ദുരുപയോഗപ്പെടുത്തുന്ന പ്രവണതകളായിരുന്നു ഏറെയും. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായി. വന്‍തോതില്‍ അപേക്ഷകള്‍ നിരസിക്കുന്ന സംഭവങ്ങളും ഉണ്ട്. രാജ്യസുരക്ഷയെ സംബന്ധിക്കുന്നവയാണ് നിരസിച്ചവയില്‍ 60 ശതമാനത്തിലേറെയും .

അതേസമയം, ബംഗാളും കേരളവും ഒക്കെ അപേക്ഷ നിരസിക്കുകയും തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നതില്‍ രാജ്യസുരക്ഷയുടെ വിഷയമൊന്നുമില്ല മറിച്ച് ഏകാധിപത്യത്തിന്റേയും കമ്യൂണിസത്തിന്റെയും ഇരുമ്പുമറ സ്ഥാപിച്ച് രഹസ്യാത്മകതയും ഫാസിസവും നടപ്പിലാക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച മോദി സര്‍ക്കാരിനെതിരെ ഒരു കോടതിയും അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ആരോപണങ്ങള്‍ കേവലം തിരഞ്ഞെടുപ്പിനായി ഉയര്‍ത്തുകയും പിന്നീട് പൊളിയുകയുമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ നിലവിലെ ആര്‍ടിഐ ഭേദഗതി ഒരു തരത്തിലും ഭരണസുതാര്യതയെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇക്കുറി വോട്ടു നല്‍കി മോദിക്ക് തുടര്‍ഭരണം നല്‍കിയ ജനതയ്ക്ക് ഉറപ്പുണ്ട്. ഭരണ ഘടനയും നിയമവും അനുശാസിക്കുന്ന വിധത്തില്‍ സംവിധാനങ്ങളെ ക്രമപ്പെടുത്തന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി മനസിലായതിനെ തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജു ജനതാദള്‍ എന്നിവര്‍ രാജ്യസഭയില്‍ ഭേദഗതി പാസാക്കുന്നതിന് എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തയ്യാറായി.

കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ എന്നിവരുടെ പ്രതിഷേധം ഇതോടെ മുങ്ങിപ്പോകുകയാണുണ്ടായത്. എന്‍ഡിഎ ബില്ലിന് പിന്തുണ വര്‍ദ്ധിക്കുന്നത് മനസിലാക്കി ജാള്യതയോടെ കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്‌ക്കരിക്കുകയാണുണ്ടായത്. രാജ്യസഭയില്‍ ആര്‍ടിഐ ഭേദഗതി ബില്‍പാസായത് നയപരമായും രാഷ്ട്രീയപരമായും മോദി സര്‍ക്കാരിന്റെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, കോണ്‍ഗ്രസും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണി തുടരുകയാണ്. പതിവു പോലെ പരാജിതരാകാനാണ് ഈ വിഷയത്തിലും പ്രതിപക്ഷത്തിന്റെ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here