Home ആനുകാലികം രാഷ്ട്രീയ പ്രഹസനമായി മാറിയ ദില്ലി കാര്‍ഷിക പ്രക്ഷോഭം

രാഷ്ട്രീയ പ്രഹസനമായി മാറിയ ദില്ലി കാര്‍ഷിക പ്രക്ഷോഭം

രാഷ്ട്രീയ പ്രഹസനമായി മാറിയ ദില്ലി കാര്‍ഷിക പ്രക്ഷോഭം

വലിയ ജനകീയ മുന്നറ്റങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ പ്രക്ഷോഭങ്ങള്‍ കേവലം പ്രഹസനങ്ങളായി മാറുകയാണ്. വസ്തുനിഷ്ഠമായ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ഏതൊരു പ്രക്ഷോഭവും വിജയം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തികച്ചും രാഷ്ട്രീയ പ്രേരിതവും സാങ്കല്‍പികവുമായ വിഷയങ്ങളില്‍ മുതലെടുപ്പിനും കൃത്രിമമായ ഭരണവിരുദ്ധതയും സൃഷ്ടിക്കാന്‍ വേണ്ടി വിദേശ ശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ തകര്‍ന്നടിയുന്നതും ഇത്തരം പ്രക്ഷോഭങ്ങള്‍ പിന്നീടു വന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ ഒരു തരത്തിലും ബാധിക്കാതിരുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു.

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ചില പ്രക്ഷോഭങ്ങള്‍ക്ക് ഏതാണ്ട് സമാന സ്വഭാവമായിരുന്നു. സൈനികരെ മുന്നില്‍ നിര്‍ത്തി നടന്ന വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പ്രക്ഷോഭമായിരുന്നു തുടക്കമിട്ടത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി വഞ്ചിച്ച സൈനികര്‍ അധികാരമേറ്റ ഉടനെ മോദി സര്‍ക്കാരിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഡെല്‍ഹി ജന്തര്‍മന്ദറില്‍ നടന്ന സമരം വലിയ ജനകീയ പ്രക്ഷോഭവമായി വളര്‍ന്നെങ്കിലും മോദി സര്‍ക്കാര്‍ ദീര്‍ഘകാലമായുള്ള ഇവരുടെ ആവശ്യം അംഗീകരിച്ചതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശം പൊളിഞ്ഞു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ എന്ന ടിവി-സിനിമ നടനെ നിയമിച്ചത് വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് കാരണമായി. കുറച്ചു നാള്‍ മാധ്യമങ്ങള്‍ ഇതിന്റെ പിന്നാലെ നടന്നെങ്കിലും പിന്നീട് ലക്ഷ്യം കാണാതെ ഇത് അവസാനിച്ചു, ഭരണനൈപുണ്യം മാത്രം യോഗ്യത ആകേണ്ട പദവിയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പദവി. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന പണിയായിരുന്നില്ല. പ്രക്ഷോഭത്തിന്റെ പൊള്ളത്തരം മൂലം തന്നെ ഇത് തകര്‍ന്നടിഞ്ഞു.

രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയായിരുന്നു അടുത്തത് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ക്യാംപസുകളെ പ്രക്ഷോഭവേദികളാക്കി മാറ്റി മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളെ ഉപയോഗിച്ചും പ്രക്ഷോഭം നടത്തി നോക്കി. എല്ലാം പാളി. രോഹിത് വെമുല ദലിതനല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ദലിത് ആംഗിളില്‍ സമരം നടത്തിയവര്‍ സമരത്തെ ന്യായികരിക്കാന്‍ പാടുപെട്ടു. എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായുള്ള അഭിപ്രായ വ്യത്യാസവും അവരുടെ പീഡനങ്ങളുമാണ് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

ബീഫിന്റെ പേരിലായിരുന്നു കുറേയെറെ നാള്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭം . അസഹിഷ്ണുതാ വാദവും അവാര്‍ഡ് തിരിച്ചേല്‍പ്പിക്കല്‍ നാടകം എന്നിവയും എല്ലാം അരങ്ങേറി. എന്നാല്‍, താമസിയാതെ ഈ പ്രസ്ഥാനവും ഫലവും കണ്ടി്ല്ല.

സൈനികര്‍, ന്യൂനപക്ഷങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരിലെല്ലാം പയറ്റി പരാജയപ്പെട്ടതോടെ പിന്നീട് മുന്നില്‍ വന്ന സമൂഹമാണ് കര്‍ഷകര്‍. ലാന്‍ഡ് റിഫോംസ് ബില്ലു വന്നപ്പോള്‍ ചില കര്‍ഷക സംഘടനകളെ ഇളക്കി വിട്ട് നടത്തിയ പ്രക്ഷോഭവും ലോംഗ് മാര്‍ച്ചും അവരുമായി ചര്‍ച്ച നടത്തി ആശങ്കകള്‍ അവസാനിപ്പിച്ചതോടെ പ്രക്ഷോഭകനല്‍ എരിഞ്ഞടങ്ങി.

കര്‍ഷകര്‍ക്കുള്ള വിപണിയുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍രില്‍ പാസാക്കിയതോടെ ഒരിക്കല്‍ പരാജയപ്പെട്ട പ്രക്ഷോഭം വീണ്ടും പൊടി തട്ടിയെടുത്തു ചിലര്‍. കോണ്‍ഗ്രസിന് ഭരണമുള്ള വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ പഞ്ചാബ് കേന്ദ്രീകരിച്ചായിരുന്നു സമരം തുടങ്ങിയത്.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലിലെ ചില നിയമങ്ങള്‍ മൂലം മിനിമം സപ്പോര്‍ട്ടിംഗ് പ്രൈസ് എന്ന താങ്ങുവില ഇല്ലാതാകുമെന്നും വന്‍കിട കുത്തകകള്‍ക്കാണ് ഈ നിയമഭേദഗതിയിലൂടെ ഗുണം ലഭിക്കുകയെന്നും ആക്ഷേപം ഉന്നയിച്ചാണ് പഞ്ചാബിലേയും സമീപ സംസ്ഥാനമായ ഹരിയാനയിലേയും കര്‍ഷകര്‍ സമരത്തിന് ഇറങ്ങിയത്. കോവിഡ് കാലത്തെ ആരോഗ്യ പ്രോട്ടോക്കോളുകള്‍ തകിടം മറിച്ച് ഒരു വിഭാഗം കര്‍ഷകര്‍ നടത്തിയ സമരം പിന്നീട് പഞ്ചാബിലെ വിഘടന വാദികളും പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിഖ് ഭീകര സംഘടനയുമായ ഖാലിസ്ഥാനും ഹൈജാക് ചെയ്യുകയായിരുന്നു.

കര്‍ഷകരുടെ താല്‍പര്യങ്ങളെക്കാള്‍ പഞ്ചാബിലെ സിഖ് ഭീകരരുടെ റീ ലോഞ്ചിംഗാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിട്ടത്. കര്‍ഷകരുടെ റാലിയില്‍ ഉടനീളം ഇവര്‍ നുഴഞ്ഞുകയറി. പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി മുഴക്കിയാണ് മുദ്രാവാക്യങ്ങള്‍ ഏറെയും. കര്‍ഷകര സമരം ഇക്കൂട്ടര്‍ മറയാക്കി.

എന്നാല്‍, ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കണ്ടില്ലെന്ന് നടിച്ചു, അവര്‍ ഇല്ലാത്ത കര്‍ഷക ദ്രോഹത്തിന്റെ പേരില്‍ സമരത്തിന് പിന്തുണയും ആവേശവും പകര്‍ന്നു നല്‍കാനാണ് ശ്രമിക്കുന്നത്.

കര്‍ഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പല സര്‍ക്കാരുകളേയും പോലെയായിരുന്നില്ല മോദി സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ഭരണകാലത്ത് തന്നെ തെളിയിച്ചതാണ്. കര്‍ഷകരുടെയും വോട്ടുവാങ്ങിയാണ് 2019 ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി അധികാരത്തിലേറിയത്.

കര്‍ഷക ബില്‍ പാസാക്കിയ ശേഷം നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും ബിജെപി വ്യക്തമായ ലീഡ് നേടി വിജയിച്ചിരുന്നു. ഇതും കര്‍ഷക ബില്ലിനുള്ള കര്‍ഷകര്‍ അടങ്ങുന്ന ജനസമൂഹത്തിന്റെ പിന്തുണയോടെയായിരുന്നു.

എന്നാല്‍, കോവിഡ് കാലത്ത് വലിയൊരു പ്രക്ഷോഭം നടത്തി ഇന്ത്യയില്‍ രോഗ വ്യാപനം ഉയര്‍ത്താനുള്ള ചില ഛിദ്രശക്തികളുടെ ശ്രമഫലമായാണ് ഇത്തരത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെ ഏതാനും സംഘടനകളെ സ്വാധീനിച്ച് ഇത്തരമൊരു പ്രക്ഷോഭത്തിന് തല്‍പര്യകക്ഷികള്‍ തുനിഞ്ഞതെന്ന് വ്യക്തം.

ഭാരതീയ കിസാന്‍ യൂണിയനെ പോലുള്ള സംഘടനകള്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ആവശ്യപ്പെട്ടിരുന്നതാണ് എപിഎംസി പോലുള്ള വിപണന കേന്ദ്രങ്ങള്‍ എടുത്തുകളയുക എന്നത്. കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായ വിപണന സ്വാതന്ത്ര്യം വേണമെന്നും എപിഎംസി ആക്ട്, അവശ്യവസ്തു നിയമം എന്നിവ എടുത്തു കളയണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ 2019 തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നില്‍ തങ്ങളുടെ പ്രകടന പത്രികയായി സമര്‍പ്പിച്ചിരുന്നു.

Image may contain: text
2019-ഇൽ ഭാരതീയ കിസാൻ യൂണിയൻ ഇറക്കിയ അവകാശ പത്രിക

ഇപ്പോള്‍ ഇവരുടെ രണ്ടു ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമം നടപ്പിലാക്കുകയാണ്. മോദി സര്‍ക്കാര്‍ കാര്‍ഷിക ബില്ലിലൂടെ ചെയ്തത്. എപിഎംസി സംവിധാത്തൊടൊപ്പം കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിപണികളില്‍ കൊണ്ടു ചെന്ന് വില്‍പ്പന നടത്താവുന്ന സ്വതന്ത്ര വിപണന സംവിധാനം ഏര്‍പ്പെടുത്തി.

എന്നാല്‍, ഇതൊക്കെ നടപ്പിലാക്കിയിട്ടും ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ആര്‍ക്കോ വേണ്ടി സമര രംഗത്താണ്.

എന്തുകൊണ്ടാണ് പഞ്ചാബ്,ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം പ്രതിഷേധം ഉയരുന്നതെന്നതും പലരും സംശയം ഉന്നയിക്കുന്നുണ്ട്. വിളകളുടെ മിനിമം സപ്പോര്‍ട്ട് പ്രൈസ് അഥവാ തറവില എന്ന സംവിധാനം ആകെ പ്രവര്‍ത്തിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും..

25 വിളകള്‍ക്ക് താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് അരിക്കും ഗോതമ്പിനും മാത്രമാണ്. പല സംസ്ഥാനങ്ങളിലും എംഎസ്പി സംവിധാനം നിലവില്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകളുടെ സംഭരണ സംവിധാനത്തിന്റെ അപര്യാത്പതകളും പാകപ്പിഴകളുമാണ് ഇതിനു കാരണം.

പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലാണ് എംഎസ്പി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. അരി, ഗോതമ്പ് സംഭരണത്തില്‍ മാത്രമാണ് ഈ മികവ്. ആന്ധ്ര, ചത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലും അരി സംഭരണം മാത്രമാണ് കാര്യക്ഷമം.

രാജ്യത്തെ പതിനഞ്ചു ശതമാനം അരി, ഗോതമ്പു കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഫലം ലഭിക്കുന്നത്. കാര്‍ഷിക മേഖലയിലെ ധാന്യവിളകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തിന്റെ ആനുകൂല്യം ലഭ്യമാകുന്നതെന്നതും എംഎസ്പിയുടെ ന്യൂനതയാണ്. കാര്‍ഷിക മേഖലയുടെ 46 ശതമാനം വരുന്ന പാല്‍, മത്സ്യബന്ധനം, പഴം, പച്ചക്കറി എന്നിവയ്ക്ക് ഈ സംവിധാനത്തിന്റെ സൗകര്യം ലഭിക്കുന്നില്ല. കര്‍ഷകരെ തന്നെ രണ്ടു തട്ടിലാക്കുന്ന എംഎസ്പി അശാസ്ത്രീയവും വിവേചനപരവുമാണെന്ന് പല കാര്‍ഷിക സംഘടനകളും ആരോപിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കുന്നത് രാജ്യത്തെ ആറു ശതമാനം വരുന്ന കര്‍ഷകര്‍ മാത്രമാണെന്ന വസ്തുത ഈ സംവിധാനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം കാര്‍ഷിക ഉത്പാദനത്തിന്റെ 5-6 ആറു ശതമാനത്തിന് മാത്രമാണ് താങ്ങുവില ബാധകമാകുന്നത്.

ചന്തകളില്‍ നിന്നുള്ള നികുതി ഇനത്തില്‍ വന്‍ വരുമാനമാണ് പഞ്ചാബിന് ലഭിക്കുന്നത്. പ്രതിവര്‍ഷം 1750 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് സര്‍ക്കാരിന് ഇതുവഴി ലഭിച്ചത്. എപിഎംസി സംവിധാനം വഴിയുള്ള ഈ ചന്തകള്‍ അപ്രസക്തമാകുന്നതോടെ തങ്ങളുടെ വരുമാനം നഷ്ടമാകുമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ ആശങ്ക. ഇതാണ് കാര്‍ഷിക നിയമം സംസ്ഥാനത്ത് നടപ്പിലാക്കാത്തതിന് കാരണം. ഈ നയം നടപ്പാക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു.. ഇതൊടൊപ്പം ഗ്രാമീണ വികസന സെസ് എന്ന പേരില്‍ മണ്ഡികളില്‍ നിന്നും സര്‍ക്കാര്‍ നികുതി പിരിക്കുന്നുണ്ട്. ഇതിനൊപ്പം അര്‍ഹതീയ എന്ന പേരില്‍ കമ്മീഷനും ഈടാക്കുന്നുണ്ട്. 1450 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് സര്‍ക്കാരിന് ഇതുവഴി ലഭിച്ചത്. പുതിയ നിയമം നടപ്പിലായാല്‍ ഏകദേശം മുവ്വായിരം കോടി രൂപ പഞ്ചാബ് സര്‍ക്കാരിന് നഷ്ടമാകും.എന്ന് കണക്കാക്കപ്പെടുന്നു.

നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ ഈ നികുതികളും കമ്മീഷനും ഒന്നും അടയ്‌ക്കേണ്ടതായി വരുന്നില്ലെന്നു മാത്രമല്ല. അവര്‍ക്ക് കൂടുതല്‍ വില ലഭിക്കുന്ന വിപണികള്‍ തേടിപ്പിടിച്ച് വില്‍ക്കാം. ഇത്തരത്തില്‍ വിപണന സ്വാതന്ത്ര്യം നല്‍കുന്ന ബില്ലിനെതിരെ എന്തിനാണ് കര്‍ഷകര്‍ രംഗത്തു വരുന്നതെന്ന ചോദ്യത്തിന് ഇതുവരേയും ആരും ഉത്തരം നല്‍കിയിട്ടില്ല.

നിലിവിലെ യാതൊരു സംവിധാനത്തിനും മാറ്റം വരുത്താതെ അധികമായി വിപണന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും പ്രക്ഷോഭവും വിമര്‍ശനവും അടങ്ങിയില്ലെന്നു മാത്രമല്ല ഇത് ആളിക്കത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ചെയ്യുന്നത്.

താങ്ങുവില എടുത്തുകളയുന്നതാണ് സര്‍ക്കാരിന്റെ പുതിയ നിയമം എന്ന വിമര്‍ശനം ഉയര്‍ന്ന ഉടനെ വിവിധ വിളകള്‍ക്ക് ഉയര്‍ന്ന താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. എപിഎംസികള്‍ നിര്‍ത്തലാക്കുമെന്ന ആശങ്ക ഉയര്‍ന്നപ്പോള്‍ അതുണ്ടാവില്ലെന്നും കര്‍ഷകര്‍ക്ക് മറ്റു വിപണികളിലും റീട്ടെയില്‍ ചെയ്നുകള്‍ക്ക് വേണ്ടിയും നേരിട്ട് കച്ചവടം നടത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെ ബാധിക്കാത്ത ഒരു വിഷയത്തിലാണ് ദില്ലി ചലോ ന്നെ മുദ്രാവാക്യം ഉയര്‍ത്തി ചിലര്‍ സമരം ചെയ്യുന്നത്. ഖാലിസ്ഥാന്‍ മുദ്രാവാക്യവും മോദിയ്‌ക്കെതിരായ വധഭീഷണിയും എല്ലാം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഇടനല്‍കി. സമരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ വന്ദേ മാതരവും ജയ് ഹിന്ദും വിളിക്കില്ലെന്ന് പ്രഖ്യാപിച്ചു, നരേന്ദ്ര മോദിക്ക് മരണശിക്ഷ വിധിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ഉത്തരവാദികളുമായ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് പിന്തുണയുമായി എത്തിയവരാണ് കര്‍ഷക പ്രക്ഷോഭത്തിലെന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഇവര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചത് പലരേയും ഞെട്ടിച്ചു. ഇന്ദിരയുടെ ഘാതകരായവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വാദികള്‍ ബിന്ദ്രൻ വാല എന്ന കൊടും ഭീകരനെ വെള്ളപൂശാനും ടിവി അഭിമുഖങ്ങളിലൂടെ ശ്രമിച്ചു.

ഇതെല്ലാം കണ്ടതോടെ രാജ്യത്തെ ജനങ്ങള്‍ ഈ വ്യാജ കാര്‍ഷിക സമരത്തെ തള്ളിപ്പറഞ്ഞ് തുടങ്ങി. കര്‍ഷകര്‍ക്ക് വളരെ ഗുണം ചെയ്യുന്ന പുതിയ നിമയങ്ങള്‍ക്ക് എതിരെ നിലകൊള്ളുന്നവര്‍ കര്‍ഷക ദ്രോഹികളാണെന്ന് ജനം തിരിച്ചറിഞ്ഞു. കര്‍ഷകര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും സ്വതന്ത്രമായി വില്‍പന നടത്താമെന്ന സംവിധാനത്തെ എതിര്‍ക്കുന്നത് എന്തിനെന്ന് വിവരിക്കാന്‍ ഇതുവരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല.

കര്‍ഷകനും വാങ്ങുന്നയാളും തമ്മില്‍ നേരിട്ട് കരാര്‍ സാധ്യമാകുന്ന സംവിധാനമാണ് പുതിയ നിയമത്തിലൂടെ നടപ്പിലാകുന്നത്. ജയ് കിസാന്‍, ജയ് ജവാന്‍ എന്ന മുദ്രാവാക്യത്തെ മുറുകെ പിടിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് ഇടനിലക്കാരെ ഒഴിവാക്കിയതു പോലെ കര്‍ഷകരുടെ വിള വ്യാപാരത്തിലെ ഇടനിലക്കാരേയും ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടിയാണ് പുതിയ നിയമം. ഇടനിലക്കാര്‍ പൂഴ്ത്തിവെച്ച് സൃഷ്ടിക്കുന്ന ക്ഷാമം ഇല്ലാതാക്കുകയും യഥാര്‍ത്ഥ ഉപഭോക്താവിന് ചുരുങ്ങിയ വിലയ്ക്ക് വിള സാമഗ്രികള്‍ ലഭിക്കുകയും ചെയ്യും. ഡിജിറ്റല്‍ മാര്‍ക്കറ്റുകളില്‍ കര്‍ഷകന് നേരിട്ട് തങ്ങളുടെ സാമഗ്രികള്‍ വില്‍ക്കാനും സാധിക്കുന്നതാണ് പുതിയ കാര്‍ഷിക നിയമം.

പ്രക്ഷോഭം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതര സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ സമരത്തിനൊപ്പം പങ്കു ചേരാതെ മടിച്ച് നില്‍ക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളിലെ ഏതാനും കര്‍ഷക സംഘടനകള്‍ മാത്രം നടത്തുന്ന ഈ സമരംതാനെ കെട്ടടങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും നടന്ന സമരം അതിന്റെ തന്നെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലും ആശങ്കയിലും കുടുങ്ങി പരാജയപ്പെട്ടു പോയി.

Image may contain: 1 person, text that says 'SRIM TheIdianEXPRES Indian CITIES FOLLOW Maharashtra: FPCs in 4 districts make over Rs 10 crore in out-of-mandi trade since new farm laws'

പൗരത്വ നിയമം പരാജയപ്പെട്ടിടത്തു നിന്നാണ് കര്‍ഷക സമരം ഇതേ ഉദ്ദേശ ലക്ഷ്യങ്ങളുമായി രംഗപ്രവേശം ചെയ്തത്. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നു. അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും നിയമം നടപ്പിലാക്കുമെന്ന ഉറച്ച നിലപാട് ആവര്‍ത്തിക്കുകയാണ് മോദിയുടെ ഭരണ നേതൃത്വം.

2 COMMENTS

  1. നല്ല ലേഖനം. ഇനിയും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here