മുജെ ഹിന്ദി മാലൂം ഹെ !… ഹും, ഹൊ യുമൊക്കെ അങ്ങ് പണ്ട്..!!

0

പണ്ട് മലയാളം പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകനോട് പുറത്തു പൊയ്‌ക്കോട്ടെ എന്ന് ചോദിച്ചു. വിദേശ ഭാഷകളില്‍ നിന്ന് നമ്മള്‍ മലയാളികള്‍ കടംകൊണ്ട വാക്കുകളെ കുറിച്ചാണ് അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്. മലയാളം ക്ലാസ് പണ്ടേ അലര്‍ജിയായതിനാല്‍ ക്ലാസ് തുടങ്ങും മുമ്പ് തന്നെ സ്ഥലം കാലിയാക്കുകയാണ് പതിവ്. ഇക്കുറി ഇഷ്ടന്‍ എത്തിയത് പകരക്കാരനായാണ്. ധനതത്വശാസ്ത്രം പഠിപ്പിക്കുന്ന സാറിനു പകരം. പെട്ടെന്ന് ഇറങ്ങിപ്പോകുന്നത് അദ്ധ്യാപകനെ അവഹേളിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നതിനാല്‍ പിടിച്ചു നിന്നു.പത്തു മിനിട്ട് .

.. സാര്‍ പുറത്തു പോകണം. – ഞാന്‍

ആര് ഞാനോ? – സാര്‍ ആശ്ചര്യവും അത്ഭുതവും പരിഹാസവും എല്ലാം ഒരുമിച്ചിട്ട് ചോദ്യം.

‘അല്ല .. ഞാന്‍.. ‘

‘എന്താ കാര്യം ..’

ഞാന്‍ ആംഗ്യം കാണിച്ചു. വിരല്‍ കൊണ്ട് ഒന്ന് എന്നാണ് ഉദ്ദേശിച്ചതെങ്കിലും അറിയാതെ രണ്ട് എന്നാണ് കാണിച്ചത്. മൂത്രമൊഴിക്കാനെന്ന് സങ്കല്‍പ്പിച്ച് കാണിച്ചത് കൊക്കിനു കൊണ്ടു.

ക്ലാസിലെ ചിരിത്തിരിമാലകള്‍ക്കുള്ളില്‍ നിന്ന് ഇളിഭ്യനായി ഞാനും ചിരിച്ചു.

നീ എന്താ ക്യാന്റീനില്‍ നിന്ന് വല്ലതും വാങ്ങിക്കഴിച്ചോ? – സാര്‍ വിടുന്ന ഭാവമില്ല..

ബാക് ബെഞ്ചിലെ എന്റെ ഉറ്റസുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. സാര്‍ ഇവന് കക്കൂസില്‍ പോകണം..

ഉടനെ സാര്‍ വാചാലനായി.. അതെ കക്കൂസില്‍ പോകുന്ന എത്ര പേര്‍ക്കറിയാം കക്കൂസ് ഒരു ഡച്ച് പദമാണെന്ന്.

ഏവരും അമ്പരുന്നു. ഞാന്‍ കണ്ണുമിഴിച്ചു. ചതിച്ചോ ദൈവമേ.. !

എന്റെ അടുത്തുവന്നു അദ്ദേഹം ചോദിച്ചു. നിനക്കറിയാമോ കക്കൂസ് ഡച്ച് പദമാണെന്ന്..

ഞാന്‍ അറിയില്ലെന്ന് സമ്മതിച്ചുകൊടുത്തു.

ഡച്ചുകാര്‍ പണ്ട് കുളച്ചല്‍ യുദ്ധം നടത്തിയത് ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ടെന്നും ഇതല്ലാതെ എനിക്ക് ഡച്ചുകാരുമായി യാതൊരു ബന്ധവും ഇല്ലെന്നും ഞാന്‍ സാറിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചു

എന്നാല്‍ കക്കൂസില്‍ നിന്നും ഇറങ്ങിയ സാര്‍ പോര്‍ച്ചുഗീസുകാരുടെ അലമാരയിലും മേശ, കസേര, വരാന്ത, വിജാഗിരി, ചാക്കിലൊക്കെ കയറി,,, തൂവാല, കടലാസ്, പേന ഒക്കെ എടുത്ത് അലക്കി…. പിന്നെ അറബികളുടെ ജപ്തിയില്‍ കയിപ്പിടിച്ചു.. ഖജനാവില്‍ കൈയ്യിട്ടുവാരി.. അദാലത്തിലെത്തി.. മഹസര്‍ വായിച്ചു.. മുന്‍സിഫിനെ കണ്ടു ജാമ്യം എടുത്തു.. ഇക്വിലാബ് വിളിച്ചു സര്‍ബത്ത് കുടിച്ചു തുടര്‍ന്ന് രാജിവെച്ചു..

എനിക്ക് സത്യത്തില്‍ അപ്പൊഴാണ് കക്കൂസില്‍ പോകാന്‍ മുട്ടിയത് പക്ഷേ, സാര്‍ വിടുന്ന ഭാവമില്ല… സര്‍ക്കാരും, ദര്‍ബാറും പരാതിയും പേര്‍ഷ്യക്കാരുടേതാണെന്നും വെറുതെ ബേജാറാക്കാതെ ഉഷാറായി നിന്നാല്‍ സബാഷ് എന്നു പറയാമെന്നും സാര്‍ മൊഴിഞ്ഞു.

‘എന്നാല്, ഇനി ഞാനങ്ങോട്ട് കക്കൂസിലേക്ക് പോയ്‌ക്കൊട്ടെ… ‘ എന്നായി ഞാന്‍.

അപ്പൊഴാണ് സാര്‍ രാഷ്ട്ര ഭാഷയുടെ കാര്യം ഓര്‍ത്തത്. സിപിഎമ്മുകാരൊക്കെ നടത്തുന്ന ബന്ദ് മുതല്‍ പോലീസിന്റെ ലാത്തി വരെയും സഖാക്കളൊക്കെ വലിക്കുന്ന ബീഡി മുതല്‍ കാശ് സമ്പാദിക്കുന്ന ചിട്ടിയും ട്രഷറിയിലേക്ക് അടയ്ക്കുന്ന ചല്ലാനും തേങ്ങ ഉണക്കിയ കൊപ്രയും ലഡ്ഡുവും മിഠായിയും പടക്കവുമെല്ലാം ഹിന്ദിയാണത്രെ… !

ഇത്രയുമായപ്പോഴേക്കും ക്ലാസ് തീര്‍ന്നതായി അറിയിക്കുന്ന ബെല്ലടിച്ചു. സാര്‍ പുറത്തിറങ്ങി.. പിന്നാലെ ചെന്ന ഞാന്‍ – സാര്‍ വളരെ നന്ദി.. എന്നു പറഞ്ഞു,

എന്തിന്.. താന്‍ അടുത്ത ക്ലാസില്‍ വരുമ്പോള്‍ കക്കൂസിലൊക്കെ പോയിട്ടു വേണം വരാന്‍ എന്നൊരു ഉപദേശവും തന്നു…

ഡച്ചുകാരെ വായില്‍ത്തോന്നിയതെല്ലാം വിളിച്ച ശേഷം ഞാന്‍ കക്കൂസിലെത്തി അതിനു മുന്നില്‍ ശൗചാലയം എന്നു എഴുതി വെച്ചു. മലയാളിയോടാ കളി.. എന്നും പറഞ്ഞു ഞാന്‍ മടങ്ങി.. അതാ അപ്പോള്‍ സാര്‍ തൊട്ടുമുന്നില്‍., എടോ ശൗചാലയം മലയാളമല്ല.. അതിന്റെ വേരുകള്‍ സംസ്‌കൃതത്തില്‍ നിന്നാണ്..

നിന്നുകുഴങ്ങിയ ഞാന്‍ ചോദിച്ചു, മലയാളത്തില്‍ തെറിവാക്കല്ലാതെ വല്ലതും ഉണ്ടോ സാര്‍.. രണ്ടിന് പോകണമെന്നു മാത്രമാണോ പറയാന്‍ കഴിയുക..

‘ ഡച്ച് പദം ഉപയോഗിക്കു.. നല്ല അന്തസുണ്ടല്ലോ…’ എന്നായി അദ്ദേഹം. ശരിയെന്നു മൊഴിഞ്ഞു ഞാന്‍ പിന്‍വാങ്ങി..

രാവിലെ കക്കൂസില്‍ ഇരുന്ന് മനോരമയുടെ ഓണ്‍ലൈന്‍ പത്രം വായിക്കുമ്പോഴാണ് ഇത്രയും ഫ്‌ളാഷ് ബാക്കായി വന്നത് . ഹിന്ദി ഭാഷയെക്കുറിച്ച് മുഖ്യന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കണ്ണുടക്കിയതാണ് ഇതിനൊക്കെ കാരണമായത്.

ഹിന്ദിയില്‍ നിന്നൊക്കെ എടുത്ത ബന്ദ് വെച്ച് ജനങ്ങളെ വട്ടംകറക്കുന്ന പാര്‍ട്ടിയുടെ നേതാവും പിന്നെ മലയാളിയുടെ മുഖ്യനുമായയാളാണ് ഹിന്ദി ഭാഷയോട് ഇത്ര അലര്‍ജി കാണിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും പഠിക്കുന്നത് ഗുണകരമാകുമൈന്ന് പറഞ്ഞതിനാണ് വിജയപ്രഭൃതികളൊക്കെ വാളും ചിലമ്പുമെക്കെയായി ചാടിവീണ് തുള്ളുന്നത്.

ബീഹാറികളായ ആനകള്‍ കേരളത്തിലെത്തി മലയാളം പഠിച്ചു. എന്‍സിസിയിലൊക്കെ പോയ മലയാളികള്‍ സാവ്ധാന്‍ എന്നു പറയുമ്പോള്‍ കൈ തുടയോട് ചേര്‍ത്ത് വെച്ച് നില്‍ക്കാനും വിശ്രാം എന്നു പറയുമ്പോള്‍ കൈ പിന്നില്‍ കെട്ടി കാല്‍ ലേശം വിടര്‍ത്തി നില്‍ക്കാനും പഠിച്ചു. ദ്രാവിഡനാട്ടിലെ തമിഴന്‍മാര്‍ ഗള്‍ഫിലൊക്കെ എത്തി വളാ വളാന്ന് ഹിന്ദി മൊഴിയുന്നു. ഗള്‍ഫിലെത്തിയാല്‍ മലയാളിക്ക് ഹിന്ദി അവന്റെ മാതൃഭാഷയാണ് . പാക്കിസ്ഥാനി, ബംഗാളി, അറബികളുമൊക്കെയായി ഇടിച്ചു നില്‍ക്കാന്‍ അവന് ഹിന്ദി വളരെ അത്യാവശ്യമാണ്.

പക്ഷേ, ഹിന്ദി മോശമാണെന്ന് മുഖ്യന്‍ മൊഴിയുന്നു. കാരണം. മറ്റൊന്നല്ല… ബിജെപിയും സംഘപരിവാരുകാരും ബൈഠകും, ശിബിരവും ഒക്കെ ഹിന്ദിയിലാണ് നടത്തുന്നത്. ഗുജറാത്തിയായ പ്രധാനമന്ത്രി ഹിന്ദിയെ പറയു…

ഹിന്ദി മേഖലയിലെങ്ങും തരി പോലുമില്ലാത്ത മാര്‍ക്‌സിസ്റ്റു മുഖ്യമന്ത്രിക്കും ബംഗാളിലേക്ക് ഹിന്ദിയുമായി ബിജെപി കടന്നു വരരുതെന്ന് ആഗ്രഹിക്കുന്ന മമതാ ദീദിക്കും ഭാഷാ വികാരം കത്തിച്ച് രാഷ്ട്രീയം കളിക്കുന്ന സ്റ്റാലിനും ഒക്കെ അമിത് ഷാ ഹിന്ദി പഠിക്കാന്‍ പറഞ്ഞപ്പൊഴേക്കും മനംപിരട്ടലുണ്ടായി.

സാരമില്ല.. അതങ്ങ് ഛര്‍ദ്ദിച്ചു കളയ്.. പാഷാണത്തേക്കാള്‍ വിഷമാണ് .. പോട്ടെ.. അല്ലപിന്നെ.. !

മിലിട്ടറിയിലൊക്കെ ഞങ്ങള്‍ക്ക് ഹിന്ദി മാതൃഭാഷയാണ്.. എല്‍ഒസിയിലൊക്കെ പാക്കിസ്ഥാനികളോട് അവരു മനസിലാക്കുന്ന രണ്ടു ഭാഷകളിലാണ് മറുപടി. ഒന്ന് വെടി മറ്റേത് ഹിന്ദി.. വിജയേട്ടാ…നിങ്ങള്‍ക്ക് ഹും ഹൊ ഒക്കെയായിരിക്കും. പരന്തു, (ചെമ്പരന്തൊന്നുമല്ല.. അതിന് വല്ല പുരാണ സീരിയലൊക്കെ കാണണം.. നല്ല ഹിന്ദി മനസിലാകാന്‍.. ബോളിവുഡിലെ ഉറുദു കലര്‍ന്ന ഹിന്ദിയല്ല..വിട് കാര്യത്തിലേക്ക് വരാം.. മനസിലായോ ? ) മുജെ, ഹിന്ദി മാലും ഹെ… !

LEAVE A REPLY

Please enter your comment!
Please enter your name here