പൂരങ്ങളുടെ പൂരം, തൃശൂർ പൂരം !

തൃശൂർ പൂരത്തെ കുറിച്ച് നുറുങ്ങു കുറിപ്പുകളായും ത്രെഡുകളായും എഴുതിയത് ഒരുമിച്ച്, കുറച്ച് വിപുലീകരിച്ച് ഒറ്റ ലേഖനമായി ഇവിടെ അവതരിപ്പിക്കുകയാണ്. പൂരത്തിന്റെ ചരിത്രം, ആചാരങ്ങൾ, ചടങ്ങുകൾ എന്നിവ അറിയാവുന്നവർക്ക് അറിവ് പുതുക്കാനും അറിയാത്തവർക്ക് അറിവ് നേടാനും സഹായകരമായിരിക്കുമെന്ന് കരുതുന്നു. 

എന്താണ് പൂരം?

പൂരം എന്ന വാക്കിന് ഉത്സവം, കാഴ്ച്ച, ബഹളം എന്നൊക്കെ അർത്ഥം കല്പിക്കാം. ഒരു നക്ഷത്രവുമാണ് പൂരം. പൂരം നക്ഷത്രത്തിലുള്ള ആഘോഷം കാലക്രമേണ ആഘോഷത്തിന്റെ പേരായി മാറി എന്നതാണ് ഒരു അഭിപ്രായം. ഉത്തരകേരളത്തിലും മധ്യകേരളത്തിലെ ചില ക്ഷേത്രങ്ങളിലും പൂരം നാളിലാണ് ഈ ആഘോഷം നടക്കുന്നത്. എന്നാൽ മിക്കയിടത്തും പൂരം നക്ഷത്രവുമായി ബന്ധമുണ്ടാകണം എന്നില്ല. പൊതുവേ ദേവീക്ഷേത്രങ്ങളിൽ ഉത്രം പാട്ട് നടത്തുന്നത് ഉത്രം നക്ഷത്രം അർദ്ധരാത്രിക്ക് 21 നാഴികയെങ്കിലുമുള്ള ദിവസമാണ്. ഇതിന് തലേ ദിവസമാണ് പൂരം ആഘോഷിക്കുന്നത്. കുംഭം, മീനം, മേടം മാസങ്ങളിലാണ് ഈ ആഘോഷം പൊതുവേ നടത്തുന്നത്. താന്ത്രിക-വാർഷിക ഉത്സവങ്ങൾ കൂടാതെ പൊതുജന പങ്കാളിത്തം അധികമായി നടത്തുന്ന ഒരു folk tradition ആയി വേണം പൂരത്തെ കാണാൻ. പണ്ടു കാലത്ത് ഒരു ദേശത്തെ ജനങ്ങൾക്ക് ആഘോഷിക്കാനും, ഒത്തു ചേരാനും, വ്യാപാരം നടത്താനും വേണ്ടി ഉണ്ടാക്കിയ ഉത്സവം.

അതു കൊണ്ട് തന്നെ, താന്ത്രിക വിധികൾ മുഴുവൻ അനുഷ്ഠിച്ചു കൊണ്ട് ക്ഷേത്രോത്സവങ്ങളിൽ നടക്കുന്നത് പോലുള്ള കൊടിയേറ്റം പൂരങ്ങൾക്ക് ഉണ്ടാകാറില്ല. കൊട്ടിപ്പുറപ്പാട് മാത്രം. തുടർന്ന് ദേവീദേവന്മാരെ ദേശത്തെ വീഥികളിലൂടെ എഴുന്നള്ളിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തർ ആഘോഷത്തിൽ പങ്കെടുത്ത് അവരെ സ്വീകരിക്കുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളിൽ കുതിര, കാള തുടങ്ങിയ കെട്ടു രൂപങ്ങൾ എഴുന്നള്ളിക്കുന്നു. പ്രാദേശിക വ്യത്യാസങ്ങൾ പലതുണ്ടെങ്കിലും ആറാട്ടുപുഴ, പെരുവനം, ഉത്രാളിക്കാവ്, തൃശ്ശൂർ പൂരം എന്നിവയുടെ അടിസ്ഥാന തത്വം മുകളിൽ പറഞ്ഞത് തന്നെയാണ്. തൃശ്ശൂർ പൂരം നടക്കുന്നത് മേടമാസത്തിലാണ്. ഉത്രം നക്ഷത്രം അർദ്ധരാത്രിക്കുള്ള ദിവസത്തിന്റെ തലേന്ന് ആണ് തൃശ്ശൂർ പൂരം. രണ്ട് അർദ്ധരാത്രികളിൽ ഉത്രം വന്നാൽ, ആദ്യത്തെ ദിവസത്തിന്റെ തലേന്നും, അർദ്ധരാത്രി ഉത്രം വരാതെ രണ്ടു ദിവസം വന്നാൽ രണ്ടാം ദിവസത്തിന്റെ തലേന്നും പൂരം നടത്തും.

ഐതിഹ്യങ്ങളും ചരിത്രവും

തൃശ്ശൂർ പൂരത്തിന്റെ ഉത്ഭവത്തെ കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം എന്താണെന്നാൽ, പണ്ട് ആറാട്ടുപുഴ പൂരമായിരുന്നു ഏറ്റവും വലിയ പൂരമെന്നും ഇപ്പോൾ തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്ന പൂരങ്ങളുടെ ഏഴുന്നള്ളത്തുകൾക്ക് സമയത്തിന് ആറാട്ടുപുഴ എത്തിപ്പെടാൻ കഴിഞ്ഞില്ല എന്നും തുടർന്ന് അവരെ അവിടെ നിന്ന് ഭ്രഷ്ടരാക്കുകയും ചെയ്തു എന്നതാണ്. മഴ മൂലം ചാക്കാലപുരയിൽ കയറി നിന്നതിന് അശുദ്ധി കല്പിച്ച് ഭ്രഷ്ടരാക്കി എന്നുമൊരു കഥയുണ്ട്. തുടർന്ന് അന്നത്തെ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഈ പൂരക്കാരോട് ഇനി മുതൽ ആറാട്ടുപുഴ പോകേണ്ട എന്നും തൃശ്ശൂരിൽ തന്നെ പൂരം നടത്തണം എന്നും ആവശ്യപ്പെട്ടു. പൂരത്തിന്റെ ചടങ്ങുകളും നിബന്ധനകളും അദ്ദേഹം തന്നെ നിശ്ചയിച്ചു എന്നതാണ് പൊതുവേ സ്വീകാര്യമായ ഒരൈതീഹ്യം.

ഇതു കൂടാതെ മറ്റ് കഥകളുമുണ്ട്. അവയിലൂടെ ഒന്ന് കണ്ണോടിക്കാം:

  1. ആറാട്ടുപുഴക്കാർ ഭ്രഷ്ട് കല്പിച്ചതല്ല, എന്നാൽ പുണ്യാഹം തളിക്കാൻ പറഞ്ഞതു കൊണ്ട് തിരുവമ്പാടി ദേശക്കാർ അവിടെ നിന്നും പിണങ്ങി പോരുകയും തുടർന്ന് ശക്തൻ തമ്പുരാൻ അവർക്ക് തൃശ്ശിവപേരൂരിൽ പൂരം നടത്താനുള്ള അനുമതി കൊടുക്കുകയും ചെയ്തുവത്രെ. തൊട്ടടുത്ത വർഷം മീനമാസത്തിൽ തൃശ്ശൂർ പൂരം തുടങ്ങിയെങ്കിലും ആരും കാണാൻ ഉണ്ടായില്ല. പാറമേക്കാവ് അടക്കം ഇന്നത്തെ തൃശ്ശൂർ പൂരത്തിന്റെ ഘടക പൂരങ്ങൾ അക്കൊല്ലവും ആറാട്ടുപുഴയ്ക്ക് പോയി. അടുത്ത വർഷം മുതൽ മേടമാസത്തിൽ പൂരം നടത്തി തുടങ്ങിയപ്പോൾ നാട്ടുകാർ വന്നു തുടങ്ങി. പിന്നെയുമൊരു നാലഞ്ച് വർഷം കഴിഞ്ഞാണ് ശക്തൻ തമ്പുരാന്റെ നേത്യാരമ്മ(കൊച്ചി രാജാവിന്റെ ഭാര്യമാരുടെ സ്ഥാനപ്പേര്)യായിരുന്ന ചുമ്മുക്കുട്ടിയമ്മയുടെ ആഗ്രഹപ്രകാരം അവരുടെ പരദേവതയായിരുന്ന തിരുമാന്ധാംകുന്ന് ഭഗവതിയുടെ അംശമുള്ള പാറമേക്കാവ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാൻ തുടങ്ങുന്നത്. തുടർന്ന് ഇപ്പോഴത്തെ ഘടകപൂരങ്ങളും കാലക്രമേണ വന്നു ചേർന്നു.
  • ശക്തൻ രാജധാനി തൃശൂരിലേക്ക് മാറുമ്പോൾ ആറാട്ടുപുഴയും അവിടത്തെ പൂരത്തിൽ ഇപ്പോൾ പങ്കെടുക്കുന്ന മറ്റു ക്ഷേത്രങ്ങളും ബ്രാഹ്മണ ഊരാണ്മയുടെ കീഴിലായിരുന്നു. എന്നാൽ പാറമേക്കാവും തിരുവമ്പാടിയും നായന്മാരുടെ ഊരാണ്മയിൽ ആയിരുന്നു. ബ്രാഹ്മണേതര സമുദായങ്ങൾ ഭരണം നടത്തിയിരുന്ന ക്ഷേത്രങ്ങൾ അന്നേ ആറാട്ടുപുഴയ്ക്ക് പോക്കില്ലായിരുന്നു.(ബ്രാഹ്മണ ക്ഷേത്രങ്ങൾ പിന്നീട് കൊച്ചി ദേവസ്വം ഏറ്റെടുത്തു; തിരുവമ്പാടി-പാറമേക്കാവ് എന്നിവ സ്വതന്ത്ര ദേവസ്വങ്ങളായി നിൽക്കാൻ കാരണവും അതു തന്നെ) നായർ ദേശങ്ങളായ തിരുവമ്പാടിക്കും പാറമേക്കാവിനും സ്വന്തമായൊരു പൂരം വേണമെന്ന ആവശ്യം കണക്കിലെടുത്താണ് ശക്തൻ തമ്പുരാൻ തൃശ്ശൂർ പൂരം വിഭാവനം ചെയ്തത് എന്നൊരു കഥയുണ്ട്. തുടർന്ന് മറ്റു പൂരങ്ങൾ വന്നു ചേരുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
  • മൂന്നാമത്തെ കഥ എന്തെന്നാൽ തൃശ്ശൂർ നഗരം ഇന്നത്തെ രീതിയിൽ വടക്കുന്നാഥൻ ക്ഷേത്രത്തിന് ചുറ്റുമായി നിർമ്മിച്ചതിന് ശേഷം നഗരത്തിന് ഒരുത്സവം വേണമെന്ന് ശക്തന്റെ മനസ്സിൽ തോന്നിയെന്നും, പ്രശ്നം വെച്ചപ്പോൾ അത് അടിയന്തിരമായി ഏർപ്പാടാക്കണം എന്നും കണ്ടുവത്രേ. അന്നത്തെ കാലത്ത് സിവിൽ ഭരണം, ഖജനാവ് എല്ലാം ക്ഷേത്ര കേന്ദ്രീകൃതമായിരുന്നു. തൃശ്ശിവപേരൂരിനെ രണ്ട് വിഭാഗങ്ങളാക്കി പാറമേക്കാവിന്റെ കീഴിൽ അഞ്ച് ദേശങ്ങളും തിരുവമ്പാടിയുടെ കീഴിൽ മൂന്ന് ദേശങ്ങളും ആയി വിഭജിച്ചായിരുന്നു ഭരണം നടന്നിരുന്നത്. അതാത് ദേവസ്വങ്ങളായിരുന്നു ഭരണകേന്ദ്രങ്ങൾ. ദേവപ്രശ്നത്തിലെ തീരുമാനം നടപ്പിലാക്കാൻ വേണ്ടിയാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ വച്ച് തൃശ്ശൂർ പൂരം തുടങ്ങിയത് എന്നു പറയുന്നു. മീനമാസത്തിൽ ആറാട്ടുപുഴ പൂരമുള്ളതു കൊണ്ട് വാദ്യക്കാരെയും ആനകളെയും എളുപ്പം കിട്ടാനായി മേടമാസത്തിൽ തീയതി നിശ്ചയിച്ച് നടത്തി. തുടർന്നുള്ള വർഷങ്ങളിൽ ആറാട്ടുപുഴക്കാരുമായി പിണങ്ങി നിന്നിരുന്ന ചെറുപൂരങ്ങൾ ഓരോന്നായി വന്നു ചേർന്നു എന്നും പറയപ്പെടുന്നു. ഏതായാലും, CE 1798-നും 1803-ക്കും ഇടയിലാണ് തൃശ്ശൂർ പൂരം ആരംഭിച്ചതെന്ന് അനുമാനിക്കാം.

പൂരം നടത്തിപ്പും നിബന്ധനകളും

പൂരം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രണ്ട് വിഭാഗങ്ങളും തമ്മിലുള്ള മത്സരം രൂക്ഷമായി, പൂരക്കാലത്തിനപ്പുറം സംഘർഷത്തിലേക്ക് പോകുമെന്ന നിലയായി. പൂരത്തിന് മാത്രമല്ല, അവരവരുടെ ഉത്സവങ്ങൾക്കും കിട്ടാവുന്നത്ര ആനകളെ ചേർത്ത് എഴുന്നള്ളിക്കാൻ തുടങ്ങി. പരമാവധി കതിനക്കുറ്റികൾ സംഭരിച്ചു വച്ച് പൊട്ടിക്കാനും തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും പടക്കം വലിച്ചെറിയലും ആനയെ വിരട്ടാൻ നോക്കലും ആയി. ഒരു തവണ കൊച്ചി സർക്കാരിന് തൃപ്പൂണിത്തുറയിൽ നിന്നും സൈന്യത്തെ വരെ ഇറക്കേണ്ടി വന്നു.

അങ്ങനെയാണ് പൂരത്തിന് ഇന്നുള്ള പല നിബന്ധനകളും നിലവിൽ വരുന്നത്. ആനകളുടെ എണ്ണം, എത്ര കതിന പൊട്ടിക്കണം, ആനച്ചമയങ്ങൾ എങ്ങനെയൊക്കെ വേണം എന്നൊക്കെ സർക്കാർ നിബന്ധനകൾ ഉണ്ടാക്കി. അതിൻ പ്രകാരം പൂരം നടന്നു പോന്നു. കാലക്രമേണ ഇവയിൽ ചില-പല മാറ്റങ്ങൾ ഉണ്ടായി; അവ നമുക്ക് പൂരാഘോഷങ്ങളുടെ പരിണാമത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പറയാം. ഇപ്പോൾ ചടങ്ങുകൾ എന്തൊക്കെയെന്ന് നോക്കാം.

കൊടിയേറ്റം

താന്ത്രിക ഉത്സവമല്ലാത്തത് കൊണ്ടു തന്നെ കൊട്ടിപ്പുറപ്പാടായ തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം എങ്ങനെയെന്ന് വിശദീകരിക്കാം. പൂരത്തിന് ഒരാഴ്ച്ച മുൻപാണ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടി കയറുന്നത്. ക്ഷേത്ര അടിയന്തിരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. കൊടിയേറ്റത്തിന് മുൻപ് ശുദ്ധികലശം നടത്തിയിരിക്കും. തുടർന്ന് ക്ഷേത്രം തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടിക്കൈ വച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും കെട്ടി, ക്ഷേത്രഭാരവാഹികളും ദേശക്കാരും ആർപ്പു വിളിച്ച് കൊടിമരം ഏറ്റുവാങ്ങി നേരത്തെ തയ്യാറാക്കിയ കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

തിരുവമ്പാടി ക്ഷേത്രത്തിൽ ഭഗവതിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലൊരു കുഴി കുത്തി അതിൽ ഭൂമിപൂജ നടത്തിയിട്ടാണ് ആശാരി കവുങ്ങ് കൈമാറുന്നത്. ഈയവസരത്തിൽ ഭഗവതിയുടെ കോമരം പട്ടുടുത്ത് അനുഗ്രഹിക്കും. കൈമാറിയ ശേഷം മേളത്തിന്റെ അകമ്പടിയോടെ കൊടിമരം ഉറപ്പിക്കുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയ കോലം ആനപ്പുറത്ത് എഴുന്നള്ളിച്ച് മൂന്ന് പ്രാവശ്യം ക്ഷേത്രത്തെ വലം വച്ചു വരുന്നു.

പാറമേക്കാവിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രഭാരവാഹികൾ, ദേശപ്രമാണിമാർ, പാറമേക്കാവിന്റെ പഴയ ഊരാളന്മാരായ അപ്പാട്ട് കുറുപ്പാൾ കുടുംബത്തിലെ കാരണവർ, ഭഗവതിയുടെ കോമരം എന്നിവരാണ് ഈ സമയത്ത് ഉണ്ടാവുക. കൊടിയേറ്റം പകൽ പതിനൊന്ന് മണിയോട് കൂടിയാണ് രണ്ടിടത്തും നടക്കുക.

ഘടകപൂരങ്ങളുള്ള ചെറു ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൈകുന്നേരം വരെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊടിയേറുന്നു. ഇതിൽ നൈതലക്കാവ്, ചൂരക്കോട്ടുകാവ്, അയ്യന്തോൾ എന്നിവിടങ്ങളിലെ കൊടിയേറ്റിന് പ്രമാദമായ മേളവും സാമാന്യം നല്ല ആൾത്തിരക്കും ഉണ്ടാകാറുണ്ട്. കാരമുക്ക് ക്ഷേത്രത്തിൽ മാത്രം മേളത്തിന് പകരം പെരുമ്പറ കൊട്ടിയാണ് കൊടിയേറ്റ് നടക്കുക.

കൊടിക്കൽ പറ

രണ്ടു പ്രധാന ക്ഷേത്രങ്ങളിലും കൊടി കയറിയ ഉടനെ കൊടിമരത്തിന് സമീപം ഭക്തജനങ്ങൾ പറ നിറയ്ക്കുന്നതിനെയാണ് കൊടിക്കൽ പറ എന്നു പറയുന്നത്. നെല്ല്, മലര്, അവിൽ, പഞ്ചസാര, ശർക്കര, പൂവ്, മഞ്ഞൾ, നാണയങ്ങൾ എന്നിവയൊക്കെ കൊണ്ടാണ് പറ നിറയ്ക്കുക.

പൂരം പുറപ്പാട്

കൊടി കയറിയ ശേഷം ഉച്ചക്ക് രണ്ടു മണിയോട് കൂടി തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിക്കുന്നു. ക്ഷേത്രത്തെ വലം വച്ച ഭഗവതി ആനപ്പുറത്തു കയറി പുറത്തേക്ക് എഴുന്നള്ളുന്നു. ഭഗവതിയെ എതിരേൽക്കാൻ വഴിയിലെമ്പാടും നിറപറ വച്ചിട്ടുണ്ടാകും. എഴുന്നള്ളത്ത് നായ്ക്കനാൽ വഴി തേക്കിൻകാട് കയറി വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തെത്തി മേളം കലാശിക്കുന്നു. അവിടെ നിന്ന് ബ്രഹ്മസ്വം മഠത്തിലേക്ക് എഴുന്നള്ളുന്നു. തുടർന്ന് മഠത്തിൽ കോലമിറക്കി വച്ച് ആറാട്ട് നടത്തുന്നു. ശേഷം വൈകിട്ട് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു.

പാറമേക്കാവിലും ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രം വല വെച്ച ശേഷം ഭഗവതി ആനപ്പുറത്ത് പുറത്തേക്ക് കടക്കുന്നു. ചെമ്പട മേളത്തോട് കൂടി തുടങ്ങുന്ന എഴുന്നള്ളത്ത് ഗോപുരത്തിന് വെളിയിൽ ചെമ്പട കലാശിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോട് കൂടി മണികണ്ഠനാലിലേക്ക് നീങ്ങുന്നു. മണികണ്ഠനാലിൽ എത്തി ആലിന് മുകളിൽ പൂരത്തിന്റെ കൊടി നാട്ടി, കതിന പൊട്ടിച്ചതിന് ശേഷം തേക്കിൻകാട് കയറി വടക്കുംനാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ അകത്തു കടക്കുന്നു. പ്രദക്ഷിണം കഴിഞ്ഞ് വടക്കു ഭാഗത്ത്‌ മേളം കലാശിക്കുന്നു. തുടർന്ന് കോലം ഇറക്കി വടക്കുംനാഥന്റെ കുളത്തിൽ ആറാട്ട് നടത്തുന്നു. ആറാട്ടിന് ശേഷം കിഴക്കേ ഗോപുരം വഴി വൈകിട്ട് തിരികെ ക്ഷേത്രത്തിലേക്ക് പോകുന്നു. മറ്റു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് കഴിഞ്ഞയുടൻ പുറത്തേക്ക് എഴുന്നള്ളിച്ച് ആറാട്ട് നടത്തി തിരിച്ചു പോകുന്നു.

പറയെടുപ്പ്

കൊടിയേറ്റത്തിന്റെ പിറ്റേന്ന് മുതൽ വെളുപ്പിനുള്ള ആറാട്ട്, ശീവേലി എന്നിവ കഴിഞ്ഞ് തട്ടകങ്ങളിൽ പറയെടുപ്പ് നടക്കുന്നു. പാരമ്പര്യമായി ഓരോ ക്ഷേത്രത്തിനും തട്ടകമുണ്ട്. തിരുവമ്പാടി ഭഗവതിയുടെ പൂരപ്പറ തുടങ്ങുന്നത് ചേറ്റുപുഴയിലാണ്. പൂരത്തിന്റെ തലേന്ന് ശങ്കരൻകുളങ്ങര ക്ഷേത്ര പരിസരത്തും, പൂരപ്പിറ്റേന്ന് പഴയ നടക്കാവിലും എടുക്കുന്നു. പാറമേക്കാവിന്റെ പറയെടുപ്പ് തുടങ്ങുന്നത് നേരത്തെ പറഞ്ഞ കുറുപ്പാൾ കുടുംബത്തിന്റെ വീട്ടിലാണ്. അന്ന് പിന്നെ വേറെ പറ എടുക്കില്ല. അതിന് ശേഷം പൂരപ്പിറ്റേന്നു വരെ കൂർക്കഞ്ചേരി, വെളിയന്നൂർ, കിഴക്കുമ്പാട്ടുകര തുടങ്ങി പലയിടത്ത് പറയെടുപ്പിന് എഴുന്നള്ളുന്നു.

ചെറു ക്ഷേത്രങ്ങളുടെ പറയെടുപ്പ് ഇതേ പോലെ വിപുലമായി അല്ലാതെ മുൻപേ നിശ്ചയിച്ച പ്രകാരം ഓരോരോ ദിവസമായി നടക്കുന്നു. പറയെടുപ്പിൽ ഇടയ്ക്ക് ചില ഇല്ലങ്ങളിലോ ക്ഷേത്രങ്ങളിലോ കോലം ഇറക്കി വച്ചു പൂജിക്കാറുണ്ട്. ഇതിനെ ‘ഇറക്കിപ്പൂജ’ എന്നു പറയുന്നു. അപ്പം, അട, പായസം എന്നിവ ഇത്തരം പൂജയ്ക്ക് നിവേദിക്കുന്നു.

ക്ഷേത്രങ്ങളിലെ നിത്യ ചടങ്ങുകൾ

കൊടിയേറ്റത്തിന് ശേഷം എല്ലാ ദിവസവും പങ്കാളികളായ ക്ഷേത്രങ്ങളിൽ ആറാട്ട് ഉണ്ട്. മേൽശാന്തിയാണ് ആറാട്ടിന് നേതൃത്വം കൊടുക്കുന്നത്. മാത്രമല്ല, എല്ലാ ദിവസവും പങ്കാളി ക്ഷേത്രങ്ങളിൽ മൂന്നു നേരം വീതം മേളത്തിന്റെ അകമ്പടിയോട് കൂടി ആനപ്പുറത്തേറിയുള്ള ശീവേലിയുണ്ട്. ഒരാനയുമായാണ് ശീവേലി നടത്തുക.

തിരുവമ്പാടിയിൽ മാത്രം കൊടിയേറ്റിന്റെ പിറ്റേന്ന് മുതൽ പൂരത്തിന്റെ അന്നു വരെ ഉച്ചപൂജയ്ക്ക് ശ്രീകൃഷ്ണന് ഒൻപത് കലശവും ഭഗവതിക്ക് ഒരു കലശവും ആടാറുണ്ട്. പറയ്ക്ക് ശേഷം തട്ടകത്തു നിന്നും എഴുന്നള്ളത്ത് തിരിച്ചു വന്നതിന് ശേഷമേ അത്താഴ പൂജ ഉണ്ടാകാറുള്ളൂ. കൊടിയേറ്റിന് പിറ്റേന്ന് ലാലൂർ ഭഗവതി കാരമുക്ക് ക്ഷേത്രത്തിലേക്ക് എഴുന്നള്ളാറുണ്ട്. അന്ന് ശീവേലി കഴിഞ്ഞ് വിശ്രമിച്ച് പിറ്റേന്ന് തിരിച്ചെഴുന്നള്ളും.

പനമുക്കംപിള്ളി ശാസ്താവിന് കൊടിയേറിക്കഴിഞ്ഞാൽ പൂരത്തിന്റെ അന്നു വരെ ദിവസവും നിറമാല ഉണ്ടാകാറുണ്ട്. പൂരത്തിന് ഒരു ദിവസം മുൻപ് അയ്യന്തോൾ ഭഗവതി ചെമ്പൂക്കാവിലേക്കും ചെമ്പൂക്കാവ് കാർത്യായനി അയ്യന്തോളിലേക്കും എഴുന്നള്ളാറുണ്ട്. ഇതു കൂടാതെ അയ്യന്തോൾ ഭഗവതി മറ്റു ദിവസങ്ങളിൽ അയ്യന്തോൾ കിഴക്കിനിയേടത്ത് മന, അടാട്ട് കുറൂർ മന, ചോറമ്പറ്റ മന എന്നിവിടങ്ങളിലേക്കും എഴുന്നള്ളാറുണ്ട്‌. പാറമേക്കാവിൽ നിത്യവും ദേവിക്ക് നിറമാലയും വിശേഷ പൂജയും നിവേദ്യവും നടത്താറുണ്ട്.

തെക്കേഗോപുര നട തുറക്കൽ

സാധാരണ ദിവസങ്ങളിൽ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരം തുറക്കാറില്ല. പണ്ട് കുറ്റവാളികളെ ക്ഷേത്രത്തിൽ കൊണ്ടു വന്ന് വിചാരണ ചെയ്ത് നാടു കടത്തിയിരുന്നത് അതു വഴിയായിരുന്നു. അതു കൊണ്ട് വർഷം മുഴുവൻ അതടച്ചിടാനും പിന്നീട് ശിവരാത്രിക്കും പൂരത്തിനും മാത്രം തുറക്കാനും മഹാരാജാവിന്റെ ഉത്തരവായി. പൂരത്തിന് രണ്ടു ദിവസം മുൻപാണ് തെക്കേഗോപുര നട തുറക്കാറുള്ള പതിവുണ്ടായിരുന്നത്. കോലോത്തും പൂരം നിലച്ചതോടു കൂടി പൂരത്തിൻ്റെ തലേ  ദിവസമായി ഈ ചടങ്ങ്. കോലോത്തും പൂരത്തെ പറ്റി വഴിയേ പറയാം.

നൈതലക്കാവ് ഭഗവതിക്കാണ് ഇതിനുള്ള അവകാശം. അന്ന് എഴുന്നള്ളി തൃശ്ശൂരിലെത്തുന്ന ഭഗവതി വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴി അകത്തു കടന്ന് ദേവനെ വന്ദിച്ച് തെക്കേ ഗോപുരം വഴി പുറത്തു കടക്കുന്നു. മൂന്ന് തവണ ശംഖ് മുഴക്കി വിളംബരം നടത്തി, കൊമ്പ് – കുഴൽ പറ്റുകളുടെ അകമ്പടിയോടു കൂടി ആനയെ പ്രവേശിപ്പിച്ചു തള്ളി തുറക്കുകയാണ് ചെയ്യുന്നത്. ഈ അടുത്ത വർഷങ്ങളിലായി ഈ ചടങ്ങ് കാണാൻ ദൂരദേശങ്ങളിൽ നിന്നും വരെ ആളുകൾ എത്തുന്നുണ്ട്. നൈതലക്കാവിൽ ഭഗവതി, ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ’ എന്ന ഗജവീരന്റെ മുകളിൽ എഴുന്നള്ളി തെക്കേ ഗോപുരനട തുറക്കുന്നു എന്നതിനാലാണ് അത്.

കോലോത്തും പൂരം

അന്യം നിന്നു പോയ ചടങ്ങാണ് കോലോത്തുംപൂരം. തെക്കേ ഗോപുരനട തുറക്കുന്ന അന്ന് കൊച്ചി രാജാവിന്റെ കോവിലകത്ത് (ഇന്നത്തെ തൃശ്ശൂർ പാലസ്) രാജാവിനും കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തിയിരുന്ന പൂരമാണ് കോലോത്തുംപൂരം. ഘടകക്ഷേത്രങ്ങളിൽ നിന്നെല്ലാം ഓരോ ആനയുമായി എഴുന്നള്ളി വന്നു പറയെടുത്തിരുന്നു. കൂടാതെ അന്ന് അധഃകൃത ജാതികളായി കരുതി മാറ്റി നിർത്തപ്പെട്ടിരുന്ന പുലയ, പറയ, വേട്ടുവ ജാതിക്കാർ കാഴ്ചകളും അവരുടെ കാവുകളിൽ നിന്നുമുള്ള പൂതംകളി, കാളകെട്ട് എന്നിവയുമായി അന്നത്തെ ദിവസം കൊട്ടാരത്തിൽ എത്തിയിരുന്നു. അവർക്കും പൂരം കാണാനും രാജാവിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ ലഭിക്കാനുമുള്ള അവസരം ആയിരുന്നു അത്.

രാജഭരണം അവസാനിച്ചപ്പോൾ ഈ ചടങ്ങും നിന്നു. കോലോത്തും പൂരത്തോട് ബന്ധപ്പെട്ട് ശ്രീമൂലസ്ഥാനത്ത് നമ്പൂതിരിമാരുടെ അക്ഷരശ്ലോക സദസ്സ് ഉണ്ടായിരുന്നു. അതും ഇപ്പോഴില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ്, പരേതനായ അറ്റ്‌ലസ് രാമചന്ദ്രൻ, സാഹിത്യ അക്കാദമി ഹാളിൽ വച്ച് അക്ഷരശ്ലോക സദസ്സ് പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. കോലോത്തുംപൂരത്തിന് അന്ന് നടത്തിയിരുന്ന വെടിക്കെട്ടാണ് 1947-ന് ശേഷം സാമ്പിൾ വെടിക്കെട്ടായി മാറിയത്.

സാമ്പിൾ വെടിക്കെട്ട്

പൂരത്തിന് രണ്ടു ദിവസം മുൻപ് വൈകുന്നേരം ഏഴിന് ശേഷം നടക്കുന്ന വെടിക്കെട്ടാണ് സാമ്പിൾ വെടിക്കെട്ട്. ആദ്യം വലിയൊരു ചടങ്ങ് അല്ലാതിരുന്ന ഈ വെടിക്കെട്ട് വാശിയേറിയ മത്സരമാകുന്നത് 1968-ൽ പാറമേക്കാവ് അമിട്ട് ആദ്യമായി പൊട്ടിച്ചതോട് കൂടിയായിരുന്നു. പിന്നെ അങ്ങോട്ട് ഇത് രണ്ടു വിഭാഗക്കാർക്കും വാശി തീർക്കാനുള്ള മത്സരമായി മാറി. വെടിക്കെട്ടിനെ കുറിച്ച് വിശദമായി വഴിയേ പറയാം.

പന്തലുകൾ

പൂരത്തിന്റെ ഭാഗമായ രാത്രിപൂരങ്ങൾക്ക് വേദിയൊരുക്കാനും നഗരത്തിന്റെ മോടി കൂട്ടാനുമാണ് വർണ്ണശബളമായ, ദീപാലംകൃതമായ പന്തലുകൾ ഉയരുന്നത്. മണികണ്ഠനാലിൽ പാറമേക്കാവ് ദേവസ്വവും നായ്ക്കനാൽ, നടുവിലാൽ എന്നിവിടങ്ങളിൽ തിരുവമ്പാടിയുമാണ് പന്തലുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യമാണ് പന്തൽ നിർമ്മാണം തുടങ്ങുന്നത്. പ്രസിദ്ധ നോവലിസ്റ്റും പത്രപ്രവർത്തകനും രാജ കുടുംബാംഗവുമായ രാമവർമ അപ്പൻ തമ്പുരാൻ ആണ് ഇതിന് പിറകിൽ എന്നാണ് പൊതുവേ പറഞ്ഞു വരുന്നത്. വേനൽക്കാലത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഒരു നേരമ്പോക്ക് എന്ന രീതിയിലാണ് ഇത് തുടങ്ങിയത്. ട്രില്ലീസ്, കവുങ്ങ്, കയർ, ചൂളമരം, കടലാസ്-ബോർഡ് തുടങ്ങിയവ വച്ചായിരുന്നു ആദ്യകാലത്ത് പന്തൽ നിർമ്മാണം. 1970-കളിൽ തമിഴർ പന്തലുപണിയുടെ കരാർ ഏറ്റെടുക്കാൻ തുടങ്ങിയത് മുതൽ പന്തലുകളുടെ ഉയരം കൂടാൻ തുടങ്ങി, വൈദ്യുതദീപങ്ങൾ കൊണ്ടുള്ള അലങ്കാരമായി, ഇതിലും മത്സരമായി.

ആനച്ചമയം പ്രദർശനം

പണ്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സ്വന്തമായി ആനച്ചമയങ്ങൾ ഇല്ലായിരുന്നു. തിരുവമ്പാടിക്കാർ നടുവിൽ മഠത്തിൽ നിന്നും, ചില മനകളിൽ നിന്നും കടമെടുത്തായിരുന്നു ആനകളെ ഒരുക്കിയിരുന്നത്. പാറമേക്കാവുകാർ വടക്കുംനാഥൻ ദേവസ്വത്തിൽ നിന്നും. പിന്നീട് ഇവർക്ക് സ്വന്തമായി ചമയങ്ങൾ ഉണ്ടായതിന്റെ “പവ്വറ്” കാണിക്കാൻ തുടങ്ങിയതാണ് ചമയ പ്രദർശനം. അതും രാജഭരണം അവസാനിച്ചതിന് ശേഷം തുടങ്ങിയ ഏർപ്പാടാണ്. പൂരത്തിന്റെ തലേന്ന് നെറ്റിപ്പട്ടം, കുടകൾ, വട്ടക്കയർ, ആലവട്ടം, വെഞ്ചാമരം, കോലം എന്നിവ നിറപറയും നിലവിളക്കും വച്ച്, ഭംഗിയായി അലങ്കരിച്ച് പ്രദർശിപ്പിക്കുന്നു. പകൽ പതിനൊന്ന് മണിയോട് കൂടി ആരംഭിക്കുന്ന പ്രദർശനം അർദ്ധരാത്രി വരെ നീളും. ഇരുവിഭാഗങ്ങളുടെ ആനകളെയും പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ തളച്ചിട്ടുണ്ടാകും. തിരുവമ്പാടിയുടേത് സി.എം.എസ്. സ്‌കൂളിലും, പാറമേക്കാവിന്റേത് ദേവസ്വം അഗ്രശാലയിലുമാണ് പ്രദർശിപ്പിക്കുക.

പൂര ദിവസം

പൂരദിവസത്തിലെ ചടങ്ങുകളും പരിപാടികളും എന്തെന്ന് നോക്കാം. തൃശ്ശൂർ പൂരം ആരംഭിക്കുന്നത് ഘടകക്ഷേത്രങ്ങളിൽ നിന്നുമുള്ള ചെറുപൂരങ്ങളുടെ വരവോടു കൂടിയാണ്. ഈ പൂരങ്ങളുടെ കൂടെ ആ ദേശങ്ങളിലെ ജനങ്ങളും നഗരത്തിലേക്ക് എത്തുന്നു. ചെറുപൂരങ്ങൾ ഏതൊക്കെ, എങ്ങനെ എന്നു നോക്കാം:

കണിമംഗലം ശാസ്താവ്

കണിമംഗലം ശാസ്താവിന് വെയിൽ പ്രയാസമുണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തന്നെ ഏറ്റവുമാദ്യം എഴുന്നള്ളുന്നത് കണിമംഗലം ശാസ്താവാണ്. പുലർച്ചെ നാലു മണിക്ക് കണിമംഗലം ക്ഷേത്രത്തിൽ നിന്നും അഞ്ച് ആനയും പഞ്ചവാദ്യവുമായി പുറപ്പെടുന്ന എഴുന്നള്ളത്ത് ആറരയോടെ നഗരത്തിലുള്ള കുളശ്ശേരി അമ്പലത്തിൽ എത്തുന്നു. അവിടെ വച്ച് ഇറക്കിപ്പൂജ കഴിഞ്ഞ് ഏഴരയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോകുന്നു. മണികണ്ഠനാലിൽ വച്ച് കൂടുതൽ ആനകൾ എഴുന്നള്ളത്തിൽ ചേരുന്നു. തെക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ കടന്ന് പടിഞ്ഞാറേ നടയിൽ മേളം നടത്തി, എട്ടരയോടെ കലാശം കൊട്ടി കിഴക്കേ നടയിലൂടെ പുറത്തേക്ക് വരുന്നു. തിരിച്ച് ഇറക്കി പൂജയ്ക്കായി കുളശ്ശേരി ക്ഷേത്രത്തിലേക്ക് പോകുന്നു.

പനമുക്കംപിള്ളി ശാസ്താവ്

രാവിലെ ആറു മണിക്ക് ക്ഷേത്രത്തിൽ ശ്രീഭൂതബലി കഴിഞ്ഞ് ആറരയോടെ എഴുന്നള്ളത്ത് തുടങ്ങുന്നു. ഒരാനയും പഞ്ചവാദ്യം, നാദസ്വരം എന്നിവയോട് കൂടിയും പുറപ്പെടുന്ന എഴുന്നള്ളത്ത് കിഴക്കുംപാട്ടുകരെ എത്തുമ്പോൾ രണ്ടാന കൂടി ചേരുന്നു. കിഴക്കേ ഗോപുരം വഴി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കടന്ന് പടിഞ്ഞാറേ ഗോപുരത്തിന് അരികത്തുള്ള ഇലഞ്ഞിച്ചുവട്ടിൽ ഒൻപത് മണിയോട് കൂടി മേളം കലാശിച്ച് പുറത്തേക്ക് കടന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചു പോകുന്നു.

ചെമ്പൂക്കാവ് ഭഗവതി

രാവിലെ ഏഴര മണിക്ക് മൂന്ന് ആനയും പഞ്ചവാദ്യവുമായി ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന എഴുന്നള്ളത്ത്, എട്ടുമണിയോടെ കിഴക്കേ ഗോപുരം വഴി അകത്തു കടന്ന് പഞ്ചവാദ്യം അവസാനിപ്പിക്കുന്നു. ചെറിയ മേളത്തോടെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങി ഗോപുരത്തിന് അഭിമുഖമായി നിന്ന് ഒൻപത് മണിയോടു കൂടി പാണ്ടി കൊട്ടി കലാശിച്ച് തിടമ്പേറ്റിയ ആന ക്ഷേത്രത്തിലേക്ക് മടങ്ങുന്നു.

കാരമുക്ക് ഭഗവതി

ശ്രീഭൂതബലിക്ക് ശേഷം പുലർച്ചെ അഞ്ചു മണിയോടെ എഴുന്നള്ളത്ത് പുറപ്പെടുന്നു. ഒരാന, നടപ്പാണ്ടി മേളം, നാദസ്വരം എന്നിവയോട് കൂടിയുള്ള എഴുന്നള്ളത്ത് കടന്നു വരുന്ന വഴികളിലെ വീടുകളിൽ നിലവിളക്കും ചിരാതും കത്തിച്ച് ഭഗവതിയെ സ്വീകരിക്കുന്നു. കുട്ടികൾ പടക്കം പൊട്ടിച്ചും മത്താപ്പ്, പൂത്തിരി എന്നിവ കത്തിച്ചും എഴുന്നള്ളത്ത് വരുന്നത് ആഘോഷിക്കുന്നു. ഏഴരയോടെ കുളശ്ശേരി ക്ഷേത്രത്തിൽ ഇറക്കിപൂജയ്ക്ക് എത്തുന്ന എഴുന്നള്ളത്തിൽ പൂജയ്ക്ക് ശേഷം രണ്ടാന കൂടി ചേരുന്നു. തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മണികണ്ഠനാലിൽ എത്തുന്നതോടെ ആറ് ആന കൂടി ചേരുന്നു. അതിന് ശേഷം പഞ്ചവാദ്യം അവസാനിപ്പിക്കുകയും മണികണ്ഠനാലിലെ പന്തലിൽ വച്ച് പാണ്ടിമേളം തുടങ്ങുകയും ചെയ്യുന്നു. എട്ടരമണിയോട് കൂടി ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് ഭഗവതിയെ ഏറ്റിയ ആന കുളശ്ശേരി അമ്പലത്തിലേക്ക് തിരിച്ചു പോകുന്നു.

ലാലൂർ ഭഗവതി

രാവിലെ ആറര മണിയോടെ ലാലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും മൂന്നാനയുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് തുടങ്ങുന്നു. പടിഞ്ഞാറെക്കോട്ടയിൽ എത്തുമ്പോൾ രണ്ടാനയും, എം. ജി.റോഡിൽ നടുവിൽ മഠത്തിലേക്ക് തിരിയുന്നയിടത്തു വച്ച് രണ്ടാനയും കൂടി ചേർന്ന്, ഏഴാനയും പഞ്ചവാദ്യവുമായി ഒൻപത് മണിയോടു കൂടി ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളുന്നു. വഴിയിൽ നടുവിലാൽ പന്തലിൽ വച്ച് പഞ്ചവാദ്യം കലാശിച്ച് പാണ്ടിമേളം തുടങ്ങുന്നു. പത്തു മണിയോടെ ശ്രീമൂലസ്ഥാനത്ത് വച്ചു തന്നെ മേളം അവസാനിപ്പിച്ച്, തിടമ്പേറ്റിയ ആന മാത്രം പടിഞ്ഞാറേ ഗോപുരം വഴി അകത്തു കടന്ന് ക്ഷേത്രം വലം വച്ച്, തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങി തിരികെ ലാലൂർ ക്ഷേത്രത്തിലേക്ക് പോകുന്നു.

ചൂരക്കോട്ടുകാവ് ഭഗവതി

അഞ്ചാനയുമായി ഏഴു മണിയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന എഴുന്നള്ളത്തിന്റെ കൂടെ തട്ടകത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാളെങ്കിലും കാണും എന്നാണ് പറയപ്പെടുന്നത്. ഒൻപത് മണിയോടെ നടുവിലാൽ പന്തലിലെത്തുന്ന എഴുന്നള്ളത്ത് പതിനാല് ആനയും നൂറോളം വാദ്യക്കാർ പങ്കെടുക്കുന്ന മേളവുമായി ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങുന്നു. പതിനൊന്നു മണിയോടു കൂടി മേളം കലാശിച്ച് തിടമ്പേറ്റിയ ആന മാത്രം പടിഞ്ഞാറേ ഗോപുരം വഴി അകത്തു കയറി വലം വച്ച്, തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങി, പാറമേക്കാവിലേക്ക് എഴുന്നള്ളി കോലം അവിടെ ഇറക്കി വയ്ക്കുന്നു.

നൈതലക്കാവ് ഭഗവതി

പൂരവിളമ്പരം നടത്താനുള്ള അവകാശമുള്ള നൈതലക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ ഏഴു മണിയോടെ പതിവു പൂജകൾ കഴിഞ്ഞ് ആറാട്ട് നടത്തി മൂന്നാനയും നടപ്പാണ്ടിയുമായി തുടങ്ങുന്ന എഴുന്നള്ളത്ത്, വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി, പത്തു മണിയോട് കൂടി  നായ്ക്കനാൽ പന്തലിലെത്തി അവിടെ നിന്നും നടന്ന് പാണ്ടിമേളവും പതിനാല് ആനയുമായി ശ്രീമൂലസ്ഥാനത്ത് പന്ത്രണ്ട് മണിയോട് കൂടി കലാശിക്കുന്നു. തുടർന്ന് തിടമ്പേറ്റിയ ആന മാത്രം പടിഞ്ഞാറേ ഗോപുരം വഴി അകത്തു കടന്ന് വളം വെച്ച് തെക്കേ ഗോപുരം വഴി ഇറങ്ങി കോലമിറക്കി വയ്ക്കാനായി ക്ഷേത്രത്തിലേക്ക് തിരിച്ചു പോകുന്നു. 

അയ്യന്തോൾ ഭഗവതി

ഏറ്റവും വിപുലമായ ചടങ്ങുള്ള ചെറുപൂരമാണ് അയ്യന്തോൾ ഭഗവതിയുടേത്. പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രക്കുളത്തിൽ ഭഗവതിക്ക് ആറാട്ട് നടത്തി അഞ്ചര മണിയോടെ പാണ്ടി കൊട്ടി, മൂന്നാനയുടെ അകമ്പടിയോട് കൂടി മേളം തുടങ്ങുന്നു. ഏഴു മണിയോടെ പൂരത്തിന് എഴുന്നള്ളുന്നു. എട്ടു മണിക്ക് നാദസ്വരത്തിന്റെ അകമ്പടിയോടെ നടുവിൽ മഠത്തിന് സമീപം എത്തുന്ന എഴുന്നള്ളത്തിൽ രണ്ടാന കൂടി ചേരുന്നു. തുടർന്ന് പഞ്ചവാദ്യം തുടങ്ങി നടുവിലാൽ പന്തലിലേക്ക് എഴുന്നള്ളുന്നു. പത്തു മണിയോടെ പഞ്ചവാദ്യം കലാശിച്ച് പാണ്ടിമേളം തുടങ്ങുന്നു, ഏഴാന കൂടി ചേർന്ന് മൊത്തം പന്ത്രണ്ട് ആനയാകുന്നു. ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി പന്ത്രണ്ട് മണിയോടു കൂടി കൊട്ടി കലാശിച്ച് കോലം വച്ച ആന മാത്രം പടിഞ്ഞാറേ ഗോപുരം വഴി കയറി പ്രദക്ഷിണം വച്ച്, അതിലേ തന്നെ ഇറങ്ങി, കോലം ഇറക്കി വയ്ക്കാനായി പഴയ നടക്കാവ് കാർത്യായനി ക്ഷേത്രത്തിലേക്ക് പോകുന്നു.

തിരുവമ്പാടിയുടെ എഴുന്നള്ളത്ത്

രാവിലെ മൂന്ന് മണിക്ക് നട തുറന്ന ശേഷം നാല് മണിക്ക് ദേവിയുടെ ആറാട്ട് നടത്തുന്നു. കാലത്ത് എഴുമണിക്കുള്ളിൽ ഉച്ച പൂജ, ശീവേലി എന്നിവ കഴിഞ്ഞിരിക്കും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും ചടങ്ങുകൾ ഒന്നിച്ചാണ് കഴിക്കുന്നത്. ഏഴരയോടെ മൂന്നാനയും നടപ്പാണ്ടിയുമായി ആരംഭിക്കുന്ന എഴുന്നള്ളത്ത്, വഴി നീളെ പറയെടുത്ത് നായ്ക്കനാൽ വഴി പത്തു മണിക്ക് നടുവിൽ മഠത്തിൽ എത്തുന്നു. കോലം ഇറക്കി പൂജ നടത്തി പുതിയ മാല ചാർത്തി അലങ്കാരം കഴിച്ച് തിടമ്പ് ചേർത്തു വച്ച് പാണികൊട്ടി കോലം പുറത്തേക്കെടുക്കുന്നു.

മഠത്തിൽ വരവ്

മഠത്തിൽ വരവിന്റെ ചരിത്രം ഒന്ന് നോക്കാം. പണ്ട് തിരുവമ്പാടി ക്ഷേത്രത്തിന്റെ ധനസ്ഥിതി അത്ര നന്നായിരുന്നില്ല. സ്വന്തമായി ചമയങ്ങളും ഇല്ല. അന്ന് നടുവിൽ മഠത്തിൽ സ്വർണ്ണം കൊണ്ടുള്ള അഞ്ച് നെറ്റിപ്പട്ടം ഉണ്ടായിരുന്നു. തിരുവമ്പാടിക്കാർ പൂരത്തിന് ആ ചമയങ്ങൾ കടം തരുമോ എന്ന് മഠത്തിലെ സ്വാമിയാരോട് ചോദിച്ചു. ചമയങ്ങൾ കൊടുത്താൽ തിരിച്ചു കിട്ടുമോ എന്ന് സ്വാമിയാർക്കൊരു ശങ്ക ഉണ്ടാവുകയും അതൊഴിവാക്കാൻ അദ്ദേഹമൊരു മാർഗ്ഗം നിശ്ചയിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ നിന്ന് മഠത്തിലേക്ക് വന്നിട്ട് അവിടെ നിന്നും ചമയങ്ങൾ അണിഞ്ഞ് പൂരത്തിന് പോകട്ടെ. മഠത്തിൽ ഇറക്കി പൂജിക്കുകയും ചെയ്യാം, മഠത്തിന്റെ മുൻപിൽ ചെറിയൊരു മേളം നടത്തിയാൽ മഠത്തിലുള്ളവർക്ക് പൂരം കാണുകയും ചെയ്യാം. അങ്ങനെ തുടങ്ങിയ ഈ ചടങ്ങ് പിൽക്കാലത്ത് തിരുവമ്പാടിക്ക് സ്വന്തം ചമയങ്ങളൊക്കെ ആയപ്പോഴും ഒരാനുഷ്ഠാനം എന്ന രീതിയിൽ തുടർന്നു വരുന്നു.

പൂജ കഴിഞ്ഞ് മഠത്തിന് പുറത്തേക്ക് എടുക്കുന്ന കോലം മഠത്തിന് മുൻപിൽ തീർത്ത പന്തലിൽ വച്ച് ആനപ്പുറത്ത് കയറ്റുമ്പോൾ മൂന്ന് തവണ ശംഖു വിളിച്ച് ഒരു കതിന പൊട്ടിച്ച് പഞ്ചവാദ്യം തുടങ്ങുമ്പോൾ പതിനൊന്നര മണിയാകും. പതിനേഴ് വീതം തിമിലയും കൊമ്പും ഇലത്താളവും, പത്ത് മദ്ദളം, മൂന്ന് ഇടയ്ക്ക എന്നിവയോട് കൂടി എഴുന്നള്ളത്ത് പതുക്കെ നീങ്ങി പന്ത്രണ്ടരയോട് കൂടി നടുവിലാലിൽ എത്തുമ്പോഴേക്കും നാലാന കൂടി ചേരുന്നു. നടുവിലാൽ പന്തലിൽ നാദസ്വരമേളം നടക്കുന്നു. തുടർന്ന് നായ്ക്കനാലിലേക്ക് എത്തുന്ന എഴുന്നള്ളത്തിൽ എട്ടാന കൂടി ചേർന്ന് പതിനഞ്ചാനയായി, നേരെ തേക്കിൻകാട്ടിലേക്ക് കയറുന്നു. നടുവിലാൽ പന്തലിൽ പഞ്ചവാദ്യക്കാർ മൂന്ന് മണി വരെ മേളം തുടരുമ്പോൾ, ചെമ്പടയുടെ അകമ്പടിയോട് കൂടിയാണ് തിരുവമ്പാടി എഴുന്നള്ളത്ത് തേക്കിൻകാട്ടിലേക്ക് കയറുക. അര മണിക്കൂറോളം ചെമ്പട കൊട്ടി പാണ്ടിയിലേക്ക് മാറുന്ന മേളം, എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്ത് എത്തി കൊട്ടിക്കയറി കലാശിക്കുന്നു. ഇതേ സമയം മറ്റൊരു വശത്ത് പാറമേക്കാവിന്റെ എഴുന്നള്ളത്ത് നടക്കുന്നു.

പാറമേക്കാവ് എഴുന്നള്ളത്ത്

രാവിലെ സാധാരണ ക്ഷേത്ര ചടങ്ങുകളോട് കൂടി തുടങ്ങുന്ന പൂരം ഉച്ചയ്ക്കാണ് ചൂട് പിടിക്കുന്നത്. ഒരു മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് പുറത്ത്, ദേവിയുടെ തിടമ്പേറ്റിയ ആനയുൾപ്പെടെ പതിനഞ്ചാനയും ചെമ്പടയുമായി പൂരം തുടങ്ങുന്നു. പണ്ട് ഈ നടയ്ക്കൽ ഒരു പാലമരം നിന്നിരുന്നു അതു കൊണ്ട് ഇതിനെ “പാലച്ചോട്ടിൽ മേളം” എന്നാണ് പറഞ്ഞു വരുന്നത്. അര മണിക്കൂർ ചെമ്പട കൊട്ടിയ ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തേക്കിൻകാട്ടിലേക്ക് കയറി, രണ്ടു മണിയോടെ കിഴക്കേ ഗോപുരം വഴി വടക്കുംനാഥക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു. എഴുന്നള്ളത്ത് പടിഞ്ഞാറേ ഗോപുരത്തിനടുത്തുള്ള ഇലഞ്ഞിക്ക് സമീപമെത്തുന്നു. ഇതേ സമയം തിരുവമ്പാടിയുടെ എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കയറുന്നു.

ഇലഞ്ഞിത്തറ മേളം

പാറമേക്കാവ് ക്ഷേത്രത്തിന്റെ ഇതിഹാസവുമായി ബന്ധപ്പെട്ടതാണ് വിശ്വപ്രസിദ്ധമായ ഈ മേളം. മുൻപ് സൂചിപിച്ചിട്ടുള്ള അപ്പാട്ട് കുറുപ്പാൾ കുടുംബത്തിൽ കാലങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു കാരണവർ തിരുമാന്ധാംകുന്നിലമ്മയുടെ ഉപാസകനായിരുന്നു. ഒരിക്കൽ തൊഴാൻ പോയപ്പോൾ, പ്രായാധിക്യം മൂലം തനിക്ക് ഇനിയങ്ങോട്ട് വരാൻ പറ്റില്ലെന്നും പൊറുക്കണമെന്നും പ്രാർത്ഥിച്ചു. തിരികെ വരുന്ന വഴി വടക്കുംനാഥൻ ക്ഷേത്രത്തിൽ കയറിയ കാരണവർ വിശ്രമിക്കാനായി തന്റെ ഓലക്കുട പടിഞ്ഞാറേ ഗോപുരത്തിങ്കലുള്ള ഇലഞ്ഞിമരച്ചോട്ടിൽ വച്ചു. പിന്നെ എടുക്കാൻ നോക്കിയപ്പോൾ കുട ഉറച്ചു പോയതായി കാണുകയും, പ്രശ്‌നത്തിൽ അവിടെ തിരുമാന്ധാംകുന്നിൽ ദേവിയുടെ ചൈതന്യമുണ്ടെന്ന് മനസ്സിലാവുകയും അവിടെയും കാരണവരുടെ കുടുംബ കളരിയിലും പ്രതിഷ്ഠ നടത്തുകയും ചെയ്തു.

കാലാന്തരേ വടക്കുംനാഥ ക്ഷേത്രം വിപുലീകരിച്ചപ്പോൾ ഭഗവതിയെ കിഴക്കു വശത്തുള്ള പാറോമര(പാമരം)ത്തിന്റെ ചുവട്ടിൽ പ്രതിഷ്ഠിക്കുകയും അങ്ങനെയാണ് പാറോമരക്കാവ് ഉണ്ടായതും കാലക്രമേണ ലോപിച്ച് പാറമേക്കാവ് ആയതും. ഇലഞ്ഞിത്തറയാണ് ഭഗവതിയുടെ മൂലസ്ഥാനം. പൂരദിവസം ഇലഞ്ഞിത്തറ മേളത്തിലൂടെ ഭഗവതി മൂലസ്ഥാനം സന്ദർശിക്കാൻ വരുന്നു എന്നതാണ് സങ്കൽപ്പം.

ഉച്ചയ്ക്ക് രണ്ടേ കാലോട് കൂടി തുടങ്ങുന്ന ഇലഞ്ഞിത്തറ മേളത്തിന് പതിനഞ്ച് ഉരുട്ടു ചെണ്ട, എഴുപത്തഞ്ച് വീക്കു ചെണ്ട, ഇരുപത്തൊമ്പത് കൊമ്പ്, പതിനേഴ് കുഴൽ, അൻപത് ഇലത്താളം എന്നിവയിൽ കുറയാതെ വേണമെന്നായിരുന്നു വ്യവസ്ഥ. ഇന്നിപ്പോൾ എല്ലാം കൂടി മുന്നൂറിൽ പരം വാദ്യക്കാർ പങ്കെടുക്കുന്ന ഒരു പരിപാടിയായി മാറിയിട്ടുണ്ട്. മേളപ്രമാണി ഉരുട്ടു ചെണ്ടക്കാരുടെ നടുക്കാണ് നിൽക്കുക. ചെമ്പട, ഒലമ്പൽ എന്നിവ കഴിഞ്ഞുള്ള പാണ്ടിമേളത്തിന്റെ ഭാഗങ്ങളാണ് ഇവിടെ കൊട്ടി തീർക്കുന്നത്. മേളം തുടങ്ങി ക്രമത്തിൽ കൊട്ടിക്കയറി എല്ലാ കാലങ്ങളും മുഴുവനായി കൊട്ടി തീർന്നു കലാശിക്കും. അതിഗംഭീര തിരക്ക് അനുഭവപ്പെടുന്ന ഇലഞ്ഞിത്തറ മേളം വൈകുന്നേരം നാലരയോട് കൂടി കൊട്ടി തീരുന്നു.

തെക്കോട്ടിറക്കം

പണ്ട് ആറാട്ടുപുഴ പൂരത്തിന് പോയ ഓർമ്മ പുതുക്കാനാണ് തെക്കേ ഗോപുരം തുറന്ന് പുറത്തേക്ക് വരുന്നതെന്നും, അതല്ല, പാറമേക്കാവുകാർ പൂരം കഴിഞ്ഞ് നായരങ്ങാടിയിൽ പറയെടുക്കാനും തിരുവമ്പാടിക്കാർ മഠത്തിലേക്കും തിരിച്ചു പോകുന്നതാണെന്നും പറച്ചിലുണ്ട്. ഏതായാലും ഇപ്പോഴുള്ള രൂപത്തിലായിട്ട് ഏതാണ്ട് 80 വർഷമേ ആയിട്ടുള്ളൂ.

ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് അഞ്ച് മണിയോടെ പാറമേക്കാവിന്റെ ആനകളും വാദ്യക്കാരും തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങുന്നു. അവർക്ക് പിന്നാലെ ശ്രീമൂലസ്ഥാനത്ത് നിൽക്കുന്ന തിരുവമ്പാടിക്കാർ പടിഞ്ഞാറേ ഗോപുരം വഴി കയറി തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങുന്നു. കൂടെ പൂരം കാണാൻ വന്നവരും ആർപ്പു വിളിച്ച് തെക്കേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങുന്നു. പാറമേക്കാവ് വിഭാഗം തെക്കോട്ടിറങ്ങി സ്വരാജ് റൗണ്ടിൽ എത്തുമ്പോൾ തിടമ്പേറ്റിയ ആനയുൾപ്പെടെ ഏഴാന മാത്രം കുഴൽ പറ്റിന്റെയും കൊമ്പ് പറ്റിന്റെയും അകമ്പടിയോട് കൂടി പിന്നെയും താഴേക്കിറങ്ങി കോർപ്പറേഷൻ ഓഫീസിന് മുന്നിലെ മഹാരാജാവിന്റെ പ്രതിമയെ വന്ദിക്കുന്നു. തിരിച്ചു വന്ന് ബാക്കി എട്ടാനയോടൊപ്പം ചേർന്ന് റൗണ്ടിനരികിൽ തെക്കേ ഗോപുരത്തിന് അഭിമുഖമായി നിലയുറപ്പിക്കുന്നു. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിങ്കൽ പാറമേക്കാവുകാർക്ക് അഭിമുഖമായും നിൽക്കുന്നു.

കുടമാറ്റം

1950-ലാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യമായി തിരുവമ്പാടിക്കാർ ആണ് ഒരു സെറ്റ് പച്ചക്കുടകൾ മാറിയത്. പെട്ടെന്ന് അത്ഭുതം തോന്നിയ പാറമേക്കാവുകാർ കാണികളുടെ ഇടയിൽ നിന്നും ഓലക്കുടകൾ വാങ്ങി മാറ്റി ക്ഷീണം തീർത്തു. 1954-ൽ തിരുവമ്പാടിക്കാർ കുട മാറ്റിയപ്പോൾ പാറമേക്കാവുകാർ എല്ലാ കൂട്ടാനകളുടെ പുറത്തും കോലം കയറ്റി. ശേഷം വീണ്ടും തിരുവമ്പാടി കുട മാറ്റിയപ്പോൾ പതിനാല് പച്ച കുടകളുടെ നടുവിൽ ചുവപ്പു കുടയുയർത്തി പാറമേക്കാവ് ഇന്നത്തെ രീതിയിലുള്ള കുടമാറ്റത്തിന്റെ ക്രമത്തിന് തുടക്കം കുറിച്ചു. പരമ രഹസ്യമായി കുടകൾ തയ്യാറാക്കുന്ന പരിപാടി അതിന് ശേഷമാണ് തുടങ്ങിയത്. മത്സരം കനത്തപ്പോൾ മദ്രാസിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വരെ തുണികളും തൊങ്ങലുകളും ഇറക്കി കുടകൾ ഉണ്ടാക്കി, പരസ്പരം ചാരന്മാരെ ഇറക്കി രഹസ്യങ്ങൾ പൊളിച്ചു. 2000ന് ശേഷമാണ് കോലം കയറ്റിയ കുടകൾ, തട്ടു കുടകൾ, വൈദ്യുത ദീപങ്ങൾ വച്ച കുടകൾ, വ്യത്യസ്തമായ ആലവട്ടം, വെഞ്ചാമരം എന്നിവയൊക്കെ വരാൻ തുടങ്ങിയത്. ആദ്യമൊക്കെ വെറും പത്ത് സെറ്റ് മാറ്റിയിരുന്നത് ഇപ്പോൾ മുപ്പതു വരെ ആയിട്ടുണ്ട്.

തെക്കോട്ടിറക്കം കഴിഞ്ഞ് അണിനിരന്നയുടൻ നടുവിൽ പച്ചയും ബാക്കി ചുവപ്പുമായിരിക്കും രണ്ടു വശത്തെയും കുടകൾ. കുട ആദ്യം മാറുന്നത് തിരുവമ്പാടിക്കാരാണ്. പിന്നെ പാറമേക്കാവുകാരും. അങ്ങിനെ മാറി മാറി കുടകൾ മാറുന്നതോടെ മേളവും ആരവവും കനക്കും. ഏഴ്-ഏഴരയോടെ കുടമാറ്റം അവസാനിച്ച് ആദ്യത്തെ സെറ്റ് കുടകൾ വീണ്ടും കയറ്റുന്നു. കുടമാറ്റം കഴിഞ്ഞ് പാറമേക്കാവ് വിഭാഗം ഏഴാനയും മേളവുമായി പാറമേക്കാവ് ക്ഷേത്രത്തിലേക്ക് തിരിച്ചു പോകുന്നു. ക്ഷേത്രത്തിലെത്തി ഭഗവതിയുടെ കോലമിറക്കി വയ്ക്കുന്നു. തിരുവമ്പാടി വിഭാഗം പിന്നെയും തെക്കോട്ടിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് മണികണ്ഠനാലിലേക്ക് പോകുന്നു. മണികണ്ഠനാൽ പന്തലിൽ മേളം കലാശിച്ച് തിടമ്പേറ്റിയ ആനയൊഴികെ മറ്റെല്ലാം ഒഴിയുന്നു. തുടർന്ന് നാദസ്വരത്തിന്റെ അകമ്പടിയോട് കൂടി മഠത്തിലേക്ക് പോകുന്നു. പോകുന്ന വഴി കർപ്പൂരാരാധനയുണ്ട്. മഠത്തിൽ കോലമിറക്കി വച്ച് ഇറക്കിപ്പൂജ കഴിയുന്നു. രണ്ടു വിഭാഗവും കോലം ഇറക്കിയതിന്റെ അറിയിപ്പിനായി വെടിക്കെട്ടു പറമ്പിൽ കതിന പൊട്ടിക്കുന്നു.

രാത്രിപൂരം

രാത്രി എട്ടുമണി മുതൽ പകൽ പൂരത്തിന്റെ അതേ ക്രമത്തിൽ നടക്കുന്നു. ഓരോ ഘടകക്ഷേത്രങ്ങളും പന്ത്രണ്ടരയോടെ എഴുന്നള്ളത്ത് അവസാനിപ്പിക്കുന്നു. ചെമ്പൂക്കാവ് ഭഗവതി മാത്രം വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പ്രവേശിക്കുന്നു. രാത്രി പൂരങ്ങൾക്ക് ആനയും മേളവും കുറവായിരിക്കും. പാറമേക്കാവിൽ രാത്രി പതിനൊന്നു മണിക്ക് പാലച്ചോട്ടിൽ ഏഴാനയും പഞ്ചവാദ്യവുമായി പൂരം ആരംഭിക്കുന്നു. എഴുന്നള്ളത്ത് പതിയെ റൗണ്ടിലൂടെ നടന്ന് മണികണ്ഠനാൽ പന്തലിൽ രാത്രി രണ്ടു മണിയോടെ മേളം കലാശിക്കുന്നു. കോലം കെട്ടിയ ആന മാത്രം പന്തലിൽ നിൽക്കുന്നു. തിരുവമ്പാടി വിഭാഗം രാത്രി പതിനൊന്നിന് മൂന്നാനയും പഞ്ചവാദ്യവുമായി മഠത്തിൽ നിന്നെഴുന്നള്ളി നടുവിലാലിൽ വച്ച് ഏഴാനയാകുന്നു. തുടർന്ന് നായ്ക്കനാലിൽ എത്തി രണ്ടരയോടെ മേളം കലാശിക്കുന്നു. കോലം കെട്ടിയ ആന മാത്രം പന്തലിൽ നിൽക്കുന്നു.

വെടിക്കെട്ട്

1850കളിലാണ് വിപുലമായ വെടിക്കെട്ട് തുടങ്ങുന്നത്. ആദ്യമൊക്കെ കുഴിമിന്നി, മത്താപ്പ്, ഓലപ്പടക്കം എന്നിവയായിരുന്നു പ്രധാനം. പിന്നെയാണ് മിന്നലുകളും ചൈനാവാണങ്ങളും വന്നു തുടങ്ങിയത്. 1953-ൽ കേന്ദ്ര സർക്കാർ ശബ്ദ നിയന്ത്രണം കൊണ്ടു വന്നതിന് ശേഷമാണ് കൂടുതൽ വെളിച്ചവും ശബ്ദം കുറവുമുള്ള വെടിക്കെട്ട് വേണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയത്. 1978-ലെ അപകടവും പിന്നീട് നടന്ന പല അപകടങ്ങളും ഇതിന് കാരണമായി. 1964-ൽ രണ്ടു ദേവസ്വങ്ങളും ചേർന്ന് ഒന്നിടവിട്ട വർഷങ്ങളിൽ ഒരു വിഭാഗം വേണം വെടിക്കെട്ട് തുടങ്ങി വയ്ക്കാൻ എന്ന് ധാരണയായി. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങുന്ന വെടിക്കെട്ട് അമിട്ട് പൊട്ടിച്ചാണ് ആരംഭിക്കുക. എന്നിട്ട് ഓലപ്പടക്കത്തിന് തീ കൊളുത്തുന്നു. തീ കത്തി വന്ന് അവസാനം ഗുണ്ടുകൾ മാത്രമുള്ള ഭാഗം പൊട്ടുന്നതിനെ “കൂട്ടപ്പൊരിച്ചിൽ” എന്നു പറയുന്നു. അതിന് ശേഷമാണ് പല നിലയിൽ പൊട്ടുന്ന വർണ്ണ അമിട്ടുകളും മിന്നലുകളും പൊട്ടിക്കുക. താരതമ്യേന പുതിയൊരു സാധനമാണ് പൊട്ടി കഴിഞ്ഞ് പാരഷ്യൂട്ട് മാതൃകയിലുള്ള കുടകൾ വിരിയുന്നത്. ഏതാണ്ട് ഒന്ന്-ഒന്നര മണിക്കൂർ വെടിക്കെട്ട് കഴിയുമ്പോഴേക്കും പകൽ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കാണും.

പകൽപ്പൂരം

വെടിക്കെട്ട് കഴിഞ്ഞയുടൻ അവരവരുടെ പന്തലുകളിൽ കോലം വഹിച്ചു നിൽക്കുന്ന രണ്ടു വിഭാഗത്തിലും പെട്ട ആനകളുടെ പുറത്തു നിന്നും കോലം വേറെ ആനകളുടെ പുറത്തേക്ക് മാറ്റുന്നു. ഓരോ ഭാഗത്തു നിന്നും പതിനഞ്ച് ആന വീതമായി ചെമ്പട കൊട്ടി, എട്ടു മണിയോടു കൂടി എഴുന്നള്ളത്ത് തുടങ്ങുന്നു. ചെമ്പട കൊട്ടി പാണ്ടിമേളം തുടങ്ങുമ്പോഴേക്കും നീങ്ങി തുടങ്ങുന്ന എഴുന്നള്ളത്തുകൾ ശ്രീമൂലസ്ഥാനത്തേക്ക് പത്തുമണിയോടെ എത്തി മേളം മുറുകുന്നു. പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന ഇരുവിഭാഗങ്ങളും മേളം മുറുക്കി ചെറിയ തോതിൽ നാലോ അഞ്ചോ സെറ്റ് കുടകളുടെ കുടമാറ്റവും കഴിച്ച് പതിനൊന്നേ കാലോട് കൂടി പാറമേക്കാവും പതിനൊന്നരയോട് കൂടി തിരുവമ്പാടിക്കാരും മേളം കലാശിക്കുന്നു. പകൽപ്പൂരം അറിയപ്പെടുന്നത് തൃശ്ശൂർക്കാരുടെയും സ്ത്രീകളുടെയും പൂരം എന്നാണ്. പണ്ട് സ്ത്രീകൾ പ്രധാന പൂരത്തിന് വരുന്ന പതിവുണ്ടായിരുന്നില്ല. അതേ പോലെ പുറംനാട്ടുകാർ ഏറെ വരുന്നതു കൊണ്ട് നഗരത്തിൽ ഉള്ളവരും വരാറില്ലായിരുന്നു.

ഉപചാരം ചൊല്ലിപ്പിരിയൽ

മേളം കഴിഞ്ഞ ശേഷം പാറമേക്കാവിന്റെ തിടമ്പേറ്റിയ ആനയും കുറച്ച് വാദ്യക്കാരും മാത്രം പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തു കടന്ന് വലം വച്ച് തിരിച്ചു വന്ന് നടുവിലാൽ വരെ പോയി തിരികെ ശ്രീമൂലസ്ഥാനത്തേക്ക് വരുന്നു. ഇരുവിഭാഗത്തിന്റെയും തിടമ്പേറ്റിയ ആനകൾ ശ്രീമൂലസ്ഥാനത്ത് അല്പനേരം അഭിമുഖമായി നിന്ന് പരസ്പരം വണങ്ങി “അടുത്ത പൂരത്തിന് കാണാം” എന്ന് ഉപചാരം ചൊല്ലി ഭഗവതിമാർ പിരിയുന്നു. പൂരം അവസാനിച്ചത് അറിയിച്ചു കൊണ്ട് കതിനകൾ പൊട്ടിക്കുന്നു. ജനങ്ങളും നടത്തിപ്പുകാരും പൂരക്കഞ്ഞി കുടിക്കാൻ വിളമ്പുശാലകളിലേക്ക് പോകുന്നു.

കൊടിയിറക്കൽ

ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം തിരുവമ്പാടി വിഭാഗം നടപ്പാണ്ടി മേളത്തോടെ തിരുവമ്പാടി ക്ഷേത്രത്തിലെത്തി, ആന ഒന്ന് വലം വച്ചു വന്നതിനു ശേഷം കോലമിറക്കി തിടമ്പ് ശ്രീകോവിലിൽ പൂജിച്ചു വയ്ക്കുന്നു. മൂന്നു മണിക്ക് പറയെടുക്കാൻ പുറപ്പെട്ട് അഞ്ചു മണിയോടെ ബ്രഹ്മസ്വം മഠത്തിലെത്തി കോലമിറക്കി ആറാട്ട് കഴിച്ച് ക്ഷേത്രത്തിലേക്ക് തിരിച്ചു വരുന്നു. അത്താഴപൂജയ്ക്ക് ആറാട്ട് കലശമാടി, ഉത്രം വിളക്കിന് ശേഷം പതിവു ശീവേലി നടത്തി ഭഗവതിയെ ഒരു പ്രദക്ഷിണമായി എഴുന്നള്ളിച്ച്, കോലമിറക്കുന്നു. കോലം വച്ച ആനയെ കൊണ്ട് കൊടിമരം തള്ളി വീഴ്ത്തി, തട്ടകക്കാർ ചേർന്ന് പിഴുതു കളയുന്നു.

പാറമേക്കാവ് ക്ഷേത്രത്തിൽ പൂരം കഴിഞ്ഞ് എത്തുന്ന ആനയുടെ മുകളിൽ നിന്ന് കോലമിറക്കിയ ശേഷം നടയടയ്ക്കുന്നു. ഉച്ച തിരിഞ്ഞ് പറയെടുപ്പിന് പോയി സന്ധ്യയോടെ മഠത്തിലെത്തി ആറാട്ട് കഴിക്കുന്നു. തിരിച്ച് ക്ഷേത്രത്തിലെത്തി ഏഴു പ്രദക്ഷിണം വച്ച് കോലമിറക്കി ആന കൊടിമരം തള്ളുന്നു, നാട്ടുകാർ ചേർന്ന് പിഴുതു കളയുന്നു.

ഇതോടെ പൂരം അവസാനിച്ചു.

തൃശ്ശൂർ പൂരം ഒരു നാടിനെ തന്നെ എട്ട് ദിവസം ആഹ്ലാദത്തിമിർപ്പിലും ഉത്സാഹത്തിലും നിർത്തുന്ന ഒരു മഹോത്സവമാണ്. ഉത്സവം, കൂട്ടായ്മ എന്നതിനുപരി ഒരുപാട് പേരുടെ തൊഴിലാണ്, ജീവിതമാണ്. ആനയുടമകൾ, ആനക്കാർ, വാദ്യക്കാർ, ശാന്തിക്കാർ, പാചകക്കാർ, പന്തൽ പണിക്കാർ, ഇലക്ട്രീഷ്യന്മാർ, വെടിക്കെട്ടുകാർ, ആനച്ചമയം ഉണ്ടാക്കുന്നവർ, പൂരം പ്രദർശനത്തിന് വരുന്ന കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, നഗരത്തിലെ സ്ഥിരം വ്യാപാരികൾ, കൈനോട്ടക്കാർ, നാടോടി സർക്കസുകാർ, ഭക്ഷണശാലകളും മദ്യശാലകളും നടത്തുന്നവർ, യാചകർ, ലൈംഗിക തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പിടിപ്പത് പണിയുള്ള കാലമാണ് പൂരക്കാലം.

നിലയ്ക്കാത്ത മഴ മൂലം പൂരം ചടങ്ങു മാത്രമായ 1930, ലോകമഹായുദ്ധം കാരണം ഓരോ ആനയെ മാത്രം വച്ചു കൊണ്ട് ചടങ്ങുകൾ കുറയ്ക്കേണ്ടി വന്ന 1943, ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്ന് മുടങ്ങിപ്പോയ 1962, സർക്കാരും ദേവസ്വങ്ങളും തമ്മിലുള്ള ലാഭവിഹിത തർക്കം മൂലം മുടങ്ങിയ 1963, കാലം തെറ്റിയ മഴ അലങ്കോലപ്പെടുത്തിയ 1995, 2006 എന്നീ വർഷങ്ങൾ, ലാത്തി ചാർജ്ജ് നടന്ന 2000, കോവിഡ് കാലത്ത് ചടങ്ങു മാത്രമായ പൂരം, പല വെടിക്കെട്ട് അപകടങ്ങൾ എന്നിവ പൂരത്തിന്റെ ചരിത്രത്തിലെ കറുത്ത എടുകളാണ്.

അങ്ങനെ ഒരു സംസ്കാരത്തിന്റെ തുടിപ്പാണ് ഈ ഉത്സവം. ഒരു ജീവിതരീതിയുടെ ഭാഗമാണ്. കാലം മാറി വരുന്തോറും പരിഷ്‌കാരങ്ങൾ പലതുണ്ടെങ്കിലും പൂരത്തിന്റെ അന്തസത്ത മാറാതെ തുടരുന്നു. പൂരത്തെയും അതുമായി ബന്ധപ്പെട്ട സംസ്കാരത്തെയും ആക്രമിക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ നിരന്തരം നടന്നു വരുന്നു; അവയൊക്കെ പരാജയപ്പെടുന്നു. ഈ നാടിന്റെ മഹത്തായ സംസ്കൃതിയുടെ ഒരു ഭാഗമാണ് പൂരം. ഇല്ലാതാക്കാൻ എത്ര ശ്രമിച്ചാലും ഇല്ലാതാവില്ല.  

തൃശ്ശൂർക്കാരുടെ വർഷം തുടങ്ങി അവസാനിക്കുന്നത് ചിങ്ങത്തിലോ വിഷുവിനോ പുതുവർഷത്തിനോ അല്ല. അത് പൂരം മുതൽ പൂരം വരെയാണ്. “ന്നാ അടുത്ത പൂരത്തിന് കാണാ ട്ടാ” എന്നത് ഹൃദയത്തിൽ തൊട്ടുള്ള യാത്ര പറച്ചിൽ ആകുന്നു.

ശുഭം.

LEAVE A REPLY

Please enter your comment!
Please enter your name here