ബിജെപിയുടെ മുന്നേറ്റം യാഥാർത്ഥ്യമാകാൻ ഒരനുഭാവിയുടെ നിർദ്ദേശങ്ങൾ

2

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് തടയിട്ട വിഷയങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില സംവാദങ്ങള്‍ അരങ്ങേറുന്നുണ്ട്.

നാഥനില്ലാതെ കുറച്ചധിക നാള്‍ അലഞ്ഞു നടന്ന ശേഷം കെ സുരേന്ദ്രന്റെ നേതൃത്വം ലഭിച്ചപ്പോള്‍ ബിജെപി 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പും പോലെ മികവാര്‍ന്ന പ്രകടനം നടത്തുമെന്നാണ് പലരും കരുതിയിരുന്നത്.

എന്നാല്‍, ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് പീആര്‍ തന്ത്രങ്ങളിലൂടെയും മറ്റും ഇടതു സര്‍ക്കാര്‍ തുടര്‍ഭരണം നേടുകയാണുണ്ടായത്.

ഉള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തുകയും വോട്ടിംഗ് ശതമാനം ഇടിയുകയും ചെയ്ത ബിജെപിക്ക് പാകപ്പിഴവുകള്‍ പറ്റിയെന്നത് വസ്തുതയാണ്. നേതൃത്വത്തിന് സംഭവിച്ച പിഴവാണത്. അടിയൊഴുക്കുകള്‍ തിരിച്ചറിയാനാകാതെ പകച്ചു നിന്ന ബിജെപി കേരള നേതൃത്വം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തന്നതിന് വേണ്ടി കഠിന പ്രയത്‌നം തന്നെ നടത്തേണ്ടിവരും.

താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ബന്ധം അറ്റുപോയ നേതൃത്വത്തിനാണ് ഇൗ പരാജയത്തിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പിനുള്ള ആളും അര്‍ത്ഥവും മറ്റു വിഭവ ശേഷിയും കനിഞ്ഞ് ലഭിക്കുകയും സ്വര്‍ണ്ണക്കള്ളക്കടത്തും സ്വജനപക്ഷപാതവും അഴിമതിയും എല്ലാം ഭരണപക്ഷത്തെ പിടിച്ചുലച്ച തികഞ്ഞ അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും ബിജെപിക്ക് പ്രതിപക്ഷ നേതൃനിരയിലേക്ക് ഇടിച്ചു കയറാനായില്ല.

ഗ്രൗണ്ട് ലെവലില്‍ ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഉന്നത നേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തി ഫീഡ് ബാക് വിശകലനം ചെയ്ത് അവരുടെ ഭാഗം കേള്‍ക്കാനും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കാനും മേല്‍ത്തട്ടിലെ നേതൃത്വം തയ്യാറായില്ല.

ഈ വിമുഖത ഇക്കുറി പാര്‍ട്ടിയുടെ വിജയത്തിന് തടസ്സമായി. അഭിപ്രായ രൂപികരണങ്ങള്‍ നടക്കുന്ന മാധ്യമഇടങ്ങളില്‍ ബിജെപി വിരുദ്ധത കൊടികുത്തി വാഴുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതൃത്വം ഒരു തന്ത്രവും മെനഞ്ഞില്ല. ചാനല്‍ ചര്‍ച്ചകളില്‍ അവതാരക സംഘം ആക്രമിച്ച് ബിജെപി വക്താക്കളുടെ വായ മൂടിക്കെട്ടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കെല്പുള്ളവരെ അണിനിരത്തുന്നതില്‍ വൈമുഖ്യം കാണിച്ചു.

മാധ്യമ സ്ഥാപനങ്ങളുടെ അജണ്ടകള്‍ക്ക് അനുസരിച്ച് തുള്ളാനാണ് നേതൃത്വം ശ്രമിച്ചത്. ടിജി മോഹന്‍ദാസിനെ പോലുള്ളവര്‍ ഒഫന്‍സീവ് ഡിഫന്‍സ് എന്ന തന്ത്രത്തിലൂടെ കൗണ്ടര്‍ അറ്റാക്ക് നടത്തുന്നതില്‍ അലോസരപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ അനൗദ്യോഗികമായി എടുത്ത തീരുമാനത്തിനു നേതൃത്വം വഴങ്ങിക്കൊടുത്തതു പോലെയായി.

പിന്നീട് ഇതേ ശൈലിയില്‍ എതിരാളികളെ വിഷയം പഠിച്ചെത്തി നിലംപരിശാക്കുന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന വിശേഷണമുള്ള ശ്രീജിത്ത് പണിക്കര്‍ക്കും ഇതേ വിധിയാണ് സംഭവിച്ചത്. ടിജി മോഹന്‍ദാസ് ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ എതിര്‍ രാഷ്ട്രീയ വക്താക്കള്‍ക്കു വഴങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശ്രീജിത്ത് പണിക്കരേയും ഇതേ പോലെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

മാതൃഭൂമി ചാനലിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന സംബോധനയും പിന്നീട് ഏഷ്യാനെറ്റുമായുള്ള ഉരസലും എല്ലാം ബിജെപി നേരിടുന്ന ഹോസ്റ്റയില്‍ സിറ്റുവേഷന് ഉദാഹരണമാണ്. മാധ്യമങ്ങളെ മാനേജ്‌ചെയ്യുന്നതില്‍ വന്ന വീഴ്ച പോലെ ഗുരുതരമായ മറ്റൊരു വിഷയമാണ് സാമൂഹ്യമാധ്യമങ്ങളിലെ സൈബര്‍ നുണപ്രചാരണത്തെ കൗണ്ടര്‍ ചെയ്യുന്നതില്‍ നേതൃത്വത്തിന് സംഭവിച്ച പിഴവ്. ബിജെപി കേരളയുടെ ട്വിറ്റര്‍ഹാന്‍ഡില്‍ തിരഞ്ഞെടുപ്പുകാലത്തും മറ്റും ഉറക്കം തൂങ്ങുകയായിരുന്നു. വലതുപക്ഷ അനുഭാവികളായ സൈബര്‍ സംഘമാണ് പലപ്പോഴും ഈ അവസരങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

താഴെത്തട്ടിലെ പ്രവർത്തനം വിപുലികരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിലും നേതൃത്യം തീർത്തും പരിജയപ്പെട്ടു.
പല പഞ്ചായത്തുകളിലും ഭാരവാഹികളുടെ ലിസ്റ്റ് മുകളിൽ നിന്ന് ചോദിക്കുമ്പോൾ, അപ്പോൾ അതുവരെ ഉറങ്ങിക്കിടന്ന നേതാക്കൾ സടകുടഞ്ഞെഴുന്നേറ്റു അന്നേരം മനസ്സിൽ തോന്നുന്ന കുറെ ആളുകളുടെ ലിസ്റ്റ് തട്ടിക്കൂട്ടി മുകളിലേക്ക് അയച്ചു കൊടുക്കുന്ന ഒരു പ്രവണതയാണ് ബി ജെ പിയിൽ കണ്ടുവരുന്നത്. .

കഴിവോ യോഗ്യതയോ പരിഗണിക്കാതെ പലരേയും പഞ്ചായത്ത് തലത്തിൽ ചുമതല ഏൽപ്പിച്ചതും വിനയായി.

രണ്ടുവർഷം മുമ്പ് മുമ്പ് ടി പി സെൻകുമാർ, തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു ഓരോ പഞ്ചായത്തിലും ഓരോ വാർഡുകളിലും ഓരോ വീടുകളിലും കേന്ദ്രസർക്കാരിൻറെ എല്ലാ പദ്ധതികളും നിർബന്ധമായും എത്തിയിരിക്കണം എന്നും ഇപ്പോഴേ പ്രവർത്തനം തുടങ്ങിയാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നും. അദ്ദേഹം മുന്നിട്ടിറങ്ങി ഇതിനു വേണ്ട എല്ലാ സഹായങ്ങളും ആർക്കുവേണമെങ്കിലും ചെയ്തു കൊടുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരാൾ വളരെ നല്ലൊരു പദ്ധതിയുമായി തന്റെ നാട്ടിലെ സകല നേതാക്കളുടെയും പിറകെ നടന്നതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ സാധിച്ചില്ല.

പിന്നീട് അദ്ദേഹത്തിന് പഞ്ചായത്തിൻറെ ചുമതല ലഭിക്കുകയും ആ അവസരം മുതലാക്കി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി ഒരു മാസ്റ്റർ പ്ലാൻ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പഞ്ചായത്തിൽ 22 ബൂത്തുകൾ ഉണ്ട്. ഓരോ ബൂത്തിന്റെയും പലഭാഗത്തുനിന്നും തെരഞ്ഞെടുത്ത, പ്രവർത്തിക്കാൻ കഴിവുള്ള ആരോഗ്യമുള്ള, മനസ്സുള്ള അഞ്ചുപേരെ വീതം ഉൾപ്പെടുത്തി ഒരു ഒരു ബൂത്ത് പ്രവർത്തന സമിതി ഉണ്ടാക്കാം. ആകെ 110 പേർ. നാലോ അഞ്ചോ ബൂത്തുകള് ചേർത്തുകൊണ്ട് ഒരു സംയോജകൻ. അങ്ങനെ ഏകദേശം 5 സംയോജകർ അങ്ങനെ 115 പേരും. കൂടാതെ കാര്യങ്ങൾ അറിയാവുന്ന പത്ത് മുതിർന്ന നേതാക്കളും ഉൾപ്പെടെ 125 പേരുടെ ഒരു വലിയ ടീം.
കേന്ദ്ര സർക്കാരിൻറെ സകല പദ്ധതികളും ഈ ടീമിനെ പൂർണമായി ട്രെയിൻ ചെയ്ത്, അവരെ സജ്ജരാക്കി, ഒരു വീട്ടിൽ കയറി ചെന്നാൽ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി ഏത് പദ്ധതിയാണ് അവർക്ക് യോജിക്കുക എന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവുള്ളവർ ആക്കി ഓരോ വീടുകളിലും ഈ പദ്ധതി നടപ്പിലാക്കുക എന്നുള്ള ഒരു ആശയമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. പക്ഷേ അന്ന് വൈകുന്നേരം 7:30ന് അദ്ദേഹത്തിൻറെ മണ്ഡലത്തിലെ പ്രസിഡണ്ടും സെക്രട്ടറിയും അദ്ദേഹത്തിൻറെ വീട്ടിൽ എത്തി, ഇനി മേലാൽ താങ്കൾ മീറ്റിംഗ് ഒന്നും വിളിച്ചു കൂട്ടേണ്ട ഉണ്ട് എന്ന് നിർദ്ദേശിച്ചതായും അറിയാൻ കഴിഞ്ഞു. അവരോടു അനുവാദം ചോദിച്ചില്ലത്രെ.
എന്തെങ്കിലും ചെയ്യാൻ കഴിവുള്ളവരെ അല്ലെങ്കിൽ അതിന് മനസ്സുള്ള വരെ പോലും നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണതയാണ് കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് ശേഷം പാർട്ടിപ്രവർത്തനം നിർത്തിയ അനവധി പഞ്ചായത്ത് തല ബൂത്ത് തല പ്രവർത്തകരെ നമുക്ക് കാണാൻ സാധിക്കും
പി ആർ വർക്കിന് ഊന്നൽ കൊടുത്തിരുന്ന ഒരാൾ എല്ലാ വാർഡുകളിലും 5 മിനിറ്റ് ദൈർഘ്യമുള്ള ഉള്ള നാലോ അഞ്ചോ പ്രമോ വീഡിയോകൾ ഉണ്ടാക്കാൻ ഒരു പദ്ധതി രൂപകൽപ്പന ചെയ്തു. “സ്ഥാനാർത്ഥിയുടെ ഒരു ദിവസം” “അദ്ദേഹത്തിന് ആ വാർഡിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ” “മുൻ മെമ്പർ ചെയ്യാതെ പോയ കാര്യങ്ങൾ” “ഒരു വികസന മാസ്റ്റർ പ്ലാൻ” “വ്യക്തികളുടെ അഭിപ്രായങ്ങൾ” ഇങ്ങനെയുള്ള വിഷയങ്ങളിലെ വീഡിയോ നല്ല മൈലേജ് ഉണ്ടാകുമെന്ന് നിർദ്ദേശിച്ചു. അപ്പോൾ തന്നെ ആവശ്യത്തെ വെട്ടിനിരത്തി ഇല്ലാതാക്കി കാരണം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇതൊക്കെ പോസ്റ്റ് ചെയ്താൽ അവിടെയും ഇവിടെയും ഓരോരുത്തരും പറയുന്ന കമൻറുകൾക്ക് നമ്മൾ മറുപടി പറയാൻ നിൽക്കേണ്ടിവരും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ആണ് എന്ന ബാലിശമായ ന്യായമായിരുന്നു.…
ഇതുപോലെ ഒരാളുടെ ഉപദേശം, പാർട്ടിയിൽ വളരണം എന്നുണ്ടെങ്കിൽ ഒന്നും കാണാതെ ഒന്നും കേൾക്കാതെ ഒന്നും മിണ്ടാതെ പ്രതികരിക്കാതെ ഇരിക്കേണ്ടിവരും എന്നാണ്. പാർട്ടി ഒന്ന് വളരുന്നത് വരെ എല്ലാവരെയും അത്യാവശ്യമാണ്, അത് കഴിഞ്ഞിട്ട് മതി ഇങ്ങനെയുള്ള ഉള്ള ധാർഷ്ട്യവും അടിച്ചമർത്തലും ഒക്കെ എന്ന് ചിന്തിക്കാൻ ഉള്ള മാനസികവളർച്ച എങ്കിലും ഇനിയും പലർക്കും ഉണ്ടാകേണ്ടതുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ഒരു പ്രവണത എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് അസഹിഷ്ണുത കാണിക്കുന്നത് പാർട്ടി നേതാക്കയിൽ കാണുന്നുണ്ട്. അത് തീർത്തും പാർട്ടിക്ക് ഭൂഷണമല്ല.

രാജ്യത്തോട് സ്നേഹമുള്ളവർ ആയതുകൊണ്ട് ഇവരാരും മറ്റു പാർട്ടികളിലേക്ക് ചേക്കേറില്ല എന്ന് വരാം. പക്ഷേ സജീവമായി പ്രവർത്തിക്കാൻ മനസ്സുള്ള, താല്പര്യം ഉള്ള, ആത്മാർത്ഥതയുള്ള, അഴിമതിയില്ലാത്ത പ്രവർത്തകരെ നഷ്ടപ്പെടുന്നത് സംഘടനയ്ക്ക് ഒരുപാട് ദോഷം ചെയ്യും.

നേതൃത്വത്തിൽ ഉള്ള പലരുടേയും പ്രവർത്തനം അഹങ്കാരം ,ധാർഷ്ട്യം ,താൻപോരിമ തുടങ്ങിയ നിഷേധാത്മക സ്വഭാവഗുണങ്ങളോടു കൂടിയാണ്. ഇവരിൽ ചിലർ താഴെത്തട്ടിലുള്ളവരുമായി അകലം പാലിച്ച് യജമാന – ഭൃത്യ ശൈലിയിൽ പ്രവർത്തിക്കുന്നവരുമുണ്ട്. ഇക്കാരണങ്ങളാൽ അണികളുമായി സ്നേഹ സൗഹൃദങ്ങൾ ഇല്ലാത്ത കെട്ടി ഏൽപ്പിച്ച ബന്ധങ്ങളായി തീരുന്നു. ഇത് പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളിലേക്കും സംഘർഷ ഭരിത സാഹചര്യങ്ങളിലേക്കും നയിക്കുന്നു.

അതുകൊണ്ടുതന്നെ സംഘടന സംവിധാനങ്ങൾ ഉപയോഗിച്ച് ഏറ്റവും താഴെ തട്ടിൽ നിന്നും രഹസ്യമായി വിവരങ്ങൾ ശേഖരിച്ച്, സംഘടനയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഓരോ വ്യക്തികളെയും അവരുടെ ഇപ്പോഴത്തെ സ്ഥാനം നോക്കാതെ ചുമതലകളിൽ നിന്നും ഭംഗിയായി ഒഴിവാക്കി കഴിവുള്ളവരെ ഏൽപ്പിച്ചാൽ ഒരുപക്ഷേ കുറച്ചുനാൾ കൊണ്ട് പച്ച പിടിച്ചേക്കാം. അല്ലാതെ എന്നും നരേന്ദ്രമോദിയും അമിത്ഷായും സ്വാമി അയ്യപ്പനും വോട്ട് കൊണ്ട് തരും എന്ന് വിചാരിച്ചു കൈയുംകെട്ടി ഇരിക്കുന്നവർ ഇവിടെ ഒരു വ്യത്യാസവും ഉണ്ടാക്കാൻ പോകുന്നില്ല. മറിച്ച് പാർട്ടിക്ക് ഭാരമായി മാറുകയും ചെയ്യും.

2 COMMENTS

  1. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടത്. നാട്ടുകാരുമായി മുഴുവൻ സമയ ബന്ധം പുലർത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായിക്കുന്ന രീതി ബിജെപി യും സ്വീകരിച്ചാൽ പാർട്ടി വളരും. അല്ലെങ്കിൽ തളരും.

LEAVE A REPLY

Please enter your comment!
Please enter your name here