Home കേരളം എന്‍. എസ്. എസ്. മതേതര പ്രസ്ഥാനമോ?

എന്‍. എസ്. എസ്. മതേതര പ്രസ്ഥാനമോ?

6
എന്‍. എസ്. എസ്. മതേതര പ്രസ്ഥാനമോ?

2018 ജനുവരി മാസം 2–ആം തീയതി നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ഹിന്ദു സന്യാസിമാരെ ആരെയും ക്ഷണിച്ചിട്ടില്ല എന്ന വാര്‍ത്ത‍ സാമൂഹ്യ മാധ്യമങ്ങള്‍ വളരെ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. NSS ജാതിക്കും മതത്തിനും അതീതമായ സംഘടന ആണെന്ന ശ്രി. സുകുമാരന്‍ നായരുടെ പ്രസ്താവനയും  കാണാന്‍ കഴിഞ്ഞു. ഈ അവസരത്തില്‍ ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ പരിചിതമല്ലാത്ത ചില ചരിത്ര സത്യങ്ങള്‍ അവര്‍ക്ക്  പരിചയപ്പടുത്താന്‍ വേണ്ടിയാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

ഒരു നായര്‍ സമുദായ സ്നേഹി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  ആശുപത്രികള്‍ എന്നിവ വഴി ക്രിസ്തിയ സമുദായം കൈവരിച്ച സാമ്പത്തികവും സാംസ്കാരികവും ആയ മുന്നേറ്റത്തെ ദൂരകാഴ്ചയോടെ വിലയിരുത്തി, അതിനനുസരണമായ ശക്തിയും ബലവും നായര്‍ സമുദായത്തിനും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഒരു മഹാത്മാവ് ; പരസ്പരം ഭിന്നിച്ചുനില്‍ക്കുന്ന  നായര്‍  സമുദായത്തിലെ അവാന്തര വിഭാഗങ്ങളെ കൂടി ഒരുമിച്ചു നിര്‍ത്തി അവരെക്കൂടി കൈപിടിച്ചു ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിയ ഒരു സമുദായ നേതാവ് ; അതിനായി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച് അദ്ദേഹം പടുത്തുയര്‍‍ത്തിയ ഒരു പ്രസ്ഥാനം; നായര്‍ സമുദായത്തിന് പൈതൃകമായി വച്ചനുഭവിക്കാന്‍ പള്ളിക്കൂടങ്ങളും, കോളേജുകളും, ആശുപത്രികളും പണിതുയര്‍ത്തിയ ജേതാവ് !! യശശരീരനായ ശ്രി. മന്നത്ത് പദ്മനാഭന്‍ എന്ന മഹാ പ്രതിഭാസത്തെ അല്പം ചില വാക്കുകളില്‍ വരച്ചു കാട്ടാന്‍ കഴിയുന്നതല്ല. തിരുവനന്തപുരത്തുനിന്നും MC റോഡില്‍ കൂടി വടക്കോട്ട്‌ സഞ്ചരിച്ചാല്‍ വഴിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുറെ  കോളേജുകള്‍ കാണാന്‍ കഴിയും. ഇതൊക്കെ ആ പ്രതിഭാധനന്‍റെ പ്രതിജ്ഞാബദ്ധതയുടെ മകുടോദാഹരണങ്ങള്‍  ആണ്.

ഇന്ന് MC റോഡില്‍ കൂടി സഞ്ചരിക്കുന്ന എല്ലാരേയും ദുഖിപ്പിക്കുന്ന മറ്റൊരു കാഴ്ചയുണ്ട്. കാലാന്തരത്തില്‍ പഴകി ഒരു കോട്ട് പെയിന്റ്റ് പോലുമില്ലാതെ മങ്ങലേറ്റു നില്‍ക്കുന്ന ഈ സൗധങ്ങള്‍ ഒരു നഷ്ടസ്വപ്നത്തിന്‍റെ കഥ കൂടി ഓര്‍മിപ്പിക്കുന്നില്ലേ എന്ന  തോന്നല്‍. മന്നത്തിന്‍റെ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്മുറക്കാര്‍ക്ക് അവിടെയോ കൈമോശം വന്നു എന്നൊരു തോന്നല്‍.

അതറിയണമെങ്കില്‍ അല്പം പിറകോട്ട് പോകേണ്ടിവരും. ശ്രി. മന്നത്തിന്‍റെ മരണശേഷം NSS-ന്‍റെ തലപ്പത്ത് വളരെ പ്രഗല്ഭനായ ഒരു ഭരണാധികാരി ഉണ്ടായിരുന്നു – പരേതനായ ശ്രി. കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള. മന്നത്തിന്‍റെ ദേഹവിയോഗത്തിനുശേഷം NSS-നു ഒരു പുതിയ ജീവന്‍ കൊടുത്ത ഒരു പ്രതിഭ. 1974-ല്‍ National Democratic Party (NDP) എന്ന രാഷ്ട്രിയ പാര്‍ടിക്ക് രൂപം കൊടുത്തത് അദ്ദേഹം ആയിരുന്നു. 1984-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 4 MLA-മാരേയും ഒരു മന്ത്രിയേയും NSS-നു നേടികൊടുത്ത പാര്‍ട്ടി. NDP പ്രധാനമായും മുന്നോട്ടുവച്ച ആശയം തന്നെ നായര്‍ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലി സംവരണം തുടങ്ങിയ ആനുകൂല്യങ്ങ`ള്‍ നേടിയെടുക്കുക എന്നതായിരുന്നു.  നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ NSS-നു നിലനില്‍ക്കണമെങ്കില്‍  ഒരു രാഷ്ട്രീയപാര്‍ടിയുടെ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ കഴിയൂയെന്ന കിടങ്ങൂരിന്‍റെ തിരിച്ചറിവാണ് NDP എന്ന പാര്‍ടിയിലൂടെ അദ്ദേഹം നേടിയടുത്തത്.

കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ള

ഈ കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ അനിഷേധ്യനായ നേതാവ് പരേതനായ ശ്രി. കെ. കരുണാകരന്‍ ആയിരുന്നു. വെട്ടിപ്പിടിച്ചും, വെട്ടിനിരത്തിയും മുന്നേറിയ കരുത്തനായ രാഷ്ട്രിയനേതാവ്. നായര്‍ സമുദായത്തിലെ കിടങ്ങൂരിന്‍റെ സ്വാധിനവും, NDP-യുടെ വളര്‍ച്ചയും കരുണാകരനു ദുസ്വപ്നങ്ങള്‍ നല്‍കിയിരുന്ന  നാളുകള്‍ ആയിരുന്നു അത്. കേന്ദ്രത്തിലെ സ്വാധിനം ഉപയോഗപ്പെടുത്തി  കരുണാകരന്‍ ഒരു കളി കളിച്ചു. 1983-ലെ ഡിസംബര്‍  മാസത്തില്‍ 1000 കാറുകളുടെ അകമ്പടിയോടെ ശ്രി. കിടങ്ങൂരിനെ സിംഗപൂരിലേക്ക് നാടുകടത്തി – കാബിനെറ്റ്‌ റാങ്കോടുകൂടി സിംഗപൂരിന്‍റെ  ഇന്ത്യന്‍ സ്ഥാനപതി (High Commissioner) ആയി. അങ്ങനെ ശ്രി.കരുണാകരന്‍ അദ്ദേഹത്തിന്‍റെ ഉറക്കമില്ലായ്മക്ക് പരിഹാരം കണ്ടുപിടിച്ചു. കിടങ്ങൂര്‍ അദ്ദേഹത്തിന്‍റെ  കെണിയില്‍ വീഴുകയും ചെയ്തു. പിന്നെയെല്ലാം കരുണാകരന്‍ എഴുതിയ തിരക്കഥയിലെപോലെ സംഭവിച്ചു. NSS ആസ്ഥാനത്തു ഒരു Office Boy-യെ ജനറല്‍സെക്രട്ടറി  കസേരയില്‍ അവരോധിച്ചു. NSS എന്ന മഹാപ്രസ്ഥാനത്തിന്‍റെ ദുര്‍ദശ അവിടെ ആരംഭിച്ചു. ശ്രി. കരുണാകരനെ കേരളത്തിന്‍റെ പ്രഗല്ഭനായ മുഖ്യമന്ത്രി എന്ന് വിളിക്കുമ്പോള്‍ തന്നെ, ഇന്നു കേരളത്തിലെ നായര്‍ സമുദായം അനുഭവിക്കുന്ന അരാജകത്വത്തിന്‍റെ ശില്പി എന്നുകൂടി ദുഖത്തോടെ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.

അഞ്ചുവര്‍ഷത്തെ വനവാസത്തിനുശേഷം തിരിച്ചെത്തിയ കിടങ്ങൂരിനെ സ്വീകരിക്കാന്‍ വെറും എട്ടു  കാറുകള്‍ മാത്രമാണ് തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയത്. ബന്ധുക്കളും, സ്വന്തക്കാരും, ചില സുഹൃത്തുക്കളും അല്ലാതെ NSS ആസ്ഥാനത്ത്നിന്ന് ഒരാള്‍ പോലും അക്കുട്ടത്തില്‍ ഇല്ലായിരുന്നു. ഈ 5 വര്‍ഷത്തിനിടെ NDP എന്ന രാഷ്ട്രിയ പാര്‍ട്ടി ഛിഹ്നഭിന്നമായിപോയി. മുന്നോക്കത്തിലെ പിന്നോക്കക്കാരന്‍റെ സംവരണം എന്ന ആശയത്തെ  മുക്കിക്കൊല്ലാന്‍ പെരുന്നയിലെ Office Boy കരുണാകരന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത് ഓശ്ചാനിച്ചു നില്പുണ്ടായിരുന്നു. 1996-ല്‍ NDP പിരിച്ചുവിട്ടതോടെ ഒരു വലിയ സ്വപ്നം ശിഥിലമായിപ്പോയി.

കിടങ്ങൂരിനുശേഷം NSS അനുഷ്ടിച്ചു വരുന്ന “സമദൂര സിദ്ധാന്ത”–ത്തേ കുറിച്ച് കൂടി ചിലത് സൂചിപ്പിക്കാതെ വയ്യ. കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന  മുന്നണികളില്‍ ഒന്നും അംഗമാകാതെ രണ്ടു മുന്നണികളില്‍നിന്നും സമദൂരത്തില്‍ മാറി നിന്നുകൊണ്ട്, ഉപകാരസ്മരണയെന്നോണം വ്യക്തിപരമായ താല്പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള ചെപ്പെടി വിദ്യക്കാണ് സമദൂരം എന്ന പദപ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഏതെങ്കിലും മുന്നണിയില്‍ അംഗമായാല്‍ ഒരുപക്ഷെ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വിചാരിക്കുന്ന സ്വന്തം കാര്യങ്ങള്‍ ഒന്നും നടക്കാതെ പോകും. നായര്‍ സമൂഹത്തെ മൊത്തം സ്വന്തം മനസാക്ഷി അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ വിടുന്നത്കൊണ്ട് രണ്ടു മുന്നണികള്‍ക്കും അനഭിമതരാകാനുള്ള സാധ്യതയും ഇല്ല. ഇരു മുന്നണികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക സംവരണം എന്ന ആശയം ചര്‍ച്ച ചെയ്യപെടാതെ രക്ഷപെടുകയും ചെയ്യാം. ഭരിക്കുന്ന മുന്നണിയുടെ ഭാഗമല്ലാത്തതുകൊണ്ട് NSS-നു എന്തെങ്കിലും  ആനുകുല്യങ്ങള്‍ കൊടുക്കാന്‍ ഭരിക്കുന്ന മുന്നണിയും ബാധ്യസ്ഥരല്ല. 1980-കള്‍ക്ക് ശേഷം NSS-ന് ഒരു പുതിയ കോളേജോ, സ്കൂളോ തുടങ്ങാന്‍ കഴിയാതെ പോയതിന്‍റെ കാരണവും ഇതുതന്നെയാണ്. കാലാകാലങ്ങളായി പറ്റിക്കപ്പെടുന്ന ഒരു സമുദായം ആയി  നായന്മാര്‍ മാറിയതിന്‍റെയും കാരണം മറ്റൊന്നല്ല.

സമദൂരമല്ല, “സമസാമീപ്യം” ആണ് ഭരണമുന്നണികളോട് ഉണ്ടാകേണ്ടത്. മുസ്ലിംലീഗും, കേരളാ കോണ്‍ഗ്രസ്സും അനുവര്‍ത്തിക്കുന്ന നയവും അതുതന്നെ ആണ്. ഭരണപക്ഷത്തിരിക്കുമ്പോള്‍, സ്വന്തം അധികാരം ഉപയോഗിച്ച് അവര്‍ കാര്യങ്ങള്‍ നേടിയെടുക്കും. പ്രതിപക്ഷത്ത് ആകുമ്പോള്‍ അവരുടെ സംഖ്യാബലം ഉപയോഗിച്ച് അവര്‍  കാര്യങ്ങള്‍ നേടും. NSS-നെ ഇവിടെയും പരാജയപെടുത്താന്‍ കഴിഞ്ഞതാണ് Office-Boys-ന്‍റെ വ്യക്തിഗത നേട്ടം.

ശ്രി. നാരായണ പണിക്കരുടെ മരണത്തോടെ അധികാരം ശ്രി. സുകുമാരന്‍ നായരുടെ കൈകളിലെത്തി. തികച്ചും യാന്ത്രികമായ ഒരിടപാട്‌. NSS-ന്‍റെ ഹൃദയത്തിലോ, ശരിരത്തിലോ സ്പര്‍ശിക്കാന്‍ കഴിയാത്ത ഒരു അധികാര കൈമാറ്റം. ഒരുപക്ഷേ നാരായണ പണിക്കരുടെ സമയത്തെക്കാള്‍ മോശമെന്നു വിലയിരുത്താവുന്ന ഒരു മാറ്റം. പണിക്കരെക്കുറിച്ച് വ്യക്തിപരമായ ആരോപണങ്ങള്‍ കേട്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ ഇന്നത്തെ സ്ഥിതി അതല്ലല്ലോ. മകളുടെ VC സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമം, ബാര്‍ കോഴ കേസില്‍ പെട്ട ഒരു മന്ത്രിക്കു വക്കാലത്ത് പറച്ചില്‍, ഒരു രാജ്യസഭാ MP-യെ NSS ആസ്ഥാനത്തുവച്ച് ആക്ഷേപിച്ചു വിടുക എന്ന് തുടങ്ങി നീണ്ടു പോകുന്നു അപവാദങ്ങളുടെ ലിസ്റ്റ്. അല്‍പബുദ്ധിയായ ഒരു മനുഷ്യനെക്കുറിച്ച് വേവലാതിപ്പെട്ടിട്ടെന്തു കാര്യം? NSS ഭരണഘടനയെ കുറിച്ചുപോലും തിട്ടമില്ലാത്ത ജനറല്‍സെക്രട്ടറി. NSS എന്നത് നായര്‍ എന്ന സമുദായത്തിന്‍റെ പുരോഗതിക്കായി മന്നം എന്ന മഹാനായ  മനുഷ്യന്‍ സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമാണന്ന കേവല ധാരണ ഇല്ലാത്തയാൾ – അല്ലെങ്കില്‍ സ്വകാര്യലാഭത്തിനുവേണ്ടി  കണ്ണടച്ചിരുട്ടാക്കുന്നയാൾ. പെരുന്ന NSS കോളേജിന്‍റെ മുന്‍വശത്തു കാടുകയറി കിടക്കുന്ന Volley Ball കോര്‍ട്ട് ഒരു ഓര്‍മപ്പെടുത്തലാണ് – NSS കാര്യാലയത്തിന്‍റെ ഇന്നത്തെ അവസ്ഥയുടെ.

സുകുമാരന്‍ നായരെയോ, കരുണാകരനേയോ എന്തിനു കുറ്റപ്പെടുത്തണം? കാലാകാലങ്ങളായി NSS-നുണ്ടായ കെടുകാര്യസ്ഥത സമുദായ അംഗങ്ങള്‍ തിരിച്ചറിഞ്ഞില്ല എങ്കില്‍ പിന്നെ ആര്‍ക്കാണ് തിരിച്ചറിയാന്‍ കഴിയുക?  സുകുമാരന്‍ നായരുടെ ആസനത്തില്‍ വളര്‍ന്ന ആലിന്‍റെ  തണലില്‍  അയാള്‍ സുഖമായി ഉറങ്ങും –  നിങ്ങള്‍ ബലമായി അയാളെ ഉണര്‍ത്തുന്നതുവരെ.

മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനു ചുക്കാന്‍  പിടിക്കാന്‍  ഒരാള്‍ എങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കും. അത് കൂടിയേ കഴിയു. NSS-ന്‍റെ ഭരണഘടന അത്ര സുതാര്യമല്ല എന്ന തിരിച്ചരിവോടുകൂടി തന്നെ പറയുന്നു – മാറ്റം ഒരു അനിവാര്യതയാണ്.

~ അർജുൻ, ഡൽഹി

6 COMMENTS

  1. In my opinion a courageous and stubborn leadership is essential for NSS to solve the problems and to bring NSS as a considerable community and through the new leadership again our NDP should bcome as a considerable &powerful party in our state.This is my ambition .

  2. NSS ന്റെ ഗതകാല പ്രൗഡിയും ഇപ്പൊഴത്തെ ഗതികേടും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മലബാർ മേഖലയിലെ ആദ്യകാല കോളേജുകളിൽ പ്രമുഖ സ്ഥാനമാണ് മഞ്ചേരി NSS കോളേജിന ‘ ഉണ്ടായിരുന്നത്. എന്നാൽ അതിനു ശേഷമുണ്ടായ പല കോളേജുകളും ഇന്ന് എല്ലാ നിലക്കും മുൻപന്തിയിൽ എത്തിയിരിക്കുന്ന. കെടുകാര്യസ്ഥതക്ക് ഒരു മലബാർ സാക്ഷ്യം ….

  3. തികച്ചും ഉൽകാഴ്ച്ച അടങ്ങിയ ഒരു ലേഖനം. A reality check. കേരളത്തിന്റെ തന്നെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്ക് അടിത്തറ പകാൻ കഴിഞ്ഞ NSS സ്ഥാപനങ്ങളുടെ ഇന്നത്തെ ദയനീയ അവസ്ഥ വലിയ മാറ്റങ്ങൾ അർഹിക്കുന്നു. അതിന് ഇതുപോലുള്ള ചിന്തകളും പ്രവർത്തനങ്ങളും ആവശ്യമാണ്. ലേഖകന് നന്ദി.

    NSS ന്റെ നല്ല നാളുകൾ പുറന്തള്ളപ്പെടുന്ന, പിന്നിലേക്കുപോകുന്ന ഒരു സമുദായത്തിന്റെ തന്നെയല്ല ഒരു ദേശത്തിന്റെയും ആവശ്യമാണ്.

  4. What Arjun has expressed is absolutely correct. There is much more. Income and caretaking of the estates and other properties of NSS also need to be studied. Also statistics relating to the appointments in NSS institutions are worth examining like how many vacancies are occuring each year, how many applications are received , Merritt of each candidate,how many have been appointed, are the appointments made on merrit basis, what is the percentage of weightage given to the candidates of Nair community, if there is an applicant from own community and if appointment is given to others what is the basis for such action etc.
    The organisation is bount to give details of amt collected for appointments and how the same is used for development of the specific institution (academic/medical or others).
    Ordinary members of this Society should have the right to know above and similar information.
    Unfortunately it is in accecssable. It is in the net-work of only few in the so called governing council !!!

LEAVE A REPLY

Please enter your comment!
Please enter your name here