രാമായണ കഥ ഒരു മിഥ്യാനിർമ്മിതിയാണോ ?

1

ഹൈന്ദവ പരിസരത്തിൽ  രാമായണം മഹാഭാരതം  ഇവ രണ്ടും  “ഇതിഹാസങ്ങൾ” ആയും, ഇവയ്ക്കു പുറമെയുള്ള  18 പ്രധാന സാഹിത്യകൃതികൾ “പുരാണങ്ങൾ” ആയും നിർവ്വചിക്കപ്പെടുന്നു. സംസ്‌കൃതത്തിൽ  ഇതി  ഹ  ആസ (ഇത് അങ്ങനെ ആയിരുന്നു ) എന്ന വാക്കാണ് “ഇതിഹാസം” ആയതു . ഇംഗ്ലീഷിൽ രാമായണം epic ആണ് – a long poem, typically one derived from ancient oral tradition, narrating the deeds and adventures of heroic or legendary figures or the past history of a nation. എന്നിരിക്കെ  ആധുനിക ഇന്ത്യയുടെ പൊതുബോധ നിർവചനത്തിൽ  രാമ ആയണം അഥവാ രാമായണം അഥവാ രാമന്റെ വഴി എങ്ങനെ mythology (സാങ്കൽപ്പിക മിഥ്യാ കഥകൾ ) ആയി എന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ?

വാറൻ ഹേസ്റ്റിംഗ്‌സിനെപ്പോലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (ഇ.ഐ.സി)  ആദ്യകാല ഉദ്യോഗസ്ഥർ ഇന്ത്യൻ സംസ്കാരത്താൽ  ആഴത്തിൽ സ്വാധീനപ്പെട്ടിരുന്നു. കമ്പനിക്ക് വേണ്ടി ഹേസ്റ്റിംഗ്സ് ഇന്ത്യ പിടിച്ചടക്കിയപ്പോൾ, ഹിന്ദുമതത്തെക്കുറിച്ച് അദ്ദേഹം പഠിച്ച കാര്യങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ഈ മാറ്റത്തെ ഇ.ഐ. സി യുടെ ഡയറക്ടർ ബോർഡ് “ഇംഗ്ലീഷുകാരുടെ ബ്രാഹ്മണവൽക്കരണം” എന്ന് വിശേഷിപ്പിച്ചു. 1806 നും 1808 നും ഇടയിൽ, ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ കമ്പനി ഉദ്യോഗസ്ഥർക്കിടയിൽ ഹിന്ദുക്കളുടെ  ധാർമ്മികതയെക്കുറിച്ച്  സംവാദങ്ങൾ കമ്പനി തന്നെ  സംഘടിപ്പിച്ചു… അവരിൽ ഒട്ടുമിക്കവരും സംവാദങ്ങളിൽ ഹിന്ദുക്കളുടെ ഉയർന്ന ധാർമിക മൂല്യങ്ങൾ  ചൂണ്ടിക്കാട്ടി. ഈ ചെറിയ കാലയളവിൽ ഈ സംവാദങ്ങളിലൂടെ നൂറിലധികം പേജുകളുള്ള മുപ്പത് പേപ്പറുകളാണ് സമർപ്പിക്കപ്പെട്ടത്. ഞെട്ടിപ്പോയ ഇ.ഐ.സി  ഇന്ത്യൻ ചരിത്രത്തെയും സംസ്‌കാരത്തെയും വിജ്ഞാനത്തെയും ആത്മീയ സ്വാധീനത്തെയും താഴ്ത്തിക്കെട്ടി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ തീരുമാനിച്ചു. അതിനാൽ, 1813-ൽ ജെ എസ് മില്ലും ചാൾസ് ഗ്രാന്റും ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം എഴുതാൻ നിയമിക്കപ്പെട്ടു, അവിടെ മിക്കവാറും എല്ലാ സംസ്കൃത സാഹിത്യങ്ങളും “mythical ” എന്ന് നിർവചിക്കപ്പെട്ടു.

John Stuart Mill and Charles Grant

ഇംഗ്ലണ്ട് വിടുന്നതിന് മുമ്പ് ഈസ്റ്റ് ഇന്ത്യാ കോളേജ് (പിന്നീട്, ഹെയ്‌ലിബറി, ഇംപീരിയൽ സർവീസ് കോളേജ്) എന്നിവയിലൂടെ പഠനം പൂർത്തിയാക്കേണ്ട ഇംഗ്ലീഷ് അഡ്മിനിസ്ട്രേറ്റർമാർക്കായി മേല്പറഞ്ഞ  പുസ്തകം സിലബസ് ആക്കപ്പെട്ടു. തുടർന്ന് ഇംഗ്ലീഷ്  വിദ്യാഭ്യാസം നേടുന്ന ഇന്ത്യക്കാരെ അവരുടെ ഇതിഹാസങ്ങളെ mythical ആയി മാത്രം സങ്കൽപ്പിച്ചു ശീലിക്കാൻ ഇത് ഇന്ത്യൻ സ്‌കൂളുകളുടെയും കോളേജുകളുടെയും വിദ്യാഭ്യാസ സിലബസിന്റെ ഭാഗവും ആക്കി തീർത്തു. കൂടാതെ , അയർലണ്ടിലെ അന്നത്തെ ആർച്ച് ബിഷപ്പായ റെവറന്റ് ജെയിംസ് ഉഷർ, ഭൂമിയുടെ സൃഷ്ടിയുടെ തീയതി ക്രി.മു. 4004 ഒക്ടോബർ 23 ആയി നിശ്ചയിക്കുകയും തല്ഫലം അതിനു മുൻപെന്നു  അവകാശവാദം ഉന്നയിക്കുന്ന ഏതു   തദ്ദേശീയ ഇതിഹാസങ്ങളേയും “ഭാവന മാത്രമായി” മുദ്ര കുത്തുകയും ചെയ്തു .
വാല്മീകി രാമായണത്തിൽ ഭാവനാ ശലകങ്ങളും അതിശയോക്തികളും യഥേഷ്ടം ഉണ്ട് എന്നാൽ വാത്മീകി തന്റെ കൃതിക്ക് ആസ്പദമാക്കിയ നാരദന്റെ “മൂല രാമായണത്തിൽ” പുഷ്പകവിമാനം ഒഴിച്ച് താരതമ്യേന അതിഭാവനകളും അതിശയോക്തികളും കുറവാണ്.

മനുഷ്യർ സാമൂഹ്യ ജീവികൾ  ആയി തുടങ്ങിയ  കാലം മുതൽക്കേ  തന്റെ ചരിത്രം വാമൊഴികളിലൂടെയും കൃതികളിലൂടെയും സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു എന്നും ആധുനിക ശാസ്ത്രീയ ചരിത്രരചനാ ശൈലികൾ ഉടലെടുക്കുന്നതിനു മുന്നോടിയായി  മനുഷ്യർ  ചരിത്രം അതിശയോക്തികളിൽ കഥ  പൊതിഞ്ഞു നടത്തുന്ന രീതി നിലവിൽ ഉണ്ടായിരുന്നു എന്നും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാമായണവും മഹാഭാരതവും അതിന്റെ ഉദാഹരങ്ങൾ ആണെന്നും, പാശ്ചാത്യ അക്കാദമിക് സംവാദങ്ങളിൽ സംഘി-വിരോധിയായ  റോമില താപ്പർ വരെ തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് വാദിക്കാറുണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ പക്ഷെ ആ വാദങ്ങളൊക്കെ അവർ തന്നെ കുഴിച്ചു മൂടുന്നത് കാണാം …അതവരുടെ രാഷ്ട്രീയ നിലപാട്.

ഹൈന്ദവരിൽ തന്നെ ചെറിയ കഥാ വ്യതിയാനങ്ങളോടെ  രാമായണത്തിന്റെ ഏകദേശം 300 വകഭേദങ്ങൾ  നിലവിലുണ്ട് … ബുദ്ധ, സിഖ്, ജൈന വകഭേദങ്ങൾ ഇതിനു പുറമെയും.  കൂടാതെ രാമായണത്തിന്റെ കംബോഡിയൻ, ഇന്തോനേഷ്യൻ, ഫിലിപ്പിനോ, തായ്, ലാവോ, ബർമീസ്  മലേഷ്യൻ പതിപ്പുകളും ഉണ്ട്. 24,000 സംസ്‌കൃത ശ്ലോകങ്ങളുള്ള വാൽമീകി രാമായണമാണ്‌ ഏറ്റവും പേരുകേട്ടത് എങ്കിലും രാമന്റെ കഥയുടെ ഏറ്റവും പഴയ പതിപ്പ് നാരദ മുനിയിൽ ആരോപിക്കപ്പെട്ട സംസ്കൃതത്തിലെ  “മൂല രാമായണം” ആണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. തമിഴ് സംഘ സാഹിത്യ (200 BCE-200 CE) കൃതികളായ  – അഗനാനൂറു, പുറനാനൂറു, ചിലപദികാരം എന്നിവ രാമനെ  പരാമർശിക്കുന്നു എന്നുമാത്രമല്ല രാമന്റെ ജീവിതവുമായി വിവിധ സാഹചര്യങ്ങളെ താരതമ്യം ചെയ്യുന്നതും കാണാം.

Japanese Filmmaker Yugo Sako Gave India An Utterly Moving Depiction Of  Ramayana-It Is Time To
Japanese Filmmaker Yugo Sako Gave India An Utterly Moving Depiction Of Ramayana

രാമായണം ചരിത്രം ആണോ ? – അതിൽ ചരിത്രം ഉണ്ട് , അതിൽ ഭാവനകൾ ഉണ്ടോ ? – ഉണ്ട് , അതിൽ ഹൈന്ദവരുടെ  സംസ്കാരം ഉണ്ടോ ? – ഉണ്ട് , ഹിന്ദുക്കൾ അല്ലാത്ത പുരാതന ഇൻഡിക് മതങ്ങളിൽ രാമായണം ഉണ്ടോ ? – ജൈനരിലും ബൗദ്ധരിലും ഉണ്ട് . ചുരുക്കി പറഞ്ഞാൽ മധ്യ ഏഷ്യയിൽ ഉത്ഭവിച്ച ജൂത-ക്രിസ്ത്യൻ -ഇസ്‌ലാം മതങ്ങളിൽ ഒക്കെ  അബ്രഹാമിന്റെ  കഥ വകഭേദങ്ങളോടെ  ഉള്ളത് പോലെ ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിലനിന്ന പരിഷ്‌കൃത സമൂഹങ്ങളുടെ മതങ്ങളിൽ എല്ലാം രാമായണത്തിന്റെ വകഭേദങ്ങൾ ഉണ്ട് …അത് ഈ ഭൂഖണ്ഡത്തിന്റെ മത അതിർവരമ്പുകൾക്കു  അതീതമായ വർത്തിക്കുന്ന സാംസ്കാരിക ചരിത്രമാണ് പൈതൃക ദത്തമായ ആത്മീയ  മൂല്യ ശ്രോതസ്സാണ്‌.


 REFERENCES :
1 . NANDITA KRISHNA: HOW DID INDIAN HISTORY BECOME MYTH
https://openthemagazine.com/columns/guest-column/indian-history-became-myth/
2 .ROMILA THAPAR : “THE PAST BEFORE US: HISTORICAL TRADITIONS OF EARLY NORTH INDIA.” 
https://www.youtube.com/watch?v=V3rR_x24S64&ab_channel=MittalInstitute

1 COMMENT

  1. ക്രി.മു. എന്നത് ഉപയോഗിക്കുന്നത് ഒരു മതത്തെ സൂചിപ്പിക്കുന്നു. BCE എന്ന് ഞങ്ങൾക്ക് വായിച്ചെടുക്കാം

Leave a Reply to ECKHART TOLLE Cancel reply

Please enter your comment!
Please enter your name here