സംസ്ഥാനം കടക്കെണിയിലേക്ക് കൂപ്പ് കുത്തുമ്പോഴും ധൂർത്തും ദുർവ്യയവും തുടർന്ന് പിണറായി സർക്കാർ 

0

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിന്റെ പൊതുകടത്തിൽ 80 % ന്റെ വർദ്ധനവ്. 

നിയമ സഭയിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 2016-2017 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ പൊതുകടം 1,86,453.86 കോടി രൂപയായിരുന്നു. അതാണ് 2021-2022 സാമ്പത്തിക വർഷത്തിൽ 3,35,641.15 കോടിയായി ഉയർന്നത്. അതായത് അഞ്ചു വർഷത്തെ പിണറായി ഗവൺമെന്റിന്റെ ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ പൊതുകടം ഏതാണ്ട് ഇരട്ടിയോളമായി! 

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മതിച്ച പിണറായി സർക്കാർ,  സാമ്പത്തിക പ്രതിസന്ധി അനുദിനം നിയന്ത്രണാതീതമാവുകയാണെന്ന് അറിയിച്ചു. റവന്യു കമ്മി നികത്താനുള്ള സഹായധനത്തിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 6716 കോടിയുടെ കുറവുണ്ടായതും കൂടുതൽ കടം വാങ്ങാനുള്ള കേരളത്തിന്റെ പരിധി 24638.68 കോടിയായി കേന്ദ്രം നിജപ്പെടുത്തിയതുമാണ് പൊതുകടം വർദ്ധിക്കാനുള്ള കാരണമായി പിണറായി സർക്കാർ ചൂണ്ടി കാണിക്കുന്നത്. കിഫ്‌ബി പോലുള്ള ഗവണ്മെന്റ് ഏജൻസികൾ വഴി എടുക്കുന്ന കടം, ഗവണ്മെന്റ് എടുക്കുന്ന കടമായി തന്നെ കേന്ദ്രം കണക്കാക്കിയതിനാലാണ് കൂടുതൽ കടം എടുക്കാനുള്ള കേരളത്തിന്റെ പരിധി 24638.68 കോടിയായി നിജപ്പെടുത്തിയത്. 

കിഫ്‌ബി വഴി വൻ തോതിൽ എടുക്കുന്ന ലോണുകളാണ് കേരളത്തിന്റെ പൊതുകടം ക്രമാതീത മായി ഉയരാൻ കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. കിഫ്‌ബി എടുക്കുന്ന കടം ഗവണ്മെന്റിന്റെ കടമായി കണക്കാക്കാൻ കഴിയില്ലെന്നും കൂടുതൽ കടമെടുക്കാൻ സംസ്ഥാനത്തെ അനുവദിക്കണം എന്നുമാണ് കേരളത്തിന്റെ വിചിത്രമായ ആവശ്യം. 

കിഫ്‌ബി എടുക്കുന്ന കടം കേരളത്തിന്റെ പൊതുകടമായി തന്നെ കണക്കാക്കും എന്ന് CAG പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പറയുന്നു. കിഫ്ബിക്ക് ലോണെടുക്കാൻ ഗ്യാരന്റി നിൽക്കുന്നത് സംസ്ഥാന സർക്കാരാണ്. വാഹന നികുതിയും, പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് പോലെയുള്ള വരുമാനങ്ങളുടെ ഗ്യാരന്റിയിലാണ് കിഫ്ബിക്ക് ധനകാര്യ സ്ഥാപനങ്ങൾ ലോൺ അനുവദിക്കുന്നത്. ഇതെല്ലം ആത്യന്തികമായി ഒടുക്കേണ്ടത് സംസ്ഥാനത്തെ നികുതി ദായകരാണെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

വരവിനനുസരിച്ച് ചെലവ് ചുരുക്കാൻ കഴിയാത്തതാണ്‌ കേരളത്തിന്റെ പൊതുകടം കുമിഞ്ഞു കൂടാനുള്ള കാരണം. മന്ത്രിമാരുടെ സാമ്പത്തിക ദുർവ്യയവും, ധൂർത്തും, ആശ്രിത നിയമനങ്ങളുമെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കേരളത്തിന്റെ GDP യുടെ 37.18 % ആണ് നിലവിലുള്ള കടം. 15 ആം ഫിനാൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം GDPയുടെ  25% ആണ് കടമെടുക്കാൻ അനുവദനീയമായ പരിധി. മേൽ പറഞ്ഞ കടം സംസ്ഥാന സർക്കാരിന്റെ മാത്രം കടമാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ഇപ്പോൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അവയുടെ കടം കൂടി കൂട്ടി കഴിഞ്ഞാൽ കേരളത്തിന്റെ പൊതുകടം ഇപ്പോൾ 37.18 % നും മുകളിൽ പോകും. 

കേന്ദ്ര വിഹിതത്തിലുണ്ടായ കുറവാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് പിണറായി സർക്കാർ വാദിക്കുമ്പോഴും, കഴിഞ്ഞ 5 വർഷങ്ങൾക്കിടെ കേരളത്തിനാണ് ഏറ്റവും അധികം കേന്ദ്ര സഹായധനം ലഭിച്ചതെന്ന് 15 ആം ഫിനാൻസ് കമ്മീഷന്റെ രേഖകൾ വ്യക്തമാക്കുന്നു. 53,137 കോടിയാണ് കേരളത്തിന് സഹായധനമായി കേന്ദ്രം വകയിരുത്തിയത്. കേരളത്തോടൊപ്പം സഹായധനം ലഭിച്ച മറ്റു 16 സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന തുകയാണിത്. 

വരുമാനം വർദ്ധിപ്പിക്കുക, ചിലവ് ചുരുക്കി മുന്നോട്ട് പോവുക എന്നീ രണ്ടു വഴികളാണ് സംസ്ഥാനത്തിന് മുന്നിലുള്ളത്. കടമെടുക്കുന്ന തുകയുടെ സിംഹഭാഗവും വിനിയോഗിക്കുന്നത് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാനാണ്. അത് കഴിഞ്ഞ് വികസന പ്രവർത്തനങ്ങൾക്കെവിടെ പണം? 

നാട്ടിൽ വ്യവസായങ്ങൾ വന്നാലേ ഖജനാവിലേക്ക് പണം വരൂ. വ്യവസായം വരാൻ മികച്ച ഇൻഫ്രാസ്ട്രക്ച്ചറും വ്യവസായികളെ സ്വാഗതം ചെയ്യുന്ന ഗവണ്മെന്റും വേണം. നിലവിലെ പരിസ്ഥിതിയിൽ ഉള്ള വ്യവസായങ്ങൾ പോലും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. 

പേഴ്‌സണൽ സ്റ്റാഫിൽ അംഗങ്ങളെ തിരുകി കയറ്റിയും, വിലകൂടിയ കാറുകൾ വാങ്ങിയും, കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്തിയും പൊതുഖജനാവ്‌ കൊള്ളയടിക്കുന്ന മന്ത്രിമാരും സ്വയം വിമർശനത്തിന് തയ്യാറാകണം. അനിയന്ത്രിതമായി പൊതുകടം പെരുകിയാൽ ഭരണഘടനയുടെ 360 ആം അനുച്ഛേദപ്രകാരം കേന്ദ്ര ഗവൺമെന്റിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ടെന്ന് പിണറായി സർക്കാർ മറക്കരുത്. കടമെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വയം കൈക്കൊള്ളുന്നതാവും സംസ്ഥാനത്തിന് അഭികാമ്യം. 

LEAVE A REPLY

Please enter your comment!
Please enter your name here