ലിംഗായത്ത് മതം: അഹിന്ദുവത്‌കരണത്തിലൂടെ ഇന്ത്യയെ ന്യൂനപക്ഷവത്‌കരിക്കുമ്പോൾ..

3

കർണാടകയിലെ ലിംഗായത്ത് – വീരശൈവ സമുദായത്തെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന റിപ്പോർട്ട് സിദ്ധാരാമയ്യ ഗവണ്മെന്റ് കേന്ദ്ര സർക്കാരിന് കഴിഞ്ഞ ദിവസം അയക്കുകയുണ്ടായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് ലിംഗായത്തുകളെ ഒരു പുതിയ മതമായി പ്രഖ്യാപിക്കണമെന്ന് കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ചാൽ, അധികം വൈകാതെ തന്നെ ലിംഗായത് വീരശൈവ സമുദായം ഒരു പുതിയ ന്യൂനപക്ഷ മതമായി കണക്കാക്കപ്പെടും.

ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ ന്യൂനപക്ഷ മതം ആവുക എന്നത് ഏതൊരു സമുദായവും കൊതിക്കുന്ന കാര്യമാണ്. ബിജെപി അധികാരത്തിൽ ഏറിയതിന് ശേഷം ഇന്ത്യയിലെങ്ങും ന്യൂനപക്ഷ മതങ്ങളോടുള്ള അസഹിഷ്ണുത വർദ്ധിച്ചുവെന്നും, ‘ഹിന്ദു ഭീകരവാദം’ അഴിഞ്ഞാടുകയാണെന്നും മറ്റുമുള്ള വ്യാപക പ്രചാരണം നടന്നുകൊണ്ടിരിക്കുമ്പോഴും കൂടുതൽ സമുദായങ്ങൾ ‘ന്യൂനപക്ഷ മതം’ എന്ന ടാഗിനായി സ്വയം മുന്നോട്ട് വരുന്നത് വൈരുദ്ധ്യമെന്നേ പറയേണ്ടൂ!

കർണ്ണാടകയിലെ ഒരു പ്രബല സമുദായമാണ് ലിംഗായത്തുകൾ. മുൻ മുഖ്യമന്ത്രി യദ്യൂരപ്പയുടെ സമുദായം. ഗുജറാത്തിലെ പട്ടേൽ സമുദായത്തെ പോലെ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി ബിജെപി യോട് അനുഭാവം പുലർത്തുന്ന സമുദായമാണെന്ന പ്രത്യേകത കൂടിയുണ്ട്. (ഗുജറാത്ത് ഇലക്ഷൻ മുമ്പ് പട്ടേൽ സംവരണത്തിനായുള്ള ബഹളം ഓർക്കുമല്ലോ, എന്തായാലും പ്രത്യേക മതം ആകണം എന്ന് പറഞ്ഞ് പട്ടേലുകളെ ഇളക്കി വിടാത്തതിൽ നമുക്ക് ആശ്വസിക്കാം).

ലിംഗായത്തുകൾ അടിച്ചമർത്തപ്പെട്ട ഒരു സമുദായമല്ല. കർണ്ണാടകയിലെ ഒട്ടുമിക്ക വ്യവസായ സംരംഭങ്ങളെ നിയന്ത്രിക്കുന്നതും നയിക്കുന്നതും ലിംഗായത്തുകളാണ്. അനേകം സ്‌കൂളുകളും മെഡിക്കൽ/എഞ്ചിനീയറിംഗ് കോളേജുകളും നടത്തുന്നത് ലിംഗായത്ത് സമുദായത്തിൽ പെട്ടവരാണ്. ലിംഗായത് സമുദായം പ്രത്യേക മതമായാൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം RTE നിയമത്തിന് പുറത്താകും, (നിലവിൽ ഹിന്ദു സ്ഥാപനങ്ങൾക്ക് മാത്രമാണല്ലോ RTE നിയമം ബാധകമായിട്ടുള്ളത്!) ഇങ്ങനെയൊക്കെ ആയിരിക്കേ, ലിംഗായത്തുകളെ ഒരു പുതിയ ന്യൂനപക്ഷ മതമായി പ്രഖ്യാപിക്കുന്നതിലെ ഔചിത്യം എന്തായിരിക്കും?

ഭരണഘടനാ ശിൽപികൾ ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം രൂപം നൽകിയ നിയമങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലെ 25 മുതൽ 30 വരെയുള്ള ന്യൂനപക്ഷാവകാശങ്ങൾ. ഈ ആർട്ടിക്കിളുകൾ ഭരണഘടനയിലെ മൗലിക അവകാശങ്ങളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് തോന്നിയാൽ ഏതൊരു പൗരനും സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണ്. അത്തരത്തിൽ ശക്തമായ നിയമ പരിരക്ഷയാണ് ഇന്ത്യൻ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കിയിട്ടുള്ളത്. മതപരമായോ ഭാഷാപരമായോ വ്യത്യസ്തരായ ജനങ്ങൾക്ക് ഒരു വിവേചനവും രാജ്യത്ത് ഉണ്ടാകരുത് എന്ന ചിന്തയാവും ഇങ്ങനെയൊരു നിയമ നിർമ്മാണം നടത്തുമ്പോൾ ഭരണഘടനാ ശില്പികളെ നയിച്ചിട്ടുണ്ടാകുക. എന്നാൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്?

ഉദാഹരണത്തിന് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തെ തന്നെ പരിശോധിക്കാം. കേരളത്തിൽ ഏറെക്കുറെ 70% മെഡിക്കൽ/എൻജിനീയറിംഗ് പ്രൊഫഷണൽ വിദ്യാഭാസ സ്ഥാപനങ്ങൾ കയ്യാളുന്നത് ക്രിസ്ത്യൻ രൂപതകളാണ്. എന്നാൽ, ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജുകൾക്ക് ന്യൂനപക്ഷങ്ങളുടെ സവിശേഷ ആനുകൂല്യങ്ങൾ പ്രകാരം UPA ഗവണ്മെന്റ് കൊണ്ടുവന്ന RTE നിയമം ബാധകമല്ല. സംസ്ഥാനത്ത്  രാഷ്ട്രീയ സാമ്പത്തിക ശക്തിയായിരുന്നിട്ട് പോലും പോലും ന്യൂനപക്ഷ ആനുകൂല്യങ്ങൾ എങ്ങനെ ഒരു സമുദായത്തിന് മേൽക്കൈ നേടിക്കൊടുക്കുന്നു എന്നതിന്റെ നേർ ചിത്രമാണിത്.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകാനോ കുറച്ച് സീറ്റുകൾ നീക്കി വെക്കാനോ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ സ്വമേധയാ തയ്യാറാകുന്നത് നാം കണ്ടിട്ടില്ല. ലക്ഷങ്ങൾ ചിലവഴിച്ച് ഏറ്റവും മുന്തിയ വക്കീലിനെ കൊണ്ടുവന്ന് അവർ സുപ്രീം കോടതിയിൽ കേസുകൾ നടത്തുന്നു. ന്യൂനപക്ഷാവകാശത്തെ സമർത്ഥമായി വളച്ചൊടിച്ച് അനുകൂല വിധികൾ നേടുകയും സംസ്ഥാന സർക്കാരുകളെ പോലും സമ്മർദ്ദത്തിലാക്കി തങ്ങൾക്കിഷ്ടമുള്ള ഫീസ് പിരിക്കുകയും ചെയ്യുന്നു! എല്ലാ വർഷവും മുടങ്ങാതെ കാണുന്ന കാഴ്ചകളാണിതൊക്കെ. കേരളം പോലെ തങ്ങൾ പ്രബലരായ ഒരു സംസ്ഥാനത്ത് പോലും ചെറിയൊരു വിട്ടുവീഴ്ചക്ക് ഈ ‘സംഘടിത ന്യൂനപക്ഷം’ (A.K ആന്റണിയുടെ ഭാഷയിൽ) ഒരുക്കമല്ല.

ന്യൂനപക്ഷ അവകാശങ്ങൾ എഴുതി ചേർത്തപ്പോൾ ഇങ്ങനെയൊരു സാധ്യത നമ്മുടെ ഭരണഘടനാ ശിൽപികൾ കണ്ടിട്ടുണ്ടാവുമോ? ഉദാഹരണത്തിന് ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. അവിടെ ഹിന്ദുക്കൾക്ക് മേൽ പറഞ്ഞ സവിശേഷ ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്തുകൊണ്ട് കിട്ടുന്നില്ല? (ഈ 7 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷാവകാശങ്ങൾ നൽകണമെന്ന ഹർജി സുപ്രീം കോടതി കുറച്ചു മാസങ്ങൾക്ക് മുമ്പ് തള്ളുകയുണ്ടായി). ഭരണഘടനയിൽ ന്യൂനപക്ഷം എന്നതിനോ ഭൂരിപക്ഷം എന്നതിനോ കൃത്യമായ നിർവചനം ഇല്ല. അല്ലെങ്കിൽ കാശ്മീരിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പരിരക്ഷ ലഭിച്ചേനെ. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അനുപാതത്തിൽ ന്യൂനപക്ഷങ്ങളെ നിർവചിക്കുന്നതിലെ അനൗചിത്യമാണ് 7 സംസ്ഥാങ്ങളിൽ ന്യൂനപക്ഷമായിരുന്നിട്ടും ഭരണഘടന നിർവചിച്ച പ്രത്യേക പരിരക്ഷ ഹിന്ദുക്കൾക്ക് ലഭിക്കാതെ പോയതിന്റെ കാരണം.

ന്യൂനപക്ഷമെന്ന നിർവചനത്തിലെ ഈ അപാകത നമുക്ക് തത്ക്കാലം മാറ്റിവെക്കാം. ആകർഷകമായ ന്യൂനപക്ഷ അവകാശങ്ങൾക്കായി സാമ്പത്തികവും സാമൂഹികവുമായി മുന്നിട്ട് നിൽക്കുന്ന സമുദായങ്ങൾ മുന്നോട്ട് വരും എന്ന് നമ്മുടെ ഭരണഘടനാ ശിൽപികൾ ചിന്തിച്ചിരിക്കാൻ ഇടയുണ്ടാകുമോ? ഈ പ്രത്യേക ആനുകൂല്യങ്ങൾ മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതാണെന്ന് അവർ നിരീക്ഷിച്ചിട്ടുണ്ടാകുമോ? രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഹിന്ദു മതത്തിലെ സമുദായങ്ങളെ പിളർത്തി പ്രത്യേക ന്യൂനപക്ഷ മതമായി മാറ്റാൻ രാഷ്ട്രീയ കഴുകൻമാർ ശ്രമിക്കുമെന്ന് ഭരണാഘടനാ സഭയ്ക്ക് നേതൃത്വം കൊടുത്ത അല്ലാടി കൃഷ്ണസ്വാമി അയ്യരെ പോലുള്ള നിയമ വിദഗ്ധർ സ്വപ്നേപിയെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ? ഇല്ല എന്ന് തന്നെ നമുക്ക് നിഃസംശയം പറയാനാകും.

സങ്കുചിതരും പാമരരുമായ രാഷ്ട്രീയ നേതാക്കൾ, ക്ഷണിക ലാഭങ്ങൾക്ക് വേണ്ടി ന്യൂനപക്ഷ അവകാശങ്ങൾ എന്ന ഇര കാട്ടി പ്രലോഭിച്ച് ഹിന്ദു മതത്തെ വിഭജിക്കുവാനും വോട്ട് ബാങ്കുകളെ ഒപ്പം കൂട്ടി അധികാരത്തിലേറുവാനും ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് നമുക്കിന്ന് കാണാൻ കഴിയുന്നത്. അതിൽ ഒടുവിലത്തേതാണ് ലിംഗായത്തുകളെ പ്രത്യേക മതമായി മാറ്റി അധികാരത്തിൽ വരാൻ ശ്രമിക്കുന്ന സിദ്ധാരാമയ്യയുടെ കുടില തന്ത്രം!

രാജ്യത്ത് ഹിന്ദു വർഗ്ഗീയതയാണെന്ന് അമീർഖാനും ഷാരൂഖ് ഖാനും തൊട്ട് അബ്ദുൽ നാസർ മദനി വരെ ആരോപിക്കുമ്പോഴും, ന്യൂനപക്ഷം എന്ന ടാഗ് ഇന്ത്യയിൽ തുറന്ന് കൊടുക്കുന്നത് അനന്ത സാധ്യതകളാണ്. നിയമ പരിരക്ഷ ഒരു വശത്ത്, പ്രത്യേക സ്‌കോളർഷിപ്പുകൾ, ആകർഷകമായ ഭവന വായ്പകൾ, സ്‌കിൽ ഡവലപ്മെന്റ് സ്കീമുകൾ, അനായാസമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടു പോകുവാനുമുള്ള അധികാരം, പിന്നെ കേരളം പോലെയുള്ള ചില സംസ്ഥാങ്ങളിൽ ന്യൂനപക്ഷ വിധവകൾക്കായുള്ള പ്രത്യേക ഭവന പദ്ധതികളും പെൻഷനും.. അങ്ങനെ ഏത് സമുദായത്തെയും മോഹിപ്പിക്കുന്ന ഓഫറുകളാണ് ഈ ന്യൂനപക്ഷ ടാഗിലുള്ളത്.

2014 ജനുവരി 30 ന് ജൈനരെ ഒരു ന്യൂനപക്ഷ മതമായി ഇന്ത്യ അംഗീകരിച്ചു.  ജൈനരും ബുദ്ധരും നൂറ്റാണ്ടുകളോളം ഹിന്ദു മതത്തിലെ തന്നെ ഒരു പ്രത്യേക സെക്ട് ആയാണ് നിലനിന്നിരുന്നത്. (ഇന്നും ഒരു പരിധിവരെ അങ്ങിനെ തന്നെയാണ്, അബ്രഹാമിക് മതങ്ങളുടെ അനുയായികൾ ഹിന്ദു ദൈവങ്ങളെ ഭർത്സിക്കുന്നത് പോലെ ബുദ്ധരോ ജൈനരോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.) ഈ രണ്ടു മതങ്ങളെയും പുതിയ മതങ്ങളായി പരിഗണിക്കാൻ, അഥവാ അഹിന്ദുവത്‌കരിക്കാൻ മുന്നോട്ട് വച്ച ന്യായം ഹിന്ദു മതത്തിലെ വേദിക് സിസ്റ്റത്തെ ഇവർ മാനിക്കുന്നില്ല എന്നതാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നോക്കിയാൽ, ലിംഗായത്ത് മതം രൂപീകരിക്കാൻ സിദ്ധാരാമയ്യ മുന്നോട്ട് വച്ച വാദവും ഇത് തന്നെയാണെന്ന് കാണാം. ലിംഗായത് സമുദായാചാര്യനായ ബസവണ്ണ വേദിക് സിസ്റ്റത്തെ മാനിച്ചിരുന്നില്ല എന്ന ഒറ്റ വാദത്തിന്റെ ബലത്തിലാണ് ലിംഗായത്തുകളെ പ്രത്യേക ന്യൂനപക്ഷ മതമായി കാണണം എന്ന നിഗമനത്തിൽ കർണ്ണാടക ന്യൂനപക്ഷ കമ്മീഷൻ എത്തിച്ചേർന്നത്! ലിംഗായത്തുകൾ കടുത്ത ശിവ ഭക്തരാണെന്ന വസ്തുത സൗകര്യപൂർവ്വം വിസ്മരിക്കപ്പെട്ടു. (ഇലക്ഷൻ ജയിക്കാൻ വേണ്ടി പരമശിവൻ ഹിന്ദു ദൈവം അല്ലെന്ന് പോലും വാദിക്കാൻ കോൺഗ്രസ് മടിച്ചേക്കില്ല)

വേദിക് സിസ്റ്റത്തെ പല ഹിന്ദു യോഗിവര്യന്മാരും തള്ളി പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവരുടെ അനുയായികളെയൊക്കെ അഹിന്ദുക്കളായി പ്രഖ്യാപിച്ച് ഹിന്ദുമതത്തിൽ നിന്ന് അടർത്തിയെടുക്കണം എന്ന വാദം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങിനെ അനുവദിക്കാനാവും? ഹിന്ദു മതം വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ തളച്ചിടപ്പെട്ട ഒരു മതമല്ല. അഞ്ചു നേരം തൊള്ള കീറി ‘അങ്ങ് മഹാനാണ്’ എന്ന് പറഞ്ഞില്ലെങ്കിൽ നരകത്തീയിലിട്ട് പൊരിക്കാൻ നോക്കിയിരിക്കുന്ന ദേവതാ സങ്കല്പമല്ല ഹിന്ദു മതത്തിലേത്. ഒരു ഹിന്ദു മത വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം ഇന്ദ്രന്റെ സ്വർഗ്ഗത്തിലെ മദ്യപ്പുഴയിൽ കുളിച്ച് അപ്സര സ്ത്രീകളെ പ്രാപിക്കുക എന്നതുമല്ല. പരമാത്മാവിൽ വിലയം പ്രാപിച്ച് ജനിമൃതികളിൽ നിന്നുമുള്ള മോക്ഷമാണ് ഹിന്ദു മതത്തിന്റെ സത്ത. എല്ലാ നദികളും സമുദ്രത്തിലേക്കൊഴുകുന്നത് പോലെ മോക്ഷം പ്രാപിക്കാൻ വഴികളും അനേകമുണ്ട്. ഇത്ര ലിബറലായുള്ള ഒരു മതത്തിൽ വേദിക് സിസ്റ്റത്തെ പലരും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടാകാം, ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ആ ഒരൊറ്റ മാനദണ്ഡത്തിൽ അവരെ പ്രത്യേക മതമായി കാണണം എന്ന് ഏതെങ്കിലും അല്പബുദ്ധിയായ രാഷ്ട്രീയക്കാരൻ പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും?

അഹിന്ദുവത്‌കരണത്തിലൂടെ രാഷ്ട്രീയപ്പാർട്ടികൾ ലക്ഷ്യം വെയ്ക്കുന്നത് കേവലം അഞ്ചു വർഷത്തേക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള പെർമിറ്റ് മാത്രമാണ്, അതിനായി അവർ ബലി കൊടുക്കുന്നതോ ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തെയും! സാമ്പത്തികമായും സാമൂഹികമായും ഉന്നതനിലയിലുള്ള ലിംഗായത്തുകൾക്ക് ന്യൂനപക്ഷ മതത്തിന്റെ സവിശേഷ ആനുകൂല്യങ്ങൾ കൂടി കിട്ടുമ്പോൾ, ഹിന്ദു മതത്തിലെ മറ്റു സമുദായങ്ങളെ അതെങ്ങിനെ ബാധിക്കും എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന് കർണാടകയിൽ തന്നെയുള്ള മറ്റൊരു ഹിന്ദു സമുദായമായ വൊക്കലിംഗ സമുദായത്തിന്റെ കാര്യം തന്നെയെടുക്കാം, സമ്പന്നനായ ലിംഗായത്ത് മതക്കാരന് ന്യൂനപക്ഷ ആനുകൂല്യത്തിന്റെ ബലത്തിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള അനുമതി നിഷ്പ്രയാസം ലഭിക്കുന്നു. ഗവണ്മെന്റിന്റെ യാതൊരു ഇടപെടലുകളും ഇല്ലാതെ, സ്‌കൂളുകളും കോളേജുകളും നടത്തി സാമ്പത്തിക ലാഭമുണ്ടാക്കുന്ന ലിംഗായത്തിനെ കാണുമ്പോൾ ഹിന്ദു മതക്കാരനായ വൊക്കലിംഗ സമുദായക്കാരന് എന്താവും തോന്നുക? ഹിന്ദു മതത്തെ തള്ളിപ്പറഞ്ഞ് ന്യൂനപക്ഷ മതമാകാൻ മറ്റു സമുദായങ്ങളെയും ഈ വിവേചനപരമായ ന്യൂനപക്ഷ ആനുകൂല്യങ്ങൾ പ്രേരിപ്പിക്കില്ലേ? ഫലമോ, സാമൂഹിക അന്തഃഛിദ്രം!

അനേകം വിദ്യാഭ്യാസ സ്ഥാപങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലെയൊരാൾക്കും ‘ന്യൂനപക്ഷ മതം’ എന്ന ടാഗ് നൽകുന്ന ഓഫറിന് നേരെ എങ്ങിനെ കണ്ണടക്കാനാകും? ശ്രീനാരായണ ഗുരുവിന്റെ കൃതികളിൽ എവിടെയെങ്കിലും വേദങ്ങളെ വിമർശിച്ചിട്ടുണ്ടെങ്കിൽ, അങ്ങനെയൊരു ആവശ്യം അംഗീകരിക്കാൻ കേരളത്തിലെ ഇടതനും വലതനും മടിച്ചു നിൽക്കും എന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ചും ഹിന്ദു ഐക്യം ഒരു ഡമോക്ലാസിന്റെ വാള് പോലെ ഇവരുടെയൊക്കെ ശിരസ്സിന് മുകളിൽ തൂങ്ങി നിൽക്കുമ്പോൾ? അങ്ങിനെ അനിതര സാധാരണമായ ഒരു ഭീഷണിയാണ് ഈ ന്യൂനപക്ഷവത്ക്കരണം രാജ്യത്തിന് മേൽ ഉയർത്തുന്നത്.

ഇതിനെ അതിജീവിക്കാൻ കരണീയമായിട്ടുള്ളത് ന്യൂനപക്ഷ പദവി ലഭിച്ചാൽ കിട്ടുന്ന ഓഫറിനെ നേർപ്പിക്കുക എന്നത് മാത്രമാണ്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത് പോലെ സാമൂഹിക പരിരക്ഷക്ക് വേണ്ടി മാത്രം ന്യൂനപക്ഷാവകാശങ്ങൾ ഉപയോഗിക്കപ്പെടും എന്ന് ഉറപ്പു വരുത്തുക. ഭൂരിപക്ഷ സമുദായത്തിന് മുകളിൽ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനും അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുത്തത് രാഷ്ട്രീയ വിലപേശൽ നടത്തുവാനുമല്ല ഭരണഘടനയിൽ ന്യൂനപക്ഷാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രാദേശിക അടിസ്ഥാനത്തിൽ മാത്രം ന്യൂനപക്ഷ അവകാശങ്ങൾ കൊടുക്കുക. കാശ്മീർ, മിസോറാം പോലെയുള്ള സ്ഥലങ്ങളിലിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കുക. അതുപോലെ തന്നെ ഭരണഘടനയിൽ വീണ്ടുവിചാരമില്ലാത്ത എഴുതി ചേർത്തിരിക്കുന്ന ആനുകൂല്യങ്ങൾ എടുത്തുകളയുക. RTE ആക്ട് പോലുള്ള നിയമങ്ങൾ എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ബാധകമാകുക. അങ്ങിനെ ഈ ന്യൂനപക്ഷ മത ടാഗ് നൽകുന്ന ഓഫറുകളെ നിർവീര്യമാക്കിയാൽ മാത്രമേ ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധിയെ നമുക്ക് തരണം ചെയ്യാൻ കഴിയൂ.

42-ാം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ‘സെക്കുലറിസം’ എന്ന വാക്ക് ഇന്ദിരാ ഗാന്ധി എഴുതി ചേർക്കുന്നതിനും മുമ്പേ ഹിന്ദുക്കൾ മതേതരയായിരുന്നു; ഇതര മതവിഭാഗങ്ങളോട് സഹിഷ്ണുതയോടെ പെരുമാറിയവരുമായിരുന്നു. അബ്രാഹാമിക് മത വിശ്വാസികളെ മതേതരത്വം പഠിപ്പിച്ചെടുക്കേണ്ടത് പോലെയൊരു സാഹചര്യം ഹിന്ദുവിനില്ല എന്ന് സാരം. അങ്ങനെയിരിക്കെ മതപരിവർത്തനത്തെയും അഹിന്ദുവത്കരണത്തെയും പ്രോത്സാഹിപ്പിക്കുന്ന ഭരണഘടനയിലെ ഭാഗങ്ങൾ ഒരു പുനർവിചിന്തനത്തിന് വിധേയമാക്കേണ്ട സമയമാണിത്, പ്രത്യേകിച്ചും രാജ്യം അപകടകരമാം വിധം വിഘടന വാദികളെ കൊണ്ടും, ദീർഘവീക്ഷമില്ലാത്ത രാഷ്ട്രീയ സമുദായ നേതാക്കളെ കൊണ്ടും നിറഞ്ഞ ഈ കാലഘട്ടത്തിൽ. ഈ യുദ്ധത്തിൽ വിജയിച്ചില്ലെങ്കിൽ ഹിന്ദു മതത്തിനോ ഇന്ത്യ എന്ന സങ്കൽപ്പത്തിനോ അധികം ആയുസ്സില്ല എന്ന് കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തട്ടെ.

3 COMMENTS

  1. Necessary amendment must be made in the Constitution, to control the undue advantage given to the minorities,and also the politicians,who are trying to split the majority hindu commu

  2. The greedy politicians must not try to split hindus and also the hindus can’t be converted to other religion, without the consent of other hindu relative s.

LEAVE A REPLY

Please enter your comment!
Please enter your name here