കോര്‍പറേറ്റ് കിട്ടാക്കടം: മോഡിസര്‍ക്കാരിന്റെ ഒറ്റമൂലി ഫലം കണ്ടു

യുപിഎ സര്‍ക്കാരിന്റെ ഭരണ കെടുകാര്യസ്ഥതയുടെയും അഴിമതിയുടേയും ജീവിക്കുന്ന സ്മരകമായ ബാങ്കുകളുടെ കിട്ടാക്കടത്തിന് മോഡി സര്‍ക്കാരിന്റെ ഒറ്റമൂലി ഫലം കണ്ടിരിക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ നട്ടെല്ല് തകര്‍ക്കുന്ന, സാമ്പത്തിക ചതുപ്പെന്ന് വിശേഷിപ്പിക്കാവുന്ന കിട്ടാക്കടം അഥവാ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് (NPA) രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതര പ്രശ്‌നമാണ്.

ഇതില്‍ നിന്ന് ബാങ്കുകളെ മോചിപ്പിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രൂപം നല്‍കിയ ഇന്‍സോള്‍വന്‍സി ആൻഡ് ബാങ്ക്രപ്‌സി കോഡ് (IBC) വെറും നിയമം മാത്രമല്ലെന്നും അത് സുതാര്യവും ആയാസരഹിതമായി നടപ്പിലാക്കാവുന്നതുമാണെന്ന് ഭൂഷന്‍ സ്റ്റീല്‍ ലിമിറ്റഡ് എന്ന വലിയ കമ്പനിയുടെ കിട്ടടക്കട വിഷയത്തില്‍ സ്വീകരിച്ച നടപടിയിലൂടെ തെളിഞ്ഞു.

ബാങ്കുകളുടെ കിട്ടാക്കടങ്ങളില്‍ ഏറ്റവും ഭീമമായ വായ്പാ കുടിശിക വരുത്തിയ 12 കമ്പനികളെ മുന്‍ഗണനാ പട്ടികയില്‍ പെടുത്തി റിസര്‍വ് ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യുണല്‍ മുഖാന്തിരം കഴിഞ്ഞ വര്‍ഷമവസാനം നടപടി ആരംഭിച്ചവയില്‍ മാസങ്ങള്‍ കൊണ്ട് തീര്‍പ്പു കല്‍പ്പിച്ച കേസാണ് ഭൂഷന്‍ സ്റ്റീലിന്റെ 45,000 കോടി രൂപയുടെ കിട്ടാക്കടം.

നീരവ് മോഡി വിഷയത്തില്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇവിടേയും പെട്ടത്. വര്‍ഷങ്ങളായി വായ്പ എടുത്തത് തിരിച്ചടയ്ക്കാതെ, നിയമ നൂലാമാലകളില്‍ കിടന്ന് തീര്‍പ്പാകാതെ, പഞ്ചാബ് നാഷണല്‍ ബാങ്കിനും സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പടെയുള്ള മറ്റ് വായ്പാ ദായകര്‍ക്കും കൂടി 45,000 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ച കമ്പനിയെ പുതിയ പാപ്പര്‍ നിയമം അനുസരിച്ച് ധ്രുതഗതിയില്‍ ലേലത്തിന് വെച്ച് ബാങ്കുകള്‍ക്ക് തിരികെ പണം ലഭ്യമാക്കുന്ന നടപടി എടുത്താണ് മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും പൊതു മേഖല ബാങ്കിംഗ് സംവിധാനത്തിനും പുത്തന്‍ ഉണര്‍വ് സമ്മാനിച്ചത്.

ലേലത്തിന് വെയ്ക്കുമ്പോള്‍ ഭൂഷന്‍ സ്റ്റീലിന്റെ ലിക്വഡേഷന്‍ മൂല്യം കേവലം 14,641 കോടി രൂപ മാത്രമായിരുന്നു.

എന്നാല്‍, ബാങ്കുകളെ, അഴിമതി നിറഞ്ഞ അവരുടെ മാനേജ്‌മെന്റുകള്‍ക്ക് സ്വതന്ത്രമായി വിട്ടുനല്‍കാതെയും അവരുടെ അഴിമതിപ്പണത്തിന്റെ പങ്കുപറ്റാതെയും മന്ത്രിസഭയും സര്‍ക്കാരും രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു.

2ജി കുംഭകോണ കേസില്‍ സ്‌പെക്ട്രം ലൈസന്‍സ് കുറഞ്ഞ വിലയ്ക്ക് നല്‍കി രാജ്യത്തിന്റെ ഖജനാവിന് പരസഹസ്രം കോടികളുടെ നഷ്ടം വരുത്തിവെച്ച മുന്‍ സര്‍ക്കാരിനെ പോലെ അല്ലാതെ പുതിയ മെക്കാനിസത്തിലൂടെ മോഡി സര്‍ക്കാര്‍ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി അതിവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.

ഇതിനായി, ലേലത്തിനു വെച്ച കമ്പനിയുടെ ലിക്വിഡേഷന്‍ മൂല്യം കാണുന്ന കീഴ്‌വഴക്ക രീതികള്‍ പരിഷ്‌കരിച്ചു, രാജ്യത്തെ ഉരുക്കു വിപണിയിലെ ഏറിയ ഭാഗവും കൈവശമുള്ള ഭൂഷന്‍ സ്റ്റിലിന്റെ ലിക്വഡേഷന്‍ മൂല്യം ഉത്പാദനവും മാർക്കറ്റ് ഷെയറും അടിസ്ഥാനപ്പെടുത്തി പുനര്‍നിര്‍ണയിച്ചു.

വൈറ്റ് സ്റ്റീല്‍ നിര്‍മാണ മേഖലയിലെ വമ്പന്മാരാണ് ഭൂഷന്‍ സ്റ്റീല്‍. അധിക ലാഭം ലഭിക്കുന്ന വൈറ്റ് സ്റ്റീല്‍ ഉത്പാദകരായിട്ടും മാനേജ്‌മെന്റ് കെടുകാര്യസ്ഥതമൂലം കടക്കെണിയിലായ സ്ഥാപനമാണ് ഭൂഷന്‍ സ്റ്റീല്‍.

ഐബിസി നിഷകര്‍ഷിക്കുന്ന കോര്‍പറേറ്റ് ഇന്‍സോള്‍വന്‍സി റെസലൂഷന്‍ പ്രോസസ് അനുസരിച്ച് റിസര്‍വ് ബാങ്ക് നടപ്പിലാക്കിയ ക്യാപ് (കറക്ടീവ് ആക്ഷന്‍ പ്ലാന്‍) അടിസ്ഥാനമാക്കിയാണ് മൂല്യ നിര്‍ണയം വീണ്ടും നടത്തിയത്. 50 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദനമുള്ള കമ്പനിക്ക് ഇന്നത്തെ വിപണി വില അനുസരിച്ച് മൂല്യം നിര്‍ണയിച്ചപ്പോള്‍ 30,000 കോടി വിലയെത്തി. കമ്പനിയുടെ മറ്റ് ആസ്തികളും ഭാവി വികസന പദ്ധതികളും എല്ലാം കൂടി 5000 കോടി രൂപയും ഇതിനൊപ്പം ചേര്‍ത്തു. അങ്ങിനെ 35,000 കോടിയയി അടിസ്ഥാന വില. ഇതോടെ ശക്തരായ ടാറ്റ സ്റ്റീല്‍ 35,400 കോടിക്ക് ഡീല്‍ ക്ലോസ് ചെയ്തു.

ലിക്വഡേഷന്‍ മൂല്യത്തില്‍ നിന്ന് നാലിരട്ടി അധിക തുകയാണ് ഇതുവഴി പഞ്ചാബ് നാഷണല്‍ ബാങ്കിന് ലഭിച്ചത്. ഇതിന് രാജ്യം നന്ദി പറയേണ്ടത് സുതാര്യമായ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്സി കോഡ് എന്ന പുതിയ നിയമം നടപ്പിലാക്കിയ മോഡി സര്‍ക്കാരിനോടാണ്.

ഇതുവഴി ബാങ്കിന് തങ്ങള്‍ നല്‍കിയ വായ്പയുടെ പ്രിന്‍സിപ്പല്‍ തുക തിരിച്ചു പിടിക്കാനായി. കൂടാതെ 12 ശതമാനം ഓഹരി അനുവദിച്ച് കിട്ടിയത് ഇനിയും അവസേഷിക്കുന്ന ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടപരിഹാരമായി കണക്കാക്കുന്നതുമാണ്.

ഇന്ത്യയുടെ ബാങ്കിംഗ് ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും വലിയ വായ്പ തുക കമ്പനി ലേലത്തിലൂടെ തിരിച്ചു പിടിക്കുന്നത്. ഈയൊരു നടപടിയിലൂടെ രാജ്യത്തിന്റെ ക്രഡിറ്റ് റേറ്റിംഗ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയുമാണ്. രാജ്യന്തര ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, മൂഡീസ് എന്നിവര്‍ ലോകത്ത് തന്നെ ഇത്രയും വലിയ തുക ബാങ്കുകള്‍ തിരിച്ചു പിടിച്ച സംഭവം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഈ പണം തിരിച്ചു കിട്ടുന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിനെ എംഎസ്എംഇ മേഖലയില്‍ കൂുടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ കെൽപ്പുള്ളവരാക്കും. ഇത് തൊഴല്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സമ്പദ് രംഗത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമായിരിക്കും.

ജെ എസ് ഡബ്ല്യു, ആഴ്‌സലർമിത്തൽ എന്നി കമ്പനികള്‍ വിപണി വിലയിലും താഴ്ത്തി ഓഹരികള്‍ വാങ്ങാന്‍ തയ്യാറായെങ്കിലും പൂര്‍ണമായും ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ നടന്ന ഡീലിലില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടപോലെ കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ലേലത്തില്‍ പങ്കെടുത്ത ലണ്ടന്‍ ആസ്ഥാനമായുള്ള ലിബര്‍ട്ടി ഹൗസ് 26,000 കോടിയാണ് വാഗ്ദാനം ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ഉരുക്കു കമ്പനികളിലൊന്നായ ഭൂഷന്‍ സ്റ്റീലിന്റെ ശനിദശ ആരംഭിച്ചത് ഒഡീഷയിലെ അവരുടെ പ്ലാന്റ് മലിനീകരണ പ്രശ്‌നം മൂലം ജനകീയ പ്രക്ഷോഭം ഉയര്‍ന്നപ്പോഴാണ്. താമസിയാതെ പ്ലാന്റ് അടച്ചു പൂട്ടി. തുടര്‍ന്ന് കടം ഉയരുകയും നഷ്ടം വര്‍ദ്ധിക്കുകയും ചെയ്തു.

സിന്‍ഡിക്കേറ്റ് ബാങ്ക് എംഡിക്ക് അരക്കോടി രൂപ കൈക്കൂലി നല്‍കിയ സംഭവത്തെ തുടര്‍ന്ന് കമ്പനിയുടെ എംഡി വൈസ് ചെയര്‍മാനുമായ നീരജ് സിംഗാള്‍ അറസ്റ്റിലായി. പ്രവര്‍ത്തന ലാഭം കൂപ്പുകുത്തിയതോടെ വായ്പ തിരിച്ചടവുകള്‍ മുടങ്ങുകയും കമ്പനിയുടേത് കിട്ടാക്കടമായി പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രഖ്യാപിക്കുകയുമായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഭൂഷന്‍ സ്റ്റീലിന്റെ ഓഹരി വില 391 രൂപയില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ 101 രൂപയായി ഇടിഞ്ഞു.

ടാറ്റാ സ്റ്റീലിന്റെ സഹോദര സ്ഥപാനമായ ബാംനിപാല്‍ സ്റ്റീലാണ് ഭൂഷന്‍ സ്റ്റീലിനെ ഏറ്റെടുത്തിരിക്കുന്നത്. ഐബിസി നിയമം അനുസരിച്ച് 90 ദിവസത്തിനുള്ളില്‍ (45 ദിവസം അധികമായി ചില അവസരങ്ങളില്‍ നല്‍കും) നപടികളില്‍ പൂര്‍ത്തിയായി പണം ബാങ്കുകൾക്ക് നല്‍കണമെന്ന വ്യവസ്ഥയുണ്ട്. പതിനൊന്നൊളം നിലവിലുള്ള നിയമങ്ങള്‍ അസാധുവാക്കിയാണ് ഐബിസി എന്ന ഒറ്റമൂലി മോഡി സര്‍ക്കാര്‍ കൊണ്ടുവന്നത്. 2015 ല്‍ കരട് ബില്‍ അവതരിപ്പിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ നിയമം പാസാക്കാനാവാതെ നീണ്ടു പോകുകയായിരുന്നു.

കോര്‍പറേറ്റുകളെ മോഡി സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളുടെ ചെവിക്കു പിടിക്കുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ പൊത്തിലൊളിക്കുകയായിരുന്നു. തുടര്‍ന്ന 2016 ല്‍ മണി ബില്ലായി ഇത് രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമമാക്കി മാറ്റി.

മറ്റു 11 കേസുകളിലൂം നിയടമനടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യക്ക് 9000 കോടി രൂപ ഐബിസി ഉപയോഗിച്ച് കേസ് നടത്തി തിരികെ ലഭിച്ചു, പൊതു മേഖല ബബാങ്കുകള്‍ മാത്രമല്ല, സ്വകാര്യ മേഖലയിലെ ന്യു ജനറേഷന്‍ ബാങ്കുകള്‍ക്കും സര്‍ക്കാരിന്റെ പുതിയ നിയമം സഹായകമാകുന്നുണ്ട്.

കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതി തള്ളുന്നുവെന്ന് അലമുറയിട്ട ബിജെപി- മോഡി വിരുദ്ധ മാധ്യമങ്ങളും കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളും 36000 കോടി രൂപയുടെ വായ്പ റിക്കവറി കണ്‍മുന്നില്‍ നടന്നത് കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്തില്ല.

കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജനതാദള്‍ അവിശുദ്ധ കൂട്ടുകെട്ടിനെ മഹത്വവല്‍ക്കരിക്കുകയും ജനഹിതത്തെ അട്ടിമറിച്ച നടപടി ജനാധിപത്യത്തിന്റെ വിജയമാണെന്നും വരുത്തിതീര്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.

മോഡിസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതി തള്ളി എന്ന വെണ്ടക്ക നിരത്തിയ മാതൃഭൂമി പോലുള്ള പത്രങ്ങള്‍ പോലും അന്ധമായ ബിജെപി വിരോധം മൂലം ചരിത്രപരമായ ഈ സംഭവത്തെ മൂടിവെയ്ക്കുകയാണ് ഉണ്ടായത്.

കോര്‍പറേറ്റുകളുടെ കിട്ടാക്കടം ഒരു പൈസ പോലും നഷ്ടപ്പെടാതെ ബാങ്കുകള്‍ക്ക് തിരിച്ച് പിടിച്ചു നല്‍കുമെന്നുള്ള ഉറക്കെ പ്രഖ്യാപനമാണ് ഇതെന്ന് ധനമന്ത്രിയുടെ ചുമതലയുള്ള പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു, യുപിഎ സര്‍ക്കാരരിന്റെ കാലത്ത് അഴിമതിയുടെ ഭാഗമായി കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കിയിരുന്ന വായ്പകളാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നത്.

ബാങ്കിംഗ് മേഖലയെ ശുദ്ധീകരിക്കുകയും ഒപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ മോഡി സര്‍ക്കാര്‍ ചെയ്യുന്നത്.

1 COMMENT

  1. Very good information for public. Bloody main stream media is totally biased against Modi Govt. so they ignore these news

LEAVE A REPLY

Please enter your comment!
Please enter your name here