വികസനോന്മുഖ ബജറ്റ്, 7 ലക്ഷം വരെ ആദായ നികുതിയിളവ്, സ്വർണ്ണം, സിഗരറ്റ് വില കൂടും.. മൊബൈൽ, ടിവി വില കുറയും.. കേരളത്തിൽ സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ സാധ്യത!

0

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2023- 24 ബജറ്റില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍  നടത്തിയിരിക്കുന്നത്. ഈ ബജറ്റ് നടപ്പാക്കുന്നതോടെ രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ചില ഭാഗങ്ങളുടെയും, മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളുടെയും കസ്റ്റം ഡ്യൂട്ടി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

മൊബൈല്‍ ഫോണുകളുടെ മാത്രമല്ല ടിവികളുടെയും ചില ഭാഗങ്ങളുടെ കസ്റ്റം ഡ്യൂട്ടി കുറച്ചിട്ടുണ്ട്. ഇതിനാൽ രാജ്യത്ത് ഈ ഉൽപ്പന്നങ്ങളുടെ ഉത്പാദനം വർധിക്കുമെന്നാണ് വിലയിരുത്തൽ. ക്യാമറ ലെന്‍സുകളുടെ കസ്റ്റം ഡ്യൂട്ടി 2.5 ശതമാനമായും, ഓപ്പണ്‍ സെല്‍ എല്‍ഇഡി ടിവി പാനലുകളുടെ കസ്റ്റം ഡ്യൂട്ടിയും 2.5 ശതമാനമായും കുറച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

2014-15 വര്‍ഷത്തില്‍ രാജ്യത്തെ മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണം 60 ദശലക്ഷം യൂണിറ്റായിരുന്നു. അതേസമയം, 2021-22ല്‍ ഇത് 31 കോടിയായി ഉയര്‍ന്നു. കുറച്ച്‌ വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളും ഷവോമിയും പോലുള്ള ബ്രാൻഡുകൾ, അവരുടെ സ്മാർട്ട് ഫോണുകൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ നിർമാണം കൂടുതലായും ഇന്ത്യയിൽ നടക്കുന്നുണ്ട്. കമ്പനി ഇപ്പോഴും അതിന്റെ മുൻനിര സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നില്ലെങ്കിലും വരും കാലങ്ങളിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.

2025 ആകുമ്പോഴേക്കും ലോകത്തെ ഐഫോണുകളുടെ 25 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുമെന്ന് അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, 2027 ആകുമ്പോഴേക്കും ലോകത്ത് വില്‍പ്പനയ്‌ക്കെത്തുന്ന പകുതി ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുമെന്നാണ് പറയുന്നത്. ഇന്ത്യയിലും ചൈനയിലും ഒരേസമയം ഐഫോണ്‍ 15 സീരീസ് നിര്‍മ്മിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  

ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകി ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിക്കൊണ്ട് ബജറ്റ് പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഏഴ് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് ഏഴുലക്ഷം വരെ നികുതി നൽകേണ്ടി വരില്ല.

ആദായനികുതി സ്ലാബുകൾ അഞ്ചായി കുറച്ചു. മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ആറ് മുതൽ ഒൻപത് ലക്ഷം വരെയുള്ളവർക്ക് 10 ശതമാനവും ഒൻപത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരിക്കും പുതുക്കിയ നികുതി. നിലവിൽ ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പരാമർശിച്ചു. ബജറ്റ് വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, ഇലക്ട്രിക് അടുക്കള ചിമ്മിനി എന്നിവയുടെ വില കൂടും. ടിവി, മൊബൈൽ ഫോൺ, ക്യാമറ ലെൻസ്, ലിതിയം സെൽ, ടിവി ഘടകങ്ങൾ, ഹീറ്റിംഗ് കോയിൽ,ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വില കുറയുമെന്നും ബജറ്റ് സൂചിപ്പിക്കുന്നുണ്ട്. 

സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കൽ, സാമ്പത്തിക രംഗം എന്നീ ഏഴു മേഖലകൾക്ക് ബജറ്റിൽ മുൻഗണന ഉണ്ടായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.  

പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കപ്പെടുമെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66% വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ, ആദിവാസി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകൾക്കായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു.  

പരമ്പരാഗത കരകൗശല വിദഗ്ധർക്കും കരകൗശല തൊഴിലാളികൾക്കുമുള്ള സഹായ പാക്കേജായ പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാൻ വിഭാവനം ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിച്ച് മുൻഗണന നൽകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. 2023-24 വര്‍ഷത്തെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ഇന്ത്യൻ നിർമിത ടാബിൽ, ഇത്തവണയും പേപ്പർ ലെസ് ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here