ഇടത് ക്രൂരതയുടെ പര്യായമായിരുന്ന നിരുപം സെൻ!

0

കമ്മ്യൂണിസ്റ്റ് നേതാവും ബുദ്ധദേബ് ഭട്ടാചാർജിയുടെ ആദ്യ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന നിരുപം സെൻ അന്തരിച്ചു. 24 ഡിസംബർ 2018 ന് കൽക്കത്തയിലായിരുന്നു അന്ത്യം.


അതിക്രൂരതയുടെ പേരിൽ മനുഷ്യരാശിയെ ഞെട്ടിച്ച സെൻ ബാരി കൊലക്കേസിലെ വിവാദ നായകനുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന്റെ മുഴുവൻസമയ പ്രവർത്തകനായിരുന്നു. ബർദ്ധമാൻ പട്ടണത്തിലെ കോൺഗ്രസ് അനുഭാവികളായ സൈൻബാരി കുടുംബത്തിനെതിരെ ആവേശം കൊണ്ട് എന്ത് ക്രൂരതയും ചെയ്യാൻ തയ്യാറായ ഒരു കൂട്ടം ആൾക്കാരുമായി ചെല്ലുകയും ഇന്ത്യയിൽ നടന്ന ഏറ്റവും പൈശാചികമായ കൊലപാതകത്തിന് ഇടയാക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്ന ആരോപണം. 17 മാർച്ച് 1970 ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ ഈ രാഷ്ട്രീയ കൊലപാതകം നടന്നത്.


നിരുപം സെൻ എന്ന് പിന്നീട് അറിയപ്പെട്ട ഇദ്ദേഹത്തിൻറെ അന്നത്തെ പേര് ഖൊകോൻ സെൻ എന്നായിരുന്നു. (പിന്നീട് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ ആയ ഇയാൾ ആ പൈശാചിക കൊലപാതകം അതിനൊരു ചവിട്ടുപടി ആക്കിയിരിക്കണം. ജനത്തിൻറെ കണ്ണിൽ പൊടിയിടാൻ പിന്നീട് പേരുമാറ്റിയതായിരിക്കണം).

ഇത്ര ഹീനമായ പ്രവർത്തിക്കും പാർട്ടിയുടെ പിന്തുണ കിട്ടി സെന്നിന്.

ഈ കൊലപാതകത്തിൻറെ തലേദിവസം United Front Government ൻറെ പതനം ആഘോഷിക്കാൻ വേണ്ടി ഖൊകോൻ സെൻ ഒരു റാലി നടത്തിയിരുന്നു. തീവ്ര കോൺഗ്രസ് അനുഭാവികളായിരുന്ന സെയിൻ കുടുംബത്തിൻറെ തറവാട്ടിൽ ഒരു കുഞ്ഞിൻറെ പേരിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് കുടുംബക്കാർ എല്ലാം ഒത്തുചേർന്നിരുന്നു. CPI(M)ന്റെ ഭീഷണികൾക്ക് വഴങ്ങി കൂറു മാറുവാൻ അവർ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ മാർക്സിസ്റ് പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു.
കൊല്ലപ്പെട്ട നാബാ കുമാർ സെയിൻറെ വിധവയായ രേഖ റാണി സെയിൻ പിന്നീട് പറഞ്ഞത് പ്രകാരം അന്നത്തെ ഭീകരസംഭവം ഇങ്ങനെയാണ് അരങ്ങേറിയത്. സെയിൻബാരി തറവാട്ടിലേക്ക് മുന്നൂറോ നാനൂറോ വരുന്ന സിപിഎം മാർക്സിസ്റ്റ് പാർട്ടിക്കാർ എത്തുകയും വീട് വളഞ്ഞ് വീട്ടിലേക്ക് കല്ലുകൾ എറിയുകയും അമ്പുകൾ അയക്കുകയുയുമുണ്ടായി. വീട്ടുകാർ ഭീതിയിലാണ്ടു എന്നു മനസ്സിലാക്കി വീട്ടിനുള്ളിലേക്ക് ഇരച്ചുകയറുകയും കണ്ണിൽകണ്ടതെല്ലാം മോഷ്ടിച്ചെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. നാബാ കുമാറിൻറെ കണ്ണുകൾ ചൂഴ്ന്നെടുത്തു. അതിനുശേഷം പ്രണബ് കുമാറിനെയും മാലായി കുമാറിനെയും അവരുടെ അമ്മയുടെ മുമ്പിൽ വെച്ച് തന്നെ വെട്ടിക്കൊലപ്പെടുത്തി. മക്കളെ രക്ഷിക്കണേ എന്ന് കേണപേക്ഷിച്ചു തടയാൻ ശ്രമിച്ച അവരുടെ അമ്മ, വിധവയായ മൃഗനയന ദേവിയെയും ക്രൂരമായി ഉപദ്രവിച്ച് വശം കെടുത്തി. രേഖ റാണിയുടെ മകൾക്ക് ട്യൂഷൻ എടുക്കാൻ വന്നിരുന്നു ജിതൻ റേയേയും അതിക്രൂരമായി കൊലപ്പെടുത്തി.
സെയിൻ കുടുംബം അന്ന് ഉത്സവ ലഹരിയിലായിരുന്നു. സ്വർണ്ണലത ജാഷ് എന്ന മകൾക്ക് ഒരു സന്തതി പിറന്ന സന്തോഷത്തിലായിരുന്ന കുടുംബാംഗങ്ങൾ കുഞ്ഞിൻറെ നാമകരണ ചടങ്ങിനാണ് അവിടെ ഒത്തു ചേർന്നിരുന്നത്. കുഞ്ഞിനെ അന്ന് ഒരു മാസം പ്രായമായിരുന്നു. മാർക്സിസ്റ് പാർട്ടിയുടെ കൊലപാതകികളുടെ ക്രൂരമായ കൈകൾ ആ കുഞ്ഞിൻറെ നേരെയും നീണ്ടു. പേരിടൽ ചടങ്ങിൻറെ ഭാഗമായി ഒരുക്കിയിരുന്ന ഹോമാഗ്നിയിൽ ആ കുഞ്ഞിനെ വലിച്ചെറിഞ്ഞു. പക്ഷേ കുടുംബാംഗങ്ങൾ ആ കുട്ടിയെ രക്ഷിക്കുകയുണ്ടായി. മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആ കുട്ടിക്ക് ഇന്ന് 48 വയസാണ്. തീപ്പൊള്ളലേറ്റ പാടുകളുമായി ജീവിക്കുന്ന ആ കുട്ടിക്ക് അവർ നൽകിയ പേര് ‘അമൃത കുമാർ’.

തുടരെ തുടരെ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭകൾ കേസ് ഫയലുകൾ മുക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു.

പക്ഷേ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം പിന്നീട് നടന്ന സംഭവങ്ങളാണ്. മക്കളുടെ മരണം കണ്ടു മരവിച്ച മൃഗ നയന ദേവിയുടെ, മരിച്ച മക്കളായ പ്രണബിൻറെയും മാലയയുടെയും മുറിയിലാകെ ഒഴുകി കിടന്നിരുന്ന രക്തത്തിൽ കുടുംബഭരദേവതയ്ക്ക് കൊടുക്കാൻ വെച്ചിരുന്ന നിവേദ്യച്ചോറ് കുഴച്ച് പാവം ആ അമ്മയെ കൊണ്ട് തീറ്റിച്ചു. ഹിന്ദു ആചാരപ്രകാരം സുമംഗലികളായ സ്ത്രീകൾ നെറ്റിയിൽ തിലകക്കുറി ഇടാറുണ്ട്. ആ ഭാഗ്യംകെട്ട അമ്മയുടെ നെറ്റിയിൽ അവർ അന്ന് മക്കളുടെ ചോരകൊണ്ട് തിലകക്കുറി തൊട്ട് കൊടുത്തു. സമാനതകളില്ലാത്ത ക്രൂരതകളാണ് അരങ്ങേറിയത്.


1978 ൽ മനോരോഗത്തിനൻറെ പിടിയിലകപ്പെട്ട് മരിക്കുന്നതുവരെ ആ പാവം അമ്മയ്ക്ക് തൻറെ ദുരനുഭവത്തിൽ നിന്ന് കരകയറാൻ ആയില്ല. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി കുടുംബത്തിലെത്തുകയും അവരോടൊപ്പം നടന്ന ക്രൂരതകൾ രാജ്യത്തോട് വിളിച്ചു പറയുകയും അതിനെ അങ്ങേയറ്റം നിന്ദിക്കുകയും ചെയ്തു.

ഇത്രയുമൊക്കെ കഴിഞ്ഞിട്ടും പാർട്ടി അനുയായികളുടെ ചോരക്കൊതി തീർന്നിരുന്നില്ല. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട നാഭാകുമാറിനെ ഒരുവർഷത്തിനുശേഷം 1970 മാർച്ചിൽ അവർ കൊല ചെയ്യുകയുണ്ടായി. NSUIയുടെ പ്രവർത്തകനായിരുന്ന ഗുണമണി റോയിയെ താൻ സാക്ഷിയായ കാര്യങ്ങൾ കമ്മീഷൻറെ മുമ്പിൽ പറയാൻ പോയതിൻറെ പേരിൽ കൊല്ലുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രി സിദ്ധാർഥ ശങ്കർ റേ 1971 ൽ നിയമിച്ച താരാപഥ റോയ് കമ്മീഷൻ ആണ് കേസ് കേട്ടിരുന്നത്.

രാഷ്ട്രീയ വൈരികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്ന രീതി ഇന്നും തുടരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി.

കേസിൽ ഉൾപ്പെട്ടിരുന്ന പല സാക്ഷികളെയും ഒന്നുകിൽ ഭീഷണിപ്പെടുത്തി, അതല്ലെങ്കിൽ ജോലി, അല്ലെങ്കിൽ പണം ( blood money) കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സാക്ഷി പറയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. FIRൽ 83 CPI(M) പ്രവർത്തകരുടെ പേരുണ്ടായിരുന്നു. ഖൊകോൻ സെൻ, ബിനോയി കൊണോർ എന്നീ രണ്ട് പേരും ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും പിന്നീട് മാക്സിസ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ മെമ്പർമാർ ആകുകയും ചെയ്തു. 1977 സിപിഐ (എം) അധികാരത്തിൽ വന്നപ്പോൾ ഈ ഫയലുകൾ പലതും അപ്രത്യക്ഷമായി.

2011 തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷമാണ് കേസിൻറെ കാര്യത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായത്. Writers’ Building ൽ നിന്ന് കേസുമായി ബന്ധപ്പെട്ട പല രേഖകളും വീണ്ടെടുത്തു. ഇപ്പോൾ All India Legal Forumവും അതിൻറെ ജനറൽസെക്രട്ടറി ജോയ്ദീപ് മുഖർജിയുമാണ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഒരു പെറ്റീഷൻ അനുസരിച്ച് നിരുപം സെന്നിനെ ഒരുകാലത്തും കേസിൽനിന്ന് ഒഴിവാക്കുകയോ ജാമ്യം കൊടുക്കുകയോ ചെയ്തിരുന്നില്ല. അഭിനവ ബസു എന്ന ഒരു റിട്ടയേർഡ് ഹൈക്കോർട്ട് ജഡ്ജിനെയാണ് ഈ കേസിനെ അന്വേഷണങ്ങൾക്കായി കമ്മീഷനായി തൃണമൂൽ കോൺഗ്രസ് നിയമിച്ചിരുന്നത്. ജോയ്ദീപ് മുഖർജി സാക്ഷികളെ എല്ലാവരെയും കമ്മീഷൻ വിസ്തരിച്ചിട്ടില്ല എന്ന് നിരീക്ഷിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതായി കരുതുന്നു എന്നും അക്കാര്യം സംസ്ഥാന ഗവൺമെൻറ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കാലമേറെ കടന്നു പോവുകയും പല സാക്ഷികളും മരിക്കുകയും ചെയ്തു. സെയിൻ കുടുംബം ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട അവസ്ഥയിൽ തന്നെയാണ് എന്ന് മുഖർജി പറയുകയുണ്ടായി.

1946ൽ കമ്മ്യൂണിസ്റ്റ് ആശയം പിന്തുടർന്നിരുന്ന, അദ്ധ്യാപകനായിരുന്ന ഒരു അച്ഛന്റെ മകനായാണ് സെൻ ജനിച്ചത്. “ഈ സ്വാതന്ത്ര്യം ഒരു നുണയാണ്” എന്നു വിശ്വസിച്ചിരുന്ന ആളായിരുന്നു സെന്നിന്റെ പിതാവ്. ചെറുപ്രായത്തിൽതന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുകയും എസ്എഫ്ഐയിൽ അംഗമാകുകയും ചെയ്തിരുന്നു. 1966ൽ ഇരുപതാമത്തെ വയസ്സിൽ SFI യുടെ ബർദ്ധമാൻ ജില്ലാ സെക്രട്ടറി ആകുകയും ചെയ്തു. പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ ആകുകയും 1968ൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആകുകയും ചെയ്തു. 1995 വരെ തുടരുകയും ചെയ്തു. 1987, 2001, 2006 കാലയളവിൽ ബർദ്ധമാൻ സൗത്ത് അസംബ്ലി സീറ്റിൽനിന്ന് ജയിക്കുകയും ചെയ്തു. 1998 ൽ CPI(M) സെൻട്രൽ കമ്മിറ്റിയിൽ അംഗമാകുകയും 2008ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. ബുദ്ധദേബിന്റെ വ്യവസായ മന്ത്രിയായിരിക്കെ, സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കുവാൻ നടപടികളെടുത്തു. വ്യവസായവൽക്കരണം 2006ൽ പാർട്ടിക്ക് വലിയ വിജയം നേടി കൊടുത്തു. പക്ഷേ മാർക്സിസ്റ് പാർട്ടിയുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുവാനും, സിംഗൂർ നന്ദിഗ്രാം സംഭവങ്ങളുടെ പേരിൽ തോൽവിക്ക് ഇടയാകുകയും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വരികയും ചെയ്തു.

നിരുപം സെൻ എന്ന പേരു മാറിയ പഴയ ഖൊകോൻ സെൻ മരണത്തിനു കീഴടങ്ങുകയും വിടപറയുകയും ചെയ്തപ്പോൾ സെയിൻബാരി കുടുംബത്തിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾ, തങ്ങളോട് ചെയ്ത തെറ്റിന് ഒരിക്കലും ശിക്ഷ ലഭിക്കാതെ സെൻ പോയതിൽ ദുഃഖത്തിലാണ്. നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിലെ കോടതികൾ എന്നാണ് ഇതിന് പരിഹാരം കാണുക? സെന്നിന്റെ മരണം മറ്റൊരു ചോദ്യചിഹ്നം കൂടി അവശേഷിപ്പിക്കുകയാണ്. എത്ര വലിയ തെറ്റ് ചെയ്താലും അതിനു സ്തുതി പാടാനും പ്രതിഫലമായി ഉയർന്ന പദവികൾ നൽകുവാനും ക്രൂരത മുഖമുദ്രയാക്കിയ മാർക്സിസ്റ്റ് പാർട്ടിക്ക് യാതൊരു മടിയുമില്ല. ചെറുപ്പക്കാരായ പുതിയ തലമുറയെ എങ്കിലും ചോരക്കൊതിയന്മാർ ആക്കാതിരിക്കാൻ പാർട്ടി ശ്രദ്ധിക്കുമോ?

— ലളിതാ ദേവി

LEAVE A REPLY

Please enter your comment!
Please enter your name here