കിട്ടാക്കടവും നീരവ് മോഡിയും – റിസര്‍വ് ബാങ്കിന് പല്ലും നഖവും നല്‍കി മോഡി സര്‍ക്കാര്‍

തട്ടിപ്പും വെട്ടിപ്പും നടത്തി ഇന്ത്യയില്‍ തുടരാന്‍ പഴയ പോലെ കുംഭകോണ വിദഗ്ദ്ധര്‍ക്ക് ഇനി കഴിയില്ല. കഴിഞ്ഞ ഫെബ്രുവരി 13 ന് റിസര്‍വ് ബാങ്ക് നടപ്പിലാക്കിയ പുതിയ നിയമം വായ്പ തട്ടിപ്പുകാരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ബാങ്കുകളേയും കുടുക്കാന്‍ പോന്നതാണ്. റിസര്‍വ് ബാങ്ക് അറിയാതെ 200 കോടി രൂപയ്ക്ക് മേലുള്ള ഒരു വായ്പയും ഇനി മുതല്‍ ബാങ്കുകള്‍ക്ക് അനുവദിക്കാനാവില്ല. എല്ലാ ആഴ്ചയും വായ്പ കുടിശിക സംബന്ധിച്ച് റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനു നല്‍കുകയും വേണം. നിബന്ധനകള്‍ അനുസരിക്കാത്ത ബാങ്കുകള്‍ക്ക് കനത്ത പിഴയാണ്  ഈടാക്കുക.

ബാങ്കിംഗ് മേഖലയാകെ ഉടച്ചു വാര്‍ക്കുകയാണ് മോഡി സര്‍ക്കാര്‍. ഇതിനായി തയ്യാറാക്കിയ എഫ്ആര്‍ഡിഐ ബില്‍ ബാങ്കുകളേയും നിക്ഷേപകരേയും ഒരേ പോലെ സംരക്ഷിക്കുന്ന ഒന്നാണ്. പരിഹാരവും പരിരക്ഷയും പ്രദാനം ചെയ്യുന്ന ബില്ലിനെതിരെ വ്യാജ പ്രചരണമാണ് രാജ്യത്തെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും അഴിച്ചു വിട്ടത്. സാധാരണക്കാരന്റെ നിക്ഷേപം എടുത്ത് തകര്‍ന്നടിയുന്ന ബാങ്കുകളെ സംരക്ഷിക്കാനുള്ള നിയമമാണിതെന്ന് വരെ പറഞ്ഞുവെച്ചു. അതേസമയം, തകര്‍ന്നടിയുന്ന ബാങ്കുകളെ സംരക്ഷിക്കാനും നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നല്‍കുന്നതുമായ നിയമമാണ് എഫ്ആര്‍ഡിഐ ബില്‍ 2017 . മോഡിസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ശ്രേണിയിലെ ഏറ്റവും ശക്തവും ദീര്‍ഘകാല ഗുണപ്രദവുമായ സാമ്പത്തിക പരിഷ്‌കാരമാണിത്.

വായ്പ തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനും ബാങ്കുകളെ ഉരുക്കു കോട്ടകളായി സംരക്ഷിച്ച് നിര്‍ത്താനുമാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും കൈകോര്‍ക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളുടെ നിയന്ത്രണവും നിരീക്ഷണവുമായിരുന്നു റിസര്‍വ് ബാങ്കുകള്‍ക്ക് ഇതേവരെയുള്ള ചുമതല. ഇത് മാറ്റി,  കടിക്കാന്‍ പല്ലുള്ള യഥാര്‍ത്ഥ കടുവയാക്കി റിസര്‍വ് ബാങ്കിനെ മാറ്റുകയാണ് മോഡി സര്‍ക്കാര്‍ . ഇതിന്റെ തുടക്കമാണ് ഫെബ്രുവരി 13 ലെ പുതിയ നിയമം.

വായ്പ തട്ടിപ്പുകാരെല്ലാം രാജ്യം വിടേണ്ട ഗതികേടിലാണ്. കള്ളപ്പണക്കാരേയും അഴിമതിക്കാരേയും സംരക്ഷിക്കാന്‍ ഇവിടെയൊരു ഭരണകൂടം ഇല്ലെന്നതാണ് തട്ടിപ്പുകാര്‍ രാജ്യം വിടാന്‍ കാരണമാകുന്നത്.

മുമ്പ് കിട്ടാക്കടം എന്ന് പറഞ്ഞ് എഴുതി തള്ളിയിരുന്ന കേസുകളായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി ഇങ്ങിനെയല്ല, രാജ്യത്തെ കൊള്ളയടിക്കുന്നത് എത്ര വലിയ വമ്പനാണെങ്കിലും നിയമം ഉണര്‍ന്ന് പ്രവര്‍ത്തിക്കും. തട്ടിപ്പ് നടത്തിയവന്‍ രാജ്യം വിട്ടാലും അവന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. കുറ്റവാളികളെ കൈമാറുന്ന കരാറുള്ളിടത്തു നിന്നും ഇവരെ മടക്കി കൊണ്ടുവാരാന്‍ ശ്രമിക്കും.

ബാങ്കുകളെ വായ്പ എടുത്ത് വഞ്ചിച്ച വിജയ് മല്യയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇങ്ങിനെ കണ്ടുകെട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കിനെ 11,000 കോടി കബളിപ്പിച്ച നീരവ് മോഡിയെന്ന രാജ്യാന്തര ജ്വലറി വ്യവസായിയുടെ ഇന്ത്യയിലെ പതിനേഴോളം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍  5000 കോടിയുടെ സ്വര്‍ണവും വജ്രവും അമൂല്യ രത്‌നങ്ങളഉം ആഭരണങ്ങളും ഇഡി പിടിച്ചെടുത്തു.

2014 നു മുമ്പ് ഇന്ത്യ തട്ടിപ്പിനും അഴിമതിക്കും അനുയോജ്യമായ ഇടമായിരുന്നു. ഭരണത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥരും എല്ലാം കുത്തഴിഞ്ഞ ഭരണ വ്യവസ്ഥയുടെ ഭാഗമായിരുന്നു എന്നതായിരുന്നു ഇതിന് കാരണം.

ഐപിഎല്‍ കോഴയും കള്ളപ്പണം വെളുപ്പിക്കലുമായി വിലയിസിയിരുന്ന ലളിത് മോഡിക്കും മറ്റ് തട്ടിപ്പുകാര്‍ക്കും ഭരണം മാറിയതോടെ രാജ്യത്ത്  കഴിയാനുള്ള ചങ്കുറപ്പില്ലായിരുന്നു. ഏതു നിമിഷവും പിടിക്കപ്പെടാം എന്ന അവസ്ഥ മുന്‍കൂട്ടി കണ്ട് ഇവരില്‍ പലരും ഇന്ത്യയില്‍ നിന്നും കടന്നു. തിരിച്ചു വരാനാവില്ലെന്ന് കണ്ട് ലളിത് മോഡി മാള്‍ട്ടയുടെ പൗരത്വം നേടി.

ബാങ്കുകളില്‍ നിന്ന് 9000 കോടി വെട്ടിച്ച് ഇന്ത്യയില്‍ സസുഖം വാണിരുന്ന മദ്യ രാജാവ് വിജയ് മല്യ തന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതായി അറിഞ്ഞതോടെ രാജ്യസഭ എംപിമാരുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നു.

ഇതിലും വലിയ വെട്ടിപ്പ് 2011 മുതല്‍ നടത്തിയ വജ്ര വ്യാപാരി നീരവ് മേഡിയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യും മുമ്പ് രാജ്യം വിട്ടു. ഇവര്‍ക്കാര്‍ക്കും ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഷങ്ങളായി, ഇവരെല്ലാം  പൊതു മേഖല ബാങ്കുകളെ വന്‍ തോതില്‍ വെട്ടിച്ച് തങ്ങളുടെ സാമ്രാജ്യം വളര്‍ത്തി വലുതാക്കുകയായിരുന്നു.

കോണ്‍ഗ്രസ് ഭരണം അവവസാനിച്ച് നാലു വര്‍ഷം കഴിയുമ്പോഴും പഴയ കാല തട്ടിപ്പുകള്‍ പുറത്തു വരുന്നത് ഇനിയും അവസാനിച്ചിട്ടില്ല. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ശാഖയില്‍ നിന്നും ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് എന്ന ബാങ്ക് ജാമ്യ കരാര്‍ ഉപയോഗിച്ച് കോടികള്‍ വെട്ടിപ്പ് നടത്തുകയായിരുന്നു നീരവ് മോഡി.

കുറഞ്ഞ കാലം കൊണ്ട് ലോകത്തെ ശതകോടീശ്വരന്‍മാരില്‍ ഒരാളാകാന്‍ നീരവ് മോഡിയെ ഇത്തരം തട്ടിപ്പുകള്‍ സഹായിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ബാങ്കിംഗ് രംഗത്ത് അനാശാസ്യപരമായ കാര്യങ്ങളാണ് നടന്നു വന്നിരുന്നത്. യുപിഎ പത്തു വര്‍ഷം ഭരിച്ചപ്പോള്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ ബാങ്കിംഗ് മേഖലയാകെ തകര്‍ത്തു തരിപ്പണമാക്കി.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി എന്ന കിട്ടക്കാടം ലക്ഷം കോടികള്‍ കവിഞ്ഞു, ഒരോ ബാങ്കിന്റെയും വരുമാനം പക്ഷേ, കണക്കു പുസ്തകങ്ങളില്‍ വലുതായിരുന്നു. നോണ്‍ പെര്‍ഫോമിംഗ് അസറ്റ് എന്ന എന്‍പിഎയെ ഒഴിവാക്കിയാണ് ബാങ്കുകള്‍ ലാഭത്തിലാണെന്ന് കാണിച്ചിരുന്നത്.

ഇത്തരം കിട്ടാക്കടം കൂടി ചേര്‍ത്ത് ബാലന്‍സ് ഷീറ്റ് കാണിച്ചാല്‍ ഓഹരി വിപണിില്‍ ഇന്ത്യന്‍ ബാങ്കുകളുടെ മൂല്യം തകര്‍ന്നടിയുമായിരുന്നു. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് നെഗറ്റീവ് ഇമേജ് പരക്കുന്നതിനൊപ്പം റേറ്റിംഗ് ഏജന്‍സികളുടെ ബാഡ്ബുക്കിലും ഇന്ത്യ ഇടം പിടിക്കുമായിരുന്നു.

ഇന്ത്യയിലെ 18 പൊതുമേഖലാ ബാങ്കുകളും ഷെഡ്യുള്‍ഡും ന്യുജെനറേഷന്‍ സ്വകാര്യ ബാങ്കുകളും എല്ലാം ചേര്‍ന്ന് 2017 ജൂണ്‍വരെയുള്ള കാലയളവില്‍ 18 ലക്ഷം കോടി രൂപയാണ് കിട്ടാക്കടം. രേഖപ്പെടുത്തിയിിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്കാണ് ഇതില്‍ 22 ശതമാനം പങ്കാളിത്തം. രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാം സ്ഥാനത്തും ന്യുജെനറേഷിലെ ഏറ്റവും പുതിയ അവതാരമായ യെസ് ബാങ്ക് ഒരു ശതമാനവുമായി ഒടുവിലുമായി സ്ഥാനം പിടിക്കുന്നു

റിസര്‍വ് ബാങ്കിന്റെ നിയമം അനുസരിച്ച് വായ്പ തിരിച്ചടവ് നിലച്ച് മൂന്നു വര്‍ഷം കഴിയണം ഇത് കിട്ടാക്കടമായി പരിഗണിക്കാന്‍. ഇത്തരത്തില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വന്‍ തുകയുടെ കിട്ടാക്കടങ്ങള്‍ മുൻപ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളുടെ അനന്തര ഫലമാണ്.

ഇക്കണോമിസ്റ്റായ ഡോ. മന്‍മോഹന്‍ സിംഗ് രാജ്യം ഭരിക്കുമ്പോഴാണ് ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന വഴിവിട്ട ക്രോണി ക്യാപിറ്റലിസ്റ്റിക് നയങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ചങ്ങാത്ത മുതലാളിത്തത്തിലുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബാങ്കിംഗ് മേഖയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയായിരുന്നു പളനിയപ്പന്‍ ചിദംബരം എന്ന ധനമന്ത്രിയും.

രഘു റാം രാജന്‍ എന്ന ആഗോള സാമ്പത്തിക വിദഗ്ദ്ധനെ യുഎസില്‍ നിന്നും ഇന്ത്യയിലെത്തിച്ച മന്‍മോഹന്‍ റിസര്‍വ് ബാങ്കിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചു. പക്ഷേ, ബാങ്കുകളെ കുളം തോണ്ടിയാണ് മഹനായ ആ ഇക്കണോമിസ്റ്റ് പടിയിറങ്ങിയത്.

നോട്ടു നിരോധനം കള്ളപ്പണക്കാരെ തുരത്താനായിരുന്നുവെന്ന് മോഡി സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും യഥാര്‍ത്ഥ വസ്തുത പരിശോധിക്കുമ്പോള്‍ തകര്‍ന്നു തരിപ്പണമായ ബാങ്കുകളെ രക്ഷിക്കാന്‍ കണ്ട അടിയന്തര ശസ്ത്രക്രിയയായിരുന്നു ഇതെന്ന് തിരിച്ചറിയാനാകും. അഴിമതിയിലൂടെയും മറ്റും സ്വരൂപിച്ച്,  ഇരുണ്ട ഗുദാമുകളില്‍ ഒളിപ്പിച്ച് വെച്ച നോട്ടുകള്‍ ബാങ്കിംഗ് സംവിധാനത്തിന്റെ പണഅറകളിലേക്ക് ആട്ടിത്തെളിക്കാനും കൂടിയായിരുന്നു ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് .

യുഎസ് ട്രഷറിയില്‍ നിന്ന് മൂന്നു വര്‍ഷത്തേക്ക് എന്നും പറഞ്ഞ് റിസര്‍വ് ബാങ്ക് വാങ്ങിയ ബോണ്ടുകള്‍ തിരിച്ചടവിന് സമയമായിരുന്നു . കിട്ടാക്കടത്തില്‍ വലഞ്ഞ ബാങ്കുകളെ രക്ഷിക്കാനായിരുന്നു രഘുറാം രാജന്‍ ഈ ബെയില്‍ ഔട്ട് നടത്തിയത്. എന്നാല്‍, 2016 ഡിസംബറില്‍ ഈ ടൈം ബോംബ് ടിക് ടിക് എന്ന് ചിലച്ചപ്പോള്‍ ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മാനം കാക്കാന്‍ മോഡി സര്‍ക്കാരിന് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

24 ബില്യണ്‍ യുഎസ് ഡോളറാിരുന്നു (ഏകദേശം 1.80 ലക്ഷം കോടി) റിസര്‍വ് ബാങ്കിന് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. ഈ തുക ബാങ്കുകള്‍ക്ക് വേണ്ടി നല്‍കിയിരുന്നതാണ് എന്നാല്‍ മൂന്നു വര്‍ഷം തിരിച്ചടവിന് സമയമായപ്പോള്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോലുമാകാതെ രഘുറാം രാജന്‍ നിസ്സഹായകനായി കൈമലര്‍ത്തി.

ഈ വലിയ ദുരത്തത്തെ മറികടക്കാന്‍കൂടിയാണ് പ്രധാനമന്ത്രി മോഡി നവംബറില്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ ലിക്വിഡിറ്റിക്കു വേണ്ടി അലഞ്ഞ ബാങ്കുകളുടെ ചെസ്റ്റുകളില്‍ പണം കുമിഞ്ഞു കൂടി. ഡിസംബറില്‍ ഇന്ത്യ ഈ വലിയ തുക യുഎസ് ട്രഷറിയില്‍ അടച്ചു തീര്‍ക്കുകയും ചെയ്തു.

തുടര്‍ന്നും പരിഹരിക്കപ്പെടാതെ കിടന്ന അര്‍ബുദ രോഗമായിരുന്നു എന്‍പിഎ അഥവാ കിട്ടാക്കടം. കോണ്‍ഗ്രസ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി പകര്‍ന്നു കിട്ടിയതാണ് മോഡി സര്‍ക്കാരിന് ഈ മഹാരോഗം. ഇത് ഇല്ലാതാക്കാന്‍ ബാങ്കിംഗ് മേഖലയില്‍ അടിമുടി ഉടച്ചു വാര്‍ക്കലാണ്‌ സര്‍ക്കാരിനു മുമ്പിലുള്ള പദ്ധതി.

പല്ലുണ്ടായിട്ടും കടിച്ചു കീറാത്ത കടുവയായിരുന്ന റിസര്‍വ് ബാങ്കിനെ പുതിയ നിയമങ്ങളിലൂടെ ശക്തിപ്പെടുത്തി ബാങ്കുകളെ വരുതിയിലാക്കുകയാണ് മോഡി ആദ്യം ചെയ്യുന്നത്. ക്യുആര്‍എ പോലുള്ള നിരീക്ഷണ സമ്പ്രദായവും ആഴ്ചയിലൊരിക്കല്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ടു നല്‍കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്ന നിയമഭേദഗതിയും ഇതിന്റെ ഭാഗമാണ്.

ഇതോടെയാണ് ക്വാണ്ടിറ്റേറ്റീവ് റിസ്‌ക് അസസ്‌മെന്റിലൂടെ തങ്ങളുടെ രഹസ്യ ലെഡ്ജറുകളില്‍ ഒളിപ്പിച്ചിരുന്ന കണക്കുകള്‍ ബാങ്കുകള്‍ക്ക് പുറത്ത് എടുക്കേണ്ടി വന്നത്.  കള്ളക്കണക്കുകള്‍ പൂഴ്ത്തി വെച്ച ബാങ്കുകള്‍ യഥാര്‍ത്ഥ കിട്ടാക്കടത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കി തുടങ്ങിയതും ഇതിനു ശേഷമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിനേയും 2012 മുതലുള്ള തട്ടിപ്പ് പുറത്തു പറയാന്‍ നിര്‍ബന്ധിതരാക്കിയതും ഈ നിയമമാണ്. തങ്ങളുടെ ലാഭക്കണക്കിന് ബാധിക്കുമെന്ന് കരുതിയാണ് ഈ കണക്കുകള്‍ പൂഴ്ത്തിയതെന്ന് ബാങ്കുകള്‍ പറയുന്നു.

എന്നാല്‍, നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകള്‍ക്ക് പണം തിരിച്ചു ലഭിച്ചതും കേന്ദ്രം രണ്ടു ലക്ഷം കോടി രൂപയുടെ ബൂസ്റ്റര് പാക്കേജ് പ്രഖ്യാപിച്ചതും ഇവരെ പഴയ കണക്കുകള്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിച്ചു.

ഇതു കൂടാതെ ഫെബ്രുവരി 13 ന് പുതിയ നിയമവും റിസര്‍വ് ബാങ്ക് കൊണ്ടു വന്നു. പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകരക്ഷാര്‍ത്ഥം സ്വയം ഭുജിച്ച പരമശിവന്റെ ത്യാഗസ്മരണ തുളുമ്പുന്ന ശിവരാത്രി ദിനമാണ് സമ്പദ് രംഗത്തെ വിഷം ഇറക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയത്.

അടയ്ക്കാത്ത വായ്പകള്‍ കണ്ടെടുത്തുന്നതില്‍ പരാജയപ്പെടുകയോ ഇത് തിരിച്ച് പിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നിയമം. ഇതു കൂടാതെ 500 കോടി രൂപയ്ക്ക മേല്‍ വായ്പ അനുവദിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി നിര്‍ബന്ധമാക്കി വായ്പ കുടിശികയുടെ ലിസ്റ്റ് എല്ലാ ആഴ്ചയും ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ടായി നല്‍കേണ്ടി വരുന്നതോടെ കളിയാകെ മാറും.

വന്‍കിട വായ്പകള്‍ക്കും കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് പണം ഒരുക്കുന്ന സംവിധാനങ്ങളും എല്ലാം റിസര്‍വ് ബാങ്ക് നേരിട്ട് മോണിറ്റര്‍ ചെയ്യുന്നതോടെ നീരവ് മോഡിമാരും വിജയ് മല്യമാരും കളിക്കാന്‍ വേറെ കളിസ്ഥലം തിരയേണ്ടി വരും.

ഇനി വരും ദിവസങ്ങളില്‍ കിട്ടാക്കടം എന്നത് വലിയ സംഖ്യയായി ഉയര്‍ന്നു കൊണ്ടേയിരിക്കുമെന്നാണ് ബാങ്കിംഗ് മേഖലയിലെ ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

എന്നാല്‍, കോടികളുടെ കിട്ടാക്കടം ഉടനെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റു പോലുള്ള ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്താ്ല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് നീരവ് മോഡിയുടെ ജ്വലറികളില്‍ നിന്ന് റെയ്ഡിലൂടെ 24 മണിക്കൂര്‍ കൊണ്ട് വാായ്പ എടുത്തതിന്റെ പകുതിയോളം തിരിച്ചുപിടിച്ചത് ചൂണ്ടിക്കാട്ടി ചിലര്‍ ഖണ്ഡിക്കുന്നു.

കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി വായ്പ കൊടുക്കുന്നത് ബാങ്കുകള്‍ ഇതോടെ അവസാനിപ്പിക്കും. പണം തിരിച്ചു പിടിക്കാന്‍ അലംഭാവം കാട്ടുന്നത് നിയമവിരുദ്ധമായതോടെ ബാങ്കുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും സഹായകമാകും.

പറയാതെ വയ്യ : ലോക സാമ്പത്തിക ഉച്ചകോടിയില്‍ നൂറു പേര്‍ നിരന്നു നിന്ന ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തട്ടിപ്പു നടത്തിയ നീരവ് മോഡിയും ഒരുമിച്ച് വന്നത് കോണ്‍ഗ്രസിനും സിപിഎമ്മിനും ആംആദ്മിക്കും പിന്നെ ചില മാധ്യമങ്ങള്‍ക്കും വലിയ സംഭവമായിരുന്നു. തട്ടിപ്പ് വീരനും പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയായിരുന്നു ഇവരുടെ പാഴ് ശ്രമം. ഇതിനിടെയാണ് ജനുവരി 14ന് ദാവോസില്‍ നടന്ന ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോ കിട്ടിയത്.

ദാവോസ് ഉച്ചകോടിയുടെ മുഖ്യ പ്രമോട്ടര്‍മാരില്‍ ഒരാളായിരുന്നു നീരവ് മോഡിയുടെ ഫയര്‍ബ്രാന്‍ഡ് എന്ന സ്ഥാപനം. പ്രമോട്ടര്‍ എന്ന നിലയിലാണ് നീരവ് മോഡി ഇതില്‍ പങ്കെടുത്തത്. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് നൂറോളം ഇന്ത്യന്‍ വ്യവസായികളെ ദാവോസില്‍ എത്തിച്ചത്, പ്രധാനമന്ത്രിയുടെ വിമാനത്തിലോ, സര്‍ക്കാര്‍ ചെലവിലോ അല്ല ഇവര്‍ എത്തിയിരുന്നത് എന്ന് കേന്ദ്ര മന്ത്രി രവിശങ്കര് പ്രസാദ് വ്യക്തമാക്കി.

ജനുവരി 29 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ ജനുവരി 31 ന് നീരവ് മോഡിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരി 14 ന് നടന്ന ഉച്ചകോടിയില്‍ മോഡി ഇക്കാര്യം നേരത്തെ, ആറാം ഇന്ദ്രിയത്തിലൂടെ അറിഞ്ഞ് ഇയാളെ ഒഴിവാക്കി ചിത്രം എടുക്കണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്.

2017 ല്‍ നടന്ന മറ്റൊരു ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് തട്ടിപ്പിന്റെ സിബിഐ എഫ്‌ഐആര്‍ കാട്ടിയാണ് ഇത് മോഡിയുടെ കാലത്താണെന്ന് കോണ്‍ഗ്രസും ചില മാധ്യമങ്ങലും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് നീരവ് മോഡിയല്ല,. അദ്ദേഹത്തിന്റ മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സി എന്ന വ്യവസായിയുടേതാണ്. ഗീതാഞ്ജലി ജെംസെ, നക്ഷത്ര ബ്രാന്‍ഡ് എന്നീ കമ്പനികളുടെ പേരില്‍ തട്ടിപ്പു നടത്തിയ മെഹുല്‍ മുംബൈയിലുണ്ട്. ഇയാള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഏതു നിമിഷവും അറസ്റ്റുണ്ടാകുകയും ചെയ്യുമെന്നാണ് സൂചന. അതേസമയം, റെയ്ഡുകള്‍ തുടരുകയാണ്. ഇതുവരെ പിടികൂടിയത് ആറായിരം കോടിയിലേറെ രൂപയുടെ വജ്രം, സ്വര്‍ണം, മറ്റ് രത്‌നാഭരണങ്ങള്‍ എന്നിവയാണ്. വെട്ടിപ്പു നടത്തിയവര്‍ക്ക് മോഡിയുടെ ഇന്ത്യയില്‍ സുരക്ഷിത താവളമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നടപടിയാണ് ഇതെല്ലാം..

മോഡി എന്ന പേരുമായുള്ള ബന്ധവും ചിലര്‍ മുതലെടുത്തു. മോഡിയുടെ കുംഭകോണം എന്ന ഹാഷ് ടാഗുമി്ട്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കഴുതക്കാമത്തിന്റെ വേര്‍ഷന്‍ പുറത്തെടുത്തു. റാഫേലിന്റെ പേരില്‍ ഉയര്‍ത്തിയത് ചീറ്റിപ്പോയതിന്റെ ജാള്യതയിലായിരുന്നു ഇക്കൂട്ടര്‍. നീരവ് മോഡിയെ വെച്ച് കുറച്ചു നാള്‍ കഴിഞ്ഞുകൂടാമെന്നായിരുന്നു ഉള്ളിലിരുപ്പ്. റെയ്ഡും 5000 കോടിയും പുറത്തുവന്നതോടെ എല്ലാ പ്രതിപക്ഷ പദ്ധതിയും പെട്ടന്ന് തന്നെ തകര്‍ന്നടിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here