അനുഗ്രഹങ്ങളുടെ ആവനാഴിയായി ശ്രീ പൂർണത്രയീശ ഭഗവാന്റെ പറയുത്സവം

0

ഒട്ടേറെ പ്രത്യേകതകളും കൗതുകങ്ങളും നിറഞ്ഞതാണ് ശ്രീ പൂർണ്ണത്രയീശന്റെ പറയുത്സവം. പറയെടുപ്പിന് വേണ്ടി മാത്രം ഒരു ഉത്സവം, അതും എട്ട് ദിവസത്തെയെന്നത് തന്നെ ആദ്യ പ്രത്യേകത. ധ്വജാദി ഉത്സവമായിട്ടാണ് പറയുത്സവം കൊണ്ടാടുന്നത്. കുംഭമാസത്തിലെ തിരുവോണം ആറാട്ട്‌ കണക്കാക്കി അതിന് എട്ട് നാൾ മുൻപ് കൊടിയേറിയാണ് പറയുത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റ് ദിവസം ശ്രീഭൂതബലി അല്ലാതെ മറ്റ് ചടങ്ങുകൾ ഇല്ല തന്നെ. കൊടിയേറി രണ്ടും മൂന്നും ദിവസങ്ങളിൽ പടിഞ്ഞാറോട്ടും, നാലും അഞ്ചും ദിവസങ്ങളിൽ വടക്കോട്ടും, ആറാം ദിവസം തെക്കോട്ടും ഏഴാം ദിവസം കിഴക്കോട്ടും ആണ് ശ്രീ പൂർണ്ണത്രയീശൻ എഴുന്നള്ളുക. യാത്ര ഏത് ദിക്കിലേക്കാണെങ്കിലും, കിഴക്കേ ഗോപുരം വഴി മാത്രമേ ദേശനാഥൻ പറയ്ക്ക് പുറത്തേക്കിറങ്ങാറുള്ളൂ. അങ്ങിനെ പുറത്തേക്കിറങ്ങുമ്പോൾ പോലീസിന്റെ ഗാർഡ് ഓഫ് ഹോണർ ഉണ്ടാകും. കൊച്ചി മഹാരാജാവിന്റെ പരദേവത രാജകീയമായി തന്നെയാണല്ലോ എഴുന്നള്ളേണ്ടത്‌ ! രണ്ടാം ദിവസമാണ് ഭഗവാൻ ആദ്യമായി പുറത്തേക്കിറങ്ങുന്നത്. ഭഗവാന്റെ ആദ്യ യാത്ര അമ്മ തമ്പുരാൻ കോവിലകത്തേക്കാണ്. ഈ എഴുന്നള്ളിപ്പിനും ഉത്സവദിനങ്ങളിൽ ഉള്ള എതൃത്ത ശീവേലിക്കും ഭഗവാനെ എഴുന്നള്ളിക്കുന്ന ഗജവീരന് അണിയാൻ,നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചി മഹാരാജാവ് നടയ്ക്ക് വച്ച അപൂർവ്വ രത്നങ്ങൾ പതിച്ചതും പ്രത്യേകശൈലിയിലുള്ള കുമിളകൾ ഉള്ളതും, ശംഖ് ചക്രം എന്നിവ ഉണ്ടായിരുന്നതും പുരാവസ്തു മൂല്യമുള്ളതുമായ സ്വർണ്ണതലേക്കെട്ട് ആയിരുന്നു പതിവ്.ഭഗവാന്റെ പടിഞ്ഞാട്ടേക്കുള്ള യാത്രയിൽ ഏറ്റവും സവിശേഷത പടിഞ്ഞാറേ പുഴ (പൂർണ്ണാ നദി) കടക്കുന്നതാണ്‌. ഭഗവാൻ ഇന്നും തോണിയിലാണ് പുഴ കടക്കുന്നത്. തോണി കടത്തുന്നത് ഓതിക്കനും.

തോണി കടത്തുവാൻ ഓതിക്കൻ നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് കേറി വരുന്നതും ഒരു കാഴ്ചയാണ്! അക്കരെയും ഇക്കരെയും കയർ കെട്ടി അതിൽ പിടിച്ചാണ് ഓതിക്കൻ തോണി നിയന്ത്രിക്കുക.ഭഗവാൻ ജലാശയം കടക്കുമ്പോൾ വാദ്യങ്ങൾ പതിവില്ല, പകരം 3 തവണ ശംഖൊലി മാത്രം! ഭഗവാൻ തോണിയിൽ പടിഞ്ഞാറേക്കരയിൽ എത്തുമ്പോഴേക്കും ആന ഇരുമ്പ് പാലം വഴി അക്കാരെയെത്തി ഭഗവാനെ ശിരസ്സിലേറ്റാൻ തയ്യാറായിരിക്കും.അതിന് ശേഷം ക്ഷേത്രത്തിൽ പണ്ട് ഉണ്ടായിരുന്ന കണക്കപിള്ളയുടെ നാരായവും ഓലയും സമർപ്പണമാണ് (ഗാന്ധി സ്‌ക്വയർ എത്തുന്നതിന് മുൻപായി). വലിയ മൂത്തത് അത് കണക്കപിള്ളയെ തിരിച്ചേല്പിച്ച് കഴിഞ്ഞാൽ മേനോക്കിയുടെ തറവാട്ടിലേക്ക് പോകുന്നു.പടിഞ്ഞാറേക്കരയിൽ തെക്ക് ദിക്കിലെ പറകൾ എല്ലാം സ്വീകരിച്ചതിനു ശേഷം പൂണിത്തുറ കൊട്ടാരത്തിലേക്ക് എഴുന്നള്ളുകയായി. അവിടെ വച്ച് ഭഗവാനെ ഇറക്കി പൂജ നടത്തുന്നു.

ഈ ഇറക്കിപ്പൂജ നടത്തുവാൻ വേണ്ടി മാത്രമായി ക്ഷേത്രവും ശ്രീകോവിലും ഉള്ള ഒരു സ്ഥലമാണ് പൂണിത്തുറ കൊട്ടാരം ക്ഷേത്രം (നിത്യപൂജ നടക്കുന്ന, ശ്രീ കൃഷ്ണൻ മുഖ്യപ്രതിഷ്ഠ ആയി ശ്രീകോവിൽ മാത്രമായി വേറെ ഒരു ക്ഷേത്രം അവിടെയുണ്ട്).അതിന് കാരണവുമുണ്ട്. പൂണിത്തുറ ക്ഷേത്രത്തിനു ഭഗവാനുമായി അഭേദ്യ ബന്ധമുണ്ട്. മഹാവിഷ്ണുവിനെ ദർശിക്കുവാനായി വൈകുണ്ഠത്തിൽ ചെന്ന ശ്രീകൃഷ്ണാർജ്ജുനന്മാർക്കു ഭൂമിയിൽ പ്രതിഷ്ഠിക്കുവാനായി തന്റെ ഒരു വിഗ്രഹം കൊടുത്തുവിട്ടുവത്രെ.ഭൂമിയിൽ എത്തിയ അർജ്ജുനൻ തന്റെ പൂണി തുറന്ന് വിഗ്രഹം പുറത്തെടുക്കുകയും ശ്രീകോവിലിനുള്ളിലെ പീഠസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്തു. ‘പൂണി തുറന്ന്’ വിഗ്രഹം എടുത്ത സ്ഥലം അങ്ങിനെ പൂണിത്തുറ ആയി.കാലാന്തരത്തിൽ ഈ വിഗ്രഹം കുറെ കൂടി പുണ്യമായ സ്ഥലത്തേക്ക് അർജ്ജുനൻ മാറ്റി പ്രതിഷ്ഠിക്കുകയും അത് ഇപ്പോഴത്തെ ശ്രീപൂർണ്ണത്രയീശ ക്ഷേത്രമായി മാറുകയും ചെയ്തു.

ഇറക്കി പൂജയ്ക്കു ശേഷം വീണ്ടും പടിഞ്ഞാറേ പുഴ കടന്ന് ക്ഷേത്രത്തിൽ എത്തുമ്പോൾ രണ്ട് കൂട്ടാനകളുടെ അകമ്പടിയോടെ വിളക്കാചാരം നടത്തുന്നു.
അതിന് ശേഷം ഇറക്കി എഴുന്നള്ളിച്ച് ദീപാരാധന, നിവേദ്യം, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം നട അടയ്ക്കുന്നു.മൂന്നാം ദിവസവും യാത്ര പടിഞ്ഞാറോട്ട് തന്നെ. പടിഞ്ഞാറേക്കരയിലെ വടക്ക് വശത്തുള്ള പറകൾ എല്ലാം സ്വീകരിച്ച് ഭഗവാൻ വീണ്ടും പൂണിത്തുറ കൊട്ടാരത്തിൽ എത്തുന്നു. തലേദിവസത്തെപോലെ തന്നെയാണ് ബാക്കി ചടങ്ങുകൾ.

നാലും അഞ്ചും ദിവസം

ആദ്യ രണ്ട് ദിവസങ്ങളിൽ പടിഞ്ഞാറോട്ടുള്ള യാത്ര കഴിഞ്ഞാൽ പിന്നീട് ഭഗവാന്റെ യാത്ര വടക്കോട്ടാണ്. വൈകുന്നേരം കിഴക്കേഗോപുരം വഴി പുറത്തേക്കിറങ്ങി പോലീസിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച്,വടക്കോട്ട് എഴുന്നള്ളി ലായം റോഡ് വഴി കിഴക്കോട്ട് പോയി സ്റ്റാച്യൂ കവലയിൽ നിന്നും വീണ്ടും വടക്കോട്ടു പോയി ചക്കംകുളങ്ങര കവലയിൽ നിന്നും പടിഞ്ഞാറോട്ട് വന്ന് എൻ എസ് എസ് കോളേജിന്റെ (പഴയ ഇളമന കൊട്ടാരം) മുന്നിലൂടെ താമരംകുളങ്ങര വഴിയിലേക്ക് പ്രവേശിക്കുന്നു.

എന്ത്കൊണ്ട് നേരെ താമരംകുളങ്ങര വഴിയിലേക്ക് വരാതെ ഇങ്ങിനെ ഒരു നടവഴി എന്നത് കൗതുകമാണ്. ഇനി ഒരു പക്ഷെ കോട്ടവാതിൽ കടക്കാറില്ല എന്നതാകാം കാരണം.
(മുൻപ് നാട്ടാന പരിപാലന നിയമം വരുന്നതിന് മുമ്പ് താമരംകുളങ്ങരയിൽ വച്ചാണ് ആനമാറ്റം ഉണ്ടായിരുന്നത്.അന്നത്തെ കാലത്ത് ഓതിക്കനാണ് പുതിയ ആനയുടെ മുകളിൽ കയറി സ്വർണ്ണ കോലത്തിൽ എഴുന്നള്ളുന്ന ഭഗവാന്റെ തിടമ്പ് പിടിക്കാറ്. ആ സമയം കീഴ്ശാന്തിക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള അവസരമാണ്.)താമരംകുളങ്ങര, ആദംപിള്ളിക്കാവ്, തോട്ടയ്ക്കാട്ട് ഓതിക്കന്റെ ഇല്ലം, എന്നിവിടങ്ങളിലെ പറകൾ സ്വീകരിച്ച ശേഷമാണ് പിഷാരികോവിൽ ക്ഷേത്രത്തിലെ ഇറക്കിപൂജ.പടിഞ്ഞാറോട്ടുള്ള യാത്രയിൽ ഇറക്കിപൂജ പൂണിത്തുറകൊട്ടാരത്തിലാണെങ്കിൽ വടക്കോട്ടുള്ള യാത്രയിൽ ഇറക്കിപൂജ സഹോദരിയായ പിഷാരീക്കോവിൽ ഭഗവതിയുടെ ക്ഷേത്രത്തിലാണ്. ഭഗവാന് മാത്രമായുള്ള ശ്രീകോവിൽ, അതും പറയുത്സവത്തിന് മാത്രം തുറക്കുന്ന ശ്രീകോവിൽ പൂണിത്തുറ കൊട്ടാരത്തിൽ ഉണ്ട്.എന്നാൽ പിഷാരികോവിലിൽ ഇറക്കിപൂജ നടത്തുന്നത് നമസ്കാരമണ്ഡപത്തിൽ വച്ചാണ്.

(ശ്രീ പൂർണ്ണത്രയീശന്റെ സഹോദരിമാരാണ് ചോറ്റാനിക്കരയമ്മയും പിഷാരിക്കോവിൽ ഭഗവതിയും. ശ്രീ പൂർണ്ണത്രയീശൻ ഒരിക്കൽ ചോറ്റാനിക്കര അമ്മയുടെ അടുക്കൽ വിരുന്നിന് പോയത്രെ. ചക്രവർത്തിസമാനനായ സഹോദരന് ഇരിക്കുവാൻ വേണ്ടി ഭഗവതി സ്വർണ്ണപലകയാണ് നൽകിയത്.വിരുന്ന് കഴിഞ്ഞ് നോക്കിയപ്പോൾ ഈ സ്വർണ്ണപലക കാണുവാനില്ല. അന്വേഷിച്ചു വന്നപ്പോൾ ആണ് മനസ്സിലായത് അത് ശ്രീ പൂർണ്ണത്രയീശൻ കൊണ്ടു പോയി എന്ന്! അതിൽ പിന്നെയാണത്രേ ചോറ്റാനിക്കരയമ്മയും ശ്രീ പൂർണ്ണത്രയീശനും പിണക്കത്തിലായത്!ഈ സംഭവം കാരണം പിഷാരികോവിലിൽ സഹോദരി ദർശനത്തിനായി എഴുന്നെള്ളുന്ന ഭഗവാൻ ശ്രീ പൂർണ്ണത്രയീശന് ഇരിക്കുവാൻ സാധാരണ ആവണപലകയാണ് നൽകാറ്! വെറുതെ എന്തിനാണ് സഹോദരനുമായി പിണക്കത്തിൽ ആവണം എന്ന് പിഷാരിക്കോവിൽ ഭഗവതി വിചാരിച്ചിട്ടുണ്ടാവും!

മറ്റൊരു സവിശേഷത പിഷാരിക്കോവിൽ ഭഗവതി കുംഭ മാസത്തിലെ ഉത്രം നാളിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലേക്ക് ആറാട്ടിന് എഴുന്നെള്ളുന്നു എന്നതാണ്. ആറാട്ടിന് ശേഷം ഇരുവരും ചേർന്നുള്ള ‘ലക്ഷ്മിനാരായണ വിളക്കും’ നടന്നു വരുന്നു. )നിവേദ്യം പൂജ എന്നിവയ്ക്ക് ശേഷം കേറ്റിയെഴുന്നള്ളിച്ച് ക്ഷേത്രം തന്ത്രിമാരുടെ തറവാടായ പുലിയന്നൂർ മനയിലേക്ക് ഭഗവാൻ പോകുന്നു. അവിടുത്തെ നിവേദ്യവും പൂജയും കഴിഞ്ഞ് യാത്ര പറയും മുമ്പ് ആന മുൻകാലുകൾ(നട മടക്കുക എന്നതാണ് ശരിയായ ഭാഷ) ചെറുതായി മടക്കിഒന്ന് കുനിഞ്ഞു ആ കുടുംബത്തോട് ഭഗവാനുള്ള ആദരവ് കാണിക്കുന്നു. ആ കാഴ്ചയും ഒരു കൗതുകമാണ്! പിന്നെ നേരെ ചക്കംകുളങ്ങര പടിഞ്ഞാറേ നടയിലേക്ക്. സ്റ്റാച്യൂ ജംങ്ഷൻ വഴി കിഴക്കേഗോപുരത്തിലൂടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു

പതിവ് പോലെ മൂന്നാനകൾ, വിളക്കാചാരം, ദീപാരാധന, നിവേദ്യം, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി!

അഞ്ചാം ദിവസവും ഭഗവാന്റെ യാത്ര വടക്കോട്ടേക്കാണ്. പക്ഷെ യാത്ര ഇളമന കൊട്ടാരത്തിൽ നിന്നും മൂന്നും കൂടികവല വഴി നേരെ പിഷാരികോവിലിലേക്ക്.

ഇറക്കിപ്പൂജ കഴിഞ്ഞ് തിരികെ ക്ഷേത്രത്തിൽ എത്തിയാൽ മുൻ ദിവസത്തെ പോലെ ചടങ്ങുകൾ.

ആറാം ദിവസം, തെക്കോട്ട്

ശ്രീ പൂർണ്ണത്രയീശന്റെ തെക്കോട്ടുള്ള എഴുന്നള്ളിപ്പിന് പല പ്രത്യേകതകളും ഉണ്ട്. പറയെഴുന്നള്ളിച്ച് നേരെ കണ്ണൻ തൃക്കോവിലിൽ എത്തി തുടർന്ന് കണ്ണൻകുളങ്ങര, തറമേക്കാവ് വഴിഏകാദശി പെരുംതൃക്കോവിലിലേക്ക്. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ നിന്നും തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. ഒരു അപൂർവ്വമായ ആചാരം കൂടി ആണിത്. (ഏകാദശി പെരുംതൃക്കോവിലിൽ ശ്രീ പരമേശ്വരൻ ആണ് മുഖ്യ പ്രതിഷ്ഠ.ഈ ക്ഷേത്രവുമായി ഭഗവാന് പ്രത്യേകബന്ധം കൂടിയുണ്ട്. ധനു മാസത്തിലെ തിരുവാതിര നാളിൽ പെരുംതൃക്കോവിലപ്പന്റെ ആറാട്ട് ശ്രീപൂർണ്ണത്രയീശ ക്ഷേത്രകുളത്തിൽ വച്ചാണ് നടക്കുന്നത്. അതിനു ശേഷം ഇരുവരും ചേർന്നുള്ള ‘ശങ്കരനാരായണ വിളക്ക് ‘ നടക്കുന്നു).

ഇവിടെ നിന്ന് കയറ്റി എഴുന്നള്ളിച്ചതിനു ശേഷം ഭഗവാന്റെ യാത്ര അചഞ്ചലഭക്തയായ നങ്ങേമ്മയുടെ വടക്കേടത്ത് മനയിലേക്കാണ്. മനയിലേക്കു എഴുന്നള്ളുന്ന ഭഗവാനെ ഭയഭക്ത്യാദരവോട് കൂടി ഇല്ലക്കാരും പ്രദേശവാസികളും ചേർന്ന് എതിരേൽക്കുന്നു. മനയിലെ കാരണവരും, മുതിർന്ന അന്തർജ്ജനവും ഭഗവാൻശ്രീ പൂർണ്ണത്രയീശനെ നിവേദ്യം നൽകി പൂജിക്കുന്നു. ശീവള്ളി ബ്രാഹ്മണരായ മേൽശാന്തിമാർക്കും, ഓതിക്കൻമാർക്കും, തന്ത്രിമാർക്കും മാത്രമേ ശ്രീ പൂർണ്ണത്രയീശന് പൂജ ചെയ്യാൻ അധികാരമുള്ളൂ. പക്ഷെ വടക്കേടത്ത് മനയിലെ കാരണവർക്കും, മുതിർന്ന അന്തർജ്ജനത്തിനും

ശ്രീ പൂർണ്ണത്രയീശനെ തങ്ങൾ വസിക്കുന്ന മനയിലേക്ക് ആനയിക്കുവാനും പൂജിക്കുവാനുമുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഇത് മുജ്ജന്മസുകൃതം തന്നെ! ക്ഷേത്രത്തിലെ വലിയ മൂത്തത് മനയിലെ മുതിർന്ന അന്തർജ്ജനത്തിന് പുടവ (കോടിവസ്ത്രം) സമർപ്പിക്കുന്ന ചടങ്ങുമുണ്ട്.
(സ്ത്രീകൾക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ

വിലക്ക് എന്ന പേരിൽ വ്യാജ പ്രചാരണം നടക്കുന്ന ഇക്കാലത്ത് സ്ത്രീയ്ക്ക് ഇവിടെ പൂജിക്കുവാൻ വരെയുള്ള അധികാരം സൗകര്യപൂർവ്വം മറക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ്.)
വടക്കേടത്ത് മനക്കാർക്ക് പണ്ട് രണ്ട് തറവാടുകൾ ഉണ്ടായിരുന്നുവത്രെ.

ഒന്ന് മേക്കരയിലും മറ്റൊന്ന് പുതിയകാവിലും. എങ്കിലും പ്രധാന തറവാട് പുതിയകാവിൽ തന്നെ. പണ്ടുകാലത്തെ സ്ഥലവിശേഷം നോക്കിയാൽ മേക്കര കൊച്ചി രാജ്യത്തിലും പുതിയകാവ് തിരുവിതാംകൂറിലുമാണ്. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം നടന്നിട്ടാണ് കൊച്ചിയിൽ ക്ഷേത്രപ്രവേശനം നടക്കുന്നത്.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം നടന്നപ്പോൾ മുതൽ മേക്കര തറവാട്ടിലേക്കണത്രെ ശ്രീ പൂർണ്ണത്രയീശനെ എഴുന്നള്ളിച്ചിരുന്നത്! പിന്നീട് ആ തറവാട് ഇല്ലാതായപ്പോൾ ആണ് തിരിച്ച് പുതിയകാവിലെ പ്രധാന തറവാട്ടിലേക്ക് വീണ്ടും എഴുന്നള്ളി തുടങ്ങിയത്.മറ്റെല്ലാ ദിവസങ്ങളിലും ആനപ്പുറത്ത് കീഴ്ശാന്തിയാണ് കോലം പിടിക്കാറ്. എന്നാൽ ഭഗവാൻ തെക്കോട്ട് എഴുന്നള്ളുമ്പോൾ മേൽശാന്തിയാണ് ആനപ്പുറത്ത് കോലം പിടിക്കാറ്. കൊടിയേറി ആറാം ദിവസം. വൃശ്ചികമാസത്തിലെ വലിയ ഉത്സവം കണക്ക് നോക്കിയാൽ ചെറിയവിളക്ക്! അന്നും ആനപ്പുറത്ത് മേൽശാന്തി തന്നെ!ബാക്കി ഇറക്കിപ്പൂജ ഉള്ള സ്ഥലങ്ങളിൽ ഓതിക്കനാണ് പൂജ ചെയ്യാറ്. പക്ഷെ ഇവിടെ വടക്കേടത്ത് മനയിൽ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. പണ്ട് കാലത്ത് മന ഒരു നാലുകെട്ട് ആയിരുന്നുവത്രെ. ഇപ്പോൾ മന ഒരു ആധുനികരീതിയിൽ പണി കഴിപ്പിച്ച കെട്ടിടമാണ്.

ക്ഷേത്രത്തിൽ പൂജ നടക്കുമ്പോൾ നട അടയ്ക്കുന്നത് പോലെ മനയുടെ മുൻവാതിൽ അടച്ചാണ് മേൽശാന്തിയുടെ പൂജ നടക്കാറ്!
മേൽശാന്തിയുടെ പൂജ കഴിഞ്ഞ് കേറ്റി എഴുന്നള്ളിച്ച് വീണ്ടും ഭഗവാൻ കണ്ണൻകുളങ്ങര ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു.അവിടെ മൂന്നാനകൾ, വിളക്കാചാരം, ഇറക്കി പൂജ എന്നിവ കഴിഞ്ഞു വീണ്ടും കേറ്റിയെഴുന്നള്ളിച്ച് കിഴക്കേഗോപുരം വഴി ക്ഷേത്രത്തിൽ കേറി മൂന്നാനകളോടെ പതിവ് വിളക്കാചാരം, ദീപാരാധന, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി നടത്തുന്നു.

ഏഴാം ദിവസം കിഴക്കോട്ടു

കിഴക്കോട്ടുള്ള ദേശനാഥന്റെ എഴുന്നള്ളിപ്പ് കൃഷിയിടങ്ങൾ കാണാനുള്ളതാണ് എന്നതാണ് വിശ്വാസം.
ഈ യാത്രയും രസകരമാണ്. നേരെ കിഴക്കേകോട്ട വഴി പോകാതെ, സ്റ്റാച്യൂവിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് ചക്കംകുളങ്ങര കിഴക്കേനടയിലൂടെ പള്ളിപറമ്പുക്കാവ് റോഡിലെത്തി,തെക്കോട്ട് തിരിഞ്ഞ് ചന്തവാതിലിലൂടെ ആണ് കിഴക്കോട്ട് പോകുക. ഇതും ഭഗവാൻ കോട്ട കടക്കില്ല എന്ന വിശ്വാസത്തിൽ ആണ് എന്ന് പറയപ്പെടുന്നു. നേരെ കരിങ്ങാച്ചിറ ഹിൽപാലസ് വഴി തിരുവാങ്കുളം ശിവക്ഷേത്രത്തിലേക്ക്. ആദ്യ നാല് ദിവസങ്ങളിൽ ഒരു ഇറക്കിപൂജ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തെക്കോട്ട് പോയപ്പോൾ മൂന്നും. കിഴക്കോട്ട് പോകുമ്പോൾ രണ്ട് ഇറക്കിപൂജകൾ ഉണ്ട്. വടയമ്പാടി കൊട്ടാരത്തിലും, വേളൂർ കൊട്ടാരത്തിലും. തിരുവാങ്കുളം ക്ഷേത്രത്തിലെ പറകൾ കഴിഞ്ഞു നേരെ കിഴക്കോട്ടു പുത്തൻകുരിശ് ചൂണ്ടി വഴി വടയമ്പാടി കൊട്ടാരത്തിലേക്കാണ്.പൂണിത്തുറ കൊട്ടാരത്തിൽ എന്ന പോലെ ഇവിടെയും, വേളൂർ കൊട്ടാരത്തിലും ശ്രീ പൂർണ്ണത്രയീശന് പ്രത്യേകം ശ്രീകോവിൽ ഉണ്ട്. അതും പറയുത്സവത്തിന് ഭഗവാൻ വരുമ്പോൾ മാത്രം തുറക്കുന്നത്. വടയമ്പാടിയിൽ ചുറ്റമ്പലവും ഉണ്ട്.

പൂണിത്തുറ കൊട്ടാരത്തിൽ നിത്യപൂജയോടെ ശ്രീ കൃഷ്ണ ക്ഷേത്ര ശ്രീകോവിൽ ഉള്ളത് പോലെ ഇവിടെ ശ്രീ പരമേശ്വരനാണ് നിത്യപൂജയുള്ള ക്ഷേത്രം.വടയമ്പാടി കവല മുതൽ മൂന്നാനകൾ, പഞ്ചവാദ്യം എന്നിവയോടെ ആഘോഷമായാണ് ഭഗവാനെ എതിരേൽക്കുന്നത്. വഴിയിലെ ഒട്ടുമിക്ക ഗൃഹങ്ങളിലും ദീപാലങ്കാരം ഉണ്ടാകാറുണ്ട്.ഭഗവാൻ എത്തി ഇറക്കി എഴുന്നള്ളിച്ച് നടയടച്ച് പൂജ. തുടർന്ന് ഭക്ഷണവും വിശ്രമവും. അവിടെ നിന്നും കയറ്റി എഴുന്നള്ളിച്ച് നേരെ പുത്തൻകാവിലേക്ക്. പിന്നെ വേളൂർ കൊട്ടാരത്തിലേക്കും. പുത്തൻകാവിൽ നിന്നും വേളൂർ കൊട്ടാരത്തിലേക്കുള്ള യാത്ര വളരെ രസകരമാണ്. വേളൂരിൽ എത്തുമ്പോഴേക്കുംവെളുപ്പാൻകാലം ആയിട്ടുണ്ടാകും. അവിടെ ശ്രീ പൂർണ്ണത്രയീശന്റെ ശ്രീകോവിലിന് ചുറ്റമ്പലം ഇല്ല. പക്ഷെ ചുറ്റമ്പലമുള്ള മറ്റൊരു ശിവക്ഷേത്രം അവിടെയുണ്ട്. വേളൂരിൽ ഇറക്കിപൂജ കഴിഞ്ഞ് കയറ്റി എഴുന്നള്ളിച്ച് പെരുന്നിനാകുളം വഴി കരിങ്ങാച്ചിറയിൽ എത്തി ചന്തവാതിലിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വന്ന വഴിക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നു. പണ്ടുകാലത്തെ കിഴക്ക് നിന്നുള്ള വരവ് കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു എന്ന് മുൻതലമുറക്കാർ പറഞ്ഞുകേട്ടറിവ്. ആ ഭാഗ്യം ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോയി.തിരിച്ച് ക്ഷേത്രത്തിൽ എത്തുമ്പോൾ നേരം വെളുത്തിട്ടുണ്ടാകും. പിന്നെ പതിവ് പോലെ തലേദിവസത്തെ ബാക്കി ചടങ്ങുകൾ! വിളക്കാചാരം, ദീപാരാധന, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി. പിന്നെ നടയടച്ച് തുറന്ന് അന്നത്തെ ചടങ്ങുകൾ!

എട്ടാം ദിവസം ആറാട്ട്

കൊടികയറി എട്ടാം ദിവസം തിരുവോണ നാളിൽ ഭഗവാന് ആറാട്ട്‌. വൈകീട്ട് കൊടിയിറക്കത്തിന് ശേഷം ഭഗവാൻ ശ്രീ പൂർണ്ണത്രയീശൻ ആറാട്ടിനായി അഞ്ചാനപ്പുറത്ത് ചക്കംകുളങ്ങര ശിവക്ഷേത്ര കുളത്തിലേക്കു എഴുന്നള്ളുന്നു. (വലിയ ഉത്സവത്തിന്റെ ആറാട്ടും ഇവിടെ തന്നെ).ആറാട്ടിന് ശേഷം കയറ്റി എഴുനെള്ളിച്ചു ശ്രീരാമ ക്ഷേത്രത്തിൽ എത്തി പറകൾ സ്വീകരിച്ചു സ്റ്റാച്യൂ കവലയിൽ എത്തുന്നു. അവിടെ കേളി, കൊമ്പ്പറ്റ്, കുഴൽപ്പറ്റ്, എന്നിവയ്ക്ക് ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്.

ക്ഷേത്രത്തിനു പുറത്തു പാണ്ടിമേളം കലാശിച്ചുകൊണ്ട് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പ്രദക്ഷിണങ്ങൾക്ക് ശേഷം ഇറക്കി എഴുന്നള്ളിക്കുന്നു. തുടർന്ന് പഞ്ചവിംശതി കലശം, ശ്രീഭൂതബലിയോട് കൂടി പറയുത്സവം പൂർണ്ണതയിൽ എത്തുന്നു !!!

ശ്രീ ഹരേ നമഃ !
ശ്രീ പൂർണ്ണത്രയീശൻ ശരണം !

രചന-ശ്രീ കൃഷ്ണനാഥ് വെങ്കട്ടരാമൻ തൃപ്പൂണിത്തുറ

സമ്പാദനം-ശ്രീഹരി തൃപ്പൂണിത്തുറ, ആരാധ്യ

LEAVE A REPLY

Please enter your comment!
Please enter your name here