നെഞ്ചളന്നില്ലേ? ഇനി നെഞ്ചകമളക്കു… !

കോളനിവല്‍ക്കരണത്തിന്റെ രാജശാസനങ്ങളില്‍ നിന്ന് മുക്തി നേടിയ രാജ്യത്തിന് പുതിയ ചരിത്രനിയോഗവുമായി അവരോധിക്കപ്പെട്ട ഭരണാധിപനാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. സാമ്രാജ്യത്വശക്തികളുടെ പിണിയാളുകളായി, അവരാല്‍ നിയമിതരായ ഭരണകൂടങ്ങളും നേതൃത്വവും രാജ്യത്തിന് വൈദേശിക അടിമത്വം സ്ഥായിയായി പതിച്ചു നല്‍കിയിരിക്കുകയായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് അധികാരത്തിന്റെ അട്ടിപ്പേറാവകാശം നെഹ്‌റു കുടുംബത്തിന് കൈമാറി. ഇതായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തിന്റെ ബാക്കി പത്രം.

നെഹ്‌റു കുടുംബത്തിന്റെ അധികാര അവകാശങ്ങള്‍ക്കു മേല്‍ വലിയ ആഘാതമേല്പ്പിച്ച ജനതാ രാഷ്ട്രീയം ഇടക്കാലത്ത് ശക്തി പ്രാപിച്ചെങ്കിലും ബാലാരിഷ്തകളില്‍പ്പെട്ട് തളര്‍ന്നു. പിന്നീട്, രണ്ട് ദശാബ്ദക്കാലത്തിനു ശേഷമാണ് ഹിന്ദുത്വബോധത്തിലും രാഷ്ട്രഭക്തിയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന് പിന്തുണയേറിയത്.

ഇടക്കാലത്ത് അതും തളര്‍ന്നു. പിന്നീട്, ഒരിക്കല്‍ കൂടി നെഹ്‌റു കുടുംബം ജനാധിപത്യത്തിന്റെ മറവില്‍ രാജവാഴ്ച നടത്തി. രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിച്ചു. ഇതോടെ പൊതുജനം മാറ്റത്തിനു കൊതിച്ചു. ഗുജറാത്ത് എന്ന സംസ്ഥാനത്തെ വികസനത്തിന്റെ സുവര്‍ണ പാതയിലേക്ക് എത്തിച്ച നരേന്ദ്ര മോദി എന്ന ഭരണാധിപനില്‍ പാര്‍ട്ടിയും ജനങ്ങളും വിശ്വാസമര്‍പ്പിച്ചു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രവും വിദ്വേഷത്തിന്റെ തത്വസംഹിതകളും അരുതായ്മകളും രാജ്യവിരുദ്ധതയും എല്ലാം മുഖമുദ്രമാക്കിയ അതിശക്തരായ വലിയ പറ്റം രാഷ്ട്രീയരാക്ഷസവര്‍ഗത്തേയും അതിന്റെ ഇത്തിക്കണ്ണികളായ ഭൃത്യവൃന്ദത്തേയും എതിരിട്ടാണ് നരേന്ദ്ര മോദി ഇന്ദ്ര പ്രസ്ഥത്തിലെ ഇന്ദ്രപദവിയിലെത്തിയത്.

ജനാധിപത്യത്തിന്റെ മര്യാദമാര്‍ഗങ്ങളിലൂടെ അധികാര സോപാനത്തിലേറിയ മോദിയെ സ്വീകരിക്കാന്‍ ഈ വരേണ്യ വര്‍ഗത്തിന് മനസ്സുണ്ടായിരുന്നില്ല. ചായക്കച്ചവടം നടത്തിയ ബാല്യത്തിന്റെ ശേഷിപ്പുകള്‍, കനമുള്ള ഗുജറാത്തി സംസാരത്തിന്റെ മേമ്പൊടിയുള്ള ഇംഗ്ലീഷ് . ല്യൂട്ടിയന്റെ ബംഗ്ലാവുകളില്‍ തമ്പടിച്ച് കേംബ്രിഡ്ജും, ഓക്‌സ്‌ഫോര്ഡും പിതാവും പെറ്റമ്മയുമായ, ഒരുപറ്റത്തിന് ദഹിക്കാനാവാത്ത വിഭവമായിരുന്നു നരേന്ദ്ര മോദി.

യജമാനസ്‌നേഹവും ഭൃത്യമനോഭാവവും അവരുടെ സിരകളില്‍ അള്ളിപ്പിടിച്ചതു പോലെയായിരുന്നു. സായ്പ്പിന് ഓശാനപാടിയ നാവുകളില്‍ നിന്ന് നരേന്ദ്ര മോദിക്കെതിരെ രാവും പകലും കാര്‍ക്കിച്ച തുപ്പലൂകളൂറിവന്നു. കുറ്റം പറയാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ മോദിയുടെ വ്യക്തിപരമായ വിഷയങ്ങള്‍ എടുത്തുകൊണ്ടുവന്നു അലക്കി.

നെഹ്‌റുവിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒരക്ഷരമുരിയാടത്ത മാധ്യമങ്ങളും സംസ്‌കാരിക-സാഹിത്യകാരന്‍മാരും ചെറുപ്പക്കാലത്ത് മോദിയുടെ കുടുംബക്കാരണവന്‍മാര്‍ പേരിന് നടത്തിയ കെട്ടുകല്യാണവും മറ്റും രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയമാക്കി. ഇല്ലായ്മയുടെ കൊച്ചുകൂരയില്‍ ജനിച്ചു വളര്‍ന്ന ബാല്യത്തില്‍ ചായവിറ്റ് കുടുംബത്തെ പോറ്റാന്‍ സഹായിച്ചതിന്റെ കാഠിന്യവും വിയര്‍പ്പും ഇവര്‍ക്ക് അറപ്പിന്റെ പര്യായമായിമാറി. അയല്‍വീടുകളില്‍ ചെന്ന് വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിച്ച് കുട്ടികളെ വളര്‍ത്തിയ വിധവയായ അമ്മയെ പോലും ഇവര്‍ വെറുതെ വിട്ടില്ല.

രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന വലിയ സംഘടനയിലൂടെ രാഷ്ട്ര സേവനത്തിന് ഇറങ്ങിയ വ്യക്തി പിന്നീട് സ്വപ്രയത്‌നത്താല്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് ഇവര്‍ക്ക് അംഗീകരിക്കാനായില്ല.. മറുവശത്ത് അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ പിന്നാമ്പുറ പ്രവേശനം തരപ്പെടുത്തി കോഴ്‌സ് പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച നെഹ്‌റു കുടുംബത്തിലെ ഇളമുറ തമ്പുരാന്റെ വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ച് ഭൃത്യഗണങ്ങള്‍ ഉരിയാടിയില്ല. മറിച്ച് അപദാനങ്ങള്‍ പാടി ആനുകൂല്യങ്ങള്‍ കൈപ്പറ്റി.

മോദി നോക്കുന്നത് ക്യാമറയിലേക്കാണന്നും, വസ്ത്രത്തില്‍ സ്വന്തം പേരെഴുതി പ്രദര്‍ശിപ്പിച്ചെന്നും, കഴിക്കുന്നത് വിലപ്പിടിപ്പുള്ള കൂണാണെന്നും …എന്നുവേണ്ട ഓരോ ശ്വാസത്തിലും എത്ര ബാക്ടീയരകളെ മോദി പുറത്തുവിടുന്നുണ്ടെന്നും മറ്റും ഗവേഷണം നടത്തി പ്രസിദ്ധീകരിക്കുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ.

മറുവശത്ത് തന്നെ കുറിച്ചുള്ള അപ്രസ്‌ക്ത വിമര്‍ശനങ്ങളെ അവഗണിച്ച് രാജ്യത്തിന്റെ അധിപന്‍ ഒരോ ദിനവും സമയാതിക്രമപ്പട്ടികയുമായി കര്‍മ്മനിരതനായി.

അധികാരത്തില്‌റിയതിനു തൊട്ടുപിന്നാലെ വിശ്വമാകെ കീഴക്കുന്ന അശ്വമേധത്തിനു തുടക്കമിട്ടു. പതിറ്റാണ്ടുകളായി അവഗണിച്ചിരുന്ന അയല്‍ രാജ്യങ്ങളെ അടുത്തുചേര്‍ത്തു. വ്യാപാര ബന്ധമുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്തി.

മതത്തിന്റെ പേരില്‍ അകാരണപഴികേട്ട മോദി ഇസ്ലാമിക രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായി ഇഴയടുപ്പം ഉണ്ടാക്കി. ആജന്മശത്രുവായ പാക്കിസ്ഥാന് ആദ്യം സൗഹൃദഹസ്തം നീട്ടി. കൈത്തട്ടിത്തെറിപ്പിച്ച അവര്‍ക്ക് മുഖപ്രഹരമേകി. അങ്ങിനെ കരുത്തിന്റെ ആള്‍രൂപമായി മോദി മാറി. ഉലകം ചുറ്റിയതിന് പഴികേട്ടു. എന്നാല്‍, രാജ്യാന്തര ഫോറങ്ങളില്‍ ഇന്ത്യയുടെ പിന്തുണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വര്ദ്ധിച്ചപ്പോള്‍ വിമര്‍ശകരുടെ വായടഞ്ഞു.

കാശ്മീരെന്ന തലവേദനയ്ക്ക് ഒറ്റമൂലി ചികിത്സയേകി. തങ്ങളുടെ ശത്രുതയുടെ അടിസ്ഥാനമായ കാശ്മീരിലെ വിഘടനവാദം ഇല്ലാതാകുന്നത് കണ്ട് വാ പൊളിച്ച പാക്കിസ്ഥാന്‍ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴെല്ലാം വന്‍തിരിച്ചടിയും കനത്ത പരാജയവും ഏറ്റുവാങ്ങി. മോദി എന്ന നേതാവ് യുഎന്നിലെ ചെറിയ രാജ്യങ്ങളഉടെ വരെ പിന്തുണ നേടിയിരുന്നു. യുഎന്നിലെ മനുഷ്യാവകാശ സമിതിയിലെ അംഗമായ ബഹ്‌റൈനിലേക്കും മോദി ചെന്നു. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ എന്ന കൊച്ചു രാജ്യത്തിലെത്തി. എന്തിനായിരുന്നു ഇതെന്ന് ചിലര്‍ക്ക് മനസിലാക്കാന്‍ പാക്കിസ്ഥാന്‍ .യുഎന്നിലെ മനുഷ്യാവകാശ സമിതിയില്‍ കാശ്മീര്‍ വിഷയം അവതരിപ്പിച്ച് പരാജയപ്പെടുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

370ാം വകുപ്പ് എന്ന കീറാമുട്ടി രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയായി തുടരുകയായിരുന്നു. ഒരു രാത്രികൊണ്ട് ഈ വിഷയത്തിന് ശ്വാശ്വത പരിഹാരം കണ്ടെത്തി, നടപ്പിലാക്കി, വിജയിപ്പിച്ച കരുത്തുറ്റ ഭരണ നേതൃത്വമാണ് മോദിയുടേത്. 370 ാം വകുപ്പ് ചവറ്റുകൊട്ടയിലായി നാല്‍പതു ദിനങ്ങള്‍ പിന്നിട്ടിട്ടും ക്രമസമാധാനപാലനം ഭംഗിയായി നിറവേറ്റി ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന അമിത് ഷാ കൈയ്യടി നേടി. താഴ് വരയില്‍ ചോരപ്പുഴ ഒഴുകുമെന്ന് കരുതിക്കാത്തിരുന്ന ചിലര്‍ക്ക് ഇത് നിരാശയാണേകിയത്. ന്യൂനപക്ഷങ്ങളെ വംശഹത്യചെയ്യുന്നു എന്നു ലേഖനമെഴുതിക്കാത്തിരുന്നവര്‍ നിരാശരായി.

എഴുപതിന്റെ പടിവാതിലെത്തിയ നരേന്ദ്ര മോദി, രാജ്യം ഇതുവരെ കണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. ഇരുപതിന്റെ ചുറുചുറുക്കും പ്രസരിപ്പും കര്‍മനിരതശേഷിയും യുവതലമുറയെ വല്ലാതെ പ്രചോദിപ്പിക്കുന്നു. ഭരണത്തിലേറി അഞ്ചു സംവത്സരങ്ങള്‍പിന്നിട്ടിട്ടും ജനപ്രിയതയില്‍ ഒരു തരിപോലും കുറവു വന്നില്ല. മറിച്ച് നാള്‍ക്കു നാള്‍ ജനപ്രീതി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

പകയുള്ള ശത്രുവിനെ അവരുടെ അങ്കക്കളരിയിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നു ചെന്ന് പകച്ചുപേടിപ്പിച്ചതും സൈനികരെ ആക്രമിച്ചതിന് പകരമായി അതിര്‍ത്തികടന്ന് പ്രത്യാക്രമണം നടത്തിയതും നരേന്ദ്ര മോദിയുടെ നെഞ്ചളവിന്െ കുറിച്ച് സംശയമുണ്ടായിരുന്നവരുടെ എല്ലാ സന്ദേഹങ്ങള്‍ക്കും അറുതിയാക്കിയിരുന്നു.

56 ഇഞ്ച് നെഞ്ചിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ അക്കാര്യം മറന്നമട്ടാണ്. ചങ്കൂറ്റം മാത്രമല്ല.. ചങ്കലിവും കാട്ടിത്തന്നു മോദി. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യത്തിനെ ചൂഷണം ചെയ്ത ഭരണവര്‍ഗങ്ങളില്‍ നിന്നും വ്യത്യസതമായി അവരുടെ പട്ടിണി വോട്ടാക്കിമാറ്റാനുള്ളതല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ആത്മാര്‍ത്ഥമൊയി നടപ്പിലാക്കി കാണിച്ചു കൊടുത്തു മോദിയുടെ ഭരണകൂടം.

ശുചിത്വബോധം പകര്‍ന്നു നല്‍കിയ സ്വച്ഛഭാരത് ,ഏവര്‍ക്കും കൂരയൊരുക്കുന്ന പാര്‍പ്പിട പദ്ധതിയും ഇരുട്ടറകളായിരുന്ന കുഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ചതും, സമ്പാദ്യ ശീലം ഒരുക്കി ക്ഷേമപദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന ജനധന്‍ ബാങ്ക് അക്കൗണ്ടുകളും, സ്ത്രീകളുടെ ശാക്തികരണത്തിന് വേണ്ടി അടുക്കള മുതല്‍ അരങ്ങ് വരെ നീളുന്ന ബൃഹത് പദ്ധതികളും മോദി ഭരണത്തിന്റെ സവിശേഷതകളായി മാറി. സാധാരണക്കാരുടെ ജീവനും ആരോഗ്യത്തിനും മറ്റുികിത്സാ ചെലവ് വഹിക്കുന്നതിനുമായി നിരവധി ഇന്‍ഷുറന്‍സ് പദ്ധതികള്‍.സംരംഭകര്‍ക്ക് സ്റ്റാര്‍ട് അപ് പദ്ധതികള്‍ ഈടില്ലാത്ത വായ്പ., കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികള്‍ മിനിമം വരുമാനം ഉറപ്പാക്കാല്‍, ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍, നിക്ഷേപകര്‍ക്ക്. ചുവപ്പു നാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനം .

മറുവശത്ത് , കൊള്ളയും അഴിമതിയും തടയുന്നതിന് കര്‍ശന നടപടികള്‍. കള്ളപ്പണത്തെ പ്രതിരോധിക്കാനായി സ്വീകരിച്ച നോട്ടുനിരോധനം, നികുതി വ്യവസ്ഥയിലെ ജിഎസ്ടി സമ്പദ്രായം ,സാമ്പത്തിക മുരടിപ്പില്ലാതാക്കാന്‍ സ്വീകരിച്ച ഉത്തേജക നടപടികള്‍.. സമഗ്രതലത്തിലും സജീവമായി ഇടപെടുകയും പദ്ധതിനര്‍വ്വഹണം സാധ്യമാക്കുകയും ചെയ്യുന്ന ഭരണാധികാരിയെന്ന നിലയില്‍ മോദി സര്‍വ്വസമ്മതനാണ്.

യുഎന്‍ പൊതുസഭയില്‍ പങ്കെടുത്തിരുന്ന മുന്‍ പ്രധാനമന്ത്രിമാരെ പോലെയല്ല മോദി. തന്റെ സന്ദര്‍ശനം വിജയകരമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഒരോ വട്ടവും മോദി പരീക്ഷിക്കുന്നു. ഇക്കുറി യുഎസ്സിലെത്തുന്ന മോദിയെ ഹൂസ്റ്റണ് നഗരം സ്വീകരിക്കുന്നത് ചരിത്രസംഭവമായിമാറും എന്നാണ് റിപ്പോര്‍ട്ടുകള്‍, അരലക്ഷം വരുന്ന സദസിനെ അഭിസംബോധന ചെയ്യാന്‍ യുഎസ് പ്രസിഡന്റിനേയും പ്രധാനമന്ത്രി ക്ഷണിച്ചത് വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവും ഏറ്റവും പുരാതനമായ ജനാധിപത്യ രാജ്യത്തിന്റെ നായകനും ഒരുമിച്ച് ഒരു റാലിവേദിയില്‍ എത്തുന്നത് ഇതാദ്യം.

വിദ്വേഷത്തിന്റെ പ്രാചരകര്‍ക്ക് ഇപ്പോഴും അജീര്‍ണ്ണത്തിന്റെ അസുഖം മാറിയിട്ടില്ല. അവരുടെ വാക്കുകള്‍ വയറിളക്കമായി പുറത്തുവരുന്നുണ്ട്. പക്ഷേ, നരേന്ദര മോദി തന്റെ പിറന്നാളില്‍ ജന്മനാട്ടിലാണ് . അമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും നാടിന്റെ ജീവരക്തം പകര്‍ന്നു നല്‍കുന്ന നര്‍മദയെ പൂജിക്കാനുമായി മോദി തന്റെ പിറന്നാള്‍ ദിനം വിനിയോഗിക്കുകയാണ്. രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതം. ആ പ്രത്യയശാസ്ത്രത്ത്ിന്റെ ആജീവനാന്തപ്രചാരകന്‍. ജനപ്രിയ മുഖ്യമന്ത്രിയില്‍ നിന്ന് കരുത്തുറ്റ പ്രധാനാമന്ത്രിയായി. ഇതാ ഇപ്പോള്‍ വിശ്വനേതാവുമായി മാറി.. കരുത്തിനും കാര്‍ക്കശ്യത്തിനുമൊപ്പം ജനകീയനുമായ ലോകനേതാക്കള്‍ ചുരുക്കം. നരേന്ദ്ര മോദി ഈ ഗണത്തിലെന്നും മുമ്പനായിരിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here