കോടതികൾ വഴി ഇന്ത്യയെ ഭരിക്കാൻ ശ്രമിക്കുന്നവർ

1

2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ എത്തി. പത്ത് വർഷക്കാലത്തെ കോണ്ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ എത്തിയത്. എന്നാൽ അത് കോണ്ഗ്രസ് എന്ന പാർട്ടിയുടെ അധികാര നിഷ്കാസനം മാത്രമായിരുന്നില്ല, ഗാന്ധി കുടുംബമെന്ന കുടുംബ പാർട്ടിയുടെ ചുറ്റും കറങ്ങി നടക്കുന്ന ഒരു വലിയ കൂട്ടം എലൈറ്റ് മാഫിയയുടെ പതനം കൂടിയായിരുന്നു. കൊണ്ഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറൻ മൂളികളായി തങ്ങളുടെ അജൻഡകളും സാമ്പത്തിക നേട്ടങ്ങളും നേടി ജീവിക്കുന്ന ഒരു കൂട്ടം , അവരെ കോക്കസ് എന്നോ കോണ്ഗ്രസ് ഇക്കോ സിസ്റ്റം എന്നോ വിളിക്കാം.ഈ ഇക്കോ സിസ്റ്റത്തിന് പൊതുവായ അജണ്ടകൾ മാത്രമല്ല മറിച്ചു വ്യക്തിപരമായ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.യു പി എ എന്ന തട്ടിക്കൂട്ട് സംരഭം ഇവർക്ക് താങ്ങും തണലുമായി നിന്നു.

യു പി എ ഭരണം ഇല്ലാതായതോടെ ഈ ഇക്കോ സിസ്റ്റത്തിന് അതുവരെ ലഭിച്ചിരുന്ന വരുമാനങ്ങൾ ഇല്ലാതായി.അതുവരെ ആസ്വദിച്ചിരുന്ന അധികാരത്തിന്റെ ഇടനാഴികളിൽ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാനും ആവശ്യങ്ങൾ നേടിയെടുക്കാനുമുള്ള കഴിവും ഇല്ലാതായി. സ്വാഭാവികമായി അതു വരെ ലഭിച്ചിരുന്ന ഫണ്ടുകൾ നിലച്ചു.ആ തിരിച്ചറിവിൽ അവർ 2014 മുതൽ വിറളി പൂണ്ട് നടക്കുകയാണ്. 2014 മുതൽ ഈ കൂട്ടങ്ങൾ നടത്തിവരുന്ന നീക്കങ്ങൾ നമുക്കു മുന്നിലുണ്ട്. അവാർഡ് വാപ്പസിയിൽ തുടങ്ങി രാജ്യത്തെ ലോകത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാൻ മുഴുവൻ ശക്തിയും എടുത്തു അവർ ശ്രമിച്ച് വന്നു.ഈ ഇക്കോ സിസ്റ്റത്തിനിടയിൽ ഉണ്ടായിരുന്ന പരസ്പര പ്രശ്നങ്ങൾ പോലും മാറ്റി വെച്ച് ഇവർ ഒന്നിച്ചു.പിന്നീട് സർക്കാറിനെതിരെ നടത്തിയ മുഴുവൻ നീക്കങ്ങളിലും ഈ അവിശുദ്ധതയുടെ കൂട്ടങ്ങളെ കാണാൻ കഴിയും.ബ്യൂറോക്രസി മുതൽ , മാധ്യമങ്ങൾ , അഭിഭാഷകർ , മനുഷ്യാവകാശ പ്രവർത്തകർ , പരിസ്ഥിതി പ്രവർത്തകർ, സിനിമ-സാഹിത്യ പ്രവർത്തകർ, ചരിത്രകാരന്മാർ, അധ്യാപകർ തുടങ്ങി എല്ലാ മേഖലകളിലും ഈ അവിശുദ്ധ കൂട്ടങ്ങൾക്ക് ആൾക്കാർ ഉണ്ട്.

ഇവർ നടത്തിവന്ന പല നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് കോടതികൾ വഴി ഭരണത്തിൽ ഇടപെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.സർക്കാർ നടത്തുന്ന എല്ലാ നയങ്ങളെയും , വികസനങ്ങളെയും കോടതികൾ വഴി തടസ്സപ്പെടുത്തുകയോ , താമസിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഈ മാഫിയയുടെ തന്ത്രം.ആധാർ മുതൽ ഇന്ന് CAA വരെ ഇവർ ലക്ഷ്യമിടുന്നത് കോടതികളെ ഉപയോഗിച്ചുള്ള ഭരണത്തിനാണ്. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെ തടയാൻ ഇവർ നടത്തിയ ശ്രമങ്ങൾ രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്.ആർക്ക് വേണ്ടിയാണ് ഇവർ ഈ നീക്കങ്ങൾ നടത്തുന്നത്?.ഏത് സർക്കാർ നയങ്ങൾക്കെതിരെയും കോടതിയിൽ നിന്ന് ഒരു പരാമർശം നേടിയെടുക്കുക അത് മാധ്യമങ്ങളിലുള്ള ഇതേ മാഫിയയുടെ ഭാഗമായവരെക്കൊണ്ട് ബിഗ് ബ്രെക്കിംഗ് ആയി അവതരിപ്പിക്കുക. ഇതൊക്കെയാണ് ഈ മാഫിയയുടെ ലക്ഷ്യങ്ങൾ.രാമക്ഷേത്രം നിർമാണക്കേസിന്റെ വാദത്തിൽ ഈ മാഫിയയുടെ ആവശ്യം വിധി നീട്ടി വെക്കണം എന്നതായിരുന്നു.ചുരുക്കി പറഞ്ഞാൽ കോണ്ഗ്രസിന് വേണ്ടി രാഷ്ട്രീയ വ്യവഹാരമാണ് ഈ കൂട്ടം നടത്തിപോരുന്നത്.

കോടതികളെ സമ്മർദ്ദത്തിലാക്കുക, മുതിർന്ന അഭിഭാഷകർ എന്ന “പദവി” ഉപയോഗിച്ച് തങ്ങളുടെ കേസുകൾ കോടതിയിൽ പെട്ടെന്ന് തന്നെ വാദം കേൾക്കാൻ സാധിക്കുക, തങ്ങൾക്ക് അനുകൂലമായ വിധി നല്കാതിരിക്കുമ്പോൾ ഇതേ കോടതികളെ ആക്ഷേപിക്കുക തുടങ്ങി യാതൊരു ധാർമ്മികതയുമില്ലാത്ത പ്രവർത്തികൾക്ക് ഈ ഇക്കോ സിസ്റ്റം മുന്നിൽ നിൽക്കുന്നു.CAA -NRC പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാനും, അക്രമികൾക്ക് വേണ്ടി കോടതിയിൽ ഏത് പാതിരാത്രിയിലും വാദിക്കാനുമായി ഇവർ ഉറങ്ങാതെ ഇരുന്നു, ഇവർക്ക് കൂട്ടായി മാദ്യമങ്ങളിലെ സെലിബ്രിറ്റികളും.

ഇത്തരം അഭിഭാഷകർക്ക് ഇനിയെങ്കിലും കൂച്ചുവിലങ്ങിടാൻ കോടതികളും ഭരണകൂടവും തയ്യാറാവണം. വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് ഗോഗോയ് ഇത്തരക്കാരെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഈ വിഷയത്തിന്റെ ഗൗരവം കാണിക്കുന്നു. ചില കോടതികൽ പാരലൽ ഗവണ്മെന്റായി പ്രവർത്തിക്കുന്നതും ഇത്തരം അഭിഭാഷകരുടെ ഇടപെടലുകളിലൂടെയാണ്.സുപ്രിം കോടതികളിലും ഹൈക്കോടതികളിലും ഇത്തരക്കാർക്ക് നൽകിവരുന്ന പ്രാമുഘ്യവും മുന്ഗണനയും ഒഴിവാക്കേണ്ടതാണ്. സാധാരണ ജനങ്ങൾക്ക് തങ്ങളുടെ കേസുകൾക്കായി കാലങ്ങളോളം കാത്തുനിൽക്കേണ്ടി വരുമ്പോൾ “പ്രമുഖ” പട്ടം കിട്ടിയ ഈ കൂട്ടം ഏത് സമയത്തും തങ്ങളുടെ അജൻഡകൾക്കായുള്ള വാക്കാലത്തുകൾ കൊണ്ട് കോടതി സമയം നഷ്ടപ്പെടുത്തുകയാണ്.ഇനിയും ഇതിനെ തടയാൻ വൈകിയാൽ ഈ പ്രവണതകൾ കൂടാനും അത് രാജ്യത്തെ തന്നെ പിന്നോട്ടടിക്കാനുമേ സഹായിക്കൂ.ഇവരുടെ രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് കോടതി സമയവും സ്ഥലവും നൽകരുത്.

1 COMMENT

  1. ഗാന്ധി കുടുംബം എന്നത് നെഹ്‌റു കുടുംബം എന്ന് തിരുത്താൻ താത്പര്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here