Home ചരിത്രം ഭാരതം ലോകത്തിന് സമ്മാനിച്ച യുഗപുരുഷന്‍

ഭാരതം ലോകത്തിന് സമ്മാനിച്ച യുഗപുരുഷന്‍

ഭാരതം ലോകത്തിന് സമ്മാനിച്ച യുഗപുരുഷന്‍

കരുത്തിന്റെ ആര്‍ത്തലയ്ക്കുന്ന തിരകള്‍ കന്യാകുമാരിയിലെ കറുത്ത പാറക്കെട്ടിന്റെ കൈ
ചേര്‍ത്തു പിടിച്ച് പറഞ്ഞു: ” ഉണരു ഭാരതമേ,  വഴികാട്ടു.. നീ ലോകത്തിനാകെ…”

ഒരു ശക്തി തരംഗം. കോടിസൂര്യതേജസില്‍ പ്രസരിക്കുകയായിരുന്നു. കാവിചുറ്റിയ ശരീരം മൂന്നു ദിവസങ്ങളിലായി ചുറ്റും ഗര്‍ജ്ജിക്കുന്ന അലമാലകളുമായി സംവദിച്ചുകൊണ്ടിരുന്നു, മഹത്തായ സത്യവും ശക്തിയും സമന്വയിച്ചു.  ജീവപ്രപഞ്ചത്തിന്റെ ആധാരമായ ചൈതന്യം കുടികൊള്ളുന്ന ഭോലോനാഥന്റെ ഡമരുവിന്റെ പ്രകമ്പനം കണ്ഠത്തിലുറഞ്ഞു. ദേവി കന്യാകുമാരിയുടെ പാദം പതിഞ്ഞ ശ്രീപാദപാറയില്‍ ആത്മവീര്യം ആവോളം പകര്‍ന്നൊഴുകിയ സന്ധ്യയില്‍ ബോധിസത്വനെ പോലെ വിവേകാനന്ദന്‍ ബ്രഹ്മമയമായ ബോധോദയം പൂണ്ടു.

പിന്നെ, യുദ്ധകാഹളത്തിന്റെ അകമ്പടിയില്ലാതെ,  പടച്ചട്ടയണിഞ്ഞ ഭടന്‍മാരുടെ ഹുങ്കാരമില്ലാതെ, ലോകത്തിന്റെ മുന്നിലേക്ക് ആദ്ധ്യാത്മികതയുടെ പ്രശാന്തമസ്തിഷ്‌കം കടന്നു ചെന്നു.

ആശയങ്ങള്‍ പടര്‍ത്താന്‍,  ചേഞ്ചോരയുടെ ചാലുകള്‍ കീറി , തങ്ങളുടെ മുദ്രകള്‍ അടിച്ചേല്‍പ്പിച്ച കോയ്മകളിലൂടെ ഭൂമണ്ഡലത്തെ നടുക്കിയ ചരിത്രം മാത്രമായിരുന്നു ലോകത്തിന് അന്നുവരെ പരിചിതമായിരുന്നത്. ചക്രവര്‍ത്തിമാരുടെ ചെങ്കോല്‍ ചലനങ്ങളുടെ താളത്തിന് തുള്ളിയ ഇടമെല്ലാം കാലപ്രവാഹത്തില്‍ ചിറ്റലകളായി അപ്രത്യക്ഷമായപ്പോള്‍,  മനുഷ്യരാശിയുടെ ഹൃത്തടത്തില്‍ ഊര്‍ജ്ജത്തിന്റെ വറ്റാത്ത ഉറവപൊട്ടിച്ച് ആത്മബോധത്തിന്റെ നീര്‍ച്ചാല്‍  കീറി മറ്റാര്‍ക്കുമവകാശപ്പെടാനില്ലാത്ത അധീശത്വം സ്ഥാപിച്ചത് ഭാരതാംബയുടെ ഉത്തമപുത്രനും യോഗിവര്യനുമായ സ്വാമി വിവേകാനന്ദനായിരുന്നു.

ഭൗതികതയുടെ വേലിയേറ്റത്തില്‍ വലഞ്ഞ് വംശഛേദനം സംഭവിച്ച പാശ്ചാത്യരെ ആത്മീയതയുടെ പുതിയൊരു ചിന്താധാര പറഞ്ഞു പഠിപ്പിച്ചു. മതം എന്നാല്‍ ആരാധാനലയവും സഭയുമെന്ന് ധരിച്ചുവശംകെട്ടവരുടെ ഇടയിലേക്കാണ് മതം ആത്മദര്‍ശനമാണെന്നറിവ് പകര്‍ന്ന് വിവേകാനന്ദന്‍ കടന്നു ചെന്നത്.

ഉലകം ചുറ്റി ഭൂപ്രദേശങ്ങള്‍ വെട്ടിപിടിച്ചവരുടെ തലതൊട്ടപ്പനായ കൊളംബസ് അധീശത്വത്തിന്റെ വിളനിലമായ അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ സംഘാടകര്‍ വിശ്വമതസമ്മേളനം അനുബന്ധമായി നടത്തി. കോയ്മയുടെ അപദാനങ്ങള്‍ വാഴ്ത്താനും വചനങ്ങള്‍ നിറഞ്ഞ മത ഗ്രന്ഥങ്ങളുടെ ഉത്കൃഷ്ടത ബോധ്യപ്പെടുത്താനുമായിരുന്നു ഈ വിശ്വമതമഹാസമ്മളനം.

തങ്ങളുടെ പ്രഘോഷണങ്ങള്‍ മാറ്റൊലി കൊള്ളുമെന്നും മറ്റുള്ളവ താനെ നിഷ്പ്രഭമാകുമെന്നും കരുതിയ സംഘാടകരെ വേഷം കൊണ്ട് വ്യത്യസ്തനായ യുവാവ് അമ്പരിപ്പിച്ചു. ലോകത്തിലെ ഇതര മതപ്രതിനിധികളുടെ മുന്നില്‍ ഭാരതീയ വേദാന്ത ദര്‍ശനവും മാനവീയകതയില്‍ ഊന്നിയ മതോപദേശങ്ങളും “അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്‍മാരെ..” എന്ന ആദ്യ വാക്കില്‍ തന്നെ വിശ്വത്തെ ഒന്നാകെ തന്നിലേക്ക് വലിച്ചടുപ്പിച്ച മാന്ത്രികാകര്‍ഷണവും – വിവേകാനന്ദനെ ലോക പൊടുന്നനെ തിരിച്ചറിഞ്ഞു.

ഷിക്കാഗോയിലെ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിനു ശേഷം ബ്രിട്ടനിലും ശ്രീലങ്കയിലെ കൊളംബോയിലും അദ്ദേഹത്തിന് സ്വീകരണങ്ങള്‍ ഒരുക്കി. മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ നൂറോളം ശിഷ്യഗണങ്ങള്‍ വിവേകാനന്ദനൊപ്പം ഉണ്ടായിരുന്നു. തപസും ആത്മനിഷ്ഠയിലൂന്നിയ ദര്‍ശനവും തീര്‍ത്ത വ്യക്തിപ്രഭാവത്തില്‍ മയങ്ങിയ ഇവര്‍ മനപരിവര്‍ത്തിതരായി മാറി. മാനവ രാശിയുടെ യഥാര്‍ത്ഥ നേതാവായി അവരോധിക്കപ്പെട്ട ശേഷം ഒമ്പതു വര്‍ഷങ്ങളാണ് വിവേകാനന്ദന്‍ ഭാരത ദര്‍ശനത്തിന്റെ വിജഞാനാഗ്നി വിശ്വമാകെ പടര്‍ത്തിയത്. ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും ഒളിഞ്ഞു കിടന്ന വിസ്മയ സത്യങ്ങള്‍ ലോകമറിഞ്ഞു.

ആരെങ്കിലും പറഞ്ഞ വചനങ്ങള്‍ നിറഞ്ഞ വേദ ഗ്രന്ഥങ്ങള്‍ ആയിരുന്നില്ല സ്വാമിജി ലോകസമക്ഷം കാട്ടിയത്. ആദിമധ്യാന്തങ്ങളില്ലാത്ത പ്രപഞ്ചം പോലെ,  ഭാരതീയ മതഗ്രന്ഥങ്ങളുടെ ആഴവും പരപ്പും വിവേകാനന്ദന്‍ ലോകത്തിന് പരിചയപ്പെടുത്തി. വേദാന്ത ഗര്‍ജ്ജനങ്ങളായി അവ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചു .

അടിമത്തത്തിന്റെ ആലസ്യത്തില്‍ ആണ്ടു കിടന്ന ഭാരതീയരെ പുതിയ ദിശാബോധത്തിലെത്തിക്കാനും വിവേകാനന്ദന്‍ പ്രയത്‌നിച്ചു. അടുത്ത അമ്പതു വര്‍ഷം ഭാരാതംബയാകട്ടെ നിങ്ങളുടെ ഈശ്വരനെന്ന് സ്വാമിജി പ്രഖ്യാപിച്ചു. പരമ പവിത്രമായ ഭാരത്തത്തിലെ ഒരോ മണ്‍തരിക്കും രാഷ്ട്ര സ്‌നേഹത്തിന്റെ വീര്യം അദ്ദേഹം പകര്‍ന്നു നല്‍കി.

കരഞ്ഞത് മതിയെന്നും, തൊഴിക്കാന്‍ ഉയരുന്ന കാലിന്നടിയില്‍ ഇഴയുന്ന മണ്ണിരയായി കഴിഞ്ഞ ഭാരതീയരോട് കരുത്താര്‍ജ്ജിച്ച് ഉയിര്‍ത്തെഴുന്നാല്‍ക്കാന്‍ ആഹ്വാനവും  നല്‍കി. സ്വാതന്ത്ര്യത്തിന്റെ ചിന്തകള്‍ ഓരോരുത്തരിലേക്കും എത്തിച്ചു ഭാരതീയ സംസ്‌കൃതിയുടെ മഹത്വം ആദ്യം ഭാരതീയന്‍ സ്വയം തിരിച്ചറിയണമെന്ന് അദ്ദേഹം ശഠിച്ചു. ജാതിയുടെ വേലിക്കെട്ടില്‍ കിടന്ന ഭാരതീയരെ വേദാന്തത്തിന്റെ സാരം പഠിപ്പിച്ചു അബ്രാഹ്മണരെ ബ്രാഹ്മണ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ബ്രാഹ്മണരോട് ആഹ്നാനം ചെയ്തു.

വിവേകാനന്ദന് കര്‍മ്മപദ്ധതിയുടെ വ്യക്തമായ ദിശാബോധം ലഭിച്ച ശ്രീപാദ പാറയില്‍ അദ്ദേഹത്തിന് നിത്യസ്മാരകം ഉയര്‍ന്നു. ദേശ സ്‌നേഹികളായവര്‍ ഒരുമിച്ച് ത്യാഗോജ്ഞലമായ പ്രയത്‌നങ്ങള്‍ക്ക് ശേഷം പ്രതിബന്ധങ്ങളേയും മതഭ്രാന്തിന്റേ ശക്തികളേയും എതിര്‍ത്ത് തോല്‍പ്പിച്ചാണ് വിവേകാനന്ദ സ്മാരകം അലയാഴിയുടെ തലോടല്‍ ഏറ്റുവാങ്ങി നിലകൊള്ളുന്നത്.

മദിരാശി സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രതിബന്ധങ്ങള്‍ അതിജീവിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സര്‍ കാര്യാവാഹായിരുന്ന ഏകനാഥ് റാനഡെ എന്ന ദേശ സ്‌നേഹി  കന്യാകുമാരിയിലെ ആ സ്മാരകം  യാഥാര്‍ത്ഥ്യമാക്കി.

നിശ്ചയദാര്‍ഢ്യത്തിന്റെയും കര്‍മ ധീരതയുടേയും ചിഹ്നമായി, ഭാരതം ലോകത്തിന് നല്‍കിയ യുഗപുരുഷന്റെ ദീപ്ത സ്മരണയില്‍ വിവേകാനന്ദപ്പാറ തലയെടുപ്പോടെ ഏവരേയും ഇന്നും ആകര്‍ഷിക്കുന്നു. സ്മാരകത്തിലെ ധ്യാന മന്ദിരത്തില്‍ നിന്നും ആവിര്‍ഭവിച്ച് സമുദ്രത്തിരമാലകളുടെ ശ്രുതിയില്‍ ലയിക്കുന്ന ഓംകാര നാദം വിശ്വം മുഴുവന്‍ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ,വെന്നിക്കൊടി പോലെ മുകളില്‍ പാറുന്ന ഭഗ്വ പതാക ധര്‍മ സംരക്ഷണത്തിന്റെ ചരിത്ര ബിംബമായും മാറുകയാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here