അങ്കലാപ്പിന്റെ അന്തരാള ഘട്ടത്തിലൂടെ സിപിഎം

രാജ്യത്തെ സിപിഎം അതിന്റെ അനിവാര്യമായ അധഃപതനത്തിലേക്ക് കൂപ്പുകുത്തുകയാണ്. ‘നില്‍ക്കണോ പോണോ’ എന്ന എക്കാലത്തേയും അതിന്റെ സന്നിഗ്ദ്ധത ഇപ്പോള്‍ നേതാക്കളില്‍ നിന്ന് അണികളിലേക്കും ബാധിച്ചു തുടങ്ങി.

വര്‍ത്തമാനകാല പ്രതിസന്ധി എന്ന പേരിലൊക്കെ പാര്‍ട്ടിക്കുള്ളിലെ ചില പോക്കറ്റുകള്‍ സദാ ചര്‍ച്ച ചെയ്യുന്ന പോലെ ലാഘവമായ കാര്യമല്ല ഇത്. ഇതൊരു കലങ്ങി മറിയലാണെന്നാണ് ചിലര്‍ പറയുന്നത്. ഈ സിപിഎമ്മിനുള്ളില്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അനുഭാവികള്‍ പോലും ചോദിച്ച് തുടങ്ങി.

ദേശീയ തലത്തില്‍ സിപിഎം നിലനില്‍പ്പിനായി പൊരുതകയാണ്. സ്വാതന്ത്ര്യത്തിനു
ശേഷമുണ്ടായ ലോക്‌സഭയില്‍ പ്രധാന പ്രതിപക്ഷമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. എഴുപതാണ്ട് കഴിഞ്ഞപ്പോള്‍ ഒറ്റ അക്കത്തില്‍ എത്തി ജനപ്രതിനിധികളുടെ അംഗബലം!

കാല്‍ നൂറ്റാണ്ട് ബംഗാളില്‍ അധികാരത്തിലിരുന്ന പാര്‍ട്ടി അവിടെ ഇപ്പോള്‍ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി. ത്രിപുര എന്ന അര സംസ്ഥാനത്ത് പാർട്ടി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അധികാരത്തിലാണ്. എന്നാല്‍, ഇക്കുറി അവിടേയും കാര്യങ്ങള്‍ കൈവിട്ടു പോയെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.

ലാളിത്യത്തിന്റെ മകുടോദാഹരണമായി സിപിഎം എന്നും പറയാറുള്ള മണിക് സര്‍ക്കാരിന്റെ ഭരണത്തില്‍ അദ്ദേഹത്തെ പോലെ,  നാട്ടുകാരും,  നാടും നാള്‍ക്കു നാള്‍ ദരിദ്രരായി മാറിക്കഴഞ്ഞു. ഇതര സംസ്ഥാനങ്ങള്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ത്രിപുര ഏതാണ്ട് ക്യൂബയുടെ കാര്യം പറഞ്ഞപോലെയായി. ഭരണ വിരുദ്ധ വികാരം തിളച്ചു മറിയുന്ന ത്രിപുരയില്‍ മാറ്റത്തിനു വേണ്ടിയുള്ള മുറവിളിയാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.
. ബിജെപിയെ അവിടെ ജനം സ്വാഗതം ചെയ്തു കഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന മുന്നേറ്റങ്ങളില്‍ അടുത്തത് ത്രിപുരയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു.

ജനങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കാന്‍ പോലും സര്‍്ക്കാരിന് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും വികസനം തിരിഞ്ഞു നോക്കിയിട്ടില്ല. മാധ്യമങ്ങള്‍ മണിക് സര്‍ക്കാരിന് നല്‍കുന്ന പാവപ്പെട്ടവന്‍ എന്ന ഇമേജ് മാത്രാണ് ത്രിപുരയുടെ സമ്പാദ്യം. ഇതു കൊണ്ട് ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് സഫലത കൈവരുമോ?

ഇനിയുള്ളത് തെക്കേ അറ്റമായ കേരളമാണ്. വളരെ പ്രതീക്ഷയോടെ ജനം അധികാരത്തിലെത്തിച്ച ഇടതു മുന്നണി പ്രതിപക്ഷത്തിന്റെ കഠിന പ്രയത്‌നം ഒന്നുമില്ലാതെ തന്നെ ആഭ്യന്തര അന്തഛിദ്രങ്ങളില്‍ പെട്ട് ആടിയുലയുകയാണ്.

അടിയുറച്ച കമ്യൂണിസ്റ്റ് അനുഭാവികളായ പലരും പാര്‍ട്ടിക്കും സര്‍ക്കാരിനും വന്ന ദുര്യോഗം കണ്ട് ലജ്ജിച്ച് തലതാഴ്ത്തുകയാണ്. പാര്‍ട്ടി പടുത്തുയര്‍ത്താന്‍ ജീവനോപാധിയായ പശുവിനെ ഫണ്ടിലേക്ക് സംഭാവന നല്‍കിയ പാലോറ മാതമാരുടെ വിയര്‍പ്പിന്റെ പരിണത ഫലം ഇന്ന് ഉത്താരാധുനിക ബുര്‍ഷാസ്വികളുടെ സ്വാധീനവലയത്തില്‍ പെട്ട് അഭിരമിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളും അവരുടെ അനുയായികളും ചേര്‍ന്ന് ഇല്ലാതാക്കി.

മുതലാളിത്തത്തേയും കോര്‍പറേറ്റ് വല്‍ക്കരണത്തേയും എക്കാലവും എതിര്‍ത്തു പോന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഇത്തരക്കാരുടെ ഉറക്കറയിലെ അന്തിക്കൂട്ടുകാരായി മാറി. വര്‍ഗബഹുജനങ്ങളെക്കുറിച്ച് മൈതാനത്തും കവലയിലും നിന്നും വിളിച്ചു കൂവുകയും നേരം ഇരുട്ടിയാല്‍ ഇവരുടെ ഉമ്മറത്ത് പമ്മിക്കൂടുകയും ചെയ്യുന്ന വര്‍ഗവഞ്ചക നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ്.

മുതലാളിത്തത്തിനും കമ്യൂണിസത്തിനും ഇടയിലുള്ള അന്തരാള കാലഘട്ടമാണ് സോഷ്യലിസമെന്ന് വാറോലയില്‍ എഴുതിവെച്ചവര്‍ ഇന്ന് കമ്യൂണിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള അന്തരാള കാലഘട്ടത്തിലുള്ള വഞ്ചക സോഷ്യലിസ്റ്റ് പ്രക്രിയയിലാണുള്ളത്.

വിദേശ രാജ്യങ്ങളില്‍ വന്‍കിട മുതലാളിമാരുമായി ചേര്‍ന്ന് പങ്കാളിത്ത ബിസിനസ് നടത്തുന്ന മക്കളും അവിടെ പണം തട്ടിച്ച്  ശിക്ഷിക്കപ്പെടും മുമ്പ് നാട്ടിലേക്ക് മുങ്ങുകയും ചെയ്ത അവരുടെ ചെയ്തികളും ഏത് സോഷ്യലിസ്റ്റ് ആശയത്തില്‍ ജീവിച്ചതിലൂടെ ലഭിച്ച ഉത്പന്നങ്ങളാണ്. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ പേരില്‍ മാസങ്ങളോളം വിദ്യാഭ്യാസ ബന്ദ് നടത്തിയവര്‍ മക്കളെ വിട്ട് പഠിപ്പിച്ചത് ലണ്ടനിലും യുഎസിലും മറ്റുമാണ് പഠിക്കാന്‍ താല്‍പര്യം കാണിക്കാത്തവരെയാണ് എംബിഎക്കാരുടെ പണിയെടുപ്പിക്കാന്‍ ചില കമ്പനികളില്‍ വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്.

ഡാന്‍സ് ബാറും മനുഷ്യക്കടത്തും മറ്റും നടത്തി ഇവര്‍ വരുത്തിവെച്ച നാണക്കേട് തീരാകളങ്കമാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആഡംബര കാറിലേറി നടക്കുന്നതും അദ്ദേഹത്തിന്റെ മക്കള്‍ അത്യാഡംബരത്തില്‍ വിദേശത്ത് തട്ടിപ്പും വെട്ടിപ്പുമായി കേസില്‍ പെടുന്നതും ഒക്കെയാണ് നാട്ടില്‍ ചര്‍ച്ചാ വിഷയം

സിപിഎം നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി അതിഗൗരവമാണ്. എതിരാളികളോടുള്ള അന്ധമായ വിരോധം, വെച്ചുപൊറുപ്പിക്കില്ലെന്ന ഫാസിസ്റ്റ് രാഷ്ട്രീയ നയങ്ങള്‍, മതന്യൂനപക്ഷലാളനം, ഭൂരിപക്ഷത്തെ അവഗണിക്കല്‍, ധൂര്‍ത്ത്, കെടുകാര്യസ്ഥത, അലംഭാവം, സാമര്‍ത്ഥ്യമില്ലായ്മ എന്നിവയ്‌ക്കൊപ്പം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഫലമായ അന്തശ്‌ഛിദ്രം ഇതെല്ലാമാണ് സിപിഎമ്മിന്റെ പ്രതിസന്ധികള്‍.

സംസ്ഥാനത്തെ വിഭാഗീയത ഒരു നേതാവിനെ പദവി നല്‍കി മൂലയ്ക്കിരുത്തിയപ്പോഴാണ് ദേശീയതലത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറിയെ വെറും ഊശിയാക്കി കേന്ദ്രകമ്മറ്റിയില്‍ പ്രമേയം പാസാക്കി എടുത്ത കേരള നേതാക്കളുടെ അംഗബലത്തിണ്ണമിടുക്ക് അവര്‍ക്ക് തന്നെ പാരയായി. സംസ്ഥാന സെക്രട്ടറിയുടെ മക്കളുടെ നാറ്റക്കേസ് പുറത്തു വന്നതിനു കാരണം ആരും അധികം ചികയേണ്ട. ഡെല്‍ഹിയില്‍ പകയോടെയുള്ള നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകവും കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരില്‍ തമ്മിലടിയായത് പാര്‍ട്ടിയെ ദേശീയ തലത്തില്‍ തന്നെ പിളര്‍പ്പിലേക്ക് നയിക്കുകയാണ്.

സംസ്ഥാനത്തെ വിഭാഗീയത ഒരു നേതാവിനെ പദവി നല്‍കി മൂലയ്ക്കിരുത്തിയപ്പോഴാണ് ദേശീയതലത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറിയെ വെറും ഊശിയാക്കി കേന്ദ്രകമ്മറ്റിയില്‍ പ്രമേയം പാസാക്കി എടുത്ത കേരള നേതാക്കളുടെ അംഗബലത്തിണ്ണമിടുക്ക് അവര്‍ക്ക് തന്നെ പാരയായി. സംസ്ഥാന സെക്രട്ടറിയുടെ മക്കളുടെ നാറ്റക്കേസ് പുറത്തു വന്നതിനു കാരണം ആരും അധികം ചികയേണ്ട. ഡെല്‍ഹിയില്‍ പകയോടെയുള്ള നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകവും കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരില്‍ തമ്മിലടിയായത് പാര്‍ട്ടിയെ ദേശീയ തലത്തില്‍ തന്നെ പിളര്‍പ്പിലേക്ക് നയിക്കുകയാണ്.

കേരളത്തില്‍ തങ്ങളുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസുമായി ബംഗാളില്‍ ചങ്ങാത്തം കൂടുന്നത് സിപിഎമ്മിന്റെ അധികാര ഭാവിക്ക് കോട്ടമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍, കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നും പുലഭ്യം പറയുമ്പോള്‍ ബംഗാളില്‍  പുകഴ്ത്തുകയും വാഴ്ത്തിപ്പാടുകയും ചെയ്യേണ്ട രാഷ്ട്രീയ ഗതികേടാണ് പാര്‍ട്ടിക്ക്.

പുനരുത്ഥാന പാതയിലുള്ള കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ് രാഹുല്‍ ഗാന്ധി എന്നും നവോത്ഥാന ഇന്ത്യയുടെ ബിംബമായും രാഹുല്‍ മാറുമെന്നും സിപിഎം പൊളിറ്റ് ബ്യുറോ
അംഗം മുഹമദ് സലിം പറയുമ്പോള്‍ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന്റെ രാഷ്ട്രീയ കാമാര്‍ത്തി വെളിപ്പെടുന്നു. സോഷ്യലിസത്തിന്റേയും കമ്യൂണിസത്തിന്റേയം രൂപപരിണാമത്തിനു മുമ്പുള്ള ജനകീയ. ജനാധിപത്യ വിപ്ലവത്തിന്റേ പേരില്‍ പ്രത്യയ ശാസ്ത്രമെന്ന മാനം വിറ്റ് ജീവിക്കുന്ന പാര്‍ട്ടിയായി സിപിഎം ഇവിടെ മാറുകയാണ്.

അണികള്‍ക്ക് ആദ്യമൊന്നും മനസിലാകാതിരുന്ന  ഈ ആത്മനിഷ്ഠാ ഘടകം വെറും വഞ്ചന മാത്രമാമെന്ന് ഇവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അണികളുടെ ബൗദ്ധികകമ്മി മുതലെടുത്തുള്ള സാമ്രാജ്യത്വ-ഫ്യുഡല്‍-കുത്തക-മൂലധന വിരുദ്ധ തള്ളലുകള്‍ക്ക് ഇന്നും കുറവില്ല. ജില്ലാ സമ്മേളന വേദികളില്‍ ചെന്ന് സംസ്ഥാനത്ത പ്രതിസന്ധികളേയും വ്യവസായ മുരടിപ്പിനേയും വരുമാനമില്ലായ്മയേയും മറ്റും ചര്‍ച്ച ചെയ്യുന്നതിനു പകരം ഉത്തര കൊറിയ മിസൈല്‍ വിട്ടതും അമേരിക്കയ്ക്ക് നേരെ ആണവ ഭീഷണി മുഴക്കി.യതും ആഘോഷമായി പറയുകയും ചൈനയെ അമേരിക്ക വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഇന്ത്യ കൂടെക്കൂടിയതില്‍  സെക്രട്ടറിയും മുന്‍ സെക്രട്ടറിയും അണികള്‍ക്കു മുന്നില്‍ രോഷം പ്രകടിപ്പിക്കുയുമാണ് ചെയ്തത്.

പണ്ടും ഈ പാര്‍ട്ടി ഇങ്ങിനെയാ, ചൈനയില്‍ മഴപെയ്യുമ്പോള്‍ കേരളത്തിലെ സഖാക്കള്‍ കുടനിവര്‍ത്തിയിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ചരിത്ര നേതാക്കളുടെയൊന്നും ചിത്രം വെയ്ക്കാതെ വൈദേശിക നേതാക്കളായ ലെനിന്‍ മുതല്‍ മാവോ വരെയുള്ള ചിത്രം ചുമരുകളില്‍ തൂക്കിയിടും.  ക്യൂബയ്ക്ക് ക്യൂബന്‍നേതാവും ചൈനയ്ക്ക് ചൈനീസ് നേതാവും പ്രിയപ്പെട്ടതാകുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പതിറ്റാണ്ടുകള്‍ പിന്നിട്ടും ഉയര്‍ത്തിക്കാട്ടാന്‍ സ്വന്തമായി ഒരു നേതാവ് ഇല്ലാത്തത്. എകെജിയെ പോലും പുതുതലമുറ കമ്യൂണിസ്റ്റ് അറിഞ്ഞത് അടുത്തിടെ അദ്ദേഹത്തിന്റെ വിവാഹം വിവാദമായപ്പോഴാണ്. പി കൃഷ്ണപിള്ള എന്ന സ്ഥാപക നേതാവിേെന്റ സ്മാരാകം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഇരയായി മാറി. മറ്റു നേതാക്കളൊന്നും പ്രാദേശിക അതിരു വിട്ടു വളര്‍ന്നില്ല, പിണറായി വലുതാകാന്‍ ശ്രമിക്കുകയാണെങ്കിലും യെച്ചൂരി മുളയിലെ നുള്ളി. യെച്ചൂരിയെ ഇവരും വെട്ടി നിരത്താന്‍ ശ്രമിക്കുന്നു. മറ്റൊരു നേതാവ് ഭരണ പരിഷ്‌കാര സ്മാരകശിലയായി മാറി.

ക്യുബയും ചൈനയും ഉത്തരകൊറിയയും അവരവരുടേ രാജ്യത്തേയും അവരുടെ സംസ്‌കാരത്തെയും മുറുകെ പിടിക്കുകയും സ്വന്തം രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ ചോറിങ്ങും കൂറങ്ങുമുള്ള ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ സ്വന്തം രാജ്യത്തെ എതിര്‍ത്ത് സാര്‍വദേശീയതയുടെ പേരില്‍ ശത്രുവാണെങ്കിലും അവര്‍ക്കു വേണ്ടി ചെരുപ്പു തുടച്ച് ദാസ്യവേല ചെയ്യുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.

അധികാരത്തിനു വേണ്ടി മുതലാളിത്ത – ഫ്യുഡല്‍ – ബൂര്‍ഷ്വാസികളെ കൂട്ടുപിടിച്ചാണ് സിപിഎം ഈ വായാടിത്തം വിളമ്പുന്നത്. കുട്ടനാട്ടിലെ നിലം കൈയ്യടക്കിയ കുത്തക മുതലാളിയെ തോളെത്ത് എടുത്ത പാര്‍ട്ടിക്ക് നവമുതലാളിമാരെ താലോലിക്കുന്നതിലും താല്‍പര്യം അധികമാണ്. പരിസ്ഥിതി ലോല പ്രദേശത്ത് റിസോര്‍ട്ട് ഉണ്ടാക്കുന്ന മറ്റൊരു കോടിശ്വരനേയും, മൂന്നാറിലെ പുറമ്പോക്കു ഭൂമി കയ്യേറിയ മറ്റെരു നേതാവിനേയും ഒക്കത്ത് എടുത്തു നടക്കുന്നതിലും പാര്‍ട്ടിക്ക് ഉളുപ്പില്ല.

ഇതിനൊക്കെ പുറമേയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍, പെന്‍ഷന്‍ മുടക്കിയിട്ടും എംഎല്‍എമാരും മന്ത്രിമാരും ലക്ഷങ്ങളും കോടികളും മെഡിക്കല്‍ ബില്ലെഴുതി വാങ്ങിയത്  വലിയ തോതില്‍ ചര്‍ച്ചയായിട്ടും പാര്‍ട്ടിക്ക് ഉപദേശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആറായിരം രൂപയ്ക്ക് കണ്ണട ലഭ്യമാണെന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ തെളിവു സഹിതം വെളിപ്പെടുത്തിയപ്പോഴാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പിശക് ബോധ്യം വന്നത്. അയ്യായിരം രൂപ ലെന്‍സിനും ഫ്രയിമിനും പാരമാവധി തുക നിശ്ചയിച്ച ജെയിംസ് കമ്മറ്റി കമ്മീഷന്‍ നിര്‍ദ്ദേശം മാറ്റിവെച്ചാണ് 49,9900 രൂപ സ്പീക്കര്‍ എഴുതി എടുത്തത്!

അര്‍ദ്ധചന്ദ്രാകൃതിയിലുള്ള സഭ ശരീരം മുഴുവനായി തിരിക്കാതെ കാണാന്‍ പ്രത്യക തരം ലെൻസ് ഡോക്ടര്‍ ഉപദേശിച്ചു ഈ ലെന്‍സിനാണത്ര 45000 രൂപ. ശരീരം തിരിക്കാന്‍ പറ്റാത്ത അസ്‌കിത കുറച്ചു നാള്‍ മുമ്പ് ഇതേ ഡയസിലെ കസേര തള്ളിയിട്ട ശേഷം ഉണ്ടായതാണോ എന്ന് ചില ട്രോളാക്രമണവിദഗ്ദ്ധര്‍ ചോദിക്കുന്നതും കണ്ടു.

നേരത്തെ, ആരോഗ്യ മന്ത്രി കണ്ണട വാങ്ങാന്‍ 28,000 രൂപ മുടക്കിയത് വലിയ വിവാദമായപ്പോള്‍ ഇതിലും വലിയ തുക മുടക്കിയ ശ്രീരാമകൃഷ്ണന്‍ ഇതൊന്നുമറിയാതെ മൗനം പാലിച്ചു, ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി കരഞ്ഞത് ഖജനാവിലെ ദാരിദ്ര്യം കണ്ടാണ്. പണമില്ലാതെ പെന്‍ഷന്‍ പോലും മുടങ്ങുമെന്നറിയാവുന്ന ധനമന്ത്രി കോട്ടയ്ക്കലില്‍ പോയി പതിനാലു ദിവസം ഉഴിച്ചിലിനു പിഴിച്ചിലിനും ഒന്നരലക്ഷം ചെലവിട്ടു. എല്ലാ ദിവസം എണ്ണ തുടയ്ക്കാന്‍ തോര്‍ത്ത് വാങ്ങിയതും മരുന്നിന്റെ ഭാഗമായി കരുതി ഇതും എഴുതി വാങ്ങിച്ചു!

സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി സെക്രട്ടറിയേറ്റിന് തൊട്ടുമുന്നിലുള്ളപ്പോളാണ് ധനമന്ത്രി കോട്ടക്കലിലേക്ക് വണ്ടിപിടിച്ചത്. 80000 രൂപ മുറിവാടകയായിരുന്നു എന്നതും ബില്ലിലുടെ തെളിഞ്ഞു. വിവിഐപി സ്യൂുട്ടില്‍ സുഖശീതളിമയില്‍ കിടക്കുമ്പോഴും ധനമന്ത്രി, ഡെല്‍ഹി ഭരിക്കുന്ന , അതും ഒരു ദിവസം പോലും ഇത്തരത്തില്‍ അവധി എടുക്കാതെ ജോലിഎടുക്കുന്ന, പ്രധാനമന്ത്രിയെ പുലഭ്യം പറയുന്നതിനുള്ള കുറിപ്പു തയ്യാറാക്കുകയായിരുന്നു.

ജിഎസ്ടി കൗണ്‍സിലില്‍ പോയി എല്ലാത്തിനും വോട്ടു ചെയ്ത് സമ്മതം മൂളുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്ത ശേഷം നിയമസഭയിലും പുറത്തും വന്ന ജിഎസ്ടിയെ പരിഹസിക്കുകയും ഭള്ള് പറയുകയും ചെയ്യുന്ന ധനമന്ത്രിയെ കണ്ട് ജനം വാപൊളിക്കുന്നു.

മുതലാളിത്തത്തിന് അപ്പുറം കിടക്കുന്ന കമ്യൂണിസത്തിലേക്ക് എത്തിച്ചേരാന്‍ ഇവര്‍ പാടുപെടുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് പ്രശ്‌നം. ഇല്ലാത്തവനെ ഉള്ളവനാക്കി തീര്‍ക്കുക വഴി പുതിയ മുതലാളിത്തമാണ് ഈ കമ്യൂണിസമെന്ന് ചൈന കാണിച്ചു തരുന്നു. വരട്ടുതത്വവാദമല്ലെന്ന് പാര്‍ട്ടി പ്രമേയങ്ങളില്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ സാധാരണ പാര്‍ട്ടിക്കാരനും ഈ സംശയം ഉടലെടുക്കുകയാണ്. ഇനിയും ഈ വഞ്ചന അവസാനിപ്പിക്കാറായില്ലേ സഖാക്കളെ? അല്ലങ്കില്‍ അനിവാര്യമായ ആ മാറ്റം താനെ എത്തുമ്പോള്‍ സ്വയം സമ്മതിക്കേണ്ടിവരും.  പാര്‍ട്ടിയെ തെക്കോട്ടെടുക്കാന്‍ തെക്കേ അറ്റത്തെ കേരളത്തില്‍ തന്നെ കുഴി തോണ്ടല്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞല്ലോ.. ഇനി കാലു നിട്ടി കാത്തിരിക്കു.

LEAVE A REPLY

Please enter your comment!
Please enter your name here