വിശപ്പിനു ശിക്ഷ മരണമോ? ലജ്ജിക്കൂ, കേരളമേ

പ്രബുദ്ധ കേരളം. സമ്പൂര്‍ണ സാക്ഷരത, ആരോഗ്യ പരിരക്ഷ, മാനവ വികസന സൂചിക…. ഊറ്റം കൊള്ളാന്‍ മലയാളിക്ക് ഇങ്ങിനെ പലതും ഉണ്ട്. ശൗചാലയത്തിന്റെ പേരു പറഞ്ഞ് ഉത്തരേന്ത്യയിലെ ഗ്രാമീണരെ പരിഹസിക്കുകയും ശുചിത്വത്തിന്റെ പേരില്‍ മേനി പറയുകയും ചെയ്യുന്ന മലയാളി അവന്റെ ഉള്ളകത്തിലെ പുഴുക്കുത്തു മറച്ചു പിടിച്ചു നടക്കാന്‍ എന്നും സമര്‍ത്ഥനായിരുന്നു.

ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ അതിലൊക്കെ ജാതിയും മതവും തിരഞ്ഞിരുന്ന ഇടതു -മതേതറ മനസുള്ള കുറെയേറെ മലയാളികള്‍ക്ക് മുന്നിലെക്കു കണ്ണാടി തിരിച്ചു പിടിച്ചു കാണിച്ചു കൊടുക്കാന്‍ അട്ടപ്പാടിയിലെ കടുകുമണ്ണയിലെ മല്ലിയുടെ മകന്‍ വേണ്ടി വന്നു. അതിന് അവന്‍ കൊടു്ത്ത വില സ്വന്തം ജീവനായിരുന്നു. സര്‍ക്കാരിനും അവരുടെ പാര്‍ട്ടിക്കും അവനെ തല്ലി നെഞ്ചുകലക്കിയവര്‍ക്കും ഒട്ടും വിലയില്ലാത്ത ജീവന്‍.

മദ്യവും മയക്കുമരുന്നും കഴിച്ച്,  പുരോഗമന വേദികളില്‍ ആടിക്കുഴഞ്ഞ് കവിത ചൊല്ലി, കീഴാളന്റെ പാട്ടു പാടി നടന്ന പലരും മാളത്തിലൊളിക്കേണ്ടി വന്നത് മനസാക്ഷിക്കുത്തും ഉളുപ്പും ഉണ്ടായിട്ടല്ല. പകരം ജനരോഷം ഭയന്നാണ്. ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് വാദിച്ചും പോത്തിറിച്ചി മഹോത്സവം നടത്തിയും ഹൈദരബാദിലെ രോഹിത് വെമുലയുടെ കേസിലും യുപിയിലെ അഖ്‌ലാഖ് വിഷയത്തിലും ഇടപെട്ട് നടന്ന സ്ഥലം എംപി കണ്‍മുന്നിലെ കാഴ്ചകള്‍ കണ്ടില്ലെന്നു നടിച്ചു.

പോത്തിറിച്ചി മഹോത്സവം നടത്തിയ ഇദ്ദേഹം സ്വന്തം മണ്ഡലത്തിലെ വനവാസിയുടെ ഊരുകളില്‍ അന്തിക്ക് അടുപ്പിലെ പുക എരിയുന്നുണ്ടോ എന്ന് അറിയാന്‍ തിരിഞ്ഞു നോക്കിയില്ല. എംപി ഫണ്ട് ഉപയോഗിക്കുകയോ കേന്ദ്രം സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം നല്‍കുന്ന വനവാസി ക്ഷേമ ഫണ്ടുകള്‍ ഇടനിലക്കാര്‍ കൊണ്ടു പോകുന്നുണ്ടോ, വകമാറ്റി ചിലവഴിക്കുന്നുണ്ടോ എന്നോ അറിയാന്‍ മെനക്കെട്ടില്ല. ഇനി. അറിഞ്ഞെങ്കില്‍ തന്നെ വോട്ടു ബാങ്കല്ലാത്ത ഇവരുടെ കാര്യത്തില്‍ തലയിടാന്‍ പോകുമെന്നും കരുതാനാവില്ല. സ്ഥലം എംഎല്‍എയുടെ അടുത്ത അനുയായിയും പ്രാദേശിക സിപിഎം നേതാവും ഉള്‍പ്പെടുന്ന നിഷ്ഠൂര സംഘത്തിന്റെ ക്രൂര മുറകള്‍ക്ക് വിധേയനായി മധു എന്ന സാധു വനവാസി യുവാവ് കൊല്ലപ്പെട്ടപ്പോള്‍ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലാത്ത മലയാളികളുടെ മനസ് ഒന്നു ഇളകി.

ബീഫ് ഫെസ്റ്റിവൽ നടത്തിയ പാർട്ടി ആദിവാസികളുടെ കുടിയിൽ അടുപ്പു പുകയുന്നുണ്ടോ എന്നന്വേഷിച്ചോ?

അട്ടപ്പാടി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ നിയമസഭയിലെ പ്രതിനിധി മുസ്ലീം ലീഗിന്റെ നേതാവാണത്രെ. ആര്‍ത്തിയും ധൂര്‍ത്തും അല്ലാതെ അല്ലലും പട്ടിണിയും കണ്ടു ശീലിച്ചിട്ടില്ലാത്ത ഇക്കൂട്ടര്‍ക്ക് വനവാസിയുടെ വിശപ്പും ദാരിദ്ര്യവും പരിഹാസസംഭവമായിരിക്കും. കൊലയാളി സംഘത്തെ ന്യായികരിച്ച് ഈ നേതാവും,  ലോക്‌സഭയില്‍ ഈ പ്രദേശത്തെ പ്രതിനിധികരിക്കുന്ന, ഇല്ലാത്തവനും അദ്ധ്വനിക്കുന്നവനുംവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ നേതാവും മലയാളി എന്നും വാഴ്ത്തി നടക്കുന്ന ഇടതു -മതേതറ, കാപട്യത്തിന്റെ പ്രതിനിധികളാണ്.

pinarayi vijayan met junaids family
ജുനൈദിന്റെ കുടുംബത്തിന് പത്തു ലക്ഷം കൊടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി, മധുവിനെ കണ്ടില്ലെന്ന് നടിക്കുന്നു.

ഹരിയാനയിലെ ജുനൈജിനു വേണ്ടി കണ്ണീരൊഴുക്കി അവന്റെ നാട്ടില്‍ ചെന്ന് പത്തു ലക്ഷത്തിന്റെ ചെക്കു കൊടുത്ത മുഖ്യനും, കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചപ്പോള്‍ അവാര്‍ഡു തുക ജുനൈദിന്റെ വീട്ടിലെത്തിച്ച ഉണ്ണിമാമന്‍മാരും മൂക്കിന് താഴെയുള്ള പുഴുക്കുത്തു മറച്ചു പിടിച്ചു മുഖം പൊത്തി നടക്കുന്നു. കാരണം പത്തു ലക്ഷം വാരിക്കൊടുക്കാന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ വോട്ടു ബാങ്കല്ല.. കുറ്റപ്പെടുത്താന്‍ സംഘപരിവാരം ഏഴയലത്തു കൂടെ പോയതുമില്ല….

കേരളത്തിലെ അട്ടപ്പാടി വനമേഖലയിലെ ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ കൂരയോ വിശപ്പടക്കാന്‍ അന്നമോ ഇല്ലെന്നും ശിശുമരണത്തിന്റെ കണക്ക് എടുത്താല്‍ അട്ടപ്പാടി സൊമാലിയ എന്ന ദരിദ്ര രാജ്യത്തേക്കാളും മോശമായ അവസ്ഥയിലുമാണെന്ന് മുമ്പൊരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓര്‍മിപ്പിച്ചപ്പോള്‍ മലയാളിയുടെ ദുരഭിമാനം സടകുടഞ്ഞ് എഴുന്നേറ്റു…. തലങ്ങും വിലങ്ങും മോഡിയെ ആക്രമിച്ചു… കേരളത്ത അപമാനിച്ചുവെന്ന് വിളിച്ചു കരഞ്ഞു. കേരളം നമ്പര്‍ വണ്‍ ആണെന്ന് ഡെല്‍ഹിയിലെ പത്രങ്ങളില്‍ പരസ്യം കൊടുത്തു സര്‍ക്കാര്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു… പക്ഷേ, അന്നും ആദിവാസി ഊരുകളില്‍ ഗര്‍ഭിണികള്‍ ചികിത്സ കിട്ടാതെ പ്രസവിച്ചു, കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചു. പക്ഷെ, യുപിയിലെയും മദ്ധ്യപ്രദേശിലേയും ഗുജറാത്തിലെയും കാര്യങ്ങള്‍ക്ക് നോക്കുന്ന വടക്കു നോക്കി യന്ത്രത്തിലായിരുന്നു ഇവിടുത്തെ ഇടത് മനസുള്ള മാധ്യമങ്ങളുടെ കണ്ണ്.

ഒടുവില്‍ കാലത്തിന്റെ കണക്കെടുപ്പിലെ ചില തിരുത്തലുകള്‍ എന്നോണം ഉത്തരേന്ത്യന്‍ മാധ്യമപ്പട കേരളത്തിലേക്ക് അവരുടെ കണ്ണുകള്‍ അയച്ചു. കണ്ണൂരിലെ ചുകപ്പു ഭീകരതയുടെ മനുഷ്യക്കുരുതികളുും സിപിഎമ്മിന്റെ മേല്‍ ഇത്തിള്‍ക്കണ്ണിയായി പടര്‍ന്നു കയറി അരുംകൊലകള്‍ നടത്തുന്ന ജിഹാദി ഭീകരതയും പുറത്തു വന്നു. പോത്തിന്റെ ഇറച്ചി കൊത്തിയരിയുന്ന പോലെ മനുഷ്യന്റെ പച്ചമാസംത്തില്‍ കൊടുവാള്‍ ഉപയോഗിച്ചു ആഞ്ഞുവെട്ടി അംഗച്ഛേദം വരുത്തുന്ന പൈശാചിക മനസുകളെ തുറന്നു കാട്ടി.

38 വെട്ടുകള്‍ ഏല്‍പ്പിച്ച്, ഐഎസ് ഭീകരരെ തോല്‍പ്പിക്കുന്ന അതിക്രൂരമായ കൊലപാതകം
നടത്തി, അതിനു മുമ്പു ഗര്‍ഭിണിയെ ചവിട്ടി ആറു മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തി….  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുറക്കാനൊരുങ്ങിയ മദ്ധ്യവയ്‌സ്‌കനെ മാനസികമായി പീഡിപ്പിച്ചു.  അവന്റെ കഞ്ഞിപ്പാത്രത്തില്‍ ധിക്കാരത്തിന്റെ ചുവന്ന കൊടി കുത്തിയിറക്കി.
ഒടുവില്‍ നിരാശനായി, അയാള്‍ , പാതി പണിതീര്‍ന്ന വര്‍ക്ക് ഷോപ്പില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച സംഭവം… ചുവപ്പു ഭീകരതയുടെ ഉദാഹരണങ്ങള്‍ ഒടുങ്ങുന്നില്ല…

പ്രവാസി...
വർക്ക് ഷോപ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടിയതിനെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി തൂങ്ങിമരിക്കേണ്ടി വന്ന അവസ്ഥ !

മനുഷ്യവകാശത്തെക്കുറിച്ചും ജനാധിപത്യത്തേക്കുറിച്ചും വാതോരാതെ വര്‍ത്തമാനം പറയുന്ന ഇടതു ബുദ്ധി ജീവികളുടെ നാവ് ഇറങ്ങിപ്പോയ ഒരുപിടി സംഭവങ്ങള്‍ കേരളത്തില്‍ നിന്ന് പുറത്തുവന്നു.. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേരിട്ടും അല്ലാതേയും ഉള്ള പങ്കാളിത്തം ഇതിലെല്ലാം പകല്‍പോാലെ വ്യക്തമായിരുന്നു.

വിശക്കുന്നവന് ഭക്ഷണം കൊടുക്കണമെന്ന് വേദപുസ്തകങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും ഇല്ലാത്തവന് വേണ്ടി വാദിക്കുന്നു. പക്ഷേ, കേരളത്തില്‍ 1957 മുതല്‍ അധികാരത്തിലുള്ള ക്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നാളിതുവരെ ഒന്നും ഇല്ലാത്തവരായ ആദിവാസികളെ പുനരധിവസിപ്പിക്കാനോ, അവരുടെ വീട് എന്ന സ്വപ്‌നം സഫലമാക്കാനോ, ഭൂമി നല്‍കാനോ ഒന്നും സാധിച്ചില്ല.

കാടിന്റെ യഥാര്‍ത്ഥ അവകാശികളായ ഇവരെ ഇറക്കി വിട്ട് കുടിയേറ്റം എന്ന ഓമനപ്പരില്‍ കയ്യേറ്റക്കാരെ പരിപോഷിപ്പിക്കുന്ന ഇടതു-വലതു സര്‍ക്കാരുകളുടെ ചതിയാണ് പതിറ്റാണ്ടുകളായി കണ്ടു വരുന്നത്. ആദിവാസി ക്ഷേമത്തിനു ഒരു വകുപ്പും, മന്ത്രിയും ഉണ്ടെങ്കിലും ഇന്നേവരെ ഊരില്‍ തമ്പ്രാന്‍ ചമഞ്ഞ് ചെന്നവരല്ലാതെ ഇവരെ സഹായിക്കാനായി ആരും ഇതുവരെ എത്തിയില്ല.   കേന്ദ്ര ഫണ്ടു ലഭിച്ചിട്ടും , ചെലവിട്ട വഴി കാണാതെ പോയതിന് മന്ത്രിയായിരുന്ന ജയലക്ഷ്മിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മ എന്ന നാട്ടുചികിത്സക്കാരിയെ പുച്ഛിച്ച് അപമാനിക്കുക വഴി തന്റെ ആദിവാസി സ്‌നേഹം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയതാണ് നിലവിലെ ആദിവാസി ക്ഷേമ മന്ത്രിയുടെ നേട്ടമായി പറയാന്‍ കഴിയുക. ആദിവാസിക്കുള്ള ആയിരം കോടിയുടെ വര്‍ഷാവര്‍ഷ കേന്ദ്ര ഫണ്ട് വിഴുങ്ങി അവനെ  കൊടും പട്ടിണിയിലേക്ക്  തള്ളിയിടുന്ന നാണം കെട്ട ഭരണകൂടങ്ങളാണ് കേരള മോഡലെന്ന് വീമ്പിളക്കി കാലങ്ങളായി സംസ്ഥാനം ഭരിച്ചു പോരുന്നത്.

വനവാസികളുടെ ക്ഷേമത്തിനായി മറ്റു ചിലര്‍ എത്തിയത് മതങ്ങളിലേക്ക് ആളെകൂട്ടാനായിരുന്നു. അതിനിടെ. ഊരുകളില്‍ സാന്ത്വനവുമായി എത്തിയിരുന്ന ദേശ സ്‌നേഹ സംഘടനകളും മറ്റും നിശബ്ദമായി അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു പോന്നിരുന്നു.

അട്ടപ്പാടിയിലെ വനവാസി വിശന്നു വലഞ്ഞപ്പോള്‍ കുറച്ചു ആഹാര സാധനങ്ങള്‍ ഏതോ കടയിലും വീ്ട്ടിലും കയറി എടുത്തു. കാടു കയ്യേറി അവന്റെ സര്‍വ്വസവും കട്ടു ഭുജിച്ചപ്പോള്‍ മൂക സാക്ഷിയായി നോക്കി നിന്നവരുടെ പ്രതിനിധിയായിരുന്നു അവന്‍. പക്ഷേ, സാക്ഷരക്കൂട്ടം ആു ഗോത്രവര്‍ഗ യുവാവിനെ തിരഞ്ഞു കാടു കയറി. അവനെ കണ്ടെത്തി, കൈ കെട്ടിയിട്ടു കള്ളനെന്ന് വിളിച്ചു. രോഷം തീരാതെ അവന്റെ ദാരിദ്ര്യത്തിന്റെ അടയാളമായ ആറു വാരിയെല്ലുകള്‍ തീര്‍ത്ത നെഞ്ചിന്‍ കൂട്ടില്‍ തിണ്ണമിടുക്കിന്റെയും ദുരയുടേയും മുഷ്ടി ചുരുട്ടി ഇടിച്ചു.  അതിക്രമിക്കാനും വിധിക്കാനുമുള്ള  അതിസമ്പന്നന്റേയും മേലാളന്റേയും അധികാരം അവരെല്ലാം ചേര്‍ന്ന് വിനിയോഗിച്ചു. വിശന്ന് ഒട്ടിയ വയറില്‍ മുറുക്കി ഉടുത്ത മുഷിഞ്ഞ മുണ്ടില്‍ നില്‍ക്കുന്ന അവന്റെ മുഖവും അതിലെ ദൈന്യതയും ലോകത്തെ കാണിക്കാന്‍ സെല്‍ഫിയെടുക്കാന്‍ ഉബൈദ് എന്ന യുവാവിന് കഴിഞ്ഞു. മരണദുതിന്റെ ആ സെല്‍ഫി ഇന്ന് കേരളത്തിന്റെ മനസാക്ഷിക്കുത്തായി മാറി..

പട്ടിണി കിടന്നവന്, തിന്നുകൊഴുത്തവരുടെ ഇടിയേല്‍ക്കാന്‍ കെല്പുണ്ടായിരുന്നില്ല. അവശ നിലയിലായ മധു എന്ന വനവാസി യുവാവ് ആശുപത്രിയിലേക്കും കൊണ്ടുപോകും വഴി രക്തം ഛര്‍ദ്ദിച്ച് മരിച്ചു.

കൊല്ലും മുമ്പ്, കറുത്ത ഉടലുള്ള അവന്റെ ദൈന്യത ലോകത്തെ ആഘോഷപൂര്‍വം സെല്‍ഫി എടുത്ത് കാണിക്കാനുള്ള വ്യഗ്രത സമ്പന്നതയുടെ ചീര്‍ത്ത മുഖമുള്ള ആ യുവാവിനുണ്ടായി. സമൃദ്ധിയുടെ മടിത്തട്ടില്‍ പിറന്ന് വീണ് ഒരിക്കല്‍ പോലും പട്ടിണിയുടെ ദുര്‍ഗന്ധം അറിയാതെ വളര്‍ന്നു വലുതായ ഒരുവനു മാത്രം,  ഒരു പക്ഷേ, കഴിയുന്ന ഒന്നാകും ഈ ക്രൂര സെല്‍ഫി.

മോഷ്ടാവെന്ന് പറഞ്ഞ് തല്ലിപ്പരുവമാക്കിയ ശേഷം അവന്റെ സഞ്ചിയിൽ നിന്ന് തൊണ്ടിമുതലായി കണ്ടെടുത്തത് ഒരു പിടി അരിയും ഇത്തിരി മഞ്ഞപ്പൊടിയും മുളകു പൊടിയും ഒക്കൊയായിരുന്നു. ഒരു നാണയം പോലും മധു എന്ന ആ ഹതഭാഗ്യന്റെ കൈവശം ഉണ്ടായിരുന്നില്ല.

വെട്ടിക്കൊലയും തല്ലിക്കൊലയും, ഗര്‍ഭിണിയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊന്ന് കൊലവിളി നടത്തി ആര്‍ക്കും സുരക്ഷിതത്വം നല്‍കാത്ത  നാട്. കുറ്റവാളികളെ ഭരണകൂടം ഇടപെട്ട് സംരക്ഷിക്കുന്നവരുടെ നാട്… ജീവിക്കാനായി കടം എടുത്ത് സംരംഭം തുടങ്ങുമ്പോള്‍ അവന്റെ നെഞ്ചത്ത് ചുവന്ന കൊടിക്കുത്തി അവനെ പീഡിപ്പിക്കുന്നവരുടെ നാട്., പെന്‍ഷന്‍ ലഭിക്കാതെ ജീവനൊടുക്കുന്ന വയോധികരുടെ നാട്… ലജ്ജയോടെ ഒരോ മലയാളിയും മുഖം താഴ്ത്തുന്ന നാണം കെട്ട സന്ദര്‍ഭങ്ങള്‍.

Pregnant Kerala Woman Kicked In Stomach Lost Baby, 7 CPM Supporters Arrested
ഗർഭസ്ഥ ശിശുവിനെപ്പോലും വെറുതെ വിടാതെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ.

അക്ഷരം എഴുതാനും വായിക്കാനും മാത്രം അറിയാവുന്നവരുടെ നാടിന് സമ്പൂര്‍ണ സാക്ഷരതപ്പട്ടം ലഭിക്കും. രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യരെ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പോലെ വെട്ടിനുറുക്കി കൊല്ലുന്നവന്റെ നാടിന് രാഷ്ട്രീയ പ്രബുദ്ധമായ നാടെന്ന് ബഹുമതിയും ലഭിക്കും. തൊട്ടതിനും പിടിച്ചതിനും , നാഴികയ്ക്ക് നാല്‍പതു  വട്ടം മതം പറഞ്ഞ് ആനുകൂല്യം വാങ്ങിയെടുക്കുന്ന  ചിലര്‍… ഇവരുടെ മതേതരപട്ടം വാങ്ങി തലയില്‍  വെച്ചു നടക്കുന്നവരുടെ  നാട്…. മാറാറായില്ലേ കേരളമേ നിനക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here