Home ആനുകാലികം ബജറ്റ് നല്‍കുന്നത് – സുതാര്യത, ദിശാബോധം, ശുഭപ്രതീക്ഷ!

ബജറ്റ് നല്‍കുന്നത് – സുതാര്യത, ദിശാബോധം, ശുഭപ്രതീക്ഷ!

0
ബജറ്റ് നല്‍കുന്നത് – സുതാര്യത, ദിശാബോധം, ശുഭപ്രതീക്ഷ!

യൂണിയന്‍ ബജറ്റ് എന്ന ആണ്ടുത്സവം മാധ്യമങ്ങള്‍ക്ക് ചാകരയാണെങ്കിലും പൊതുവെ സാധാരണക്കാര്‍ക്ക് വലിയ താല്‍പര്യമുള്ള വിഷയമല്ല. അവശ്യസാധനങ്ങളുടെ വില കൂടുമോ എന്തെങ്കിലും ഇളവുകള്‍ ഉണ്ടോ എന്ന് സാധാരണക്കാരും ആദായ നികുതി ഇളവുണ്ടോ എന്ന് മധ്യവര്‍ഗവും സമ്പരുടെ നികുതി കൂട്ടിയോ എന്ന മേല്‍ത്തട്ടുകാരും ആകാംക്ഷയോടെ നോക്കും.. ബജറ്റുകൾ ധനപരമായ അസന്തുലിതാവസ്ഥയുടെ യഥാർത്ഥ വ്യാപ്തി മറയ്ക്കുന്ന അക്കൗണ്ടിംഗ് പ്രാക്ടീസ് പോലെയാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.

ഇക്കുറി അതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടത് സുതാര്യതയാണ്. ധനക്കമ്മി 2003 ലെ ധനകാര്യ മനേജ്‌മെന്റ് നിയമത്തിനു (FRBM) പിടികൊടുക്കാതെ 2020-21 ലെ ധനക്കമ്മി റിവൈസഡ് എസ്റ്റിമേറ്റ് അനുസരിച്ച് GDPയുടെ 9.5 ശതമാനമായതും 2021 -22 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റില്‍ ഇത് 6.8 ശതമാനമാണെന്ന് പ്രഖ്യാപിച്ചതും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിലെ ധീരമായ ചുവടുവെയ്പ്പാണ്.

വ്യക്തമായ ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ബജറ്റ് ആണിതെന്നു ഒറ്റ നോട്ടത്തിൽ പറയാൻ സാധിക്കും, കാരണം വരുമാന രസീതുകളുടെയും ചെലവുകളുടെയും അംഗീകൃത കണക്കുകൾ റെഡി ആണ്, ഇനി അത് വേണ്ട രീതിയിൽ ഉപയോഗിക്കുക എന്നതാണ് ബാക്കി. വ്യക്തമായ ഫിസ്കൽ പോളിസി ഉള്ളതുകൊണ്ട് സമ്പദ് വ്യവസ്ഥക്ക് ഉണ്ടാകുന്ന നേട്ടം യഥാർത്ഥത്തിൽ പേയ്‌മെന്റുകളും റീഫണ്ടുകളും കൃത്യസമയത്ത് ചെയ്തു തീർക്കാൻ കഴിയുമെന്നതാണ്. ചെലവുകൾ വെട്ടികുറയ്‌ക്കേണ്ടതും അതുപോലെ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് കിട്ടേണ്ട സാമ്പത്തിക ധനസഹായം ലഭിക്കാതെ പുറത്തു നിന്ന് വായ്പ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.

അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങള്‍ ഉള്‍പ്പടെ, നിഷ്‌ക്രിയ ആസ്തികൾ കൈകാര്യം ചെയ്യുന്നതിന് അസറ്റ് റീ-കൺസ്ട്രക്ഷൻ കമ്പനി/ ‘ബാഡ് ബാങ്ക്’ സൃഷ്ടിക്കുമെന്നും, കൂടാതെ കൂടുതൽ തൊഴിൽ അവസരങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു സ്വകാര്യനിക്ഷേപം സുഗമമാക്കുന്നതിനും ധനസഹായം നൽകുന്നതിനുമായി ഒരു പുതിയ വികസന ധനകാര്യ സ്ഥാപനം ‘DFI’ സൃഷ്ടിക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. എല്ലാം മികച്ച ആശയങ്ങൾ തന്നെ, അത് നടപ്പിലാക്കുമ്പോഴും മികച്ച നിലവാരം നിലനിർത്തും എന്ന് കരുതാം.

കേന്ദ്ര സർക്കാർ ധനക്കമ്മി അധിക നികുതികളിലൂടെയല്ല, disinvestment/ privatization എന്നിവയിലൂടെ ഉള്ള ധനസമാഹരണത്തിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. Covid tax എന്ന അധിക നികുതി ചുമത്താൻ സർക്കാർ തയ്യാറായില്ല, ധനകാര്യത്തിൽ ലോകബാങ്കിനെ വരെ ഉപദേശിക്കുന്ന കേരളധനമന്ത്രി അടക്കമുള്ളവർ Flood Cess അടക്കം പലതിനും അധിക നികുതി ചുമത്തിയാണ് വരുമാന നഷ്ടം നികത്താൻ ശ്രമിക്കുന്നത്. ഈ സമ്മർദ്ദ ഘട്ടത്തിൽ അധിക നികുതി ഭാരം ഉപയോഗിച്ച് ജനങ്ങളെ വലയ്ക്കുന്നത് സത്യത്തിൽ നമ്മുടെ ലക്ഷ്യത്തെ സഹായിക്കുന്നതിന് പകരം ദോഷമാകും ഉണ്ടാകുക എന്ന തിരിച്ചറിവുകൂടിയാണ് ഈ ബജറ്റ്.

വാസ്തവത്തിൽ രാജ്യം അതിവേഗം വളർച്ച കൈവരിക്കേണ്ടത്, കാരണം നമ്മുടെ ദാരിദ്ര്യ നിർമ്മാർജനം സാധ്യമാകുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് അനുപാതികമായിട്ടാണ്. നിലവിൽ നമ്മുടെ ഇക്കോണമി K ഷേപ്പ് റിക്കവറി നടക്കുന്നു, മറുഭാഗം സെക്ടറുകൾ ഇപ്പോഴും തൊഴിൽ വരുമാന നഷ്ടം എന്നിവയിൽ കടുത്ത സമ്മർദ്ദം നേരിടുന്നു റിയൽ എസ്റ്റേറ്റ്, പവർ, ടെലികോം, എയർലൈൻസ്, ഷിപ്പിംഗ്, ടൂറിസം, ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ നിരവധി മേഖലകൾ ഇപ്പോഴും വിട്ടുമാറാത്ത സമ്മർദ്ദത്തിലാണ്. ആഭ്യന്തര ഉത്പാദനം ഉത്തേജിപ്പിക്കാൻ ഈ സെക്ടറുകൾ തിരികെ വരേണ്ടതുണ്ട്.

നിലവിൽ ഏഷ്യൻ രാജ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട നിലയിൽ ആണെന്ന് വേണം കരുതാൻ, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ചൈന കൈവരിച്ച മുന്നേറ്റമാണ് ഏറ്റവും ശ്രദ്ധേയമായത് അന്നവർ ഇൻഫ്രാ റോഡ് വികസനങ്ങളിലൂടെ അതി വേഗം സാമ്പത്തിക അടിത്തറ ഭദ്രമാക്കി, അതെ പോലെ ഇന്ത്യയും ശ്രമിച്ചെങ്കിലും ആഭ്യന്തര ഉൽ‌പാദനത്തിലും തൊഴിലുൽപാദനത്തിലും മതിയായ വളർച്ച കൈവരിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. മാത്രമല്ല 2013 ഇൽ US ഫെഡ് വഴി കിട്ടിയ പണി അന്നത്തെ RBI ഗവർണ്ണർ രഘുറാം രാജന്‍ (R3) കൈകാര്യം ചെയ്തതും പിൽക്കാലത്തു ബാധ്യതയായി, നോട്ടു നിരോധനം വരേയ്ക്കും എത്തിച്ചു അത്. അതുകൊണ്ടു ഇതൊരു അവസരമാണ് ഇന്ത്യക്ക് അതിവേഗം വളർച്ചയുടെ പാതയിലേക്ക് കടക്കാൻ‌. നിലവിലെ RBI ഗവർണ്ണർ ശക്തികാന്ത ദാസ് പഴയ ഇറക്കുമതി എക്കണോമിസ്റ്റുകളെ അപേക്ഷിച്ചു മികച്ച തീരുമാനങ്ങൾ ആണ് ലോക്-ഡൌൺ കാലത്തു കൈക്കൊണ്ടത് നികുതി നിരക്കും മറ്റും കുറച്ചു കൊണ്ട് സർക്കാരിനൊപ്പം തന്നെ നിന്ന്, നികുതി നിരക്ക് ഉയർന്നിരുന്നത് R3 ചെയ്ത ഏറ്റവും വല്യ മണ്ടത്തരമാണെന്നു തെളിയുകയും ചെയ്തു, Inflation Targeting Mechanism ആകാം അതിനു കാരണമായതും.

മുൻ ചരിത്രം ആവർത്തിക്കാതിരിക്കാനും, മുകളിൽ ബഡ്ജറ്റിൽ നിർദേശിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജ്യത്തെ മതിയായ ആഭ്യന്തര ഉൽപാദനത്തിലും അതുവഴി കൂടുതൽ തൊഴിൽ എന്നിവയിലേക്ക് എത്തിക്കാനുമുള്ള ഉത്തരവാദിത്തം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും സർക്കാരിലും അധിഷ്ടിതമാണ്, അതിലേക്കുള്ള ചവിട്ടു പടിയാണ് ഈ ബജറ്റ്. ഇക്വിറ്റി മാർക്കറ്റുകൾ ബജറ്റ് ദിനത്തിൽ തന്നെ Direction മനസിലാക്കിയത് നമ്മൾ കണ്ടതാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ബജറ്റ് ആണ് നിര്‍മല സീതാരാമൻ അവതരിപ്പിച്ചത്, ഇനി ഈ പ്രഖ്യാപനങ്ങൾ എങ്ങനെയാണ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അതിന്റെ നടപ്പിലാക്കുന്നതിനെയും ആശ്രയിച്ചിരിക്കും ബാക്കി എല്ലാം…

LEAVE A REPLY

Please enter your comment!
Please enter your name here