മോദിയുടെ മറ്റൊരു ‘ഗെയിം ചേഞ്ചർ’

0

‘ഗെയിം ചേഞ്ചർ ‘ എന്ന് സാധാരണ ഇംഗ്ലീഷിൽ പറയാറുണ്ട്.  ഒരു സംഭവം അല്ലെങ്കിൽ ഒരു തീരുമാനം സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റത്തെയാണ് അത് സൂചിപ്പിക്കാറുള്ളത്.  ഇന്നലെ നരേന്ദ്ര മോഡി സർക്കാർ എടുത്ത സംവരണം സംബന്ധിച്ച തീരുമാനം, ഒരു സംശയം വേണ്ട,  ഒരു  ‘ ഗെയിം ചേഞ്ചർ ‘ തന്നെയാണ്.  എന്നാൽ സംവരണാനുകൂല്യങ്ങൾ തേടുന്ന ഒരു വലിയ സമൂഹത്തെയാണ് നരേന്ദ്ര മോഡി മുന്നിൽ കണ്ടത്; അവരുടെ അഭിലാഷമാണ് അദ്ദേഹം പൂർത്തീകരിക്കുന്നത്. അതേസമയം നിലവിൽ സംവരണാനുകൂല്യങ്ങൾ നേടുന്നവർ ഒരുവിധത്തിലും അലട്ടാൻ തയ്യാറാവുന്നുമില്ല……. മൊത്തം സംവരണം 50 ശതമാനത്തിൽ നിന്ന്  60 ശതമാനമായി വർധിപ്പിക്കുന്നു; അതിനാവശ്യമായ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നു.

സംവരണം അർഹിക്കുന്നവർ എല്ലാ തുറകളിലുമുണ്ട് എന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണാനുകൂല്യം നൽകണം എന്നതും അവരുടെ സമീപനമാണ്. ‘സബ് ക സാഥ് സബ് ക വികാസ്’ എന്ന് മോഡി പറയുമ്പോൾ തീർച്ചയായും അതും ഉൾപ്പെടുന്നു. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണമാണ് ഇന്നുള്ളത്. അതിൽ കാതലായ മാറ്റമുണ്ടായത്  മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയപ്പോഴാണ്; ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം. അത് കോടതി കയറിയെങ്കിലും അവസാനം ഏറെക്കുറെ ശരിവെക്കപ്പെട്ടു.  അതിന് പിന്നാലെ ഒരു സംവരണ നീക്കത്തിനാണ് മോഡി തയ്യാറാവുന്നത്.  ഇത്തരം തീരുമാനങ്ങൾ എടുക്കാൻ എളുപ്പമല്ല, ഒരു സർക്കാരിന്, ഒരു ഭരണകർത്താവിന്. അത്രയേറെ വിവാദമാവുന്നതും  പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണ് പലപ്പോഴുമത്. എന്നാൽ ആ റിസ്ക് ഏറ്റെടുക്കാൻ ബിജെപിയും നരേന്ദ്ര മോദിയും തയ്യാറാവുന്നു എന്നതാണ് കാണേണ്ടത്. 
ഇത് വോട്ട് നേടിത്തരുമെന്ന് ബിജെപി കരുതുന്നു എന്നാണ് ചില പ്രതിപക്ഷ കക്ഷികൾ പറയുന്നത്, അല്ലെങ്കിൽ ആക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷമാണ്; കാര്യങ്ങൾ അവസാന നാളുകളിലാണ് ……… അങ്ങിനെയുള്ള ഒരു സന്ദർഭത്തിൽ  ചില റിസ്കുകൾ എടുക്കാമെന്ന്  മോഡി കരുതിയതാണോ?.     എന്നാൽ കാലങ്ങളായി  വേണ്ടതാണ് എന്ന്‌ ബിജെപി കരുതുന്ന ഒരു പ്രശ്നമാണിത് എന്നത് മറന്നുകൂടാ.  തിരഞ്ഞെടുപ്പിന് മുൻപായി ബിജെപി അതിന്റെ അജണ്ട നടപ്പിലാക്കുന്നു.  ഇവിടെ നാം കാണേണ്ട ഒരു പ്രശ്നം, ഇക്കാര്യത്തിൽ പലർക്കും യോജിപ്പാണുള്ളത് എന്നതാണ്, നയപരമായിട്ട്. സിപിഎമ്മിന് ഇതേ നയം നേരത്തെതന്നെ ഉണ്ടല്ലോ. അടുത്തകാലത്തല്ലേ  കേരളത്തിൽ അവർ ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്. ഏറ്റവും ചുരുങ്ങിയത് 2006 മുതലെങ്കിലും  അവർ അത് തുറന്നുപറയുന്നുമുണ്ട്. അതുകൊണ്ട് സിപിഎമ്മിന് ഈ ബിജെപി നീക്കത്തെ രാഷ്ട്രീയതാല്പര്യമായി  ചുരുക്കി കുറ്റപ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. പിന്നെ കോൺഗ്രസ് പാർട്ടി; അവർക്കും, എനിക്ക് തോന്നുന്നില്ല, പിന്നാക്കംനിൽക്കുന്നവർക്ക് സംവരണം  വേണ്ട എന്ന് പറയാനാവുമെന്ന്. ഒരു പക്ഷെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം കളിക്കുന്നു എന്നൊക്കെ അവർ പറയുമായിരിക്കും. എന്നാൽ ഭരണഘടനാ ഭേദഗതി ബിൽ സഭയിലെത്തുമ്പോൾ, അവർക്ക് ഒരു നിലപാട് എടുത്തല്ലേ പറ്റൂ. സെലെക്റ്റ് കമ്മിറ്റിക്ക് അത് നാളെ വിട്ടേക്കാം; എന്നാൽ തന്നെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനക്കാലത്ത് ഈ ഭേദഗതി പാസ്സാക്കിയെ തീരൂ…… അത് സർക്കാർ ഉറപ്പാക്കുകതന്നെ ചെയ്യും. അവിടെ സഭകൾ സ്തംഭിപ്പിച്ചും മറ്റും അത് അട്ടിമറിക്കാൻ ശ്രമിച്ചാൽ……… പിന്നെ  അതാവും,  ഒരു സംശയവുമില്ല, പൊതുജന സമക്ഷം ചർച്ചചെയ്യപ്പെടുക. അതുകൊണ്ട് ഇക്കാര്യത്തിൽ കോൺഗ്രസിന് ‘പതിവ് കളികൾ’  സ്വീകരിക്കാൻ എളുപ്പമാവുകയില്ല. 

മറ്റൊന്ന്   പുതിയ ഒരു സംവരണം മാത്രമല്ല മോഡി ഉദ്ദേശിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം; അല്ലെങ്കിൽ അങ്ങിനെ വിലയിരുത്തേണ്ടതുണ്ട്.  ജാതീയമായ കളികൾക്ക് അവസാനം കുറിക്കാനുള്ള ഒരു ആയുധം കൂടിയല്ലേ ഇത്?. ഇതുവരെ എല്ലാ സംവരണങ്ങളും ജാതി അടിസ്ഥാനത്തിലായിരുന്നുവല്ലോ. ജാതി, ഉപജാതി എന്നിങ്ങനെയൊക്കെ. ആ ചിന്തക്ക് തന്നെ മാറ്റമുണ്ടാവുന്നുകയല്ലേ ഇതിലൂടെ?. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കൊക്കെ  സംവരണാനുകൂല്യം ലഭിക്കുന്ന സ്ഥിതി……   ഉദാഹരണം, മായാവതിയും ലാലു പ്രസാദ് യാദവുമൊക്കെ തന്നെ. ജാതിയാണ് അവരെ നയിക്കുന്നത്……. സംവരണം അവരുടെ  അരയിലെ കൊടുംകത്തിയാണ്, ആയുധമാണ്  ………  ഏത് സമയത്തും എടുത്ത് ഉപയോഗിക്കാവുന്ന ആയുധം. അതിന് നേരെ കൂടിയാണ് മോഡി നീങ്ങുന്നത് എന്നാണ്   തോന്നുന്നത്. ജാതീയത അവസാനിപ്പിക്കുക എന്നത് ഒരു വലിയ കാര്യമാണ്; പക്ഷെ ജാതി സംവരണം ഉള്ളിടത്തോളം അത് അങ്ങിനെ തന്നെ നിലനിർത്തേണ്ടത് പലരുടെയും ചുമതലയാണ്. ഇവിടെ ഇപ്പോൾ മോഡി സർക്കാർ ചെയ്തത്, ഓർമ്മിക്കുക,  നിലവിലെ സംവരണത്തെ തൊടുന്നതേയില്ല….. നിലവിൽ കിട്ടുന്ന സംവരണം ആർക്കും ഒരുവിധത്തിലും ഇല്ലാതാവുന്നില്ല; അതേസമയം ജാതിക്കതീതമായി ഒരു പുതിയ സംവരണം നിലവിൽ വരുന്നു. അത് ജാതിയിൽ തൂങ്ങിക്കളിക്കുന്ന രാഷ്ട്രീയക്കാർക്കും വലിയ വെല്ലുവിളിയും തലവേദനയുമല്ലേ?. സംശയമില്ല, തീർച്ചയായും.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത് എന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അതുവേണമെന്നത്   ശരിയല്ലെന്നും  പറയുന്നവരെ നാം കാണുന്നത് മായാവതിമാരും ലാലു പ്രസാദ് യാദവുമാരുമുള്ളത് കൊണ്ടാണ്. ശരിയാണ്, സാമൂഹ്യമായി അവഗണിക്കപ്പെട്ട, പുറംതള്ളപ്പെട്ടവർക്കാണ്  സംവരണാനുകൂല്യം ഉണ്ടായിരുന്നത്. അവരെ മുന്നാക്കം എത്തിക്കുന്നതിനുള്ള ഒരു സമ്പ്രദായം അല്ലെങ്കിൽ പിന്തുണ എന്നിങ്ങനെയൊക്കെയാണ് ആ ആശയം ഉടലെടുത്തത്.  പിന്നാക്കത്തിൽ നിന്ന് വളരെ മുന്നാക്കം എത്തിയവരും ഇന്നിപ്പോൾ സംവരണാനുകൂല്യം നേടുന്നു എന്നുള്ള ആക്ഷേപവും ഉയരുന്നത് കാണാതെ പോകരുതല്ലോ. സാമൂഹ്യമായ പിണക്കവും സാമ്പത്തികമായ പിന്നാക്കവുമൊക്കെ  പലപ്പോഴും തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുമുണ്ട്. ആ പ്രശ്നങ്ങൾ ഒക്കെ വീണ്ടും ചർച്ചചെയ്യപ്പെടും എന്ന് വ്യക്തമാണ്.  ഒരു പക്ഷെ അതാവും ആദ്യം ചർച്ചചെയ്യപ്പെടുക. അത് പക്ഷെ നേതാക്കളെ, രാഷ്ട്രീയ പാർട്ടികളെ  മാത്രമേ  അലട്ടാനിടയുള്ളു. കാരണം, നിലവിൽ സംവരണം ലഭിക്കുന്നവർക്ക് ഒരു കോട്ടവും ഉണ്ടാവുന്നില്ല എന്നത് തന്നെ. 

ബിജെപിക്ക് ഈ വിഷയത്തിൽ വ്യക്തതയുണ്ട്; അതാണല്ലോ അവർ ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാൽ മറുപക്ഷത്ത് അത് ഉണ്ടാവാൻ എളുപ്പമാവില്ല. സൂചിപ്പിച്ചത്, ലാലു യാദവിന്റെയും മായാവതിയുടെയും പാർട്ടിക്ക് ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കേണ്ടിവരും. കോൺഗ്രസിനും അവരെ കൂടെ നിർത്താനായി ചിലതൊക്കെ ചെയ്യേണ്ടിവന്നാൽ അതിശയിക്കാനില്ല; അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അവഗണിക്കാനും കോൺഗ്രസിന് കഴിയില്ല. പ്രതിപക്ഷ   രാഷ്ട്രീയത്തിൽ  ചില ചലനങ്ങൾ നമുക്ക് അടുത്ത നാളുകളിൽ കാണാനാവും എന്നതും ഈ തീരുമാനത്തിന്റെ പ്രത്യേകതയാണ്. 

വേറൊന്ന് സംവരണത്തോത് വർധിക്കുന്നത് ചിലർക്കൊക്കെ സഹായകരമാവും. ജാട്ട് ,ഗുജ്ജർ, രജപുത്ത്, പട്ടീദാർ  തുടങ്ങിയ കുറെ സംവരണ പ്രശ്നങ്ങൾ കോടതിയിലെത്തിയപ്പോൾ അൻപത് ശതമാനം പരിധിയിൽ തട്ടി താഴെവീണത് നാം കണ്ടിട്ടുണ്ടല്ലോ. അവർക്കൊക്കെ പുതിയ നീക്കം ആശ്വാസമാകും. ആ വലിയ ഒരു വിഭാഗത്തെ രാഷ്ട്രീയമായി കൂടെ നിർത്താനും ബിജെപിക്ക് കഴിയും. കേരളത്തിൽ എൻഎസ്എസ് എടുത്തുവന്നിരുന്ന നിലപാടുണ്ട്; എത്രയോ കാലമായി അവർ സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നു; അവരുടെ സ്വപ്നവും ഇതിലൂടെ പൂവനയുകയാണ്. മോഡി സർക്കാർ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്.  അതുകൊണ്ട് ഇത് രാഷ്ട്രീയമായി വലിയ ചലനങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. എന്നാൽ തങ്ങൾക്കൊപ്പം നിൽക്കുന്ന ജാതി പാർട്ടികളെ  വിശ്വാസത്തിലെടുത്ത് സമവായത്തിലൂടെ മുന്നോട്ട് നീങ്ങുക എന്നത് കോൺഗ്രസിന് എളുപ്പമാവുകയുമില്ല.  അതാണ് മോദിക്ക് ലഭിക്കുന്ന മറ്റൊരു രാഷ്ട്രീയ നേട്ടം.

— കെവിഎസ്  ഹരിദാസ്  

LEAVE A REPLY

Please enter your comment!
Please enter your name here