തെസ്സലോണിക്ക രാജശാസനവും ഹിന്ദു പാരമ്പര്യങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളും

0

സംക്രാന്ത് സാനു, (ഇന്ത്യ ഫാക്ട്സ്) എഴുതുന്നു. പരിഭാഷപ്പെടുത്തിയത് കൃഷ്ണകുമാർ

ജല്ലിക്കെട്ട്, ശബരിമല, സിംഘ്നാപൂര്‍ വിഷയങ്ങള്‍, കേരള ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിരോധനം, ഗണേശ ചതുര്‍ഥി എന്നിവയ്ക്ക് ശേഷം ഏറ്റവും പുതിയതായി ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പിന്തുണയോടെ എന്‍ ജി ഒ – പൊതു താല്പര്യഹര്‍ജി കൂട്ടുകെട്ടിന്‍റെ ആക്രമണത്തിന് വിധേയമായിരിക്കുന്നത് ദഹിഹന്ദി എന്നറിയപ്പെടുന്ന ഹിന്ദു ആഘോഷമായ ഉറിയടിയാണ്. ഇത് കേവലമൊരു യാദൃശ്ചിക സംഭവമല്ല. ആയിരം മുറിവുകള്‍ ഏല്‍പ്പിച്ചു രക്തം ചോര്‍ത്തി കൊലപ്പെടുത്തുക എന്ന ആഗോള ഇവാഞ്ചലിസ്റ്റ് തന്ത്രത്തിന്‍റെ ഭാഗമായ ഒന്നാണ്. ദഹി ഹന്ദിക്കെതിരെയുള്ള നീക്കത്തിനു പിന്നിലെ യഥാര്‍ത്ഥ വില്ലന്മാര്‍ ഇപ്പോഴും പുകമറക്കുള്ളില്‍ ആണെങ്കിലും, ക്രിസ്തുമതത്തിന്‍റെ അധീശത്വം ഉറപ്പിക്കാനായി പേഗന്‍ പാരമ്പര്യങ്ങളെ ലോകമെങ്ങു നിന്നും തുടച്ചുനീക്കിയതിന്‍റെ ചരിത്രം പഠിക്കേണ്ടത് ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്‌. കാരണം ക്രിസ്ത്യന്‍ മതപരിവര്‍ത്തന യുദ്ധത്തില്‍ മുഴുകിയിരിക്കുന്ന ഇവാഞ്ചലിസ്റ്റുകള്‍ക്ക്  ഇത്തരം വിഷയങ്ങളില്‍ വ്യക്തമായ താല്‍പ്പര്യങ്ങള്‍ ഉണ്ട്.

റോമന്‍ സാമ്രാജ്യത്തിന്‍റെ ക്രൈസ്തവവല്‍ക്കരണവും ഒളിമ്പിക്സ് നിരോധനവും

പൊതുവര്‍ഷം 380 ല്‍  റോമന്‍ ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയസ് ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. നൈസീന്‍ ക്രീഡില്‍ (ക്രൈസ്തവതയെ നിര്‍വചിക്കുന്ന അടിസ്ഥാന പ്രഖ്യാപനം)  വിശ്വസിക്കാത്ത എല്ലാവരും മതനിന്ദകര്‍ ആണെന്നും, അവര്‍  ഇഹത്തിലും പരത്തിലും ഒരു പോലെ ശിക്ഷാര്‍ഹരാണെന്നും  “തെസ്സലോണിക്ക രാജശാസനം” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ  തീട്ടൂരം വ്യക്തമാക്കുന്നു.

“സെയിന്റ് പീറ്റര്‍ റോമാക്കാരെ പഠിപ്പിച്ചതുപോലെ  പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വത്തില്‍ അധിഷ്ഠിതമായ മതത്തില്‍ വിശ്വസിക്കാന്‍ സാമ്രാജ്യത്തിലെ എല്ലാവരും ബാധ്യസ്ഥരാണ്. ഈ നിയമം അനുസരിക്കുന്നവരെ മാത്രമേ കത്തോലിക്കാ ക്രിസ്ത്യാനികള്‍ എന്ന് കണക്കാക്കാന്‍ കഴിയൂ”

മറ്റു മതങ്ങള്‍ പിന്തുടരുന്നവരുടെ (ക്രിസ്തുമതത്തിനുള്ളിലെ വിമതന്മാര്‍ ഉള്‍പ്പെടെ) ആരാധനാലയങ്ങള്‍ക്ക് ചര്‍ച്ച് എന്ന പദവി ലഭിക്കുന്നതല്ല. അത്തരക്കാര്‍ ഇഹ പര ശിക്ഷകള്‍ക്ക് വിധേയരുമായിരിക്കും.

പേഗന്‍ അഥവാ പ്രാകൃതം എന്ന് അധിക്ഷേപിക്കപ്പെട്ട ഉത്സവങ്ങളേയും ആചാരങ്ങളേയും ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിയോഡോസിയസ് ആരംഭം കുറിച്ചു. അതിന്‍റെ ഭാഗമായി ഗ്രീക്ക് ദൈവങ്ങളുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിനേയും അദ്ദേഹം നിരോധിച്ചു. തീര്‍ത്തും പ്രാകൃതം എന്നതായിരുന്നു ഒളിമ്പിക്സില്‍ ആരോപിക്കപ്പെട്ട ദോഷം.

‘ക്രിസ്ത്യാനിറ്റി ടുഡേ’ എന്ന പ്രസിദ്ധീകരണത്തില്‍ നിന്ന് ഇങ്ങനെ വായിക്കാം

“ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശമനുസരിച്ച് മതഭ്രാന്തന്മാരായ ക്രിസ്ത്യാനികള്‍ ഒളിമ്പിയയിലെ സീയുസ് ദേവാലയവും അലക്സാണ്ട്രിയയിലെ സെരാപിസ് ദേവാലയവും പോലുള്ള പ്രാചീന നിര്‍മ്മിതികളെ ആദ്യം അടച്ചു പൂട്ടുകയും പിന്നീട് തച്ചു തകര്‍ക്കുകയും ചെയ്തു. നാല്‍പതിനായിരം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രസിദ്ധമായ ഒളിമ്പിയയിലെ സ്റ്റേഡിയം പൊതുവര്‍ഷം 426 ല്‍ തിയോഡോസിയസിന്‍റെ പിന്‍ഗാമിയായ തിയോഡോസിയസ് രണ്ടാമന്‍ തകര്‍ത്തു”

ഞാനിവിടെ ‘ക്രിസ്ത്യാനിറ്റി ടുഡേ’യില്‍ നിന്നു തന്നെ ഇക്കാര്യം ഉദ്ധരിക്കാന്‍ കാരണമുണ്ട്. അവര്‍ തിയോഡോസിയസിന്‍റെയും പിന്‍ഗാമിയുടെയും ഇത്തരം പ്രവൃത്തികളില്‍ ക്ഷമായാചനം ചെയ്യാന്‍ സന്നദ്ധരായിട്ടുണ്ട്. കായിക വിനോദങ്ങളെ നിരോധിക്കാന്‍ കാരണമായി കണ്ടെത്തിയത് അവ ആക്രാമികവും ഗ്രീക്ക് ദൈവങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുക വഴി ക്രിസ്ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്നവയും ആണെന്നതാണ്‌.

“ഗെയിംസിന്‍റെ മൂന്നാം നാള്‍ നടക്കുന്ന സമൂഹഭോജനം ഒരു ഘോഷയാത്രയോടു കൂടിയാണ് ആരംഭിക്കുക. അന്ന് ഹെസ്ടിയ ദേവിയുടെ തീക്കുണ്ഡത്തില്‍  നിന്നുള്ള കനലുകള്‍ കോരിയെടുത്തുകൊണ്ട് സീയൂസ് ദേവന്‍റെ സ്തുതികളുമായി പുരോഹിതര്‍ കാണികളുടെ മുന്നിലൂടെ കടന്നു പോകുന്നു”

ബിഷപ്പ് അംബ്രോസ് എന്ന പുരോഹിതന്‍ ചക്രവര്‍ത്തിയില്‍ ചെലുത്തിയ ദുസ്സ്വാധീനം കൊണ്ടാണ് പേഗന്‍ ആചാരങ്ങള്‍ നിരോധിക്കുന്നതിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത് എന്നാണ് ‘ക്രിസ്ത്യാനിറ്റി ടുഡേ’ പറയുന്നത്. എന്താണ് ഈ ക്രിസ്ത്യന്‍ മനസ്സ് തിയോഡോസിയസിനെ കൊണ്ട് ചെയ്യിച്ചത് എന്നു നോക്കൂ…

“391 ഫെബ്രുവരി 24 ആം തിയതി മുതല്‍ ചക്രവര്‍ത്തി തീട്ടൂരങ്ങളുടെ ഒരു പരമ്പര തന്നെ ഇറക്കാന്‍ തുടങ്ങി. അതനുസരിച്ച് അതുവരെ പിന്തുടര്‍ന്നു വന്നിരുന്ന ഗ്രീക്ക്-റോമന്‍ അനുഷ്ഠാനങ്ങള്‍ എല്ലാം നിയമവിരുദ്ധമായി മാറി. ആദ്യമായി പേഗന്‍ ബലി നിരോധിച്ചു. അതുവരെ റോമിലെ ഭരണകൂടത്തിന്‍റെ ഔദ്യൊഗിക ചടങ്ങുകളില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നായിരുന്നു ഇത്. അതുകഴിഞ്ഞ് ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു പൂട്ടി. “ഒരാളും ക്ഷേത്രങ്ങളെ സമീപിക്കുകയോ, അവയിലൂടെ നടക്കുകയോ, മനുഷ്യനിര്‍മ്മിതമായ ബിംബങ്ങളെ ആരാധിക്കുകയോ ചെയ്യരുത്”

തൊട്ടുപുറകെ ക്രിസ്തുമതത്തില്‍ നിന്ന് പേഗന്‍ മതങ്ങളിലേക്കുള്ള മതപരിവര്‍ത്തനം നിരോധിച്ചു. ഒടുവില്‍ 392 നവംബര്‍ 8 ന് എല്ലാ ബലികളും പ്രവചനവിദ്യകളും മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങളായി തിയോഡോസിയസ് പ്രഖ്യാപിച്ചു. അതോടെ സ്വകാര്യ വ്യക്തികളുടെ അള്‍ത്താരകളും, വീടുകളില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങളും, അലങ്കാരങ്ങളും ഉള്‍പ്പെടെ എല്ലാം നശിപ്പിക്കപ്പെട്ടു.”

ഈ ചരിത്രത്തെ ഹിന്ദുക്കളുടെ ആചാരങ്ങളോടും, വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മൂര്‍ത്തികളോടും, ക്ഷേത്രകവാടങ്ങളില്‍ ചെയ്യുന്ന അലങ്കാരങ്ങളോടും, ജ്യോതിഷ വിശ്വാസത്തോടും ഒക്കെ താരതമ്യപ്പെടുത്താന്‍ കഴിയും. തിയോഡോസിയസ് ഇവയെല്ലാം മരണശിക്ഷ അര്‍ഹിക്കുന്ന നിയമവിരുദ്ധ കുറ്റങ്ങളാക്കുകയും, ക്ഷേത്രങ്ങളെ നശിപ്പിക്കുകയും, പേഗന്‍ ഉത്സവങ്ങളേയും ചടങ്ങുകളേയും നിരോധിക്കുകയും ചെയ്തു.

സേവിയറും, പില്‍ക്കാലവും

പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സെയിന്റായിരുന്ന സേവിയര്‍ ഇതേപോലെ ജനങ്ങളുടെ മേല്‍ അതിക്രമം പ്രവര്‍ത്തിച്ചു. ഗോവയിലെ പോര്‍ട്ടുഗീസ്‌ ഭരണത്തിന്‍ കീഴില്‍ ഇന്‍ക്വിസിഷന്‍ എന്നറിയപ്പെടുന്ന മതപീഡനം നടത്തിക്കൊണ്ടായിരുന്നു അത്. മതം മാറാന്‍ വിസമ്മതിച്ച അനേകം അക്രൈസ്തവരേയും, ഹിന്ദു ആചാരങ്ങള്‍  പിന്തുടരുകയോ ഹൈന്ദവ ബിംബങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുകയോ ചെയ്തിരുന്ന ക്രിസ്ത്യാനികളേയും കൊല്ലുകയും, പീഡിപ്പിക്കുകയും ചെയ്തുകൊണ്ട്  അയാളത് നടപ്പാക്കി. ഇന്‍ക്വിസിഷനില്‍ ആയിരങ്ങളാണ് അതിഭീകരമായ പീഡനങ്ങളിലൂടെ കൊന്നൊടുക്കപ്പെട്ടത്‌.  അനേകം പേരെ ജീവനോടെ ചുട്ടെരിച്ചു. നൂറുക്കണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. അനേകം ഹൈന്ദവാചാരങ്ങള്‍ നിരോധിക്കപ്പെട്ടു. “ജനങ്ങള്‍ പരസ്പരം നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതും, ചന്ദനം ധരിക്കുന്നതും, പള്ളിയില്‍ കടക്കുമ്പോള്‍ പാദരക്ഷകള്‍ നീക്കം ചെയ്യുന്നതും, വീടിനു മുന്നില്‍ തുളസി നട്ടു വളര്‍ത്തുന്നതും ഒക്കെ ഇപ്രകാരം നിരോധിക്കപ്പെട്ടു.”

തദ്ദേശീയ ആചാരങ്ങളുടെ നേര്‍ക്കുള്ള ഈ അടിച്ചമര്‍ത്തല്‍ മറ്റു മതങ്ങളെ പൈശാചികം ആയി കാണുന്ന ക്രിസ്ത്യന്‍ മനോഭാവത്തില്‍ നിന്ന് ഉണ്ടായതാണെങ്കിലും, 19 ആം നൂറ്റാണ്ടോടു കൂടി ഈ പരിപാടിക്ക്  കൂടുതല്‍ മതേതര കാരണങ്ങള്‍ നിരത്താന്‍ തുടങ്ങി.

ഇപ്പോള്‍ ക്രിസ്ത്യാനികള്‍ കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലേ? ഈ സംശയം പലര്‍ക്കുമുണ്ടാവാം. തദ്ദേശീയ അമേരിക്കക്കാരെ കുറിച്ചുള്ള പാശ്ചാത്യ നിലപാടുകള്‍ മയപ്പെടാന്‍ തുടങ്ങിയത് അവര്‍ ഏതാണ്ട് പൂര്‍ണ്ണമായും മണ്മറഞ്ഞു പോയതിനു ശേഷം മാത്രമാണ്.  “മണ്മറഞ്ഞ ജനതകള്‍ സത്യം പറയാന്‍ അവശേഷിക്കുന്നില്ല” എന്ന എന്‍റെ ലേഖനത്തില്‍ ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

“ഇവര്‍ക്ക് “അയ്യോ…തെറ്റിപ്പോയി” എന്ന മട്ടിലുള്ള ഒരു തിരിച്ചറിവ് വരുന്നത് എപ്പോഴാണ് എന്നു നോക്കിയാല്‍ രസകരമാണ്. തദ്ദേശീയ അമേരിക്കന്‍ നാഗരികതയുടെ നാശം സമ്പൂര്‍ണ്ണമായതിനു ശേഷമാണ് ഈ നാട്യം വരുന്നത്. ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട്, നിരായുധീകരിക്കപ്പെട്ട്, റിസര്‍വേഷനുകളില്‍ മാത്രം ഒതുങ്ങിപ്പോയ അവര്‍ ഇനി ഒരു ഭീഷണിയല്ല. ഇനി അവരുടെ നാഗരികതയെ ഒരല്‍പ്പം പുകഴ്ത്തി പറഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ തങ്ങളാല്‍ ഞെരിച്ചു കൊല്ലപ്പെട്ട അപര സംസ്ക്കാരങ്ങളെക്കുറിച്ച് അപദാനം പാടുന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ പരിഷ്കൃത-ലിബറല്‍-അക്കാദമിക മുഖച്ഛായക്ക്‌ ഇണങ്ങുക. മറ്റുള്ളവരെ ചെകുത്താന്‍ മതക്കാര്‍ എന്ന് അധിക്ഷേപിക്കാത്തവരാണ് തങ്ങള്‍ എന്ന ധാരണ ഉറപ്പിക്കാന്‍ അത് സഹായിക്കും. പൂര്‍ണ്ണമായും ഇനിയും കീഴ്പ്പെടുത്തപ്പെട്ടിട്ടില്ലാത്ത മറ്റൊരു നാഗരികതയുടെ കാര്യത്തിലൊഴികെ ഇതാണ് പൊതുനയം”

പേഗന്‍, റോമന്‍, ഗ്രീക്ക് പാരമ്പര്യങ്ങളുടെ നശീകരണത്തിന്‍റെ പേരില്‍  ക്രിസ്ത്യന്‍ ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ തിയോഡോസിയസ് അറിയപ്പെടുന്നത് ‘മഹാന്‍’ എന്നാണ്. അവരാല്‍ ഇനിയും കീഴ്പ്പെടുത്തപ്പെട്ടിട്ടില്ലാത്ത നാഗരികതയാകട്ടെ ഇന്ത്യയുടേതുമാണ്.

വര്‍ത്തമാനകാല ഇന്ത്യ: ജോഷ്വാ പ്രോജക്ടും പ്രോജക്റ്റ് തെസ്സലോണിക്കയും

എന്തിനാണ് നമ്മള്‍ ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് ഇപ്രകാരം ഒരെത്തിനോട്ടം നടത്തിയത് ? ഉറിയടിയുടെ മേലുള്ള നിയന്ത്രണം, ജെല്ലിക്കെട്ട്, ശബരിമല തുടങ്ങിയ ഇപ്പോഴത്തെ വിഷയങ്ങളുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോ ?

രണ്ടു കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കണം. ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആഗോള ക്രൈസ്തവ മതംമാറ്റ ആക്രമണത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം ഇന്ത്യയാണ് എന്നതാണ് അതില്‍ ഒന്നാമത്തേത്. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്രയധികം മിഷണറിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന മറ്റൊരു അക്രൈസ്തവ സമൂഹവും ഇന്ന് ലോകത്തില്ല. രണ്ടാമതായി ഇവാഞ്ചെലിസ്റ്റുകളുടെ  തന്ത്രപ്രധാനമായ ഒരു സാംസ്കാരിക ലക്ഷ്യവുമാണ് ഭാരതം. ഭാരതത്തില്‍ ശതകോടിക്കണക്കിന് ഡോളറുകള്‍ ഇറക്കിക്കൊണ്ട് നടത്തുന്ന ഈ പരിപാടി, ജോഷ്വാ പ്രോജക്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ആഗോള ക്രൈസ്തവവല്‍ക്കരണ പദ്ധതിയുടെ 10/40 എന്നറിയപ്പെടുന്ന തന്ത്രപ്രധാന ഭാഗമാണ്. ഇതെല്ലാം വെറുതെ ആളുകള്‍ പ്രചരിപ്പിക്കുന്ന ഒരു “ഗൂഡാലോചനാ തിയറി” മാത്രമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ ആദ്യം ജോഷ്വാ പ്രോജക്ടിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ജോഷ്വാ പ്രോജക്ടിനോളം അറിയപ്പെട്ടിട്ടില്ലാത്ത, കൂടുതല്‍ രഹസ്യാത്മകമായ ഒന്നാണ് ‘പ്രോജക്റ്റ് തെസ്സലോണിക’. പേഗന്‍ ആചാരങ്ങളേയും ഉത്സവങ്ങളേയും ഗ്രീക്ക് റോമന്‍ ദേവാലയങ്ങളേയും നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് തിയോഡോസിയസ് ചക്രവര്‍ത്തി പുറപ്പെടുവിച്ച രാജശാസനം അറിയപ്പെടുന്നത്  ‘തെസ്സലോണിക രാജശാസനം” എന്നാണ്. ആധുനിക കാലത്തെ മിഷണറിമാര്‍ക്കും ഇതേ ലക്ഷ്യമാണുള്ളത്‌. എന്നാല്‍ അവരുടെ മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഭാരതത്തില്‍, നാഗാലാണ്ട് പോലെ അവര്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ പ്രാകൃതമായ രീതിയില്‍ ശാസനങ്ങളിലൂടെ തന്നെ അവര്‍ തദ്ദേശീയ പാരമ്പര്യങ്ങളെയും ആരാധനാലയങ്ങളെയും നശിപ്പിക്കുകയോ നിരോധിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. (ഇന്ത്യയിലെ ഒരു മുഖ്യധാരാ മാധ്യമവും അങ്ങോട്ട്‌ എത്തി നോക്കുന്നു പോലുമില്ല). തങ്ങള്‍ക്ക് വേണ്ടത്ര ജനസംഖ്യ ഇല്ലാത്ത മറ്റിടങ്ങളില്‍ കൂടുതല്‍ രഹസ്യാത്മകവും തന്ത്രപരവുമായി അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു.  എന്താണ് ഈ ‘പ്രോജക്റ്റ് തെസ്സലോണിക എന്നു നമുക്ക് നോക്കാം.

“ജോഷ്വാ പ്രോജക്റ്റ് II’ ന്‍റെ ഒരു സബ് പ്രോജക്ടാണ് ‘തെസ്സലോണിക’. 10-40 മേഖലയിലെ (ഉത്തരാര്‍ദ്ധ ഗോളത്തില്‍ 10 ഡിഗ്രി –  40 ഡിഗ്രി അക്ഷാംശങ്ങള്‍ക്ക്  മദ്ധ്യേ കിടക്കുന്ന പ്രദേശങ്ങള്‍) “പ്രാകൃതരെ” മതം മാറ്റാനുള്ള ലക്ഷ്യവും തന്ത്രങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ജോഷ്വാ പ്രോജക്റ്റ് II. ആ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്ന പരിപാടിയാണ് PT എന്നറിയപ്പെടുന്ന ‘പ്രോജക്റ്റ് തെസ്സലോണിക’. ഇതിനായി “ജോഷ്വാ പ്രോജക്റ്റ് II’ ആവിഷ്ക്കരിച്ച ഒരു സമീപനമാണ് ‘ജനസമൂഹങ്ങളെ ഏറ്റെടുക്കുക’ എന്ന തന്ത്രം. ഇതനുസരിച്ച് ഓരോ മിഷണറി ഏജന്‍സികളും പള്ളികളും ഏതെങ്കിലും ഒരു ജനവിഭാഗത്തെ പ്രത്യേകമായി ഉന്നം വയ്ക്കുന്നു. ഗോത്രവര്‍ഗ്ഗക്കാരാണ്‌ ഇത്തരത്തില്‍ ആദ്യമായി ലക്ഷ്യമാക്കപ്പെട്ട ഒരു ജനവിഭാഗം. വളരെ എളുപ്പത്തില്‍ വലയിലാക്കാന്‍ കഴിയുന്ന ഒരു സമൂഹമാണ് അവര്‍. എന്നാല്‍ സഭയുടെ ഈ തന്ത്രം പൂര്‍ണ്ണമായി വിജയിച്ചില്ല. മിഷണറിമാര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതു പോലെ ഹിന്ദുസമൂഹത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല.  മതം മാറിയ ധാരാളം പേര്‍ പിന്നീടും ഹിന്ദു ഉത്സവങ്ങള്‍ ആഘോഷിക്കുകയും, ഹിന്ദു സമ്പ്രദായങ്ങള്‍ പിന്തുടരുകയും ചെയ്തു. ഇതിനെ മറികടക്കാനുള്ള ഉപായമെന്ന നിലക്ക് 2004 ല്‍  ആരംഭിച്ച ഒരു അനുബന്ധ പദ്ധതിയാണ് ‘പ്രോജക്റ്റ് തെസ്സലോണിക”.

എപ്രകാരമാണോ ‘തെസ്സലോണിക രാജശാസനം” ഗ്രീക്ക് റോമന്‍ പേഗന്‍ ആചാരങ്ങളേയും പാരമ്പര്യങ്ങളെയും ആക്രമിച്ചത്, വര്‍ത്തമാന ഭാരതത്തില്‍ അതുതന്നെ ചെയ്യാന്‍ PT യും ലക്ഷ്യമിടുന്നു. അതിനെ കുറിച്ചുള്ള ഒരു വിവരണം ഇപ്രകാരം പറയുന്നു…

“ഹിന്ദു സംസ്ക്കാരത്തിന്‍റെയും ഉത്സവങ്ങളുടെയും ആചാരങ്ങളുടേയും നേടും തൂണുകളായി നില്‍ക്കുന്ന ജനവിഭാഗങ്ങളെ മതപരിവര്‍ത്തനം ചെയ്തുകൊണ്ട് ഹിന്ദു ധര്‍മ്മത്തിനു തടയിടാനാണ്  ‘പ്രോജക്റ്റ് തെസ്സലോണിക’ പ്രവര്‍ത്തിക്കുന്നത്…”

പുതിയതായി ഒരു ക്ഷേത്രവും ഉയര്‍ന്നു വരുന്നില്ല എന്നുറപ്പു വരുത്താന്‍ മിഷണറികള്‍ പരിശ്രമിക്കുന്നു. ഈ ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധമുള്ള മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, മറ്റു കലാകാരന്മാര്‍ എന്നിവരെ പ്രത്യേകമായി തെരഞ്ഞു പിടിച്ച് മതം മാറ്റുന്നു.  അമേരിക്കയിലെ റ്റെന്നസീ, നാഷ് വിലേയിലെ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ച് വാര്‍ഷിക കുംഭമേള നടക്കുന്ന പട്ടണങ്ങള്‍ ഇപ്പോള്‍ ദത്തെടുത്തിരിക്കുകയാണ്. അവിടങ്ങളിലെ തദ്ദേശീയരെ അവര്‍ ഇപ്പോള്‍ മതം മാറ്റിക്കൊണ്ടിരിക്കുന്നു. ഭാവിയില്‍ കുംഭമേളക്ക് വരുന്നവര്‍ ആവശ്യമായ സൌകര്യങ്ങളും വിഭവങ്ങളും കിട്ടാതെ, അതൃപ്തരായി മടങ്ങാനാണ്  ഇത് ചെയ്യുന്നത്. കാശിയിലെ കടത്തുകാരെയാണ് വേറൊരു മിഷന്‍ ലക്ഷ്യമിടുന്നത്. ഇവിടെ ഗംഗയില്‍ ചോറുരുളകളും മറ്റും ഒഴുക്കി ഹിന്ദുക്കള്‍ പിതൃക്കള്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. മറ്റ് ജോലികളില്‍ പരിശീലനം കൊടുത്ത്  ഈ കടത്തുകാരെ വഴിതിരിച്ചു വിടുന്നു. അവരെ ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു.

പരിസ്ഥിതിവാദികളെ കൊണ്ട് ബഹളം ഉണ്ടാക്കി ഗണേശോല്‍സവങ്ങളും, കുംഭമേളകളും, ജഗന്നാഥ രഥയാത്രയും ഒക്കെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നു. മിഷണറിമാരുടെ ഒരു വലിയ പേടിസ്വപ്നം വളരെയധികം ജനപ്രീതി പിടിച്ചു പറ്റുന്ന ടിവിയിലെ ഹിന്ദു  പ്രോഗ്രാമുകളാണ്. വലിയ തുക കൊടുത്ത് ക്രിസ്ത്യന്‍ സംഘടനകള്‍  ഈ പ്രൈം ടൈമുകള്‍ എല്ലാം സ്വന്തമാക്കുന്നു. എന്നിട്ട് തങ്ങളുടെ പ്രചരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനെ കൈയ്യിലെടുക്കാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടക്ക് അവര്‍ വന്‍ തോതില്‍ പണമിറക്കിയിട്ടുണ്ട്. അതിന്‍റെ ഫലം, ഇപ്പോള്‍ മിഷണറികളുടെ എന്തു തോന്ന്യാസങ്ങളും രാഷ്ട്രീയക്കാര്‍ വകവച്ചു കൊടുക്കുന്ന നിലയിലേക്ക് എത്തി എന്നതാണ്.  മാധ്യമങ്ങളിലെ നല്ലൊരു പങ്കും കൂടി അവരുടെ ഒപ്പമാണെന്നതാണ് അനുഭവം. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന ഏതൊരു പ്രസ്ഥാനത്തേയും മതതീവ്രവാദമെന്നോ, മതമൌലികസംഘമെന്നോ ചിത്രീകരിക്കാന്‍ ആദ്യം ചാടി വീഴുന്നത് വിലക്കു വാങ്ങപ്പെട്ട ഈ മാധ്യമങ്ങളാണ്.

‘പ്രോജക്റ്റ് തെസ്സലോണിക’ യെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും വിരല്‍ ചൂണ്ടുന്നത് അലക്സ്‌ പോമെറോ എഴുതിയ ഒരു ലേഖനത്തിലേക്കാണ്. അതിന്‍റെ ആധികാരികത നേരിട്ട് ഉറപ്പു വരുത്താന്‍ കഴിയില്ലെങ്കിലും അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന്, ചുറ്റുമുള്ള അനുഭവങ്ങള്‍ തന്നെ ഉത്തരം തരുന്നു. ഉദാഹരണത്തിന് മിഷണറികളുടെ പ്രവര്‍ത്തനത്തിന് കിട്ടുന്ന മാധ്യമ സംരക്ഷണം നമ്മള്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഗണേശ ചതുര്‍ഥി, കുംഭമേള തുടങ്ങിയവയുടെ നേരെ പലഭാഗത്തു നിന്നുമുള്ള നിരന്തരമായ ആക്രമണം നമ്മള്‍ കാണുന്നു. കേരളത്തിലെ ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്രോത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനു വേണ്ടി വാദിച്ച എന്‍ ജി ഒ കളുടെ പിന്നില്‍ FCRA (Foreign Contribution Regulation Act) അനുമതിയുള്ള  ക്രിസ്ത്യന്‍ ഫണ്ടുകളാണ് എന്ന കാര്യം  @singhbaboo ട്വിറ്റെര്‍ ഐഡി ഉപയോഗിക്കുന്ന വ്യക്തി കണ്ടെത്തുകയുണ്ടായി. ഹിന്ദു ഉത്സവങ്ങളുടെ തുടച്ചു നീക്കല്‍ പഴയ തെസ്സലോണിക ശൈലിയില്‍ നടന്നു വരികയാണെന്നുള്ളത് വളരെ വ്യക്തമാണ്.

വൈദേശിക സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  “പുരോഗന” പ്രതിച്ഛായയും ലക്ഷ്യങ്ങളുമുള്ള, എന്‍ ജി ഒ കളുടെ ഒരു ശൃംഖല തന്നെ ആദ്യം രൂപീകരിക്കുന്നു. ഇവിടെ ഒന്നോര്‍ക്കണം. ശതകോടിക്കണക്കിന് ഡോളറുകളാണ് ഇങ്ങനെ ഒഴുകുന്നത്‌. ഇന്ത്യയില്‍ അതുവച്ച് ഒരുപാടു പേരെ വിലക്ക് വാങ്ങാന്‍ കഴിയും. കമ്മ്യുണിസ്റ്റുകളും ഇന്ത്യന്‍ ഇടതുപക്ഷക്കാരും ആദ്യമേ തന്നെ ഹിന്ദു വിരോധത്തില്‍ ഉറച്ചു കഴിഞ്ഞവരാണ്. ഒരു ഹിന്ദു നശീകരണ പ്രോജക്ടിലേക്ക്‌ അവരെ എളുപ്പത്തില്‍ ചേര്‍ക്കാന്‍ കഴിയും. ഒപ്പം സാമൂഹ്യശാസ്ത്ര മേഖലകളില്‍ ഉന്നതബിരുദം നേടിയ വ്യക്തികളെ എന്‍ ജി ഒ കള്‍ വലിയ പ്രതിഫലം കൊടുത്ത് തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്യുന്നു.

ജെല്ലിക്കെട്ടോ, ശബരിമലയോ, ഉറിയടിയോ പോലെ ഏതെങ്കിലും ഒരു ലക്ഷ്യം തെരഞ്ഞെടുക്കുക എന്നതാണ് പിന്നീട് നടക്കുന്ന കാര്യം.  തുടര്‍ന്ന് “മൃഗങ്ങളുടെ അവകാശം”, “സ്ത്രീകളുടെ അവകാശം”, “കുട്ടികളുടെ സുരക്ഷിതത്വം” തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി ഈ എന്‍ ജി ഒ കള്‍ ചാടി വീഴുകയായി.

ഉത്സവങ്ങളും ആചാരങ്ങളും നമ്മുടെ സംസ്കാരത്തെ വിളക്കിച്ചേര്‍ത്ത്  ഒന്നാക്കി നിര്‍ത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്. തത്വപ്രധാനങ്ങളായ അദ്വൈതം പോലുള്ള ഉയര്‍ന്ന അനുശാസനങ്ങള്‍ ബൌദ്ധിക ഔന്നത്യത്തില്‍ നില്‍ക്കുന്നവരെ ആകര്‍ഷിച്ചേക്കാം. എന്നാല്‍ ബഹുഭൂരിപക്ഷം ജനങ്ങളെയും ഹിന്ദു പാരമ്പര്യത്തോട് ഇണക്കിച്ചേര്‍ത്തു നിര്‍ത്തുന്നത് അവയല്ല.  സാധാരണക്കാരെ സംബന്ധിച്ച്  വൈവിദ്ധ്യമാര്‍ന്ന നാടന്‍ ചടങ്ങുകളിലും, തീര്‍ഥാടനങ്ങളിലും, ആചാരങ്ങളിലും കൂടിയാണ് ആത്യന്തികമായി അവരുടെ സാംസ്ക്കാരിക ബന്ധം നിലനില്‍ക്കുന്നത്.  അല്ലാതെ ഏതെങ്കിലും കേന്ദ്രീകൃതമായ മതസിദ്ധാന്തത്തില്‍ കൂടിയല്ല. കാലങ്ങളായുള്ള പരിചയത്തിലൂടെ ക്രിസ്ത്യന്‍ മതപ്രചാരകര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ ദൃഷ്ടിയില്‍ “പേഗന്‍” മതത്തിന്‍റെ ഭാഗമായ ഇത്തരം ഉത്സവങ്ങളേയും ചടങ്ങുകളേയും നശിപ്പിക്കുന്നതില്‍ പ്രത്യേകമായി ശ്രദ്ധ കൊടുക്കുന്നത്. ജെല്ലിക്കെട്ടും, ശബരിമലയും, ഉറിയടിയും പ്രാദേശിക വിഷയങ്ങള്‍ മാത്രമായിട്ടാണ് ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും തോന്നുക. എന്നാല്‍ വൈവിദ്ധ്യം എന്ന ഈ ശക്തിയാണ് ഇപ്പോള്‍ നമ്മുടെ ദൌര്‍ബല്യമായി മാറിയിരിക്കുന്നത്. യോജിച്ചുള്ള ഒരു പ്രതിഷേധത്തിന് കഴിയാത്തതാണ് നമ്മുടെ ഇപ്പോഴത്തെ ദൌര്‍ബല്യം.

എന്‍ ജി ഒ കളുടെ ആക്രമണവഴികള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ സംസ്ക്കാരത്തിന്‍റെ പ്രയോക്താക്കളായ ജനവിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് ലക്ഷ്യമാക്കുന്നതുള്‍പ്പെടെ വളഞ്ഞതും ബഹുമുഖവുമായ പല ആക്രമണ തന്ത്രങ്ങള്‍ PT ഉപയോഗിക്കുന്നുണ്ട്. അതില്‍ എന്‍ ജി ഒ കളുടെ പ്രവര്‍ത്തന പദ്ധതികള്‍ ഇപ്പോള്‍ ഏതാണ്ട് പകല്‍ പോലെ വ്യക്തമാണ്.

ഒരിക്കല്‍ ആക്രമണ വിഷയം നിശ്ചയിച്ചു കഴിഞ്ഞാല്‍, ഒരു എന്‍ ജി ഒ അതിനായി നിയോഗിക്കപ്പെടുന്നു. അവര്‍ ഉടനെ കോടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി (PIL) ഫയല്‍ ചെയ്യുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് മുംബൈ ഹൈക്കോടതിയിലാണ് ഉറിയടിയുടെ കാര്യത്തില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ ഹര്‍ജിക്ക് അനുകൂലമായി വാദിക്കാനുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിലായ കോടതി, ഉറിയടിയ്ക്ക് മേല്‍ പരിധികള്‍ നിശ്ചയിച്ചു. എന്നാല്‍ ഇത് ആരെയാണോ ബാധിക്കുന്നത് (ഹിന്ദുക്കള്‍) അവര്‍ ഈ കേസില്‍ ഒരു കക്ഷി പോലുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തന്‍റെ ശാസന പാലിക്കപ്പെടുന്നത് കണ്ട് റോമന്‍ ചക്രവര്‍ത്തി തിയോഡോസിയസ്  ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും !

ചിലയിടങ്ങളില്‍ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ കുറേനാള്‍ കൂടി ഇതൊക്കെ ആചരിക്കും. എന്നാല്‍ ക്രമത്തില്‍ സര്‍ക്കാര്‍ തന്നെ വിജയിക്കുകയും, ആ ആചാരം ക്രമേണ മണ്മറഞ്ഞു പോകുകയും ചെയ്യും.

നല്ല മതേതര പേരുകളും, മതേതര പ്രതിച്ഛായയും ഉള്ള പല പ്രധാന എന്‍ ജി ഒ കളും ഈ പരിപാടിയിലെ ഭാഗങ്ങളാണ്. ഉദാഹരണത്തിന് “സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും” വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു എന്‍ ജി ഒ യാണ് “സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്” (CSR). അതിന്‍റെ ഡയറക്ടറാണ് ശ്രീമതി രഞ്ജന കുമാര്‍.  ഈ സ്ഥാപനത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിച്ചാല്‍ 90 ശതമാനത്തിനു മേല്‍ വിദേശ പണമാണെന്ന് കാണാന്‍ കഴിയും. ഏതുതരം വിദേശ സംഘടനകള്‍ക്കാണ് ഇതില്‍ താല്‍പ്പര്യം ?  CSRന് ഏറ്റവും കൂടുതല്‍ പണം കൊടുത്തത് “ഇന്റര്‍ ചര്‍ച്ച് കൊ-ഒപെരേറ്റീവ്, നെതര്‍ലാണ്ട്സ്” (ICCO) ആണെന്നാണ് “The Male Factor” നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2006 മുതല്‍ ഇപ്രകാരം ICCO മാത്രം ഏതാണ്ട് 3.6 കോടി രൂപ CSR ന് കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ അനേകം കൂലി പ്രതിഷേധക്കാരെ വിലക്കെടുക്കാന്‍ ഈ പണത്തിന് കഴിയും. നെതര്‍ലാണ്ട്സ് വിദേശകാര്യ വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊടെസ്റ്റണ്ട് ചര്‍ച്ചിന്‍റെ സംഘടനയാണ് ICCO.  ‘ഓപസ് ഡീ’ എന്ന തീവ്രക്രൈസ്തവസംഘടനയ്ക്ക് ഫണ്ട് നല്‍കുന്നവര്‍ എന്ന് വിശ്വസിക്കപ്പെടുന്ന വലതുപക്ഷ കത്തോലിക്ക സംഘടനയായ “Hans Siedel Foundation” ആണ് CSR ന് പണം കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ്.  (ഇറ്റാലിയന്‍ പുതു ഫാസിസിറ്റ് തീവ്രവാദത്തിന് ഇതേ ഫൌണ്ടേഷന്‍ തന്നെ ധനസഹായം നല്‍കി എന്ന് വിക്കിപീഡിയ വിവരിക്കുന്നു. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കൊടുത്തിരുന്ന ലിങ്ക് ദുരൂഹമായി ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഹാന്‍സ് സീഡെല്‍ ഫൌണ്ടേഷന് ഒരു ഇന്ത്യന്‍ വിഭാഗമുണ്ടെന്നും, അവരും ഇന്ത്യയിലെ വനിതാ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുകയും, CSR നെ തങ്ങളുടെ പങ്കാളി സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നകാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.)

ഈ ക്രിസ്ത്യന്‍ സംഘടനകള്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകളെ ‘രക്ഷിക്കാന്‍’ ഇത്രയധികം താല്‍പ്പര്യമെടുക്കുന്നത് ? അതും സ്ത്രീ വിദ്വേഷത്തിന്‍റെ ഭയാനകമായ ഒരു ചരിത്രം തന്നെ ക്രിസ്തുമതത്തിന് സ്വന്തമായി ഉള്ളപ്പോള്‍ ?  തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ പുലര്‍ത്തുന്ന നിഷ്ഠയും ശ്രദ്ധയുമാണ് ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി ഇവാഞ്ചലിസ്റ്റുകള്‍ തിരിച്ചറിഞ്ഞ കാര്യം. അതോടെ ഫെമിനിസത്തിന്‍റെ വലയെറിഞ്ഞ് ഹിന്ദുസ്ത്രീകളെ പിടിച്ചെടുക്കാനും സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ ബന്ധത്തെ മുറിക്കാനും ബോധപൂര്‍വ്വമുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ ഈ യാഥാസ്ഥിതിക ക്രിസ്ത്യന്‍ സംഘടനകള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഇതേ ഫെമിനിസത്തോട്‌ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നവരാണ് എന്നതാണ് യഥാര്‍ത്ഥ്യം.  മതേതര-ഫെമിനിസ മുഖം മൂടിയണിഞ്ഞ പ്രസ്ഥാനങ്ങളെ കൂട്ടു പിടിച്ചു കൊണ്ട് പുരുഷ ദൈവസങ്കല്‍പ്പം മാത്രമുള്ള ക്രൈസ്തവ സഭ, ഇവിടെ സ്ത്രീത്വത്തിന് ദൈവീകത കല്‍പ്പിക്കുന്ന ഹിന്ദുപാരമ്പര്യത്തെ ആക്രമിക്കുന്നു!

ശനി സിംഘ്നാപൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനത്തിന്‍റെ പേരിലുള്ള ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവ സാന്നിദ്ധ്യമാണ് രഞ്ജന കുമാര്‍.

എന്നാല്‍ അവരുടെ എന്‍ ജി ഒ യുടെ ക്രിസ്ത്യന്‍ ബന്ധങ്ങളെ കുറിച്ച് ട്വിട്ടരില്‍ ചോദ്യം ഉന്നയിച്ച എന്നെ ഉടനെ ബ്ലോക്ക് ചെയ്യുകയാണ് അവര്‍ ചെയ്തത്. “പ്രാര്‍ഥിക്കാനുള്ള അവകാശം” എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനുള്ള തന്‍റെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രഞ്ജന കുമാര്‍ നല്‍കുന്ന വിശദീകരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള “ഹിന്ദു അതിക്രമം”  എന്ന വിദ്വേഷപ്രചാരണമാണ് നിറഞ്ഞു നില്‍ക്കുന്നത്.

“ഒരു വിശ്വാസിയായ സ്ത്രീയെ സംബന്ധിച്ച് ഇത് തന്‍റെ ദൈവത്തിനും തനിക്കും ഇടയിലുള്ള ഒരു ദിവ്യാനുഭവമായിട്ടാണ് തോന്നുക. എന്നാല്‍ ദൈവത്തിന്‍റെ മധ്യസ്ഥര്‍ എന്ന് സ്വയം കരുതുന്ന മതപുരോഹിതര്‍ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്തത്…. ഇത്തരം കടുത്ത വിവേചനങ്ങള്‍ വലിയ ക്രൂരതയിലേക്കും സ്ത്രീകളുടെ കഷ്ടപ്പാടുകളിലേക്കും നയിക്കുന്നു.  സതി, വിധവകളോടുള്ള വിവേചനം, സ്ത്രീധന കൊലപാതങ്ങള്‍, സ്വത്തവകാശത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തല്‍, അന്ത്യകര്‍മ്മങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കല്‍, ദേവദാസി സമ്പ്രദായം, ബാല്യവിവാഹം, പെണ്‍ഭ്രൂണഹത്യ തുടങ്ങിവ ഇതിന് ഉദാഹരണങ്ങളാണ്.”

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്ത ഹിന്ദുസ്ത്രീകളെ കുറിച്ച് അത്യന്തം ഉല്‍ക്കണ്ഠപ്പെടുന്ന ഒരാളിന്‍റെ കുറിപ്പായി ഇത് വായിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നില്ലേ ? ഹിന്ദുസ്ത്രീകളെ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ക്രിസ്ത്യന്‍ സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇറങ്ങുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? രഞ്ജന കുമാറിന് ക്രിസ്ത്യന്‍ സംഘടനകള്‍ വമ്പിച്ച സംഭാവനകള്‍ കൊടുക്കുന്നത് ഹിന്ദുമതത്തെ പരിഷ്ക്കരിക്കുന്നതിനാണോ ? (അവരെന്തിന് അത് ചെയ്യണം ?)  അതോ അതിനെ ഇല്ലായ്മ ചെയ്യാനാണോ അവര്‍ക്ക് താല്പര്യം ? ക്ഷേത്രാരാധനയെ പൈശാചികമായും വിഗ്രഹാരാധനയെ ഏറ്റവും വലിയ പാപമായും കണക്കാക്കുന്ന ക്രൈസ്തവ സംഘങ്ങള്‍ അതേ ക്ഷേത്രങ്ങളിലേക്ക് ഹിന്ദുസ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി പല സംഘടനകള്‍ക്കും ധനസഹായം കൊടുക്കുന്നു എന്നത് അതിശയമല്ലേ ?  ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക്  പോകാന്‍ കഴിയാത്തതല്ല അവരുടെ പ്രശ്നമെന്നുള്ളത് വളരെ വ്യക്തമാണ്. മറിച്ച് ജനങ്ങളെ സ്വാധീനിക്കുന്ന വിശ്വാസങ്ങളെ ആക്രമിക്കാന്‍ പല കാരണങ്ങള്‍ കണ്ടെത്തുകയാണ് ഇവിടെ ഉദ്ദേശം. ശനി ക്ഷേത്രത്തിലെ സ്ത്രീകളുടെ കടന്നുകയറ്റത്തിനു ശേഷം, ഗ്രാമീണരായ ജനങ്ങളുടെ വിശ്വാസത്തിന് ഉലച്ചില്‍ തട്ടി എന്നും, അവര്‍ അവിടെ പോകുന്നത്‌ നിറുത്തി എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടത്തെ ശക്തി ഇല്ലാതായി എന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് ഗ്രാമീണരുടെ ഒരു അന്ധവിശ്വാസം എന്ന് ആക്ഷേപിക്കപ്പെടാം. എന്നാല്‍ ഇത്തരം ലോലവികാരങ്ങളെ ശരിക്ക് പഠിച്ചു മനസ്സിലാക്കിയിട്ടാണ് ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകള്‍ ആക്രമണങ്ങള്‍ക്കുള്ള ഇരകളെ കണ്ടെത്തുന്നതും കൃത്യമായ പദ്ധതികള്‍ ഒരുക്കുന്നതും.

ക്രിസ്ത്യന്‍ മതാക്രമണങ്ങളുടെ ചരിത്രത്തില്‍ ഉടനീളം തദ്ദേശീയ ആചാരങ്ങളുടെ നിരോധനങ്ങള്‍ക്ക് കൊടുക്കുന്ന ന്യായീകരണം പലപ്പോഴും ശുദ്ധ അസംബന്ധങ്ങളാണ്. ജല്ലിക്കെട്ടിനെ “മൃഗങ്ങളോടുള്ള ക്രൂരത” എന്ന പേരിലാണ് എതിര്‍ക്കുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളായ സ്പെയിനിലും മറ്റുമുള്ള കാളപ്പോരില്‍ നടക്കുന്നതു പോലെ ഇവിടെ കാളകളെ കൊല്ലുന്നില്ല, മറിച്ച് കീഴ്പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും മതംമാറ്റം ഉറപ്പിക്കാന്‍ ഇതേ ഇവാഞ്ചലിസ്റ്റുകള്‍ തന്നെ ജനങ്ങളെ ഗോമംസം തിന്നാന്‍ പ്രേരിപ്പിക്കുകയും അതിനു വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുകയും ചെയ്യുന്നു എന്ന വസ്തുത ഈ മൃഗസ്നേഹികള്‍ മറക്കുന്നു. ജല്ലിക്കെട്ടിനുള്ള മൃഗങ്ങളെ കുടുംബത്തിലെ ഒരംഗത്തെ പോലെ വളരെ നല്ല പരിചരണം കൊടുത്താണ് വളര്‍ത്താറുള്ളത് എന്നതും ഈ ആചാരം പല നല്ല നാടന്‍ കാലിവര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കപ്പെടുന്നു. ഏതായാലും “ഹിന്ദു” ജല്ലിക്കെട്ടിന്‍റെ നിരോധനത്തിനു ശേഷം പള്ളി പ്രചരിപ്പിക്കുന്ന ഒരു പുതിയ പരിപാടി അതിന്‍റെ സ്ഥാനത്ത് നടക്കാന്‍ തുടങ്ങി എന്ന് കേള്‍ക്കുന്നു.  പേഗന്‍ ആചാരമായിരുന്ന മിത്രന്‍റെ ദിനത്തെ ക്രിസ്തുമസ്സും യേശുവിന്‍റെ ജന്മദിനവുമായി പില്‍ക്കാലത്ത് പ്രചരിപ്പിച്ചത് ചരിത്രത്തിലെ ഇത്തരം ക്രിസ്ത്യന്‍ കൈയ്യടക്കലിന്‍റെ  ഒരുദാഹരണമാണ്.

ശബരിമലയിലെ പവിത്രമായ ക്ഷേത്രത്തെ തീവച്ച് നശിപ്പിച്ചത് ഒരു ക്രിസ്ത്യന്‍ സംഘമാണെന്ന് 1950 കളില്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. ഫെമിനിസ്റ്റ് നാട്യങ്ങള്‍ ഉപയോഗിച്ച് ഭക്തരുടെ വിശ്വാസങ്ങളെ ആക്രമിക്കുന്നതും  ഇതേ നശീകരണ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള കുറേക്കൂടി സൂക്ഷ്മമായ പരിപാടി മാത്രമാണ്. ശനി സിംഘ്നപൂരിലെ സ്ത്രീകളെ മുന്‍ നിര്‍ത്തിയുള്ള കടന്നുകയറ്റവും ആ പ്രദേശവാസികളുടെ വിശ്വാസത്തെ തകര്‍ക്കാനായി ആസൂത്രിതമായി നടപ്പാക്കിയ ഒരു പദ്ധതിയാണ്. കുട്ടികളെ ഒഴിവാക്കണം, 20 അടിക്കുമേല്‍ ഉയരം ഒഴിവാക്കണം തുടങ്ങി ഉറിയടിയുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമേണ ഈ വിനോദത്തെ ഇല്ലായ്മ ചെയ്യും.

ഇപ്പോള്‍ ഉറിയടി ലോക നിലവാരത്തിലുള്ള മനുഷ്യപിരമിഡ് എന്ന കായിക വിനോദമായി മാറിയിട്ടുണ്ട്.  മത്സരങ്ങളിലൂടെ അത് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്. ഒരു ഇന്ത്യന്‍ ഗോവിന്ദ സംഘത്തിന്‍റെ പേരിലാണ് ഇതിലെ  ഇപ്പോഴത്തെ ഗിന്നസ് റെക്കോര്‍ഡ്.  അതിനെ പറ്റി പഠിക്കാന്‍ സ്പെയിന്‍ പോലുള്ള രാജ്യങ്ങളിലെ അന്തര്‍ദേശീയ ടീമുകള്‍ ഇവിടെ വരുന്നു.  ഇപ്പോഴത്തെ ഉയരങ്ങള്‍ 40 അടിക്കും മേലെയാണ്. 20 അടിയുടെ പരിധി ഈ കായിക വിനോദത്തെ തീര്‍ത്തും ഇല്ലായ്മ ചെയ്യും. ഇപ്പോള്‍ ചാടുന്നതിന്‍റെ  പകുതി മാത്രം ചാടിയാല്‍ മതി എന്ന് ഒളിമ്പിക്സ് പോള്‍ വോള്‍ട്ടര്‍മാരോട്  നിബന്ധന വയ്ക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ. പിരമിഡിന്‍റെ കാര്യത്തില്‍ ഭാരത്തെ ക്രമീകരിക്കുന്നതിലാണ് അത് വിജയിക്കുന്നത്. കുട്ടികളെ കൂടാതെ അന്തര്‍ദ്ദേശീയ റെക്കോര്‍ഡ് തലത്തില്‍ എത്താന്‍ കഴിയില്ല. സ്പെയിനിലെ ബാര്‍സലോണ നഗരത്തില്‍ മനുഷ്യപിരമിഡിന്‍റെ മത്സരങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവരെല്ലാവരും നേരത്തെയുള്ള പ്രായപരിധിയായ 12 വയസ്സിനും താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കോടതി ഈ പ്രായപരിധി 18 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

 എങ്ങനെ ഇതിനെ പ്രതിരോധിക്കാം ?

ഇതിനെ നേരിടാന്‍ നിയമനിര്‍മ്മാണത്തിന്‍റെ ഒരു മാര്‍ഗ്ഗവും, നിയമത്തിനു പുറത്തുള്ള മാര്‍ഗ്ഗവും ഉണ്ട്. എന്നാല്‍ ബി ജെ പി സര്‍ക്കാരിന്‍റെ ശുഷ്ക്കാന്തിക്കുറവ് കൊണ്ട്  ആദ്യത്തെ മാര്‍ഗ്ഗത്തെക്കുറിച്ച് ഇപ്പോള്‍ പ്രതീക്ഷിക്കാവതല്ല. അത്തരമൊരു മാര്‍ഗ്ഗത്തില്‍ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി പല നടപടികളും ഉള്‍പ്പെടുത്താനും തദ്ദേശീയമായ ആചരണങ്ങളെ നശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക്‌ തടയിടാനും കഴിയുമായിരുന്നു. എന്‍ ജി ഒ കളുടെ വിദേശ ധനസ്രോതസ്സുകളെ നിയന്ത്രിക്കുകയും അവരുടെ പ്രവര്‍ത്തന മേഖലകള്‍ക്ക് പരിധികള്‍ വയ്ക്കുകയും ചെയ്യാമായിരുന്നു.  പൊതുതാല്‍പ്പര്യ ഹര്‍ജികളുമായി കോടതികളെ സമീപിക്കാനുള്ള അവകാശം  അനീതി നേരിടുന്നവര്‍ക്ക്  മാത്രമായി പരിമിതപ്പെടുത്താമായിരുന്നു. ഇന്നത്തെ പോലെ  ആര്‍ക്കും ജനങ്ങളെ ‘പരിഷ്ക്കരിക്കാന്‍’ എന്ന മട്ടില്‍ ഈ സൌകര്യത്തെ ദുരുപയോഗം ചെയ്യാന്‍ കഴിയില്ലായിരുന്നു. വിദേശ സംഭാവനകള്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിഷിദ്ധമായതു പോലെ, അത്തരം സംഭാവനകള്‍ സ്വീകരിക്കുന്നവരെ  പൊതുതാല്‍പ്പര്യഹര്‍ജിയുടെ രാഷ്ട്രീയത്തില്‍ നിന്ന് വിലക്കാന്‍ കഴിയുമായിരുന്നു. അതുപോലെ അതിരുവിട്ട കോടതി വിധികളെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളിലൂടെ  മറികടക്കാനും ശ്രമിക്കണമായിരുന്നു.

ഇക്കാര്യത്തില്‍ ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി, ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുക എന്നുള്ളതു മാത്രമാണ്. ഹിന്ദുസമൂഹത്തിനു നേരെയുള്ള ഈ ആക്രമണങ്ങള്‍ ഒറ്റപ്പെട്ടവയല്ല. അവ പരസ്പരം ബന്ധപ്പെട്ടവയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട തന്ത്രങ്ങളുടെ ഭാഗമാണ് അവയെല്ലാം. ദൌര്‍ഭാഗ്യവശാല്‍ ഇത്തരം ഒരു യുദ്ധം നടക്കുകയാണ് എന്ന കാര്യം പോലും ആക്രമിക്കുന്നവര്‍ക്ക് മാത്രമേ അറിയാവൂ. അതിന് ഇരയാവുന്ന ഹിന്ദു സമൂഹം ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും നമ്മള്‍ ഈ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഒരു പ്രതിരോധം പോലും ഉയര്‍ത്താന്‍ കഴിയാതെ നമ്മുടെ സംസ്ക്കാരം മണ്മറയും എന്ന കാര്യത്തില്‍ സംശയമില്ല.

റഫറൻസ്:

[i] http://www.fourthcentury.com/index.php/imperial-laws-364/

[ii] http://www.christianitytoday.com/history/2008/august/revisiting-pagan-olympic-games.html

[iii] Newman, Robert S. (1999), The Struggle for a Goan Identity, in Dantas, N., The Transformation of Goa, Mapusa: Other India Press,

[iv] Pettipas, Katherine (1994), Severing the Ties That Bind: Government Repression of Indigenous Religious Ceremonies on the Prairies, Univ. of Manitoba Press

[v] Ibid

[vi] Hawker, Ronald W. (2007), Tales of Ghosts: First Nations Art in British Columbia, 1922-61, UBC Press

[vii] http://www.rediff.com/news/column/no-christians-are-not-persecuted-in-india/20150320.htm

[viii]http://heritagefoundation.org.in/Download/articles/can_hindusim_project_thessalonica.pdf

[ix] CONSERVATIVE CATHOLIC INFLUENCE IN EUROPE AN INVESTIGATIVE SERIES Opus Dei: The Pope’s Right Arm in Europe by Gordon Urquhart from: Catholics for a Free Choice http://www.population-security.org/cffc-97-01.htm

[x] http://www.hss.de/india/en/foundation.html

[xi] http://gendermatters.in/2016/04/dr-kumari-righttopray/

[xii] https://www.scribd.com/doc/33086934/Sabarimala-Temple-Arson-Case-Enquiry-Report#scribd

ഈ ലേഖനത്തിനുള്ളിൽ പ്രകടിപ്പിച്ചിട്ടുള്ള വസ്തുതകളും അഭിപ്രായങ്ങളും എഴുത്തുകാരുടെ സ്വകാര്യപരമായ അഭിപ്രായങ്ങളാണ്. ഈ ലേഖനത്തിലെ വിവരങ്ങളുടെ കൃത്യത, പൂർണത, അനുയോജ്യത, അല്ലെങ്കിൽ സാധുത എന്നിവയ്ക്കായുള്ള ഉത്തരവാദിത്തങ്ങളോ ബാധ്യതയോ പത്രിക ഏറ്റെടുക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here