ബംഗാള്‍ ഫലം- കോണ്‍ഗ്രസും ഇടതും തകര്‍ന്നടിഞ്ഞു, ബിജെപിക്കെതിരെ ദേശീയ ബദല്‍ പൊളിഞ്ഞു

India’s opposition sees hope for the future in Modi’s state election defeat ‘- രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്.

ബംഗാളിലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം വട്ടവും വിജയം നേടി. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മോദിയുടെ പരാജയമാണിതെന്നും ഇത് ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നുമാണ് സന്‍ജീവ് മിഗ് ലാനിയുടെ പേരില്‍ വന്ന ലേഖനം പറയുന്നത്.

ഏത് വീക്ഷണ കോണില്‍ നിന്നും നോക്കിയാലും ഇങ്ങിനൊയൊരു നാരേറ്റീവ് നല്‍കാനാവില്ലെന്നതാണ് വസ്തുത.
കാരണം ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം രണ്ട് വലിയ വസ്തുതകളാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്.

ഒന്ന്. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പുകളിലൊന്നായ ബംഗാള്‍ കമ്യൂണിസം നാമവശേഷമായി.

രണ്ട്. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന് ബദ്ധശത്രുക്കളായ കമ്യൂണിസ്റ്റുകളുമായും ഒപ്പം ഇസ്ലാമിക വര്‍ഗീയ കക്ഷികളുമായും കൂട്ടു ചേര്‍ന്നിട്ടും ഒരു സീറ്റില്‍ പോലും വിജയം നേടാനാകാതിരുന്നത്.

ഇന്ത്യയിലെ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റേയും ഇടത് പാര്‍ട്ടികളുടേയും സമ്പൂര്‍ണ പരാജയമാണ് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നത്.

ഒപ്പം ഒരിക്കലും ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടം കിട്ടില്ലെന്ന് കരുതിയ ബിജെപിയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും.

റോയിട്ടേഴ്‌സിന്റേ ലേഖനത്തില്‍ പറയുന്നതു പോലെ മോദിയുടെ പാര്‍ട്ടി ബംഗാളിലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടില്ല മറിച്ച് കേവലം മൂന്നു സീറ്റുകളില്‍ നിന്ന് എഴുപതിലധികം സീറ്റുകളിലേക്ക് അഞ്ചു വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന് സംസ്ഥാന നിയമസഭയിലെ ഒരേ ഒരു പ്രതിപക്ഷ കക്ഷിയായി മാറുകയാണുണ്ടായത്. ഇത് കാണാന്‍ ബുദ്ധിജീവിയുടെ കണ്ണടയൊന്നും ആവശ്യമില്ല. കണ്ണ് തുറന്നൊന്ന് നോക്കിയാല്‍ മാത്രം മതി.

എന്നാല്‍, സന്‍ജീവ് മിഗലാനിയെപ്പോലുള്ള ഇടതുപക്ഷ ലേഖകര്‍ കണ്ണടച്ച് ഇരുട്ടാക്കുക മാത്രമാണ്. ഇവരുടെ ബുദ്ധിശൂന്യതയും ജാള്യതയും ലോകത്തിനു മുന്നില്‍ വെളിവാകാനായി ഇത് ഉപകരിക്കും.

ടിഎംസി ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അവരുടെ നേതാവ് മമതാ ബാനര്‍ജി ബിജെപിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട കാര്യം ഇവര്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്നുവെന്നതും പ്രാധാന്യമര്‍ഹി്ക്കുന്നുണ്ട്.

മമത പരാജയപ്പെട്ടത് പല ദേശീയ മാധ്യമങ്ങളും വലിയ വാര്‍ത്തയായി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. മമത വിജയിച്ചതായുള്ള വാര്‍ത്തയാണ് ഇവരില്‍ പലരും നല്‍കിയത്. എന്നാല്‍, പിന്നീട് മമത തോറ്റതായുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇത് നേരിട്ട് വാര്‍ത്തയാക്കാതെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ ക്ലെയിമായും പിന്നീട് തിരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പായും മാത്രമാണ് ഇവര്‍ നല്‍കിയത്.

മലയാള മനോരമ പോലുള്ള കേരളത്തിലെ മാധ്യമങ്ങള്‍ പോലും മമതയുടെ പരാജയത്തെ കുറിച്ച് മിണ്ടിയില്ല പകരം മമതയെ ചാംമ്പ്യനായാണ് അവതരിപ്പിച്ചത്.

മമതയുടെ വലംകൈ ആയി അറിയപ്പെട്ടിരുന്ന സുവേന്ദു അധികാരി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ എത്തിയത്. മമതയുടെ അമിത ആത്മവിശ്വാസമാണ് സുവേന്ദുവിന്റെ തട്ടകമായ നന്ദിഗ്രാമില്‍ നേരിട്ട് അദ്ദേഹവുമായി ഏറ്റുമുട്ടാനൊരുങ്ങിയതിനു പിന്നില്‍.

മറ്റു സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കാതെ ആത്മവിശ്വാസത്തോടെ നന്ദിഗ്രാമില്‍ മമത മത്സരിച്ചതിനു പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. ഇടതു പക്ഷത്തെ മമത പണ്ട് മുട്ടുകുത്തിച്ചത് ഇതേ നന്ദിഗ്രാമിലെ ജനങ്ങളെ ഉപയോഗിച്ചായിരുന്നു.

നന്ദിഗ്രാമിലെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് നേരിട്ടു. വെടിവെപ്പില്‍ കര്‍ഷകര്‍ മരിച്ചു വീണു. കമ്യൂണിസത്തിന്റെ പതനത്തിന് വഴിവെച്ച സിംഗൂര്‍ -നന്ദിഗ്രാം പ്രക്ഷോഭങ്ങളാണ് മമതയുടെ ഉദയത്തിന് കാരണമായത്. ഇതേ നന്ദിഗ്രാമിലെ ജനത തന്നെ കൈവെടിയില്ലെന്ന അമിതവിശ്വാസമായിരുന്നു മമതയ്ക്ക്.

എന്നാല്‍, സുവേന്ദു അധികാരി എന്ന പ്രാദേശിക നേതാവിനു മുന്നില്‍ മമതയ്ക്ക് അടിപതറി. 1900 ല്‍പ്പരം വോട്ടിന് വിജയിച്ച് സുവേന്ദു ഇവിടെ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് മമതയുടെ ഗര്‍വ്വും ധാര്‍ഷ്ട്യവുമായിരുന്നു. ആറായിരം വോട്ടു വാങ്ങി കെട്ടിവെച്ച കാശും നഷ്ടപ്പെട്ടാണ് സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തായതും എന്നും ഗൗരവമര്‍ഹിക്കുന്നു.

മമതയ്‌ക്കെതിരെ സംസ്ഥാനത്ത് ഉയരുന്ന വികാരം ബിജെപിയുടെ വോട്ടുകളിലും സീറ്റുകളിലും തെളിയുന്നു. അമ്പതു വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിയുടെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നത് ഈ മാധ്യമങ്ങള്‍ ബോധപൂര്‍വം മറച്ചു വെയ്ക്കുകയാണ്.

അവരുടെ കാഴ്ചപ്പാടിന് ഇഷ്ടപ്പെട്ട രീതിയില്‍ ഒരു നാരേറ്റീവ് സൃഷ്ടിക്കുന്നു എന്നു മാത്രം. എന്നാല്‍, വസ്തുതളുമായി പുലബന്ധം ഇതിനില്ലതാനും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഡസനിലേറേ മണ്ഡലങ്ങളില്‍ റാലി നടത്തിയെന്നും എന്നിട്ടും ബംഗാലില്‍ ഭരണം പിടിക്കാനായില്ലെന്നും ഇത് കാണിക്കുന്നത് മോദിയുടെ കേന്ദ്ര ഭരണത്തിന്റെ പരാജയമാണെന്നും സമര്‍ത്ഥിക്കാന്‍ പാടുപെടുകയാണ് റോയിട്ടേഴ്‌സ് ലേഖനത്തിന്റെ ഉടമ.

പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും സംയുക്ത മുന്നണി തോറ്റമ്പിയത് ഈ ലേഖകന്‍ സൗകര്യപൂര്‍വം മറച്ചുവെയ്ക്കുന്നു. മോദിയുടെ പാര്‍ട്ടി മൂന്നില്‍ ഏഴുപത്തിയാറിലേക്ക് എത്തിയന്നെ വസ്തുത മറച്ചുവെയ്ക്കുന്നു.

ഇതിന് ജാള്യത എന്നാണ് പറയേണ്ടത്. മമതയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എംപിയുമായ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റിലും ബിജെപിയെ തോല്‍പ്പിക്കാനായതില്‍ അഭിനന്ദിക്കുന്നുവെന്നാണ്.

ഒരു കാലത്ത് ബംഗാള്‍ അടക്കി ഭരിച്ചിരുന്ന തന്റെ പാര്‍ട്ടിക്ക് നിലവിലെ സഭയില്‍ 46 അംഗങ്ങള്‍ ഉണ്ടായിരുന്നതും ഇക്കുറി അത് വട്ടപൂജ്യമാണെന്നും മറച്ചുവെച്ചാണ് രാഹുല്‍ മൂന്നു അംഗങ്ങളില്‍ നിന്ന് ഏഴുപത്തിയാറിലേക്ക് എത്തിയ ബിജെപിയുടെ തോല്‍വിയേക്കുറിച്ച് വാചാലനാകുന്നത്.

അമ്പേ പരാജയപ്പെട്ടവരുടെ കരച്ചിലായേ ഇതിനെയൊക്കെ വിശേഷിപ്പിക്കാനാകു. കാടുകാണാതെ മരം കാണുന്ന പടുവിഡ്ഡികളെന്നും പറയാം.

ബംഗാള്‍ ഇന്നു ചെയ്യുന്നത് നാളെ രാജ്യം പിന്തുടരും എന്ന് ഇടതു മാധ്യമപ്രവര്‍ത്തകര്‍ ഇടയ്ക്കിടെ ക്വോട്ട് ചെയ്യുന്ന വാചകം ഇക്കുറി മാധ്യമ പ്രവര്‍ത്തകയായ ശോഭാ ഡെയും പറഞ്ഞിരുന്നു.

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നടിഞ്ഞു പകരം ആ സ്ഥാനത്ത് ബിജെപി കടന്നുകയറുന്നുവെന്നതല്ലേ വസ്തുത എന്ന് ശോഭയെ പോലുള്ള മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കാനാഗ്രിഹിക്കുകയാണ്. അങ്ങിനെയെങ്കില്‍ ഗോപാല്‍ കൃഷ്ണ ഗോഖലെ പണ്ട് പറഞ്ഞ ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. നാളെ രാജ്യമെമ്പാടും കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നടിയുകയും ബിജെപി പറയുന്നതു പോലെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനൊപ്പം ഇടതുപക്ഷമുക്ത ഭാരതവും നടപ്പിലാകും.

2014 ലും 2019 ലും തിരഞ്ഞെടുപ്പ് വിജയിച്ച് മോദി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇരുമ്പുപിടി പിടിച്ചിരിക്കുകയാണെന്ന് സമ്മതിക്കുന്ന റോയിട്ടേഴ്‌സ് ലേഖനം തുടക്കം മുതല്‍ ഒടുക്കം വരെ മോദി വിരോധത്തില്‍ മുങ്ങിയിരിക്കുകയാണ്. മോദിക്ക് ദേശീയ തലത്തില്‍ ഒരു ബദല്‍ ഇല്ലെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലെന്നും 2024 ലും മോദി തന്നെ വിജയിക്കുമെന്നാണ് പൊതുവേയുള്ള ധാരണയെന്നും ലേഖനം സമ്മതിക്കുന്നുണ്ട്.

എന്നാല്‍. ബംഗാളിലെ മമതയുടെ വിജയം ദേശീയതലത്തില്‍ മോദിക്ക് ഒരു ബദലാകുമെന്ന പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതീക്ഷയെന്നും ലേഖനം പറയുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതിനെ വിമര്‍ശിക്കാനും ഇതില്‍ മോദി പരാജയപ്പെട്ടു എന്നു സമര്‍ത്ഥിക്കാനുമാണ് ലേഖനത്തിന്റെ ഭുരിഭാഗവും വിനിയോഗിച്ചിരിക്കുന്നതെന്നതും അജണ്ട വെളിവാക്കുന്നുമുണ്ട്.

മമതയുടെ വിജയത്തേക്കാളേറെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ബംഗാളിലെ മുന്നേറ്റമാണ് ചര്‍ച്ചയാകേണ്ടത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആസാമില്‍ ബിജെപിക്ക് തുടര്‍ ഭരണം ലഭിച്ചതിനെ കുറിച്ച് ഒരു മാധ്യമവും ചര്‍ച്ച ചെയ്തില്ല. കാരണം ദേശീയ പൗരത്വ ഭേദഗതി വിഷയം ഏറ്റവും അധികം ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ആസാം. അവിടെ ബിജെപി വിജയം കണ്ടത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പുറംതള്ളുന്നതാണ്.

ഇതു കൂടാതെ, ബിജെപിക്ക് സ്വാധീനമില്ലാതിരുന്ന തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ് നാട്, പുതുച്ചേരി എന്നിവടങ്ങളില്‍ ഇതാദ്യമായി പത്ത് അംഗങ്ങളെ അവര്‍ക്ക് ലഭിച്ചതും ഈ ലേഖകന്‍മാര്‍ കാണാതെ പോകുന്നു.

രാജ്യത്ത് അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് ഭരണമുള്ള കേരളത്തില്‍ ബിജെപി ഒരു നിര്‍ണായക ശക്തിയല്ലെങ്കിലും പാര്‍ട്ടിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ലെന്നതു മാത്രമാണ് ന്യൂനത.

എന്നാല്‍, അവിടേയും പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ വിജയത്തെ തടഞ്ഞത് ബിജെപിയുടെ സാന്നിദ്ധ്യമാണെന്നതും ഒരു വസ്തുതയാണ്. കേരളത്തിലെ ഏക സീറ്റായിരുന്ന നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ മത്സരത്തിനിറക്കിയിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here