കുന്നോളമുള്ള ഭൂതകാല കുളിരിലെ ഭൂതം

2

ആശയ ദാരിദ്ര്യം കൊണ്ടാണോ അതോ കേരളത്തിന്റെ സാഹിത്യ രീതി തന്നെ മൊത്തത്തിൽ മാറിപ്പോയത് കൊണ്ടാണോ അതോ ഇനി നമ്മുടെ ആസ്വാദന രീതിക്ക് സംഭവിച്ച മൂല്യ തകർച്ച കൊണ്ടാണോ എന്നൊന്നുമറിയില്ല പക്ഷെ ഈ സമയത്ത് കേരളം ചർച്ച ചെയ്യേണ്ടി വന്നത് ഒരു കവിതാ മോഷണത്തെ കുറിച്ചായിരുന്നു. മോഷണം! അതിനി പത്ത് പൈസയുടേതാണെങ്കിലും പതിനായിരം കോടിയുടേതാണെങ്കിലും മോഷണം തന്നെയാണ്. ഇനി അഥവാ അതിന് പത്ത് പൈസയുടെ പോലും വിലയില്ലെങ്കിൽ കൂടി അനുവാദമില്ലാതെ എടുത്ത് സ്വന്തം പോലെ ഉപയോഗിക്കുന്നത് മോഷണം തന്നെയാണ്.

ഈ കൊച്ചു കേരളത്തിൽ കഥയും കവിതയുമൊന്നും മോഷ്ടിക്കപ്പെടുന്നതും അത് സ്വന്തമെന്ന മട്ടിൽ ഞെളിഞ്ഞു നിന്ന് പ്രദർശിപ്പിക്കുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല . കൊറിയൻകാർക്ക് മലയാളം വശമില്ലാതെയായിപ്പോയി അല്ലെങ്കിൽ ഇവിടെ ഞെളിഞ്ഞു നടക്കുന്ന പല സിനിമ സംവിധായകരും കഥാ കൃത്തുക്കളും മിനിട്ടിന് മിനിട്ടിന് മാപ്പും പറഞ്ഞ് നടക്കുന്നത് കാണാമായിരുന്നു . തൊട്ടപ്പുറത്തെ സംസ്ഥാനത്ത് നിന്ന് സംഗീതം അടിച്ചു മാറ്റി ടെമ്പോയും ഓട്ടോയുമൊക്കെ കയറ്റിയിറക്കി ഒരുളുപ്പുമില്ലാതെ നമ്മളെ കേൾപ്പിക്കുന്ന സംഗീത സംവിധായകരും നമുക്കുണ്ട് ! ഇതൊക്കെയായിട്ടും എന്ത് കൊണ്ട് ദീപാ നിശാന്ത് ഒരു കവിത മോഷ്ടിച്ചപ്പോൾ അതിത്രയും വലിയൊരു പ്രശ്നമായി? അതിനുത്തരം അറിയണമെങ്കിൽ ദീപാ നിശാന്ത് ആരാണെന്നറിയണം. ഇംഗ്ളീഷിൽ പറയുന്നത് പോലെ if you were not living under a rock, ഗുഹാ മനുഷ്യനായി ജീവിക്കുകയല്ലായിരുന്നെങ്കിൽ നിങ്ങൾക്കൊരു പക്ഷെ അറിയാമായിരിക്കും ദീപാ നിഷാന്തിനെ കുറിച്ച്. ബിജെപി യെ എതിർക്കുക അങ്ങനെ ലഭിക്കുന്ന ഇടത് പക്ഷ സ്വീകാര്യതയെ വെടക്കാക്കി തനിക്കാക്കുക എന്ന കലാ പരിപാടി ഏറ്റവും നന്നായി മുതലാക്കിയ ആളാണ് ഈ ദീപ. കേരള വർമ കോളേജിൽ പഠിപ്പിക്കുമ്പോൾ ബീഫ് ഫെസ്റ്റ് നടത്തിയതിനെ ന്യായീകരിച്ച് ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ കുളിരായി മാറി ദീപ നിശാന്ത്. പ്രത്യേകിച്ച് ഇടത് പക്ഷ ബുദ്ധി ജീവികൾ എന്ന വംശത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റു കൊണ്ടിരുന്ന സമയത്ത് കിട്ടിയ ഒരു കോളേജ് അദ്ധ്യാപിക.

പണ്ട് രശ്മി നായരെ തോളത്ത് വെച്ച് കൊണ്ട് നടന്നതിന് കിട്ടിയത് അപ്പോഴേക്കും ഇടത്പക്ഷ അരണകൾ മറന്നിരുന്നു. ഇടത് സംഘടനകൾക്ക് പോസ്റ്ററിൽ അടിക്കാൻ പറ്റുന്ന ഒരു ഫോട്ടോജെനിക് മുഖത്തോട് കൂടി കിട്ടിയ ദീപയെ അവർ ആഘോഷിച്ചു. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ലൈക്കുകൾ വാരിയെറിഞ്ഞ് തങ്ങളുടെ അഭിനവ സാംസ്കാരിക നായികയെ ബാക്കിയുള്ളവർക്ക് കമ്യൂണിസ്റ്റുകൾ കാണിച്ചു കൊടുത്തു! ദീപയുടെ അന്ധമായ കമ്യൂണിസ്റ്റ് ആരാധന അവരുടെ പോസ്റ്റുകളിൽ ഏച്ചു കെട്ടിയത് പോലെ നിന്നിരുന്നു. അതിനെ ചോദ്യം ചെയ്തവരെ പരിഹസിച്ചും ബ്ലോക്ക് ചെയ്തും ആനന്ദ സാഗരത്തിലാറാടി കിട്ടിയ പ്രശസ്തി മുതലാക്കിക്കളയാം എന്നോർത്താവണം അവരുടെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

പൈങ്കിളി സാഹിത്യമെന്നു കണ്ണടച്ച് വിളിക്കാവുന്ന അവയെ വിറ്റും പുട്ടിന് പീര പോലെ സമയാ സമയങ്ങളിൽ ബിജെപി യെ അധിക്ഷേപിച്ചും കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ വിമർശിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒരക്ഷരം പോലും കുറിക്കാതെയും തന്നെ എതിർക്കുന്നവരെയെല്ലാം കണക്കിന് പരിഹസിച്ചും ഫേസ്‌ബുക്ക് നൽകിയ പ്രശസ്തിയിൽ അങ്ങനെ കത്തി നിന്ന സമയത്താണ് ദീപയുടേതെന്ന പേരിൽ ഒരു കവിത സർവീസ് മാഗസിനിൽ കാണാനിടയാകുന്നത്! പണ്ട് ആ കവിത വായിച്ചവർ ആ കവിത ദീപ നിശാന്തിന്റേതല്ല എന്നും കലേഷ് എന്ന യുവ കവി കുറച്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയതാണെന്നും ചൂണ്ടി കാണിച്ചു. ഇനിയാണ് എന്ത് കൊണ്ട് ദീപാ നിശാന്ത് കവിത മോഷ്ടിച്ചപ്പോൾ മാത്രം ഇത്രയും കോലാഹലം ഉണ്ടായി എന്നതിന് ഉത്തരമാകുന്നത് സാധാരണ മനുഷ്യർ തങ്ങളുടെ കള്ളം പിടിക്കപ്പെട്ടാൽ മാപ്പ് പറയുകയാണ് പതിവ്. എന്നാൽ ഇടതു പക്ഷ പൈങ്കിളി സാഹിത്യകാരി എന്നതിലുപരി ഒരു അധ്യാപിക കൂടിയായ ദീപാ നിശാന്ത് മാപ്പ് പറഞ്ഞില്ലെന്ന് മാത്രമല്ല കവിത തന്റേത് തന്നെയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും കവിതയുടെ യഥാർത്ഥ അവകാശിയെ കള്ളനാക്കുകയും ചെയ്തു! മിനിട്ടിന് മിനിട്ടിന് ഫേസ്‌ബുക്കിൽ കൂടി സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന ദീപാ നിശാന്തിന് ഫേസ്‌ബുക്കിൽ കൂടിയുള്ള നാട്ടുകാരുടെ അഭിപ്രായത്തിന് വിലയില്ല എന്ന് തോന്നിയതും ആശ്ചര്യം ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ! തുടർന്നുള്ള ദിവസങ്ങളിൽ പിടിച്ചു നിൽക്കാൻ വയ്യാതെ കവിത തന്റെയല്ല എന്ന് ദീപാ നിശാന്ത് പറഞ്ഞെങ്കിലും അതിൽ ഉണ്ടായിരുന്നത് പശ്ചാത്താപത്തിന്റെയോ കുറ്റ ബോധത്തിന്റെയോ ലാഞ്ചനയായിരുന്നില്ല, പകരം ഞാനെന്തൊക്കെയോ ആണ്, ഞാനങ്ങനെ ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇത്രയും പ്രശസ്തയായ തനിക്ക് കവിത കട്ടിട്ട് വേണോ എന്നൊക്കെയുള്ള അസംബദ്ധങ്ങളായിരുന്നു ആ പോസ്റ്റ് മുഴുവൻ..

ഒരു പക്ഷെ ഇത് ആരും ശ്രദ്ധിക്കാതെ പോയിരുന്നെങ്കിൽ ഇനി ഇറക്കാൻ പോകുന്ന പുസ്തകത്തിൽ ദീപ നിശാന്തിന്റെ കവിതകൾ എന്ന് പറഞ്ഞ് ഇതും കൂടി വന്നേനെ ! ഇടത് പക്ഷത്തെ എന്തിനും ഏതിനും താങ്ങി നിൽക്കുന്ന സാംസ്കാരിക നായകന്മാർക്കും നായികമാർക്കും അവാർഡ് കൊടുത്ത് കണക്ക് സെറ്റിൽ ചെയ്യുന്ന ശീലം കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളത് കൊണ്ട് ഒരു പക്ഷെ അടുത്ത ഒരു അവാർഡും കിട്ടിപ്പോയേനെ! പക്ഷെ എല്ലാം ഏതോ ഒരുത്തൻ നശിപ്പിച്ചു! ദീപ എഴുതുന്ന രീതിയിൽ പറയുകയാണെങ്കിൽ കലേഷ് മനഃപൂർവ്വം വർഷങ്ങൾക്ക് മുൻപേ താൻ എഴുതാൻ വെച്ചിരുന്ന കവിതയെഴുതി തനിക്ക് കിട്ടേണ്ട അവാർഡ് ഇല്ലാതാക്കിയെന്നും പറയാം. കഥയുടെ ട്വിസ്റ്റ് വരുന്നത് കവിത തനിക്ക് ശ്രീചിത്രൻ എന്ന ഈ അടുത്ത കാലത്ത് അവതരിച്ച, സ്വന്തം അദ്ധ്യാപകൻ “ഗജ ഫ്രോഡ്” എന്ന് വിളിച്ചാദരിച്ച, മറ്റൊരു ഇടത് പക്ഷ സാംസ്കാരിക നായകൻ സ്വന്തമാണ് എന്നും പറഞ്ഞ് തന്നതാണെന്ന് പറഞ്ഞപ്പോഴാണ്! പക്ഷെ ഇത്രയുമൊക്കെയായിട്ടും ദീപ നിഷാന്തിനെ എതിർക്കുന്നവരെ മുഴുവൻ ബിജെപിക്കാരാക്കാനും ദീപ നിശാന്തിനെ അടുത്ത വാഴ്ത്തപ്പെട്ടവളായി ചിത്രീകരിക്കാനും ഇപ്പോഴും ഇടത് പക്ഷത്തെ ചിലരുണ്ട് എന്നതാണ് അവിശ്വസനീയമായത്.

ദീപ വിതച്ചത് കൊയ്യുന്നു, നല്ല വിളവെടുപ്പ് ഉണ്ടായിരുന്നു എന്ന് കരുതിയാൽ മതി! ബാഹുബലിയുടെ ആദ്യത്തെ ഭാഗം പോലെ ഇവിടെ എഴുത്ത് നിർത്തുന്നു. കാരണം നായകനായ ബുദ്ധി ജീവി ശ്രീ ചിത്രന്റെ കഥകൾ ഇതിലും വലുതാണ്. അതിനിയൊരിക്കൽ എഴുതാം.. ഇടത് പക്ഷത്തെ സാംസ്‌കാരിക നായകർക്ക് സംസ്കാരം മാത്രം ഇല്ല എന്നത് എന്നെ ഇപ്പോൾ അത്ഭുതപ്പെടുത്താറില്ല. സെലക്ടീവ് ആയി പ്രതികരിക്കുന്നവരെ ഞാൻ സാംസ്കാരിക നായകർ എന്നതിൽ കുറച്ച് വാക്കുകൾക്ക് ഡിസ്‌കൗണ്ട് കൊടുത്താണ് വിളിക്കാറുള്ളത്.

2 COMMENTS

  1. ഭാവിയുടെ ലീലാവതി എന്ന് ചാർത്തപ്പെട്ട ഒരു പാവം പാവം രാജകുമാരി

  2. ബിജെപി യെ എതിർക്കുക അങ്ങനെ ലഭിക്കുന്ന ഇടത് പക്ഷ സ്വീകാര്യതയെ വെടക്കാക്കി തനിക്കാക്കുക എന്ന കലാ പരിപാടി ഏറ്റവും നന്നായി മുതലാക്കിയ ആളാണ് ഈ ദീപ..??

    ഇനിയുമുണ്ട് ഇതുപോലത്തെ ഉഡായിപ്പിക്കൽ കാലം അവരുടെ കപടത പുറത്തു കൊണ്ടുവരട്ടെ .

LEAVE A REPLY

Please enter your comment!
Please enter your name here