‘ദി റിയൽ അൺസങ് ഹീറോ’, ഉറച്ച നിലപാടുകൾക്കൊപ്പം; പദ്മശ്രീ പുരസ്‌കാര നിറവിൽ ഡോ.സി ഐ ഐസക്

0

രാജ്യം 74ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ചരിത്രകാരൻ ഡോ. സി.ഐ ഐസകിന് പദ്മശ്രീ പുരസ്‌കാരം. 1921 ലെ മലബാർ ഹിന്ദു വംശഹത്യയെ തുറന്നു കാട്ടിയ ഡോ. സി.ഐ ഐസക്ക്‌ മലബാർ കലാപകാരി വാരിയംകുന്നനെ പോലെയുള്ളവരെ സ്വാതന്ത്ര്യ സമരസേനാനി ആക്കി ഉയർത്തി കാട്ടുന്നവരെ അദ്ദേഹം ശക്തിയുക്തം എതിർത്തിരുന്നു. പുരസ്കാരത്തിൽ വലിയ സന്തോഷം പ്രകടിപ്പിച്ച ഡോ. ഐസക് അരനൂറ്റാണ്ട് താൻ അക്കാദമിക, സാമൂഹിക രംഗത്ത് നടത്തിയ ഇടപെടലിനുള്ള അംഗീകാരമായി പദ്മ പുരസ്കാരത്തെ വിലയിരുത്തി.

1921ൽ തുർക്കിയിൽ ഖിലാഫത്ത് നടത്തി എടുക്കുന്നതിനായി മലബാറിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്ത സംഭവം വർഗ്ഗ സമരമാണെന്ന് വ്യാഖാനിച്ചത്, ലെനിൻറെ കാർമ്മികത്വത്തിൽ അബണീനാഥ് മുഖർജിയാണ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ ആ കപട വ്യാഖ്യാനം ഏറ്റുപിടിച്ചെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഏതാണ്ട് നാല്പത് കൊല്ലത്തോളം അതിനെ പറ്റി അധികമൊന്നും പറഞ്ഞിട്ടില്ല.: 

ഖിലാഫത്ത്കാരുടെ കത്തമുനയിൽ നിന്ന് ഒളിച്ചോടിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന് തൻറെ പേടി സ്വപ്നങ്ങൾ അല്പമൊക്കെ കുറഞ്ഞപ്പോഴാണ് മലബാറിലെ വോട്ട് ബാങ്കിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അബണീ നാഥ് മുഖർജി ലെനിന് സമർപ്പിച്ച ആ കപട വ്യാഖ്യാനം കേരള കമ്മ്യൂണിസ്റ്റുകൾ പുറത്തെടുത്തത് 1960 കളിലാണ്. ചരിത്രപഠനമെന്നത് കമ്മ്യൂണിസ്റ്റ് കുത്തകയായിരുന്നു അക്കാലം മുതൽ. ദയനീയമായ ഒരു ഞെരക്കത്തോടെ 1921ൻറെ ഇരകൾ ജീവിച്ചിരിക്കുമ്പോഴും വലതുപക്ഷ ഇടതുപക്ഷ ചരിത്രകാരൻമാർ അതിനെ കാർഷിക വിപ്ലവമായും സ്വാതന്ത്ര്യ സമരമായും ഒറ്റപ്പെട്ട സംഭവമായും ഒക്കെ വ്യാഖ്യാനിക്കുന്ന തിരക്കിലായിരുന്നു. 

ആ സ്ഥാപിത താല്പര്യക്കാർക്കിടയിൽ നിന്ന് സത്യത്തിൻറെ സ്വരം ഉയർന്നുവന്നത് കോട്ടയം സിഎംഎസ് കോളേജിലെ ചരിത്ര വിഭാഗത്തിൽ നിന്നാണ്. കാർഷിക വിപ്ലവമോ സ്വാതന്ത്ര്യ സമരമോ അല്ല ക്രൂരമായ നരഹത്യയാണ് മലബാറിൽ നടന്നതെന്നുമുള്ള സത്യം വിളിച്ചു പറയാൻ ഒറ്റ ചരിത്ര ഗവേഷകനെ കേരളത്തിലുണ്ടായിരുന്നുള്ളൂ എന്നും ഡോ. സി.ഐ ഐസക് പറഞ്ഞു. ഹിന്ദു വംശഹത്യ നടത്തിയ 382 മാപ്പില ലഹളക്കാരെ   സ്വാതന്ത്ര്യ സമര സേനാനികളെന്ന കള്ളപ്പേരിൽ  ഡയറക്ടറിയിൽ  തിരുകികയറ്റിയത് തിരുത്തിയതും,  ഡോ. സിഐ ഐസകിൻറെ മേൽനോട്ടത്തിലുള്ള കമ്മറ്റിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോട്ടയം സിഎംഎസ് കോളേജിൻറെ ചരിത്രവിഭാഗം തലവനായി പന്ത്രണ്ട് വർഷം സേവനമനുഷ്ഠിച്ചാണ് അദ്ദേഹം വിരമിച്ചത്. കേരളത്തിൻറെയും ഭാരതത്തിൻറെയും ചരിത്രവുമായി ബന്ധപ്പെട്ട അനേകം വിലപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈജ്ഞാനിക മണ്ഡലത്തിൽ  നിസ്തുല സേവനമാണ് അദ്ദേഹം നൽകിയിട്ടുള്ളത്. യുറോപ്യൻ കണ്ണിലൂടെ  ഭാരതീയ ചരിത്രത്തെ നോക്കിക്കാണുന്ന പക്ഷപാതിത്വത്തെ പൊളിച്ചെറിയാൻ ഭാരത പക്ഷ ചരിത്ര രചനയെന്ന പുതിയൊരു ആഖ്യാനം തന്നെ സൃഷിടിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്ന ചരിത്രകാരൻമാരിൽ ഒരാളാണ് അദ്ദേഹം. 

1962ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് അദ്ദേഹം ജനിച്ചത്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം സിഎംഎസ് കോളേജിലാണ് തൻറെ ചരിത്ര ഗവേഷണവും അദ്ധ്യാപനവും തുടർന്നത്. ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ (ഐസിഎച്ച്ആർ)  അംഗമായി 2015 മുതൽ പ്രവർത്തിക്കുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിൻറെ വർക്കിങ്ങ് പ്രസിഡണ്ടാണ് നിലവിൽ ഡോ. സി.ഐ ഐസക്. വളരെ കാലമായി അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. 

കേരളത്തിലെ തനത് ക്രിസ്ത്യൻ പാരമ്പര്യത്തിൻറെ നാൾവഴികളെ പറ്റി ഡോ. സിഐ ഐസക്കിനോളം പഠിച്ച ഒരു ചരിത്ര ഗവേഷകനുമില്ല എന്നു തന്നെ പറയാം. ആ വിഷയത്തിൽ നിലനിന്നിരുന്ന പല തെറ്റിദ്ധാരണകളെയും പൊളിച്ചെറിയുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മുഖ്യധാര മാദ്ധ്യമങ്ങൾ പോലും കഴിഞ്ഞ കുറേ കാലമായി ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്. ‘unsung heroes honoured with Padma Awards’. കപട കേരളത്തിൻറെ മുഖ്യധാരയിൽ ഒന്നും ഒരിക്കലും പാടിപുകഴ്ത്താതെ  ചരിത്രത്തിൻറെ ചവറ്റു കുട്ടയിലേക്ക് അവർ നീക്കിയെറിഞ്ഞിരുന്ന യഥാർത്ഥ നായകൻമാരെ രാഷ്ട്രത്തിന്റെ അംഗീകാരം തേടിയെത്തുകയാണ്.  യുറോപ്യൻ പക്ഷ പാതിത്വത്തിൻറെ മഞ്ഞ കണ്ണട എറിഞ്ഞുകളയുവാനും രാഷ്ട്ര പക്ഷത്ത് നിന്ന് ചരിത്രത്തെ കാണുവാനും പ്രൊഫസർ സിഐ ഐസകിന് ലഭിച്ച പത്മശ്രീ അനേകം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വെളിച്ചമാകട്ടെ. 

മതപരിവർത്തനമെന്നത് മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരമായ കുറ്റകൃത്യമെന്നാണ് പ്രൊഫസർ ഐസക് വിലിയിരുത്തിയിരുന്നത്. ഒരു സമ്പ്രദായത്തിൻറെ മരണം ഒരു സംസ്ക്കാരത്തിൻറെയും നാഗരികതയുടെയും തന്നെ മരണമാണ്. അതിനോട് ചേർന്ന അറിവുകൾ മുഴുവൻ മനുഷ്യരാശിക്ക് നഷ്ടമാകുന്നു. ഗ്രീക്കുകാരുടെയും മായൻ സംസ്ക്കാരത്തിൻറെയും പേർഷ്യൻ സംസ്ക്കാരത്തിൻറെയും റോമൻ സംസ്ക്കാരത്തിൻറെയും എല്ലാം പാരമ്പര്യം നഷ്ടമായത് മതപരിവർത്തനം മൂലമാണ്. 

അഫ്ഗാനിസ്ഥാനിലെ ബാമിയൻ പ്രതിമകൾ നമുക്ക് നഷ്ടമായി. ആ അറിവുകളൊന്നും ഒരിക്കലും നമുക്ക് തിരികെ കിട്ടില്ല.ബോധമുള്ള ഒരു സമൂഹം എന്ന നിലയിൽ നാം മതപരിവർത്തനത്തെ ശക്തമായി എതിർക്കണം,അതുകൊണ്ട് തന്നെ സ്വധർമ്മത്തിലേക്ക് മടങ്ങി പോകുന്ന ഘർ വാപസി പ്രോത്സാഹിപ്പിക്കുകയും വേണം അദ്ദേഹം പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here