ഹിന്ദുക്കള്‍ സ്വധര്‍മ്മ പ്രചരണത്തിന് ‘മിഷണറി ആവേശം’ നേടേണ്ടിയിരിയ്ക്കുന്നു

2

മേരി സുരേഷ് അയ്യര്‍

(ആന്ധ്രാ പ്രദേശിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതമാസമായ ഒരു എച്ച്‌ആര്‍ പ്രൊഫഷണല്‍ ആണ് ശ്രീമതി മേരി സുരേഷ് അയ്യര്‍. അമേരിക്കയില്‍ അദ്ധ്യാപന രംഗത്ത് 20 വര്‍ഷങ്ങളോളം പരിചയമുള്ള മേരി, ഏഴ് പാഠ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.)

ബിജെപിയ്ക്ക് ഒന്നു രണ്ട് എം പി മാത്രവും, ആര്‍ എസ് എസിന് സാമൂഹ്യമായ അസ്പൃശ്യതയും ഉണ്ടായിരുന്ന കാലത്തു പോലും, ഇന്ത്യയില്‍ എന്നെങ്കിലും ബി ജെ പി അധികാരത്തില്‍ വരാനിടയായാല്‍ തങ്ങള്‍ക്ക് ഉണ്ടാകാവുന്ന വലിയ വിപത്തിനെ കുറിച്ച് ക്രിസ്ത്യന്‍ പാതിരിമാര്‍, തങ്ങളുടെ അനുയായികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. സംഘപരിവാറിനോട് നേരിട്ട് ബന്ധമുള്ള കുറച്ചു പേരൊഴികെ, എഴുപതുകളിലോ എണ്‍പതുകളുടെ തുടക്കത്തിലോ പോലും ഒട്ടുമിക്ക ഹിന്ദുക്കള്‍ക്കും ആര്‍ എസ് എസിനെ പറ്റി വളരെയൊന്നും അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ഉറച്ച ഇവാഞ്ചെലിക്കല്‍ സഭയില്‍ വളര്‍ന്നു വന്ന ക്രിസ്ത്യന്‍ കുട്ടിയെന്ന നിലയില്‍ ആര്‍ എസ് എസ് എന്നത് ഒരു ചെകുത്താന്‍റെ സേനയാണെന്ന് എന്നെ ധാരാളം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. എവിടെയെങ്കിലും സഭയുടെ പ്രവര്‍ത്തനത്തിനു നേരെ എന്തെങ്കിലും എതിര്‍പ്പ് ഉയര്‍ന്നാല്‍ അവിടെ ആദ്യം ഉയരുന്ന ചോദ്യം, “അതിനു പിന്നില്‍ ആര്‍ എസ് എസുകാര്‍ ഉണ്ടോ ?” എന്നതായിരുന്നു.

ക്രിസ്ത്യാനികള്‍ ആര്‍ എസ് എസിനേയും ബി ജെ പിയെയും തങ്ങളുടെ നിലനില്‍പ്പിന് എതിരെയുള്ള ഭീഷണിയായി കണ്ടു. അതിനു കാരണം, ഈ കൂട്ടര്‍ക്ക് ഹിന്ദുക്കളെ ഒരു സംഘടനാ സംവിധാനത്തിനു കീഴില്‍ ഒരുമിപ്പിച്ചു കൊണ്ടു വരാന്‍ കഴിയും എന്നതാണ്. ആര്‍ എസ് എസ് പോലെയൊരു സംഘടനയുടെ മാര്‍ഗ്ഗദര്‍ശനവും നേതൃത്വവും ഇല്ലാതെ ഒരു ഏകതാനമായ സംവിധാനത്തിന്‍ കീഴില്‍ ഒരുമിച്ചു വരാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ബലഹീനത എന്ന് മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് ക്രിസ്ത്യാനികള്‍. ബി‌ജെ‌പിയും ആര്‍‌എസ്‌എസും രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നു എന്നു പറഞ്ഞ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ന് കൈകാലിട്ടടിക്കുന്നതും, തേങ്ങുന്നതും, കരയുന്നതുമെല്ലാം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഇനി ഹിന്ദുമതവും രുചികരമായി തീരും എന്ന് വിചാരിച്ചല്ല, മറിച്ച്, എല്ലാവരേയും ഹിന്ദുമതത്തിലേക്ക് പുന:പരിവര്‍ത്തനം ചെയ്യിക്കാന്‍ ആവശ്യമായ മിഷനറി ആവേശം ഹിന്ദുക്കളില്‍ വളര്‍ത്താന്‍ ഈ രണ്ടു സംഘടനകളും പ്രാപ്തമാണ് എന്നതാണ്.

ബി‌ജെ‌പിയ്ക്കും ആര്‍‌എസ്‌എസിനും അത്തരം ഒരു കാഴ്ചപ്പാടോ, ദൌത്യമോ ഉണ്ടോ എന്നുള്ള കാര്യം നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. ഇവിടെയുള്ള പ്രധാന പോയിന്‍റ്, ക്രിസ്തുമതവും ഇസ്ലാം മതവും, സംഘടനാ സ്വഭാവം ഉപയോഗിച്ച് വളര്‍ന്ന രണ്ടു മതങ്ങളാണ് എന്നതാണ്. അതുകൊണ്ട് ഹിന്ദുക്കളെ ഒരുമിപ്പിച്ചു കൊണ്ടു വരുന്ന എന്തെങ്കിലും സംഘടനാ സംവിധാനം കാണുമ്പോള്‍ അവര്‍ ഭയക്കുന്നു.

വ്യക്തികള്‍ എന്ന നിലയ്ക്ക് ആളുകള്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് ധ്യാനവും മറ്റും ചെയ്യുന്നതു കൊണ്ടോ, തീര്‍ഥാടനത്തിന് പോയതു കൊണ്ടോ ഈ മിഷണറി ആവേശം ഉണ്ടാക്കിയെടുക്കാനാവില്ല. അതുണ്ടാക്കാന്‍ കഴിയുന്നത് ആളുകള്‍ ഒരു സമൂഹമായി ഒരിടത്ത് ഒരുമിച്ചു കൂടുകയും, നല്ല വാക്ചാതുര്യമുള്ളവര്‍ പ്രസംഗങ്ങളിലൂടെ അവരെ പ്രചോദിപ്പിക്കുകയും, കര്‍മ്മ രംഗത്തേക്കിറങ്ങാന്‍ അവരില്‍ ആവേശം ജനിപ്പിക്കുകയും ചെയ്യുമ്പോഴാണ്. ആത്മീയമായ ഒരന്തരീക്ഷത്തില്‍ ശിവരാത്രിക്ക് ഒരുമിച്ചു കൂടിയിരിക്കുന്ന ഒരു ദശലക്ഷം ആളുകള്‍ക്ക് നേടാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടം, ഒരു വിദൂര ഗ്രാമത്തില്‍ ഒരുമിച്ചു കൂടിയിരിക്കുന്ന അമ്പത് ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ കൂട്ടത്തിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനുള്ള ഒരു പദ്ധതിയില്‍ കൈവരിയ്ക്കാന്‍ കഴിയും. കാരണം ആ ദശലക്ഷം പേരുടെ സമ്മേളനത്തില്‍ ‘പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം’ ഇല്ല. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണേ, ശിവരാത്രി ദിനം ദശലക്ഷം പേര്‍ ഒരുമിച്ചു വരുന്നതിന് ഞാന്‍ എതിരല്ല, ഈശ്വരന്‍റെ ഇച്ഛയുണ്ടെങ്കില്‍ ഒരിയ്ക്കല്‍ അത്തരം ഒരു സമൂഹത്തിന്‍റെ ഭാഗമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, കര്‍മ്മ രംഗത്തേക്കിറങ്ങാനും, ഹിന്ദുമതത്തെ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനം ചെയ്യാനുമുള്ള ആത്മീയ നേതാക്കളുടെ ആഹ്വാനം ഹിന്ദു ആത്മീയ മേഖലയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ്. ഇന്ന് ഹിന്ദു ആത്മീയ നേതാക്കള്‍ കൊടുക്കുന്ന സന്ദേശങ്ങള്‍ എല്ലാം വ്യക്തിപരമായ വികാസത്തിനു വേണ്ടി മാത്രമുള്ളവയാണ്. ഹിന്ദുധര്‍മ്മത്തിന്‍റെ പ്രബോധനങ്ങളെ എല്ലാം കോര്‍ത്തിണക്കി ഒരൊറ്റ ജ്ഞാന സമ്പത്താക്കി നിലനിര്‍ത്തുന്ന ഏകതയുടെ ആ ചരടിനെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ഒരു സമൂഹമായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം കാണുന്നില്ല. ആയുര്‍വേദം, യോഗ, ധ്യാനം, നദീ സംരക്ഷണം, ക്ഷേത്രപരിപാലനം, സംസ്കൃതപുനരുദ്ധാരണം ഇതെല്ലാം നല്ലതും ആവശ്യമുള്ളതും തന്നെ. ഇതെല്ലാം, ഭാരതമാതാവിന്‍റെ കണ്ഠത്തെ അലങ്കരിക്കുന്ന മനോഹരമായ ഹാരമായി മാറണമെങ്കില്‍, അവയെയെല്ലാം ഹിന്ദുമതം എന്ന ചരടില്‍ കോര്‍ത്തിണക്കേണ്ടി വരും. ഈയൊരു ചരടിന്‍റെ അഭാവത്തില്‍, ഇവയെല്ലാം ചിതറി കിടക്കുന്ന വെറും മുത്തുകള്‍ മാത്രമാണ്. അങ്ങനെയുള്ളവ മോഷ്ടിക്കപ്പെടാനും, നഷ്ടപ്പെടാനും, ആത്യന്തികമായി നശിപ്പിക്കപ്പെടാനും ഇടവരും. ഈ മുത്തുകള്‍ വിലപിടിപ്പുള്ളവ ആയതുകൊണ്ട് ഒന്നുകില്‍ അവ നഷ്ടപ്പെടും അല്ലെങ്കില്‍ മനസ്സിന്‍റെ ഒരു കോണില്‍ പൊടി പിടിച്ച് കിടക്കും. അല്ലാതെ ജീവനുള്ള ഭാരത മാതാവിനെ അലങ്കരിക്കുന്ന ജീവിക്കുന്ന സംവിധാനങ്ങളായി നിലനില്‍ക്കില്ല. അതുകൊണ്ട് ഹിന്ദുക്കളോട് ഹിന്ദുമതത്തെ പ്രചരിപ്പിക്കുന്നതിനുള്ള ആഹ്വാനം നമ്മുടെ ഹിന്ദുനേതാക്കളില്‍ നിന്നുണ്ടാകണം. അല്ലാതെ ഹിന്ദുമതത്തിന്‍റെ പ്രത്യേകമായ ചില വശങ്ങളെ മാത്രം പ്രചരിപ്പിച്ചാല്‍ പോര.

‘നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക, ഇതാ, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്’. ഈ ആഹ്വാനത്തെ കവച്ചു വയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?

പരിചയമില്ലാത്തവര്‍ക്കായി പറയട്ടെ, ഇത് ലോകത്തെ മുഴുവന്‍ സുവിശേഷവല്‍ക്കരിക്കാനുള്ള ആഹ്വാനമാണ്. ഒരു ക്രിസ്ത്യാനി തന്‍റെ സമയം ചെലവഴിക്കുന്ന ഏതൊരു മീറ്റിങ്ങില്‍ നിന്നും പിരിഞ്ഞു പോകും മുമ്പ് ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കേള്‍ക്കുന്ന ആഹ്വാനമാണിത്. ആ മീറ്റിങ്ങ് രണ്ടു പേരുടേതാകാം, രണ്ടു ദശലക്ഷം പേരുടേതുമാകാം. എന്നാല്‍ ഇതിലെ സന്ദേശം ഉച്ചത്തിലുള്ളതും വ്യക്തവുമാണ്.

ഇതാ ഇവിടെ ഒരു ക്രിസ്ത്യന്‍ സ്തുതി. ഞാന്‍ എത്ര ശ്രമിച്ചാലും എന്‍റെ തലയില്‍ നിന്ന് എനിക്ക് കുടഞ്ഞെറിഞ്ഞു കളയാന്‍ കഴിയാത്ത ഒന്നാണിത്. ഏതൊരു ക്രിസ്ത്യന്‍ കുട്ടിക്കും ഇത് ഓര്‍മ്മയില്‍ നിന്ന് പറയാന്‍ കഴിയും, കാരണം എത്രയെങ്കിലും തവണ അവരത് കേട്ടിട്ടുണ്ടാകും.

ദൂരെ, ദൂരെ ഇരുട്ടു നിറഞ്ഞ ആ വിജാതീയ ദേശങ്ങളില്‍
ലക്ഷോപലക്ഷം ആത്മാക്കള്‍ നിത്യമായി നഷ്ടമായേക്കാം
ആരുണ്ട്, ആരുണ്ടവിടെ പോയി സുവിശേഷ കഥ പറയാന്‍
യേശുവിനെ കണ്ട്, നഷ്ടങ്ങള്‍ നോക്കാതെ അത് ചെയ്യാന്‍

ഗായകസംഘം:
എല്ലാ ശക്തികളും എനിക്കു തന്നിരിക്കുന്നു
എല്ലാ ശക്തികളും എനിക്കു തന്നിരിക്കുന്നു
ലോകമെങ്ങും ചെല്ലൂ, സുവിശേഷം ചൊല്ലൂ
ഇതാ, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്

എങ്ങും തുറന്ന വാതിലുകൾ ക്ഷണിക്കുന്നത് കാണുക
ക്രിസ്തുവിന്‍ പടയാളികളേ, എഴുന്നേറ്റു പ്രവേശിക്കുക !
ക്രിസ്ത്യാനികളേ, ഉണരൂ ! ശക്തികളെ ഒന്നിപ്പിക്കൂ
സുവിശേഷം അയയ്ക്കൂ, പാപ ചങ്ങലകൾ തകർക്കൂ

“നീ എന്തിന് മരിക്കും?” ദൈവശബ്ദം വിളിക്കുന്നു
“നീ എന്തിന് മരിക്കും?” അവന്റെ നാമത്തിൽ വീണ്ടും
ഭയാനക മരണത്തിൽ നിന്ന് രക്ഷിക്കാന്‍ യേശു മരിച്ചു
അതിനാൽ പോയി ജീവിതവും രക്ഷയും പ്രഖ്യാപിക്കുക

എല്ലാ ജനതയും എല്ലാവരും ദൈവമഹത്വം പാടും കാലം
വീണ്ടെടുപ്പിന്‍ നാളുകള്‍ വേഗത്തിലാക്കുന്നു ദൈവം
രക്ഷിക്കപ്പെട്ട, വീണ്ടെടുക്കപ്പെട്ട, സന്തോഷത്തോടെ
പാടുക നാം, “ഹല്ലേലൂയാ, കർത്താവ് രാജാവാണ്”

നിങ്ങള്‍ അമേരിക്കയില്‍ ജീവിക്കുന്ന ആളാണെങ്കില്‍, അടുത്തുള്ള ബാപ്റ്റിസ്റ്റ് പള്ളിയില്‍, ഒരു “ദൗത്യ പൂര്‍ണ്ണ ദിവസം” ഒന്ന് പോയി നോക്കുക. ഇന്ത്യയിലേയോ ആഫ്രിക്കയിലേയോ ഒരു വീഡിയോ ആദ്യം കാണിക്കും. കുപ്പത്തൊട്ടികളില്‍ പന്നികളോടും, പട്ടികളോടും മല്ലടിച്ച് ആഹാരം തേടുന്ന, എല്ലും തോലുമായ കുട്ടികളേയും സ്ത്രീകളേയുമാണ് നിങ്ങള്‍ അതില്‍ കാണുക. തുടര്‍ന്ന് ഈ മനുഷ്യരുടെ ഇടയില്‍ അവരെ രക്ഷിക്കാന്‍ വേണ്ടി സുവിശേഷ വേല ചെയ്ത ആരെങ്കിലും ഒരാള്‍ വന്ന് തന്‍റെ അനുഭവങ്ങള്‍ വിവരിയ്ക്കും. ഈ ചര്‍ച്ച് ഭാഗ്യമുള്ളവരാണെങ്കില്‍, അവര്‍ക്ക് തപ്പിത്തടഞ്ഞ് ഇംഗ്ലീഷ് പറയുന്ന ഒരു ഇന്ത്യന്‍ പാസ്റ്ററെ തന്നെ കിട്ടും. (എന്നാല്‍ ഇതൊരു പ്രകടനമാണ്, പലപ്പോഴും അവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്നരായിരിക്കും). തുടര്‍ന്ന് ലോക്കല്‍ പാസ്റ്റര്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വൈകാരികമായ ഒരു പ്രഭാഷണം ചെയ്യും. പിന്നീടാണ് മുകളില്‍ കൊടുത്ത ഗാനം ആലപിക്കുക. ഗായക സംഘം ഈ പാട്ട് പാടിക്കൊണ്ടിരിക്കെ, ഒരു കൊട്ട അവിടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടാവും. ആളുകള്‍ അതില്‍ തങ്ങളുടെ പണം, ചെക്കുകള്‍, വാഗ്ദാനങ്ങള്‍ എന്നിവ നിക്ഷേപിക്കും. ആ കൊട്ട നിങ്ങളുടെ അടുത്തു കൊണ്ടു വരുമ്പോള്‍ അറിയാതെ തന്നെ നിങ്ങള്‍ നിങ്ങളുടെ പോക്കറ്റില്‍ പണത്തിനായി തപ്പും. അത്രയ്ക്കും വൈകാരികമായി ശക്തമായിരിക്കും ആ അന്തരീക്ഷം.അന്ന് അങ്ങനെ സമാഹരിയ്ക്കുന്ന പണം ഇന്ത്യയിലേക്കൊ, അതുപോലെ മറ്റേതെങ്കിലും വിജാതീയ രാജ്യത്തേക്കോ അയയ്ക്കാന്‍ തീരുമാനിക്കപ്പെടും. ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അതുപോലെ ഒരു ചര്‍ച്ച് ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നു. അവിടെ സമാഹരിക്കപ്പെട്ടതും വാഗ്ദാനം ചെയ്യപ്പെട്ടതുമായ പണം അവിടെ വച്ചു തന്നെ എണ്ണി പാസ്റ്റര്‍ അനൗണ്‍സ് ചെയ്യുകയുണ്ടായി. ഒരു ദശലക്ഷം ഡോളറിന് (ഏകദേശം ഏഴുകോടി രൂപ) മുകളിലായിരുന്നു അന്നേ ദിവസം മാത്രം അവിടെ സമാഹരിക്കപ്പെട്ട തുക.

എന്നാല്‍ വെറും പണം മാത്രമല്ല ആളുകളോട് ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാന്‍ അവരോട് ആഹ്വാനം ചെയ്യും. ദൈവത്തിന്‍റെ ‘നിശ്ചലവും ശാന്തവുമായ’ ശബ്ദം ഹൃദയത്തില്‍ കേട്ടവര്‍ സുവിശേഷ വേലയ്ക്കായി മുന്നോട്ടു വരാന്‍ ആവശ്യപ്പെടും. നല്ലൊരു ദിവസമാണെങ്കില്‍, ഒരു ലോക്കല്‍ ചര്‍ച്ചില്‍ നിന്നു തന്നെ ഒരു ഡസന്‍ ചെറുപ്പക്കാരെ മിഷണറികളായി റിക്രൂട്ട് ചെയ്യാന്‍ അവര്‍ക്ക് കഴിയും. എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇതാണ് ‘മിഷണറി ആവേശം’ സൃഷ്ടിക്കാന്‍ ഉപയോഗിയ്ക്കുന്ന മാര്‍ഗ്ഗം.

2 COMMENTS

  1. Very relevant article. “ഇന്ന് ഹിന്ദു ആത്മീയ നേതാക്കള്‍ കൊടുക്കുന്ന സന്ദേശങ്ങള്‍ എല്ലാം വ്യക്തിപരമായ വികാസത്തിനു വേണ്ടി മാത്രമുള്ളവയാണ്. ഹിന്ദുധര്‍മ്മത്തിന്‍റെ പ്രബോധനങ്ങളെ എല്ലാം കോര്‍ത്തിണക്കി ഒരൊറ്റ ജ്ഞാന സമ്പത്താക്കി നിലനിര്‍ത്തുന്ന ഏകതയുടെ ആ ചരടിനെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ഒരു സമൂഹമായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം കാണുന്നില്ല.”
    Very important point. Thanks for sharing.

LEAVE A REPLY

Please enter your comment!
Please enter your name here