2019 : പ്രതിപക്ഷത്തിന് പാചകപ്പുര, ബിജെപിക്ക് പടക്കളം

എല്ലാ പോരാട്ടങ്ങളും വിജയിക്കുക എന്നത് ഏതൊരു യോദ്ധാവിനും ആഹ്‌ളാദകരമായ കാര്യമാണ്. പക്ഷേ, യുദ്ധ തന്ത്രജ്ഞര്‍ പോരാളിയോട് പറഞ്ഞു കൊടുക്കുന്നത് മറ്റൊരു സൂത്രവാക്യമാണ്. യുദ്ധത്തില്‍ വിജയിക്കുക എന്നത് ശക്തിമാത്രം അടിസ്ഥാമാക്കിയല്ല, തന്ത്രങ്ങള്‍ക്കും ഇതില്‍ നിര്‍ണായക വേഷമുണ്ട്.

മഹായുദ്ധങ്ങള്‍ വിജയിക്കാന്‍ ചെറിയ പോരാട്ടങ്ങള്‍ തോറ്റു കൊടുക്കണം എന്നത് യുദ്ധതന്ത്രജ്ഞതയുടെ ആപ്ത വാക്യങ്ങളിലൊന്നാണ്. ഏറ്റവും ചെറിയ ഇടം ആവശ്യമുള്ള കായിക ഇനങ്ങളിലൊന്നായ ടേബിള്‍ ടെന്നീസില്‍ ചതുരംഗക്കളത്തിലെ ബുദ്ധിയുടെ കളിനീക്കങ്ങള്‍ പ്രാവര്‍ത്തികമാക്കാറുള്ളത് ഇവിടെ ഓര്‍ക്കുക. ലാരി ഹോഡ്ജ്‌സ് എഴുതിയ ടേബിള്‍ ടെന്നീസ് ടാക്റ്റിസ് ഫോർ തിങ്കേഴ്‌സില്‍ ഇതു പറയുന്നുണ്ട്.

ടാക്റ്റിസ്, സ്ട്രാറ്റജി എന്നിവ തമ്മിലുള്ള അന്തരം ഇതില്‍ വിവരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എന്താണോ നല്ലത് അതാണ് ടാക്റ്റിസ്, എന്നാല്‍, ദീര്‍ഘകാലത്തില്‍ എന്താണോ നല്ലത്, അതാണ് സ്ട്രാറ്റജി.

രാഷ്ട്രീയത്തിലും ഈ ആപ്തവാക്യങ്ങള്‍ പയറ്റാറുണ്ട്. ഭാരതത്തിന്റെ ഋഷി പാരമ്പര്യത്തെ ആദരിക്കുന്ന ബിജെപിയുടെ തന്ത്രങ്ങള്‍ മെനയുന്നവര്‍ ഇതൊക്കെ പരീക്ഷിക്കുന്നവരാണ്.

കമ്യൂണിസ്റ്റ് കോട്ടയായിരുന്ന ത്രിപുര പിടിച്ചടക്കിയ പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ച് പൊതുബോധമണ്ഡലത്തില്‍ ഒരു പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ‘ഗ്രാസ് റൂട്ട് ലെവല്‍’ എന്ന തത്വത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. ഇങ്ങിനെയാണ് ചിലയിടങ്ങളില്‍ പാര്‍ട്ടി വിജയിച്ചത്. അസംതൃപ്തരായ ഇതര പാര്‍ട്ടി അംഗങ്ങളെ ആകര്‍ഷിച്ച് അരുണാചല്‍ പോലുള്ള സംസ്ഥാനങ്ങള്‍ പിടിച്ചടക്കി.

ഒരു വര്‍ഷം മുമ്പ് യുപി പിടിച്ചടക്കിയത് ഏവരേയും ഞെട്ടിക്കാന്‍ പോന്നതായിരുന്നു. പ്രതിപക്ഷത്തെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റമായിരുന്നു എല്ലായിടത്തും.

2014 ലെ ലോക്‌സ,ഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭുരിപക്ഷമില്ലാത്ത ലോക്‌സഭയെന്ന് സ്വപ്‌നം കണ്ടിരുന്നവരുടെ മുന്നിലേക്ക് 272 പ്ലസ് എന്ന ലക്ഷ്യവുമായി ബിജെപി എത്തിയപ്പോള്‍ ഏവരും പരിഹസിച്ചു, ഇന്ത്യയില്‍ ഇനി ഒരു ദേശീയ പാര്‍ട്ടിക്കും 272 എന്ന കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് രാഷ്ട്രീയ പണ്ഡിതന്‍മാര്‍ വിധിയെഴുതി.

എന്നാല്‍, 282 അംഗങ്ങളെ വിജയിപ്പിച്ച് ബിജെപി പാര്‍ലമെന്റില്‍ എത്തിയതോടെ ഈ കണക്കൂട്ടലുകള്‍ എതിരാളികള്‍ക്ക് പിഴച്ചു, പിന്നീട് നടന്ന ഒരോ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയം ആഘോഷിച്ചു. അലംഭാവത്തോടെ നേരിട്ട ഡെല്‍ഹി ഇതിനൊന്നപരവാദമായിരുന്നു. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും നടത്തിയ തന്ത്രം ബിജെപി തിരിച്ചറിയാതെ പോയി. ബീഹാറിലെ സഖ്യ കക്ഷിയില്‍ നിന്നും പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ടു നേടിയ കക്ഷിയായി മാറി മുന്നേറിയെങ്കിലും ഭരണത്തിനു പുറത്തു പോയി. എന്നാല്‍, താമസിയാതെ നീതിഷുമായി ചേര്‍ന്ന് ഭരണത്തില്‍ തിരിച്ചെത്തി.

ലക്ഷ്യം വെച്ചതില്‍ 90 ശതമാനവും നേടിയെടുത്തായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റങ്ങള്‍. കേരളം, തമിഴ്‌നാട്, ബംഗാള്‍, പഞ്ചാബ് എന്നിടങ്ങളിലേക്ക് പാര്‍ട്ടിയുടെ കണ്ണ് എത്തിയിരുന്നില്ല. സഖ്യ കക്ഷിയായി ഭരണം നടത്തിയ പഞ്ചാബും ഇത്തരത്തിലുള്ള സംസ്ഥാനമായിരുന്നു.

ആസാമില്‍ തുടങ്ങിവെച്ച വടക്കു കിഴക്കന്‍ ജൈത്രയാത്ര ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവടങ്ങളില്‍ ഞെട്ടിക്കുന്ന വിജയവുമായി എത്തി നില്‍ക്കുന്നു.

ഇൗ ഗംഭീര വിജയങ്ങള്‍ക്ക് തൊട്ടു പിന്നാലെ അധികമാരും ശ്രദ്ധിക്കാതിരുന്ന രണ്ട് ലോക് സഭാ ഉപതിരഞ്ഞെടുപ്പുകള്‍ പൊടുന്നനെ രാജ്യ ശ്രദ്ധാ കേന്ദ്രമായി മാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രണ്ടര പതിറ്റാണ്ട് കൈവശം വെയ്ക്കുകയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്ത മണ്ഡലത്തില്‍,  യോഗി സംസ്ഥാന മുഖ്യമന്ത്രിയായി പോയതിന്റെ പേരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അത്ഭുതമൊന്നും സംഭവിക്കാനില്ലായിരുന്നു. .

എന്നാല്‍, പരസ്പരം പോരടിച്ചു നിന്ന എസ്പിയും ബിഎസ്പിയും രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിന് പകരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയെ എസ്പി തിരി്ച്ച് സഹായിക്കും. ബിഎസ്പിയുടെ വോട്ടും ചേര്‍ത്ത് എസ്പി ഗൊരഖ് പൂരിലും ഫൂല്‍പൂരിലും വിജയം കണ്ടത് ബിജെപി വിരുദ്ധര്‍ക്ക് വലിയ ഉത്തേജനം ലഭിക്കുന്ന മരുന്നായി മാറി.

മൂന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് യോഗി ആദിത്യ നാഥ് മത്സരിച്ച മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ത്ഥി വിജയക്കൊടി പാറിച്ചു, എസ്പിയുടേയും, ബിഎസ്പിയുടേയും വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീണപ്പോള്‍ ബിജെപിക്കു വോട്ടു ചെയ്ത ഒരു ലക്ഷത്തോളം പേര്‍ ഇക്കുറി വീട്ടിലിരുന്നു. പോളിംഗ് ശതമാനത്തില്‍ വന്ന കുറവ് ഇതായിരുന്നു കാണിച്ചത്. ഫൂല്‍പൂരിലും കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ബിജെപിക്ക് വിനയായത്.

ഉപതിരഞ്ഞെടുപ്പിന് വലിയ പ്രസക്തി ഇല്ലാതിരുന്നതാണ് ഒരു കാരണം. ഒരു വര്‍ഷം പോലും കാലാവധി ഇല്ലാത്ത ലോക്‌സഭയിലേക്ക് ഒരു പ്രതിനിധിയെ പറഞ്ഞയയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നതില്‍ ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇരുപതിനായിരം വോട്ടിന് ഗൊരഖ് പൂര്‍ വിജയിച്ച എസ്പിക്കും പിന്തുണച്ച ബിഎസ്പിക്കും ജീവവായു ലഭിച്ചപോലെയായി ഇത്. ലോക്‌സഭയില്‍ ഒരു അംഗവുമില്ലാത്ത ദേശീയ പാര്‍ട്ടിയായി ബിഎസ്പി മാറിയത് 2014 ലെ മോഡി തരംഗത്തിനിടയിലാണ്. രാജ്യസഭയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. പാര്‍ട്ടി അദ്ധ്യക്ഷ മായാവതി തന്നെ രാജ്യസഭയില്‍ അംഗീകരിക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും ആരോപിച്ചു രാജിവെച്ചു. ഇതിനിടയിലാണ് രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് വന്നത്. 403 അംഗ യുപി നിയമസഭയില്‍ കേവലം 19 അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ പാര്‍ട്ടി നിലനില്‍പ്പിനായി പോരടിക്കുമ്പോഴാണ് എസ്പിയുമായി നടത്തിയ നീക്കു പോക്ക്.

എന്നാല്‍, രാവണസഭയില്‍ നിന്നും, വിഭീഷണന്‍ രാമപക്ഷത്തേക്ക് എത്തിയതിനു സമാനമായി എസ്പിയുടെ മുതിര്‍ന്ന നേതാവും നരേഷ് അഗര്‍വാളും യുപി എംഎല്‍എയുമായ മകന്‍ നിതിന്‍ അഗര്‍വാളും ബിജെപി പക്ഷത്തേക്ക് എത്തിയതോടെ ബിഎസ്പിയുടെ മോഹം പൊലിഞ്ഞു.

naresh agarwal bjp
നരേഷ് അഗർവാളിനെ ബിജെപിയിലേക്ക് അടുപ്പിച്ചത് വ്യക്തമായ കണക്കു കൂട്ടലിൽ

മറുവശത്ത്, ഉപതിരഞ്ഞെടുപ്പു പരാജയം ബിജെപിക്കും അണികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഒരു പാഠമായി മാറി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കാഹളമായി ഇത് മാറി.

ഇത്തരം ചെറിയ പോരാട്ടങ്ങള്‍ തോല്‍ക്കുന്നതിന്റെ പ്രാധാന്യം മറ്റൊന്നുമല്ല, വരാന്‍ പോകുന്ന മഹായുദ്ധത്തിന് കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനുള്ള ജാഗ്രതയാണ് ഇത് പകര്‍ന്നു നല്‍കിയത്.

എസ്പിയും ബിഎസ്പിയും ചേരുന്നത് താല്‍ക്കാലികമായി സാധ്യമായെങ്കിലും യുപിയിലെ ജാതി രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാകില്ല. യാദവര്‍ക്ക് ദലിത് വോട്ടുകൾ ലഭിക്കുമെങ്കിലും തിരിച്ച് ഈ ഔദാര്യം ലഭിക്കില്ലെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. യുപിയിലെ ജാതി കലാപങ്ങളില്‍ ഏറിയ പങ്കും യാദവരും ദലിതരും തമ്മിലാണ് ഉണ്ടാകുന്നത്. ഇതിനാല്‍ ബിഎസ്പിയുടെ വോട്ട് എസ്പിക്കു ലഭിക്കുമെങ്കിലും ജാതിയമായി ചിന്തിക്കുന്ന എസ്പിയുടെ അണികള്‍ ബിഎസിപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ല. ഇങ്ങിനെ സംഭവിച്ചാല്‍ യാദവ പക്ഷത്തു നിന്നും വന്‍തോതില്‍ കൊഴിഞ്ഞു പോക്ക് ഉണ്ടാകും. ഇവരെ ബിജെപിയിലേക്ക് എത്തിക്കുകയാണ് നരേഷ് അഗര്‍വാളിനുള്ള കര്‍ത്തവ്യം. തത്വത്തില്‍ എസ്പി- ബിഎസ്പി കൂട്ടുക്കെട്ട് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ബിജെപിക്കാകും ഗുണം ചെയ്യുക.

ഇതേ പോലെ, കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ചേരുമ്പോഴും വോട്ടുകള്‍ നിരവധി ചോരും. ബിജെപി പിഡിപിയുമായി ചേർന്നത് തിരഞ്ഞെടുപ്പിനു ശേഷമാണ്. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഈ സഖ്യം സ്വാഭാവികമായി ഇല്ലാതാകും. മേഘാലയയില്‍ ബിജെപി തിരഞ്ഞെടുപ്പു കഴിഞ്ഞാണ് നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്നത്. ഈ തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനു മുമ്പ് പരീക്ഷിച്ചിരുന്നുവെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാകുക. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും, ടിഡിപിയും മമതയും എല്ലാം തിരഞ്ഞെടുപ്പിനു മുമ്പ് ഒരുമിച്ച് ചേരുന്നത് ഇതേ കാരണത്താല്‍ അവരുടെ നാശത്തിനുമാത്രമേ വഴിവെയ്ക്കു.

അവിയല്‍, സാമ്പാര്‍ മുന്നണികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫലവത്താകുമെങ്കിലും ദേശീയ തലത്തില്‍ ഇതിനു മുമ്പുണ്ടായ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടികളുടെ നാശം മാത്രമാണ്. ദേവഗൗഡയും ഐ കെ ഗുജ്റാളും, വിപി സിംഗും നേതൃത്വം നല്‍കിയ ജനതാദളും അതിനു മുമ്പ് മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടിയും എല്ലാം ഈ അവിയല്‍ മുന്നണികളുടെ ഇരയായി ഒടുങ്ങിയവരാണ്. ഒറ്റയ്ക്ക് നിന്നാല്‍ മൂന്നക്കം കടക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടികളുടെ ഏച്ചുകെട്ടലുകള്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം മാത്രമാകും മുഴച്ചു കാണിക്കുക. പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന മമത, മുലായം, ലാലു, നായിഡു, യെച്ചൂരി എന്നുവേണ്ട രാഷ്ട്രീയത്തിലെ ചേനത്തണ്ടന്‍ മുതല്‍ പഴുതാര വരെയുള്ള എല്ലാ ഉരഗങ്ങളും അണിനിരക്കുമ്പോള്‍ രാജ്യത്തെ ജനത സുസ്ഥിരവും ഭരണ ഭദ്രതയും ഒരുക്കുന്നവരുടെ പിന്നിലാകും അണിനിരക്കുക എന്നത് സുനിശ്ചിതം.

ഗൊരഖ് പൂരിലെ വിജയം കണ്ട് 2019 ലേക്കുള്ള ഭക്ഷണം പാകമായെന്ന് വിളിച്ചു കൂവി സ്ഥലകാല ബോധം മറന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ്.

ഒരു വറ്റെടുത്ത് ചെമ്പിലെ അരി വെന്തോ എന്നു നോക്കുന്ന പോലെ വിധി പറയാന്‍ രാഷ്ട്രീയം ഒരു പാചകപ്പുരയല്ല, പകരം, ധര്‍മ്മാധര്‍മങ്ങള്‍ ഏറ്റുമുട്ടുന്ന കുരുക്ഷേത്ര ഭുമിയാണ്.

പാചകപ്പുരയെന്നു കരുതി ഇരിക്കുന്നവര്‍ക്ക് അനിവാര്യമായ പരാജയമാകും ഫലം. മറിച്ച്, പോരാട്ട ഭൂമിയില്‍ മഹായുദ്ധത്തിന് കവചമണിഞ്ഞ് ആയുധവുമായി നില്‍ക്കുന്നവര്‍ക്കായിരിക്കും അന്തിമ വിജയം. എന്‍ഡിഎയിലെ വലിയ ഘടകകക്ഷികളായിരുന്ന ശിവസേനയും തെലുങ്കു ദേശവും ഇല്ലാതെയുള്ള പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. നിലവില്‍ തന്നെ അപ്രസ്തക്തമായ ശിവസേന മഹാരാഷ്ട്രയുടെ ചവറ്റു കുട്ടയിലേക്ക് തൂത്ത് എറിയപ്പെടും. തെലുങ്കു ദേശം ഭരണ പരാജയത്തിലേക്ക് എത്തിക്കഴിഞ്ഞു. വൈഎസ്ആര്‍ പാര്‍ട്ടി, ജനസേന എന്നിവയെല്ലാം ബിജെപിയുമായി സഖ്യത്തിന് തയ്യാറെടുക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇനിയും ചിത്രം തെളിയാനിരിക്കുന്നു. കര്‍ണാടക, ഒഡീഷ എന്നിവ കൂടി ബിജെപിയിലേക്ക് എത്തുകയും ചെയ്യും. സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍ മാത്രമാകും ബിജെപിയില്‍ നിന്നും വരും കാലങ്ങളില്‍ നഷ്ടപ്പെടുക എന്ന് കരുതുന്നു. അവസാന നിമിഷം നേതൃമാറ്റത്തിലൂടെ പൂഴിക്കടകന്‍ കളിക്കാനും പാര്‍ട്ടി ഇവിടെ തയ്യാറാകും. മദ്ധ്യപ്രദേശിലും ഛത്തീസ് ഗഡിലും സീറ്റുകുറഞ്ഞാലും ഗുജറാത്ത് ആവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കൂകൂട്ടല്‍.

ami shah
2019 ലേക്ക് തന്ത്രങ്ങൾ ഒരുക്കി ബിജെപി

2014 ല്‍ മിഷന്‍ 272 പ്ലസ് ആയിരുന്നു ബിജെപിയുടെ തന്ത്രമെങ്കില്‍ മിഷന്‍ 120 എന്നാണ് 2019 ലെ പദ്ധതി. 2014 ല്‍ പാര്‍ട്ടി വിജയിക്കാതെ പോയെ 120 മണ്ഡലങ്ങളെ ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം. ബംഗാള്‍, ഒഡീഷ, തെലുങ്കാന, ആന്ധ്ര, ആസാം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയാണ് ഇത്. 120 മണ്ഡലങ്ങളിലും മൂന്നര ലക്ഷം പൂര്‍ണ സമയ പ്രവര്‍ത്തകരെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. ഒരു ബൂത്തില്‍ പത്തേളം പേരെ നിയോഗിച്ചാണ് പ്രവര്‍ത്തനം. വീടു വിടാന്തര കയറി ഇറങ്ങി ഇവരെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന പദ്ധതി.

120 മണ്ഡലങ്ങള്‍ക്കും കോര്‍ഡിനേറ്റര്‍മാരായി കേന്ദ്ര മന്ത്രിമാരും നേതാക്കളും ഉള്‍പ്പെട വന്‍ വാര്‍ റൂം പ്രവര്‍ത്തന സജ്ജമാണ്. ശത്രുക്കളെല്ലാം ഒരു വശത്ത് ഒന്നിക്കുന്നത് ബിജെപിക്ക് ഗുണകരമാകും. 2019 ല്‍ ‘ബിജെപി വേഴ്‌സസ് അദേഴ്‌സ്’ എന്ന പോരാട്ടമായി മാറും. മഹാഘട്ബന്ധനുകള്‍ ഉണ്ടാകുമ്പോള്‍ കണക്കല്ല, രാഷ്ട്രീയത്തില്‍ രസതന്ത്രമാണ് വലുത് എന്ന തോന്നല്‍ ഉളവാക്കും. എന്നാല്‍ രാഷ്ട്രീയ അസ്മിത ഇല്ലാതായി ഇവരുടെ പ്രസക്തി നഷ്ടപ്പെട്ട് അന്തച്ഛിദ്രമുടലെടുത്ത് ഒടുവില്‍ പരസ്പരം പോരടിച്ച് ഒരോ പാര്‍ട്ടിയും അതിന്റെ സ്വാഭാവിക അന്ത്യം കാണും. രാഷ്ട്രീയം ആത്യന്തികമായി ആശയപരമായ പോരാട്ടമാണ്. ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാത്ത ഒരു സംഘടനയക്കോ പാര്‍ട്ടിക്കോ ശ്വാശ്വത നിലനില്‍പ്പുണ്ടാകില്ലെന്നത് സ്പഷ്ടം. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യവും, കാലഹരണപ്പെട്ട കമ്യൂണിസവും, എസ്പി- ബിഎസ്പി, ആര്‍ജെഡി എന്നിവരുടെ ജാതിവാദവും, അഴിമതിയും ടിഡിപി, ശിവസേന എന്നിവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുമെല്ലാം ചേരുംപടി ചേര്‍ന്ന് ചീയുമ്പോള്‍ മറുവശത്ത് രാഷ്ട്രവാദവും ജനക്ഷേമവും മാത്രമായിരിക്കും അതിജീവിക്കുക.

2014 ല്‍ തങ്ങളെ സഹായിച്ച മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയ 120 മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയില്‍ ഊന്നിയ പ്രവര്‍ത്തനം ബിജെപി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വട്ടം വിജയിച്ച 282 ഉം വിജയസാധ്യതയുള്ള 120 ഉം ചേര്‍ത്ത് 400 സീറ്റുകള്‍ ഒറ്റയ്ക്ക് നേടുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിയുടേത്. ഗൊരഖ് പൂരും ഫൂല്‍പൂരുമെല്ലാം പരാജയപ്പെട്ടത് ഉര്‍വശി ശാപം ഉപകാരം എന്ന പോലെയായി ബിജെപിക്ക്. ആപത്തു മനസിലാക്കി ഉറങ്ങിക്കിടന്നവരെല്ലാം പൊടുന്നനെ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അപായമണിയായി മാറി ഈ പരാജയങ്ങള്‍ എന്നു വേണം വിലയിരുത്താന്‍.

LEAVE A REPLY

Please enter your comment!
Please enter your name here