വഴിമുട്ടിയ വികസനം – കേരളത്തിന് വേണം ഒരു രക്ഷാമാര്‍ഗം

0

എല്ലാ കാര്യത്തിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന് ധരിച്ചിരുന്ന മലയാളികള്‍ക്ക് പലകാര്യത്തിലും തങ്ങള്‍ പിന്നാക്കമാണെന്ന് ഇതര സംസ്ഥാനങ്ങള്‍ മുന്നേറുന്നതു കണ്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലാണ് മലയാളികള്‍ക്ക് മേല്‍ക്കോയ്മയുണ്ടെന്ന ഒരു പരിവേഷമെങ്കിലുമുള്ളത്. എന്നാല്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കാത്തതിനാല്‍ യുവജനത കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് ഉന്നത പഠനത്തിന് പോകുകയാണ് പതിവ്. കോവിഡ് കാലം വന്നതോടെയും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചതും ആരോഗ്യ രംഗത്തെ മികവും മിഥ്യയാണെന്ന് വെളിപ്പെട്ടു.

ഇപ്പോള്‍, വികസന വിഷയത്തിലും കേരളം വളരെ പിന്നാക്കമാണെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വികസനത്തില്‍ ഗുജറാത്തിനെ പരിഹസിക്കുന്ന മലയാളികളുടെ മനോഭാവം മാറിവരികയാണ്. മലയാള മനോരമ കുടുംബത്തിലെ MRF ഗുജറാത്തില്‍ 4500 കോടി രൂപയുടെ ടയർ നിര്‍മാണ ഫാക്ടറി തുടങ്ങിയതും പ്രവാസി മലയാളി വ്യവസായി MA യൂസഫലി 3000 കോടി രൂപ മുടക്കി ഷോപ്പിംഗ് മാള്‍, ഫുഡ് പ്രൊസസിംഗ് യൂണിറ്റ് എന്നിവ ഉത്തര്‍പ്രദേശിലും ആരംഭിക്കുന്നുവെന്ന വാര്‍ത്തവാര്‍ത്തകള്‍ വന്നപ്പോളാണ് ഇവര്‍ എന്തുകൊണ്ട് കേരളത്തില്‍ പണം മുടക്കുന്നില്ലെന്ന് പ്രബുദ്ധരായ മലയാളികള്‍ ചിന്തിച്ചത്.

https://www.business-standard.com/article/companies/mrf-plans-to-invest-rs-4-500-cr-on-new-facility-in-gujarat-117011100711_1.html

തൊഴിലിനു വേണ്ടി സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട യുവത്വം ഇന്നിപ്പോള്‍ ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. സ്വകാര്യ മേഖലയില്‍ പോലും തൊഴില്‍ അവസരങ്ങള്‍ കേരളത്തില്‍ ലഭ്യമാകുന്നില്ല. സ്മാര്‍ട് സിറ്റിയായാലും, വിഴിഞ്ഞം തുറുമുഖമായാലും വികസനത്തിന് തടയിടാന്‍ കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ കക്ഷികള്‍ മുന്നിലാണ്.

അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കേരളം നാല്‍പതു വര്‍ഷം പിന്നിലാണെന്നതാണ് വസ്തുത. നാലു രാജ്യാന്തര വിമാനത്താവളങ്ങളും പാതയോരങ്ങളിലെ ആഡംബര വീടുകളും മാത്രം കാണിച്ച് കേരളം സിംഗപ്പൂരു പോലെയോ ചില ഗള്‍ഫ് രാജ്യങ്ങള്‍ പോലെയോ ആണെന്ന് ധരിച്ചുവശാകുന്നവരാണ് ഏറെയും.

കേരളത്തില്‍ നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ തൊഴിലാളികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി വിടുന്നതിനുള്ള സ്ഥലമാണ് ഈ വിമാനത്താവളങ്ങള്‍ . എന്നാല്‍, മലയാളി പരിഹസിക്കുന്ന ഗുജറാത്തില്‍ 17 വിമാനത്താവളങ്ങള്‍ ഉണ്ട്. മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളും ബാക്കി 14 ഇടത്തരം ചെറുകിട ആഭ്യന്തര വിമാനത്താവളങ്ങളും. മഹാനഗരങ്ങളും ചെറു നഗരങ്ങളും തമ്മിലുള്ള കണക്ടുവിറ്റി സുഗമമാക്കുന്നത് ഈ വിമാനത്താവളങ്ങളാണ്. വിദേശ നിക്ഷേപകര്‍ക്കും തദ്ദേശീയരായ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും അനായാസം വേഗത്തിൽ‌ ലക്ഷ്യ സ്ഥലങ്ങളില്‍ എത്താനും ഒരോ ചെറുകിട നഗരങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പ്രധാന നഗരങ്ങളിലേക്കും അവിടെ നിന്നും വിദേശ ലക്ഷ്യ കേന്ദ്രങ്ങളിലേക്കും എത്തിക്കാനും ഇവ ഉപയോഗിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപവും രാജ്‌കോട്ട്, അങ്കലേശ്വര്‍ എന്നിവടങ്ങളിലുമായി മൂന്നോളം പുതിയ വിമാനത്താവളങ്ങളും ഗുജറാത്തില്‍ ഇനിയും വരുന്നു. കേരളത്തില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നുവെങ്കിലും സ്ഥലം കണ്ടെത്താനാവാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. മൂന്നാര്‍, കുമരകം, ആലപ്പുഴ പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ചെറുകിട വിമാനത്താവളങ്ങള്‍ ഉണ്ടായാല്‍ ടൂറിസം മേഖലയ്ക്ക് വലിയ സഹായകമാകും. പക്ഷേ, വേമ്പനാട്ട് കായലില്‍ ടൂറിസത്തിനു വേണ്ടി ആരംഭിച്ച സീപ്ലെയിന്‍ സര്‍വ്വീസ് മത്സ്യബന്ധന മേഖലയെ ബാധിക്കുമെന്ന് പറഞ്ഞുപരത്തി ഇടതു യൂണിയനുകള്‍ കെട്ടു കെട്ടിച്ചു.

ബോട്ടു പോലെ വെള്ളത്തിലും സഞ്ചരിക്കുന്നവയാണ് സീപ്ലെയിന്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും പിന്നീട് പറക്കുകയും ചെയ്യുന്ന ഇവ മത്സ്യങ്ങളെയും മത്സ്യ ബന്ധനത്തേയും എങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിദഗ്ദ്ധ സമിതിയും പഠനം നടത്തിയിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തങ്ങള്‍ മുടക്കും എന്ന പ്രതിപക്ഷ നിഷേധാത്മക രാഷ്ട്രീയമാണ് ഇതിന്ന് ആധാരമായി പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാന്‍ ഗവേഷണ പ്രബന്ധമൊന്നും പഠിക്കേണ്ടതില്ല.

ദുബായ് കമ്പനിയായ ടീകോം ആവിഷ്‌കരിച്ച സ്മാര്‍ട് സിറ്റി പദ്ധതി ആരംഭിച്ചിടത്തുനിന്നു മുന്നോട്ട് പോകാനാകതെ തളര്‍ന്നവശനിലയിലാണ്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനവുമായി 84 ശതമാനം ഓഹരി ദുബായ് ഹോള്‍ഡിംഗ്‌സിനും 14 ശതമാനം കേരള സര്‍ക്കാരിനും ഉടമസ്ഥതാവകാശം ഉള്ള കമ്പനി UDF സര്‍ക്കാരിന്റെ കാലത്ത് ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കുകുയും LDF സര്‍ക്കാര്‍ എത്തിയപ്പോള്‍ അതിന് പാരവെയ്ക്കുകയും ചെയ്ത് കേരളത്തെ നിക്ഷേപശത്രുത സംസ്ഥാനമാക്കി മാറ്റി. 2004 ല്‍ ദുബായ് ഹോള്‍ഡിംഗ്‌സ് കേരള സര്‍ക്കാരുമായി ധാരണാ പത്രത്തില്‍246 ഏക്കര്‍ സ്ഥലത്ത്ഒരു കോടി ചതുരശ്ര അടിയില്‍ 20 ഓളം ബഹുനിലകെട്ടിടങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, രാഷ്ട്രീയ വടംവലിയും അലംഭാവവും നിമിത്തം ഈ പദ്ധതി മുട്ടിലിഴഞ്ഞു. ടെുവില്‍ 2016 ല്‍ കേവലം ആറു ലക്ഷം ചതുരശ്ര അടിയില്‍ ഒരു നാലുനില കെട്ടിടം മാത്രമാണ് ആരംഭിക്കാനായത്.

Image result for smart city in kerala

പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതിയുടെ പത്തു ശതമാനം മാത്രമാണ് പൂര്‍ത്തികരിക്കാനായത്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പറഞ്ഞ സ്ഥാനത്ത് കേവലം മുവ്വായിരം പേരാണ് ഇപ്പോള്‍ സ്മാര്‍ട് സിറ്റിയില്‍ ജോലി എടുക്കുന്നത്. ഇതേ കാലയളവില്‍ ടീകോം കമ്പനി വടക്കന്‍ ആഫ്രിക്കയിലെ മാള്‍ട്ടയില്‍ ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പൂര്‍ത്തികരിച്ച് ബ്രേക്ക്ഇവനുമായി. കെടികാര്യസ്ഥതയുടേയും വികസനം മുടക്കികളുടേയും തറവാടായ കേരളത്തില്‍ ഇനി നിശ്ചയദാര്‍ഢ്യമുള്ള നേതാക്കളും മുന്നണിയും അധികാര്തതിലേറണം യഥാര്‍ത്ഥ വികസനം നടക്കാന്‍.

കൊച്ചി സ്മാര്‍ട് സിറ്റിക്ക് സമാനമാണ് തിരുവനന്തപുരത്തിന്റെ വികസന സ്വപ്‌നമായ വിഴിഞ്ഞം തുറുമുഖം. മൂന്നര പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ച പദ്ധതി 2015 ല്‍ UDF സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുത്ത ഏക കമ്പനിയായ അദാനി ഗ്രൂപ്പിന് നിര്‍മാണച്ചുമതല നല്‍കി. അന്ന് പ്രതിപക്ഷത്ത് ഇരുന്ന് സമരം ചെയ്ത ഇടതുപാര്‍ട്ടികള്‍ ഈ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവര്‍ അധികാരത്തിലേറിയതോടെ അദാനിക്ക് പിന്തുണ നല്‍കി. പക്ഷേ, പ്രാദേശിക ട്രേഡ് യൂണിയനുകളും പള്ളി അധികാരികളും മറ്റും തുറുമുഖത്തിന്റെ നിര്‍മാണത്തിന് നിരന്തരം തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

2020 സെപ്തംബറില്‍ ഏഴായിരം കോടിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമെന്നായ്രുന്നു വാഗ്ധാനം നല്‍കിയിരുന്നത്. എന്നാല്‍, 2021 മാര്‍ച്ചില്‍ എത്തിയിട്ടും ഇടതു സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോഴും ഈ ആദ്യഘട്ടം പൂുര്‍ത്തിയായിട്ടില്ല. തുറുമുഖത്തിന്റെ പ്രധാനനിര്‍മാണ ഘട്ടമായ ബ്രേക് വാട്ടര്‍ നിര്‍മിക്കാനാകാതെ അദാനി ഗ്രൂപ്പ് നിസ്സഹായവസ്ഥയിലാണ്. ഒരുഭാഗത്ത് മത്സ്യത്തൊഴിലാളികളുടേയും പള്ളി അധികാരികളുടേയും സമരവും മറുവശത്ത് ക്വാറിയില്‍ നിന്നും പാറ പൊട്ടിക്കുന്നതിന് അനുമതി ലഭിക്കാത്തതും അദാനിയെ കുഴയ്ക്കുന്നു.

Image result for adani port in kerala

രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍‌സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് കൊച്ചിയിലെ സ്മാര്‍ട് സിറ്റി പോലെ ഇഴയുകയാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ടൂറിസം, ഐടി, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പോലും സംരംഭം വിജയകരമായി തുടങ്ങുവാന്‍ നിക്ഷേപകര്‍ക്ക് കഴിയുന്നില്ലെന്ന പരമാര്‍ത്ഥമാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇടതു സര്‍ക്കാര്‍ തങ്ങളുടെ പിആര്‍ സ്റ്റണ്ടുകളിലൂടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നിസ്സാന്‍ മോട്ടോര്‍ കമ്പനിക്ക് നേരിടേണ്ടി വന്ന ദുര്യോഗങ്ങള്‍ വിവാദമായിരുന്നു. തങ്ങളുടെ ഗ്ലോബല്‍ റീസേര്‍ച്ച് ഹബ്ബിന് ധാരാണ പത്രം ഒപ്പിട്ടപ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന യാതൊന്നും ലഭ്യമായില്ലെന്നാണ് കമ്പനി പരാതിപ്പെട്ടത്. അതിലൊന്ന് തിരുവനന്തപുരത്ത് നിന്ന് ടോക്കിയോയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞ് വരികയും വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ ഒരോന്നായി നിര്‍ത്തുകയും ചെയ്ത അവസരത്തിലായിരുന്നു നിസ്സാന്റെ ഈ ആവശ്യം.

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തനം നിലയ്ക്കുകയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ദിനംപ്രതി ശോഷിക്കുകയും ചെയ്തതോടെയാണ് ഇത്തരം വിമാനത്താവളങ്ങളുടെ നടത്തിപ്പും മേല്‍നോട്ടവും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരള സര്‍ക്കാരും ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും മികച്ച പെര്‍ പാസഞ്ചര്‍ ഫീ മുന്നോട്ട് വെച്ച അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും ലഭിച്ചു, എന്നാല്‍, കേരള സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ലാഭകരമായി നടത്താന്‍ കഴിയാത്ത കേരള സര്‍ക്കാര്‍ വിമാനത്താവളം എങ്ങിനെ ലാഭകരമായി നടത്തുമെന്നാണ് പലരും ചോദിക്കുന്നത്. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ 32 ഉം 14 ഉം ശതമാനം മാത്രംഓഹരിയുള്ള കേരള സര്‍ക്കാരിന് ഈ വിമാനത്താവളങ്ങള്‍ വന്‍കിട വ്യവസായികള്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുമ്പോള്‍ അതിനെ മാത്രം എതിര്‍ക്കുന്നതിന്റെ സോഷ്യലിസ്റ്റ് സൈദ്ധാന്തികവശം പലര്‍ക്കും എത്ര ആലോച്ചിട്ടും മനസ്സിലാകുന്നില്ല.

വ്യവസായസൗഹൃദ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുക്കാന്‍ കഴിയാത്ത കേരളം പലപ്പോഴും വ്യവസായികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ സംസ്‌കാരം വലിയ ഒരളവുവരെ സഹായിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അറിയപ്പെടുന്ന എംആര്‍എഫ് തങ്ങളുടെ ആസ്ഥാനം കോട്ടയത്തെ വടവാതൂര്‍ എന്ന സ്ഥാലത്തായിട്ടും കേരളത്തില്‍ ഒരു ടയര്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ലന്നെത് വ്യവസായ ശത്രുതയുള്ള സംസ്ഥാനമെന്ന വിശേഷണത്തിന് ഉദാഹരണമാണ്.

എംആര്‍എഫിന്റെ ആസ്ഥാനവും അസംസ്‌കൃത സംഭരണ ശാലയുമായ കോട്ടയത്തെ ഓഫീസും വെയര്‍ഹൗസും തൊഴില്‍ സമരം മൂലം മാസങ്ങളോളം അടച്ചിടേണ്ട ഗതികേട് വന്നിട്ടുണ്ട്. ജോലിക്ക് വൈകി വന്നതിന് ഒരു തൊഴിലാളിക്ക് മെമ്മോ നല്‍കിയതും അയാളുടെ ഇന്‍ക്രിമെന്റ് തടഞ്ഞുവെച്ചതിലും തുടങ്ങിയ പ്രതിഷേധമാണ് മാസങ്ങളോളം അടച്ചിടുന്നതിന്റെ വക്കിലെത്തിയത്.

സംഭരണശാല ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായത് എംആര്‍എഫിന്റെ ചെന്നൈയിലും മറ്റമുള്ള ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചു. ഇക്കാരണത്താലാണ് ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതു പോലെ എംആര്‍എഫ് മുതലാളി തങ്ങള്‍ സ്വന്തം പത്രത്തിലൂടെ നിരന്തരം എതിര്‍ക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തില്‍ 6000 കോടിയുടെ നിര്‍മാണശാല തുടങ്ങിയത്. ഭരണകൂടവും തൊഴിലാളികളും എല്ലാം അവിടെ നിക്ഷേപസൗഹൃദമായ അന്തരീക്ഷമാണ് നല്‍കുന്നത്.

പതിറ്റാണ്ടുകളായി ഒരേ കക്ഷിയാണ് ഗുജറാത്ത് ഭരിക്കുന്നത്. കേരളത്തിലെ പോലെ പരസ്പരം പഴിചാരുകയും പാരവെയ്ക്കുകുയം ചെയ്യുന്ന എല്‍ഡിഎഫ് യുഡിഎഫ് കസേരകളിയല്ല. ഏഴോളം കേന്ദ്രമന്ത്രിമാരും പതിനഞ്ചോളം എംപിമാരും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടി യുഡിഎഫ് ഒന്നും ചെയ്തില്ല.

ഇതിന് മാറ്റംവരുന്നതിന് കേരളം ഈ തിരഞ്ഞെടുപ്പില്‍ മാറി ചിന്തിക്കുമെന്നും വര്‍ഷങ്ങളായി അന്ധമായ രാഷ്ട്രീയ കിടമത്സരം മൂലം അവതാളത്തിലായ വികസനം ഏതുവിധേയനയും ട്രാക്കിലാക്കുമെന്നും ബിജെപി ഉറപ്പുനല്‍കുന്നു. രാഷ്ട്രീയ അയിത്തം മാറ്റിവെച്ച് ഇക്കുറി വികസനത്തിന് വേണ്ടി ബിജെപിക്കു ഒരവസരം നല്‍കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here