എലിയെ പേടിച്ച് ഇല്ലം ചുട്ട മലയാളി

0

കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത്. ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ, പോലീസ് എന്നിവർക്കും പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത്. ഇത് പ്രകാരം മാർച്ച്‌ മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു. ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.

എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ, കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ്‌ അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്. കൂടാതെ തുടർച്ചയായി ജനങ്ങളിൽ ആശയക്കുഴപ്പവും ഭയവും ജനിപ്പിക്കുന്ന പ്രസ്താവനകൾ അവർ ഇറക്കിക്കൊണ്ടിരുന്നു. ഇതിൽ മുൻനിരയിൽ ശ്രീ ശശിതരൂർ MP യും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവ് ശ്രീ സീതാറാം യെച്ചൂരിയും ആയിരുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിനുകൾ ഒന്നും തന്നെ സുരക്ഷിതം അല്ലെന്നുള്ള ആരോപണമാണ് അവർ മുഖ്യമായും മുന്നോട്ട് വെച്ചത്. ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ പരിചയവുമായുള്ള ഈ നേതാക്കളുടെ പ്രസ്താവനകൾ തീർച്ചയായും ജനങ്ങളിൽ വാക്സിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക സൃഷ്ടിച്ചു . കൂടാതെ സോഷ്യൽ മീഡിയയിൽ ഉള്ള കുപ്രചാരണങ്ങൾക്കും ഇത് ആക്കം കൂട്ടി.

കേരളത്തിലെ സ്ഥിതി, വാക്സിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക മാത്രമായിരുന്നില്ല, മറിച്ച് കേന്ദ്ര സർക്കാരിനോടും BJPയോടുമുള്ള വെറുപ്പ് കൂടിയായിരുന്നു. ആ വെറുപ്പ് ആളുകൾ കോവിഡ് വാക്‌സിനോടും കാണിക്കാൻ തുടങ്ങി. ജനുവരിയിൽ AIIMS ലെ ഒരു ജൂനിയർ ഡോക്ടർ വാക്സിൻ എടുക്കാൻ വിസമ്മതിച്ചപ്പോൾ കേരളത്തിലെ മീഡിയകൾ അത് ഏറ്റെടുത് വലിയ ആഘോഷമാക്കി. ജൂനിയർ ഡോക്ടർ ഹീറോ ആയി. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിൽ അനേകം ആരോഗ്യപ്രവർത്തകർ വാക്സിൻ ഉപേക്ഷിച്ചു . കൂടതെ ഇന്ത്യൻ വാക്സിൻ ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും മറ്റുമാണ് ഉൽപ്പാദിപ്പിക്കുന്നത് എന്ന രീതിയിൽ വാർത്തകളും ട്രോളുകളും കൊണ്ട് ഇടത് വലത് മതേതരന്മാർ സോഷ്യൽ മീഡിയകൾ നിറച്ചു. വാക്സിൻ എടുത്തവർക്ക് ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും ഇവർ പെരുപ്പിച്ചുകാട്ടി ജനങ്ങളിൽ ഭീതി ജനിപ്പിച്ചുകൊണ്ടിരുന്നു. ഇതിൽ രാഷ്ട്രീയക്കാരെ കവച്ചുവെക്കുന്നതായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ പ്രകടനങ്ങൾ.

ചുരുക്കിപ്പറഞ്ഞാൽ ഈ ഗൂഢവും സംഘടിതവുമായ കുപ്രചരണങ്ങൾ പൊതുജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖരാക്കി. ഈ കാലയളവിൽ കേരളത്തിൽ കോവിഡിന്റെ വ്യാപനം കുറവായിരുന്നതും ജനങ്ങളിൽ അലംഭാവം ഉണ്ടാക്കി . തുടക്കത്തിൽ മെല്ലെപ്പോക്ക് കാരണം കേരളം കേന്ദ്രത്തിന്റെ ശകാരത്തിന് പാത്രമാകുകയും ചെയ്തിട്ടുണ്ട്. മാർച്ചിൽ മുതിർന്ന പൗരന്മാരുടെ വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ മിക്ക സെന്ററുകളിലും ഒരു ദിവസ്സം 15/ 20 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. ഓർക്കുക ഒരു വാക്സിൻ സെന്ററിന്റെ മിനിമം കപ്പാസിറ്റി ഒരു ദിവസം 100 ഡോസുകൾ ആണ്. അതായത് ലഭ്യമായിരുന്ന വാക്സിൻ ക്യാപസിറ്റിയുടെ വെറും 20% മാത്രമാണ് നമ്മൾ ആ സമയത്ത് പ്രയോജനപ്പെടുത്തിയിരുന്നത് . വാക്സിൻ പ്രോഗ്രാം വിജയമാകുന്നത് മോദിക്കും BJP ക്കും രാഷ്ട്രീയ നേട്ടം ആകുമെന്ന ഭയത്തിൽ നമ്മൾ മെല്ലേപ്പോക്ക് നയം തുടർന്നുകൊണ്ടിരുന്നു.

ഖജനാവിലെ കോടിക്കണക്കിന് പണം സഖാവിന്റെ അപദാനങ്ങൾ പാടാനും വിജയന്റെ ഫെയ്ഷ്യൽ ചെയ്‌ത മുഖം മാധ്യമങ്ങളിൽ കാണിക്കാനും ചിലവഴിച്ചപ്പോൾ, കോവിഡ് വാക്‌സിനേഷനെപ്പറ്റി സാധാരണ ജനങ്ങളെ ബോധവാന്മാർ ആക്കാൻ 5 പൈസ പോലും ഈ സർക്കാർ ചിലവഴിച്ചിട്ടില്ല. ഈ സമയത്ത് ഉത്തരേന്ത്യയിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കാൻ തുടങ്ങി . ജനിതകമാറ്റം വന്ന വൈറസ്സ് ഇന്ത്യയിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി . ഏപ്രിലിൽ 11ന് കേന്ദ്രം വാക്‌സിനേഷന് ആക്കം കൂട്ടാൻ “ടിക്ക ഉത്സവം ” എന്ന പ്രോഗ്രാം തുടങ്ങി . പതിവ് പോലെ പ്രബുദ്ധരായ മലയാളികൾ ചീത്തവിളിയും ട്രോളുകളും കൊണ്ട് പ്രതികരിക്കാൻ തുടങ്ങി. അസ്സംബ്ലി ഇലക്ഷന് ശേഷം കേരളത്തിൽ കാര്യങ്ങൾ കീഴ്മറിയാൻ തുടങ്ങി. കേസ്സുകൾ കുതിച്ചുയർന്നു, മരണങ്ങളും. നമ്മുടെ കഴിവുകേടുകൾ മറച്ചു വെക്കാനുള്ള നല്ല ഒരു ആയുധമാണ് ആ സമയത്ത് ഒരു വിവാദം ഉണ്ടാക്കുക എന്നത്.

അങ്ങനെ ഇല്ലാത്ത വാക്സിൻ ക്ഷാമത്തിന്റെ പേരിൽ കേരളത്തിലെ ഇടത് വലത് മതേതരന്മാർ വിവാദങ്ങൾ ഉയർത്തി സ്വന്തം കണ്ണിൽ പൊടിയിട്ടു . പക്ഷേ ജനങ്ങൾ വീണ്ടും പരിഭ്രാന്തർ ആയി. രോഗം കുതിച്ചുയരുന്നു കൂട്ടത്തിൽ ഇല്ലാത്ത വാക്സിൻ ക്ഷാമവും. മാർച്ച്‌ മാസത്തിൽ കേരള ജനത മോദിയോടും BJP യോടുമുള്ള വെറുപ്പ് മാറ്റിവെച്ച് വാക്സിൻ കൃത്യമായി സ്വീകരിക്കാൻ താല്പര്യം കാട്ടിയിരുന്നു എങ്കിൽ ഇന്ന് കേരളത്തിലെ മുതിർന്ന പൗരന്മാരിലും , 45 ന് മുകളിൽ ഗുരുതരമായ രോഗങ്ങൾ ഉള്ളവരിലും കുറഞ്ഞത് 50/60% ആളുകൾക്ക് വാക്സിൻ പൂർത്തീകരിക്കാമായിരുന്നു . എന്ത്‌ ചെയ്യാം ? സ്വന്തം വീട് തീകത്തി അമർന്നാലും എലിയെ ഓടിക്കാൻ കഴിഞ്ഞല്ലോ എന്ന ആത്മനിർവൃതിയിൽ ആണ് നമ്മൾ മലയാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here