ഫെയ്ക് ന്യൂസ് – പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ പിടിതരാതെ മാധ്യമ ഭീകരര്‍

വ്യാജ വാര്‍ത്തകളെ പിടിച്ചു കെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ വലവിരിച്ചതോടെ രാജ്യത്തെ കുത്തക മാധ്യമങ്ങളും അവര്‍ക്ക് വേണ്ടി പേനയുന്തുന്നവര്‍ക്കും ഹാലിളകിയിരിക്കുകയാണ്.

വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സര്‍ക്കുലറില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ അഭിമുഖികരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഇതിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെല്ലാം ഉറഞ്ഞുതുള്ളി. അഭിപ്രായ -മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് അലറി വിളിച്ചായിരുന്നു ഇവരുടെ പ്രകടനങ്ങള്‍,. ടെലിവിഷന്‍ ചര്‍ച്ചകളും അഭിപ്രായ കോളങ്ങളും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമാണെന്ന് പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സര്‍ക്കുലര്‍ പിന്‍വലിച്ചു, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യാജ വാര്‍ത്തകള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നായിരുന്നു പിഎംഒയുടെ നിലപാട്.

ഇതോടെ, എന്‍ടിഡിവി പോലുള്ള മാധ്യമങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തില്‍ വാര്‍ത്തകളും തലക്കെട്ടുകളും നല്‍കി.

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ ചെന്ന് എതിരിട്ട് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും നിലവിലും അമേഠിയില്‍ എത്തി മണ്ഡലത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്മൃതി ഇറാനി മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയും പതിവായി വേട്ടയാടപ്പെടുന്ന വനിതാ രാഷ്ട്രീയ നേതാവുമാണ്.

മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ ഇരുന്നപ്പോഴാണ് ഇറാനി വന്‍ തോതില്‍ ആക്രമിക്കപ്പെട്ടത്. ഇടയ്ക്ക് ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിലേക്ക് മാറിയെങ്കിലും വീണ്ടും ഇളക്കി പ്രതിഷ്ഠ നടന്നപ്പോള്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല കൈവരുകയായിരുന്നു.

വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ വേട്ടയാടപ്പെട്ട വനിതയെന്ന നിലയിലും സ്മൃതി ഇറാനി വ്യാജ വാര്‍ത്താ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്. ഇതിനാല്‍ മാധ്യമങ്ങളുടെ വളഞ്ഞിട്ടാക്രമണങ്ങൾക്ക് ഇപ്പോള്‍ ഇരുതല മൂര്‍ച്ചയുണ്ട്. വ്യാജ വാര്‍ത്തകള്‍ 2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ തുറുപ്പുചീട്ടാണെന്നത് അറിയാവുന്നവര്‍ തന്നെയാണ് ഇതിനെ തടയാനുള്ള നീക്കത്തിനെതിരെയും രംഗത്ത് വരുന്നത്. ഇറാനിയെ പോലുള്ള അതിശക്തയായ വ്യക്തിത്വത്തെ തങ്ങളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിനു പുറത്താക്കാന്‍ ഈ മാധ്യമ ഉപജാപവൃന്ദം ശ്രമിക്കും.

തിരഞ്ഞെടുപ്പു കാലമായതിനാല്‍ മാത്രം സര്‍ക്കാര്‍ കടുത്ത നിലപാടില്‍ നിന്നും അയഞ്ഞതാണെന്നും വ്യാജ വാര്‍ത്തകളെ നേരിടാന്‍ തന്നെ ഉറച്ചാണ് മോഡിയുടെ നീക്കമെന്നും സൂചനകളുണ്ട്. അക്രഡിറ്റേഷന്‍ കമ്മറ്റിയെ പുനസംഘടിപ്പിച്ചതും മറ്റും ഇതിന്റെ ഭാഗമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരുവശത്ത്, നുണപ്രചാരണത്തിലൂടെ അധികാരത്തിലെത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഇതര പ്രാദേശിക പ്രതിപക്ഷങ്ങളും ശ്രമിക്കുന്നത്. മറുവശത്ത് ഇവയെ പൊളിച്ചടുക്കാനും പരാജയപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരും മറ്റു ജനാധിപത്യ ശക്തികളും ശ്രമിക്കുന്നു.

ഫെയ്ക് ന്യൂസ്, പോസ്റ്റ് ട്രൂത്ത് തുടങ്ങിയ പദങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്തെ പദാവലികളാണ്. ഇതിനു മുമ്പ് ഇത്തരം വാക്കുകള്‍ പലരും കേട്ടുപോലും കാണില്ല. കാരണം പൊതുസമുഹം വാര്‍ത്തകള്‍ക്കായി ആശ്രയിച്ചിരുന്ന സ്രോതസുകള്‍ മുഖ്യധാര മാധ്യമങ്ങളായിരുന്നു.

വന്‍കിട കുത്തകകളാണ് മാധ്യമ രംഗം അടക്കി വാഴുന്നത്. സോഷ്യല്‍ മീഡിയ ശക്തി പ്രാപിക്കുകയും സ്മാര്‍ട് ഫോണുകള്‍ സര്‍വ്വ വ്യാപിയാകുകയും ഇന്റര്‍നെറ്റ് ഡാറ്റ തുച്ഛമായ തുകയ്ക്ക് ലഭ്യമാകുകയും ഒക്കെ ചെയ്തതോടെ വാര്‍ത്തകളുടെ നിജ സ്ഥിതി അറിയാന്‍ സാമാന്യ ജനങ്ങള്‍ക്കായി.

വാര്‍ത്തകള്‍ക്കായി ഒരേ ഉറവിടത്തെ മാത്രം ആശ്രയിച്ചിരുന്നവര്‍ക്ക് ആധികാരികതോടെ പലതും തിരിച്ചറിയാന്‍ മള്‍ട്ടിപ്പിള്‍ സോഴ്‌സസ് ലഭിച്ചു.

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ മാധ്യമ പ്രവര്‍ത്തനത്തിന് സാധ്യത തുറന്നു കൊടുത്തതു മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് ബദലായി ഇൗ രംഗം പൊടുന്നനെ വളര്‍ന്നപ്പോഴാണ് നിയന്ത്രണങ്ങള്‍ അധികം ഇല്ലാത്ത ഇവിടേക്ക് ഇടതു- അര്‍ബന്‍ നക്‌സല്‍-കോണ്‍ഗ്രസ് വിധേയര്‍ എല്ലാം കടന്നു വന്നത്.

ദി ഹിന്ദു ദിനപത്രത്തില്‍ നിന്നും പുറത്തു ചാടിയ സിദ്ധാര്‍ഥ് വരദരാജന്‍ എന്ന തീവ്ര കമ്യൂണിസ്റ്റ് മാധ്യമ പ്രവര്‍ത്തകന്‍ ഇതില്‍ പ്രധാനിയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് -പാക് അനുകൂല മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത, ശേഖര്‍ ഗുപ്ത തുടങ്ങിയവരെല്ലാം എത്തി.

ചുവപ്പ് മാധ്യമ ഭീകരത കൈകാര്യം ചെയ്യുന്ന വരദരാജന്റെ ദി വയര്‍, ബര്‍ഖയുടെ ദി ക്വിന്റ്, ശേഖര്‍ ഗുപ്തയുടെ ദി പ്രിന്റ് എന്നിവയും ആംആദ്മി പാര്‍ട്ടിയുടെ ഹിറ്റ് ആന്‍ഡ് റണ്‍ നിലപാടുള്ള ജനതാ കി റിപ്പോര്‍ട്ടറും വ്യാജ വാര്‍ത്തകളുടെ രാജ്യത്തെ ഫാക്ടറികളായി മാറി. മുമ്പ് ഒളിക്യാമറ വഴി ബ്ലാക് മെയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ തെഹല്‍ക, ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയ ഓപണ്‍ മാഗസിന്‍, കോബ്രാ പോസ്റ്റ്, നാരദ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നവരാണ്.

നുണകളുടെ കുത്തൊഴുക്കിനെ തടയാനും സത്യം പുറം ലോകത്ത് എത്തിക്കാനും സ്വാഭാവികമായി ഉയര്‍ന്നുവന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഈ ഫെയ്ക്ക് ന്യുസ് ഇന്‍ഡസ്ട്രിയുടെ മുന ഒടിക്കാന്‍ പ്രതിരോധ കോട്ടമതില്‍ തീര്‍ത്തു. ഒപി ഇന്‍ഡ്യ, പിഗുരുസ്, പോസ്റ്റ് കാര്‍ഡ്, സത്യവിജയ്, സ്വരാജ്യ എന്നിവയും വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാനായി മാത്രം ഉയര്‍ന്നുവന്നവയാണ്.

ബിജെപി -മോഡി വിരുദ്ധത മാത്രം മൂലധനമായി പ്രവര്‍ത്തിക്കുന്ന ചുവപ്പ്, ജിഹാദി, കോണ്‍ഗ്രസ് മാധ്യമ ഭീകരതയ്‌ക്കെതിരെ നുണകളുടെ കൊട്ടാരം പൊളിക്കുന്ന ജോലീയാണ് ഇവര്‍ ഏറ്റെടുത്തത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ കുരു്ക്കാന്‍ ദി വയര്‍ നടത്തിയ ശ്രമങ്ങള്‍ വിവാദമായിരുന്നു. അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയതിന് 100 കോടി രൂപയ്ക്കാണ് അമിത് ഷായുടെ മകന്‍ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്.

ഇതുകൊണ്ടും അടങ്ങാതെ മൂന്നു വര്‍ഷം മുമ്പ് മരിച്ച ജഡ്ജിന്റെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് വയര്‍ ആക്രമണം തുടര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരേയും ഏറ്റവും ഒടുവില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെയും അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകള്‍ വയര്‍ പ്രസിദ്ധീകരിച്ചു,

രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്ത അജിത് ഡോവലിനെ ഉന്നം വയ്ക്കുന്നുവെങ്കില്‍ ഇതിനു പിന്നില്‍ ഏതു വന്‍ ശക്തിയാണെന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിച്ചാല്‍ സാമാന്യ യുക്തി ബോധം ഉള്ളവര്‍ക്ക് ഏളുപ്പത്തില്‍ ഉത്തരം ലഭിക്കും.

ഇത്തരം ശ്രമങ്ങള്‍ക്ക് രാജ്യത്തിനകത്തെ ശത്രുക്കള്‍ മാത്രമല്ല, അതിര്‍ത്തിയില്‍ നിന്നും ഭീകരത കയറ്റി അയയ്ക്കുന്നവരുടെയും നിര്‍ലോഭ പിന്തുണയാണ് ലഭിക്കുന്നത്.

ഒരു വശത്ത് ആരോപണങ്ങളുമായി നേരിടുമ്പോള്‍ മറുവശത്ത് വസ്തുകള്‍ വളച്ചൊടിച്ചും നുണ പറഞ്ഞും റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് ബിജെപി-ആര്‍എസ്എസ് -മോഡി വിരുദ്ധ മാധ്യമ ലോകം. ഗുജറാത്തില്‍ കുതിരയെ സ്വന്തമായി വാങ്ങിയ ദലിതനെ കൊലപ്പെടുത്തിയതു പോലുള്ള വാര്‍ത്തകള്‍ പടച്ചു വിടുകയും ഇവരെ ഉദ്ധരിച്ച് ബിബിസി പോലുള്ള രാജ്യാന്തര മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. എന്നാല്‍, പിന്നീട് സത്യാവസ്ഥ തിരിച്ചറിയുമ്പോഴേക്കും നേടേണ്ട ലക്ഷ്യം ഇത് നേടിയെടുത്തിരിക്കും. ഗുജറാത്തിലെ കൊലപാതകം കുതിരയെ സ്വന്തമാക്കിയതിനോ ഓടിച്ചതിനോ അല്ല, പകരം പെണ്‍കുട്ടികളെ ഉപദ്രവിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ നല്‍കിയെങ്കിലും ബിബിസിയോ രാജ്യാന്തര മാധ്യമങ്ങളോ ഇതിന്റെ സത്യാവസ്ഥ തിരുത്തി നല്‍കിയില്ല.

സമൂഹത്തെ വിഭജിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ചെയ്യുന്നത്. ഇതിന് ചൂട്ടു പിടിച്ചു കൊടുക്കുക എന്ന കര്‍ത്തവ്യമാണ് ഈ മാധ്യമങ്ങള്‍ നല്‍കുന്നത്. അര്‍ദ്ധ സത്യങ്ങളും തെറ്റായ വിവരങ്ങളും നല്‍കുക എന്നത് മലയാള മാധ്യമങ്ങളിലെ ഭൂരിഭാഗത്തിന്റേയും നിത്യഅജണ്ടയിലുള്ളതാണ്.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ പേര് ഭീംറാവ് റാംജി അംബേദ്കര്‍ എന്നു മാറ്റിയെന്ന വാര്‍ത്തയാണ് ഇതിലൊന്ന്. റാംജി എന്നത് പിതാവിന്റെ പേരാണെന്നതും ബി ആറിലെ ആര്‍ പ്രതിനിധാനം ചെയ്യുന്നത് റാംജി എന്നതാണെന്നും അറിഞ്ഞിട്ടും ഇത് മറച്ചുവെച്ചാണ് ചില മാധ്യമങ്ങള്‍ യോഗി അംബേദ്കറിന്റെ പേരുമാറ്റി എന്ന് വാവിട്ട് നിലവിളിച്ചത്. റാംജിയിലെ റാം ആണ് മാധ്യമങ്ങള്‍ക്ക് അലര്‍ജിയായത്.

സാധാരണ സംഭവങ്ങള്‍ക്കു പോലും പതിവില്ലാത്ത പ്രസക്തി നല്‍കുകയും തുടര്‍ന്ന് ഇത് വിവാദമാക്കുകയും വ്യാജ വാര്‍ത്തകള്‍ പോലെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഏവരേയും തെറ്റിദ്ധരിപ്പിക്കുന്നതിനുമുള്ള മറ്റൊരു തന്ത്രമാണ്. അടുത്തിടെ സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം ഉദാഹരണം. ഇന്ത്യയില്‍ ആദ്യമായല്ല ചോദ്യ പേപ്പര്‍ ചോരുന്നത്. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നത് മറച്ചു വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആക്രമണം.

യുപിഎയുടെ പത്തുവര്‍ഷത്തെ ഭരണകാലത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവങ്ങളുടെ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം വ്യാജ പ്രതിഷേധങ്ങളാണ് എവിടേയും.

പാര്‍ലമെന്റ്, നീതിപീഠങ്ങള്‍, തെരുവുകള്‍ എല്ലാം അരക്ഷിതമാക്കുകയും കൃത്രിമമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇത്തരം സംഭവങ്ങളുടെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.

ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും തീര്‍ക്കുന്ന സമാന്തര ലോകത്തും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതുപോലെ ഭീതിദമാക്കുന്നവയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള വ്യാജവാര്‍ത്ത ഉല്‍പ്പന്ന കേന്ദ്രങ്ങളുമായി കോണ്‍ഗ്രസ് നേരിട്ടു കരാറിലേര്‍പ്പെട്ടിരുന്നു. അനലിറ്റക്കയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ആദ്യം ബന്ധം നിഷേധിച്ചു. പിന്നീട് വ്യക്തമായ തെളിവുകള്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. നുണ പ്രചരിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും രാജ്യാന്തര ഏജന്‍സിയെ കോണ്‍ഗ്രസ് കരാറേല്‍പ്പിച്ചത് ഇവരുടെ ആശയ പാപ്പരത്തത്തിന്റെ തെളിവല്ലേ?

സത്യസന്ധത ആശയത്തിലും വാക്കിലും പ്രവൃത്തിയിലും ഇല്ലാത്ത ഈ മുത്തശ്ശി പാര്‍ട്ടിയെ ജനം പുറംകാലി ചവിട്ടിയെറിഞ്ഞതല്ലേ. ഇനിയും കുത്സിത മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ അള്ളിപ്പിടിച്ച് കയറാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയാത്തതെന്തേ ? വ്യാജവാര്‍ത്തകളിലൂടെ ഇവര്‍ക്ക് അധികാരം തിരിച്ചു പിടിക്കാനാകുമോ? യുഎസ് തിരഞ്ഞെടുപ്പിലും ബ്രക്‌സിറ്റിലും ഫലപ്രദമായി പണിയെടുത്ത അനലിറ്റിക്കയ്ക്ക് 2019 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാനാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാ്ന്ധിയെ ഉപദേശകനായ സാം പ്രിതോദ പറഞ്ഞു പറ്റിച്ചു കാണും. അനലിക്ക എന്ന ബോംബ് സ്വയം ചാവേറായി പൊട്ടിയതോടെ ആ വഴി അടഞ്ഞു.

കോണ്‍ഗ്രസിന്റെ ഡെര്‍ട്ടി ട്രിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് വെറുതെ ഇരിക്കുമെന്ന് ആരും കരുതേണ്ടതില്ല. വ്യാജ വാര്‍ത്തകളും നുണകളും പരത്താന്‍ ഇവര്‍ക്ക് സ്വന്തമായി ഇക്കോ സിസ്റ്റം ഉണ്ട്. ഇവര്‍ പണിയെടുക്കുന്നുമുണ്ട്. പക്ഷേ, ജാഗ്രതയോടെ മറുവശത്ത് നുണകളെ പൊളിച്ചെടുക്കുന്ന ബദല്‍ സംവിധാനങ്ങളും ശക്തിയാര്‍ജ്ജിച്ചു വരുന്നതായാണ് കാണുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇത്തരം തന്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറും. സത്യമേവ ജയതേ എന്ന നീതിസാരമാണ് രാഷ്ട്രത്തിന്റെ ആണിക്കല്ലെന്നതിനാല്‍ അന്തിമ വിജയം സത്യത്തിന്റെ ഭാഗത്തായിരിക്കുമെന്ന് ഉറപ്പിക്കാം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here