ഓക്‌സിജന്‍ -പിണറായി നന്ദിപറയേണ്ടത് അമേരിക്കന്‍ -ഗുജറാത്തി കോര്‍പറേറ്റുകളോട്‌

കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെ ചില ഇടതു മാധ്യമങ്ങള്‍ കേരളത്തിന്റെ അധിക ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചും വാചാലമായിരുന്നു.

എന്നാല്‍, കേരളത്തില്‍ ആവശ്യത്തിലും അധികം ഓക്‌സിജന്‍ ലഭ്യമായതിന് കാരണക്കാര്‍ അമേരിക്കന്‍ കുത്തക കമ്പനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റചങ്ങാതിയും ഗുജറാത്തിയുമായ ഒരു വ്യവസായ സംരംഭകനുമാണെന്നതുമാണ് വസ്തുത.

അമേരിക്കയിലെ പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ പ്രൊഡക്ട്‌സ് ആന്‍ഡ് കെമിക്കല്‍സ് ഇന്‍കൊ. എന്ന കെമിക്കല്‍ മാനുഫാക്ചറിംഗ് ഭീമനും ഇവരുടെ പങ്കാളിയായ ഇനോക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമാണ് കേരളത്തിലെ ഏറ്റവും വലിയ ഓക്‌സിജന്‍ നിര്‍മാതാക്കള്‍.

2011 ല്‍ പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് ലിക്വിഡ് ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് ഇനോക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.

രാജ്യത്ത് തന്നെ ഏറ്റവും അധികം സ്വകാര്യ ആശുപത്രികള്‍ ഉള്ള കേരളത്തില്‍ മെഡിക്കല്‍ ഓക്‌സിജന് വലിയ ഡിമാന്‍ഡുണ്ടെന്ന് കണ്ടാണ് ഇവര്‍ പ്ലാന്റ് ആരംഭിച്ചത്.

കേരളത്തിലെ കഞ്ചിക്കോട് ഉള്‍പ്പടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത സാമ്പത്തിക നയത്തിന് എതിരായ കുത്തക വിദേശ മൂലധന നിക്ഷേപത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ഇന്ത്യയില്‍ പണം മുടക്കി ഓക്‌സിജന്‍ പ്ലാന്റുകള്‍ തുടങ്ങിയത്.

അതായത്, രാജ്യത്ത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരാണ് ഭരണം നിയന്ത്രിച്ചിരുന്നതെങ്കില്‍ ഈ അമേരിക്കന്‍ കമ്പനിയെ കോടികള്‍ മുടക്കി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് ചുരുക്കം.

നവ ഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വ കുത്തക കോര്‍പറേറ്റുകള്‍ക്കും എതിരെ നാഴികയ്ക്ക് നാല്‍പതു വട്ടം പ്രസംഗിക്കുന്ന ഇടുതു പക്ഷം ഇപ്പോള്‍ ഇവരുടെ സംയുക്ത സംരംഭം നല്‍കുന്ന ഓക്‌സിജന്‍ വിതരണത്തിന്റെ മേന്‍മ ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ മഹിമയായി വിളംബരം ചെയ്യുന്നു.

മാതൃഭൂമി ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പോലും അവതാരകന്‍ എടുത്തു പറഞ്ഞ മഹത്വം ഈ കുത്തക മുതലാളിയുടെ എളിയ സംഭാവനയാണെന്ന് തിരിച്ചറിയുക.

അദാര്‍ പൂനാവാല എന്ന ബയോടെക് സ്ഥാപനത്തിന്റെ ഉടമയുടെ മഹാമാരി കാലത്തെ കൊള്ളലാഭക്കൊതിയുടെ കഥയൊക്കെ അവതരിപ്പിച്ച ഇടത് മാധ്യമ പ്രവര്‍ത്തകന് ഇവരുടെ എക്കാലത്തേയും എതിരാളിയായ മോദിയുടേയും അമിത് ഷായുടേയും ഉറ്റ ചങ്ങാതി കൂടിയായ പി കെ ജെയിന്‍ എന്ന വ്യവസായ സംരംഭകന് 50 ശതമാനം പങ്കാളിത്തമുള്ള ഇനോക്‌സ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ കേരളത്തിന് ഓക്‌സിജന്‍ മിച്ചം കിട്ടിയതിന്റെ മഹാഭാഗ്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല..

വാസ്തവത്തില്‍ ഇനോക്‌സിന്റെ ഉടമയേക്കുറിച്ചുള്ള വസ്തുത അറിയാതെയാകും ഇടതു മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ച് വാതോരാതെ വാഴ്ത്തിപ്പാടിയത്.

ഇതിനു പിന്നില്‍ അംബാനിയെപ്പോലെ, അദാനിയെപ്പോലെ ഒരു ഗുജറാത്തി വ്യവസായിയാണുള്ളതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരം പുകഴ്ത്തല്‍ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.

അമേരിക്കന്‍ കമ്പനികളേയും മറ്റും നാവെടുത്ത് വളച്ചാല്‍ നിശിതമായി വിമര്‍ശിക്കുന്നവര്‍ക്ക് കേരളത്തിന്റെ അധിക ഓക്‌സിജന്‍ ലഭ്യതയുടെ യഥാര്‍ത്ഥ ഉടമകള്‍ ഗുജറാത്തി വ്യവസായിയും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയും ആണെന്ന് അറിയുമ്പോള്‍ ശ്വസിച്ച വായുവെല്ലാം പുറത്തേക്കുവരുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അത്രയ്ക്കാണ് ഇക്കൂട്ടരുടെ ഗുജറാത്ത് വിരോധവും യുഎസ് കോര്‍പറേറ്റ് വിരുദ്ധതയും.

കേരളത്തിന്റെ ലിക്വിഡ് ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക് ടണ്ണാണ്. നിത്യേനയുള്ള ആവശ്യകത 35 -45 മെട്രിക് ടണ്‍ മാത്രവും.

200 മെട്രിക് ടണ്ണില്‍ 149 ഉം ഉത്പാദിപ്പിക്കുന്നത് ് കഞ്ചിക്കോടുള്ള ഇനോക്‌സ് എന്ന ഈ സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയാണ്.

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ആറു മെട്രിക് ടണ്ണും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൊച്ചിന്‍ ഷിപ് യാര്‍ഡും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവര്‍ 5.95 മെട്രിക് ടണ്ണും ഉത്പാദിപ്പിക്കുമ്പോള്‍ മറ്റ് 11 ഓളം സ്വകാര്യ എയര്‍ സെപറേഷന്‍ യൂണിറ്റുകള്‍ എല്ലാം കൂടി 44 മെട്രിക് ടണ്ണും ഉത്പാദിപ്പിക്കുന്നു.

ഇത്തരത്തില്‍ നോക്കുമ്പോള്‍ കേരളത്തിന്റെ ഈ ഓക്‌സിജന്‍ അധിക ലഭ്യതയ്ക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ സംഭാവനയൊന്നും ഇല്ലെന്ന് കാണാനാകും.

കോവിഡ് മഹാമാരി കാലത്ത് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നിന്ന് പുറംതള്ളുന്ന ബൈ പ്രൊഡക്ടിനെ കെമിക്കല്‍ പ്രൊസസിംഗ് നടത്തി മെഡിക്കല്‍ ഓക്‌സിജന്‍ ആക്കിമാറ്റി ആറു മെട്രിക് ടണ്‍ ഉത്പാദിക്കാനായതാണ് അവകാശ വാദം ഉന്നയിക്കാനായ ഏക നേട്ടം.

കേരളത്തിന് നിത്യേന വേണ്ട 45 മെട്രിക് ടണ്ണിന്റെ പതിനഞ്ച് ശതമാനം മാത്രമേ ഇതുവരികയുമുള്ളു.. കേരളത്തെ ഓക്‌സിജന്‍ സര്‍പ്ലസ് സ്റ്റേറ്റ് ആക്കി മാറ്റുന്നതിനു ഒരേ ഒരു കാരണം ഇനോക്‌സ് എന്ന ബഹുരാഷ്ട്ര കമ്പനി മാത്രമാണ്.

ആത്മാര്‍ത്ഥത എന്നൊന്നുണ്ടെങ്കില്‍ ആ അമേരിക്കന്‍-ഗുജറാത്തി സംരംഭത്തേയും സംരംഭകരോടും ഇടതു പക്ഷവും മാധ്യമങ്ങളും വെറുപ്പ് അവസാനിപ്പിച്ച് നന്ദി പ്രകാശിപ്പിക്കട്ടെ. എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ഓക്‌സിജന്‍ സര്‍പ്ലസിന്റേയും അവകാശവാദം തങ്ങളുടെ പതിവ് പിആര്‍ വര്‍ക്കിന്റെ ഭാഗമായി ഇടതു സര്‍ക്കാര്‍ വീമ്പിളക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ആക്ഷേപം.

ഗുജറാത്തിലും യുപിയിലും രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ഇനോക്‌സിന്റെ ഉടമസ്ഥതയിലാണുള്ളത്. യുപിയില്‍ ഗാസിയാബാദിലെ മോദി നഗറില്‍ പ്രതിദിനം150 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് തുടങ്ങിയിട്ടുള്ളത്. യുപി സര്‍ക്കാരിന്റെ നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുത്ത് 2018 ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. കോവിഡ് കാലത്ത് ഇതുമൂലം ഉത്തര്‍പ്രദേശിന് വളരെ അധികം ഗുണമുണ്ടായി. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ യുപിയുടെ പ്രതിദിന ഓക്‌സിജന്‍ ഉത്പാദനം 265 മെട്രിക് ടണ്ണായി ഉയര്‍ന്നു.

ഗുജറാത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കര്‍ജാനിലെ ഓക്‌സിജന്‍ പ്ലാന്റ് സൗരോര്‍ജ്ജ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2024 ഓടെ പ്രതിദിനം അയ്യായിരം മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാണ് ഇനോക്‌സ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here