ക്നാനായ വംശശുദ്ധി ചർച്ച ചെയ്യപ്പെടുമ്പോൾ!

0

ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് നിർമിച്ച ഒരു ഷോർട്ട് ഫിലിം ആണെല്ലോ ഇപ്പോൾ സംസാര വിഷയം. AD 345 ൽ കേരളത്തിലേക്ക് കുടിയേറിയ യഹൂദവംശജരാണ് തങ്ങളെന്നും അന്നുമുതൽ ആ വംശശുദ്ധി നമ്മൾ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അതിനിയുള്ള തലമുറയും കാത്തുസൂക്ഷിക്കണമെന്നും ആണ് ആ വീഡിയോയുടെ സന്ദേശം.

അമച്വർ നിലവാരത്തിലുള്ള ആ വീഡിയോ ഏതോ യൂത്ത് ലീഗ് കുട്ടികളുടെ ആവേശത്തിന്റെ പരിണാമമാണ്. സ്വജാതിയിൽ, സ്വമതത്തിൽ, സ്വദേശത്തിൽ എല്ലാമുള്ള അഭിമാനം അന്യനെ ദ്രോഹിക്കാത്തിടത്തോളം കുഴപ്പമില്ല എന്ന അഭിപ്രായമാണ് ലേഖകനും. കല്യാണ വിഷയത്തിൽ ഭാരതമൊട്ടുക്കും ഇപ്പോഴും ബഹുഭൂരിപക്ഷം മാതാപിതാക്കളും സ്വമതത്തിൽ/സ്വജാതിയിൽ പെട്ട ബന്ധം അന്വേഷിക്കുന്നത് സാധാരണം തന്നെയാണ്. ഇക്കാര്യത്തിൽ ക്നാനായക്കാരെ കളിയാക്കാൻ മറ്റു സമുദായങ്ങൾക്ക്‌ ധാർമികമായ അവകാശമില്ല തന്നെ. ലവ് ജിഹാദിന്റെ ഭീഷണി കൂടിവരുന്ന നാളുകളിൽ ഹൈന്ദവ, ക്രിസ്ത്യൻ കുടുംബങ്ങളിൽ മാതാപിതാക്കൾ പെൺമക്കളെ അതിന്റെ ഭീഷണിയെക്കുറിച്ച് സംസാരിക്കുന്നതും മറ്റൊരു യാഥാർഥ്യമാണ്. ക്നാനായ യൂത്ത് ലീഗ് ഒരു പടി കൂടി മുന്നോട്ട് പോയി വീഡിയോ എടുത്തു..അത്രമാത്രം.

പക്ഷെ ഇവിടെ നമ്മുടെ വിഷയം അതല്ല.

ഈ AD 345 ൽ വന്ന യഹൂദരാണ് ക്നാനായക്കാർ എന്ന് വിഡിയോയിൽ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഇത് ചരിത്ര സത്യമാണോ?ഡോ. അലക്‌സാണ്ടർ ജേക്കബ് IPSന്റെ പഠന പ്രകാരം ഒന്നും രണ്ടുമല്ല, ഏകദേശം ഏഴ് കഥകളാണ് ക്നാനായക്കാരുടെ ഉത്ഭവത്തെക്കുറിച്ച് പറയുന്നത്. യാഥാർഥ്യമെന്തെന്നാൽ ഈ കഥകൾക്കൊന്നും ചരിത്രപരമായ തെളിവുകളില്ല എന്നതാണ്. ക്നാനായ ഉത്ഭവ ഐതിഹ്യങ്ങളിൽ എല്ലാമുള്ളൊരു പേരാണ് ക്നാനായ തൊമ്മ അഥവാ ക്നായി തൊമ്മ എന്ന വ്യക്തി. ക്നാനായ തൊമ്മയും കൂട്ടരും കേരളത്തിലെത്തിയതിന്റെ ഏഴു ഐതിഹ്യങ്ങൾ ചിലത്…

  • പലസ്തീനിലെ കനാന്യർ കേരളത്തിൽ വന്നത്
  • പലസ്തീനിൽ നിന്ന് വന്ന യഹൂദൻ
  • തുർക്കിയിലെ എഡെസ എന്ന സ്ഥലത്ത് നിന്ന് വന്നവർ
  • ക്നാനായ തോമ്മ അർമീനിയക്കാരൻ എന്ന് ബ്രിട്ടീഷ്, പോർട്ടുഗീസ് ചരിത്രകാരന്മാർ
  • തെക്കൻ യെമെൻറെ തലസ്ഥാനമായ ഏദൻ പട്ടണത്തിനു അടുത്തുള്ള കുനാനായി എന്ന സ്ഥലത്ത് നിന്ന് മലബാറിലേക്ക് കച്ചവടത്തിന് വന്നവർ

ഇങ്ങനെ പോകുന്നു…

ഏറ്റവും പ്രചാരത്തിലുള്ളതും ക്നാനായക്കാർ സ്വയം അവകാശപ്പെടുന്നതും മെസോപ്പൊട്ടാമിയയിൽ ( ഇന്നത്തെ തുർക്കിയിലെ എഡെസ യിൽ) നിന്ന് കേരളത്തിലേക്കിറങ്ങിയ പൂർവ്വികരായ ക്നാനായ തോമായുടെയും  കൂട്ടരുടെയും ഐതിഹ്യമാണ്. ഇതാണ് വിഡിയോയിൽ പരാമർശിച്ചതും നമ്മൾ പരിശോധിക്കുന്നതും.

ഈ വിഷയത്തിൽ ഡോ. സന്ദീപ് നമ്പ്യാർ എഴുതിയ ശ്രദ്ധേയമായ ബ്ലോഗിൽ നിന്ന്:

“ക്നായി തോമായൊടൊപ്പം കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ചേരമാൻ പെരുമാൾ ചെമ്പോല തിട്ടൂരങ്ങളിലൂടെ വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകിയെന്നും ഇവർ മഹാദേവർപട്ടണം സ്ഥാപിച്ചു അതിന്റെ തെക്കുഭാഗത്തു താമസിക്കുകയും സഹായത്തിനായി നൽകപ്പെട്ട വടക്കു ഭാഗത്തുള്ള 17 പണിയാള സമുദായങ്ങളെ സ്വമതത്തിൽ ചേർക്കുകയും ചെയ്തെന്നു ഐതിഹ്യം. ഇത് AD 345 ലാണ് നടന്നതെന്ന് വൈദികനും ചരിത്രകാരനുമായ റവ. ഫാ. ജേക്കബ് കൊല്ലപറമ്പിൽ അവകാശപ്പെടുന്നു.

ഇന്ന് അവശേഷിക്കുന്ന ചെമ്പോല തിട്ടൂരങ്ങളിലൊന്നും ഇതിന്റെ പ്രമാണം കാണുന്നില്ലെങ്കിലും പോർച്ചുഗീസു ചരിത്രകാരന്മാർ ഈ ചെമ്പോല തിട്ടൂരങ്ങൾ പകർത്തിയിരുന്നെന്നും അത് നഷ്ട്ടപ്പെട്ടു പോയെങ്കിലും ഫ്രാൻസിലെ നാഷണൽ ലൈബ്രറിയിലുള്ള ഈ പകർപ്പുകളുടെ സിറിയക് ലിപിയിലെഴുതിയ മലയാളം തർജ്ജമയിൽ ഇവ രേഖപ്പെടുത്തിയിട്ടുള്ളതായുമാണ് പറയപ്പെടുന്നതു. അങ്ങനൊരു ചെമ്പോല തിട്ടൂരം ഉണ്ടായിരുന്നില്ല എന്ന് സംശയിക്കുന്നവർ പ്രധാനമായും രണ്ടു വാദങ്ങളാണ് ഉയർത്തുന്നത് .

ഒന്ന് കേരളത്തിൽ പെരുമാക്കന്മാരുടെ ഭരണം എട്ടാം നൂറ്റാണ്ടിൽ മാത്രമാണ് ആരംഭിച്ചതെന്നും, രണ്ട് ആ തർജ്ജമകളിൽ കാണപ്പെടുന്ന വ്യാഴവട്ട കാലഗണന ഉത്തരേന്ത്യയിൽ മാത്രമേ നിലവിലുണ്ടായിരുന്നുളളൂ എന്നും അവ ദക്ഷിണേന്ത്യയിൽ ഒൻപതാം നൂറ്റാണ്ടു മുതൽക്കു മാത്രമാണ് പ്രാബല്യത്തിൽ വന്നത് എന്നുമാണ്.

knana

പക്ഷെ ക്നാനായക്കാരുടെ “പെരുമാൾ വാദത്തിനു” കഴമ്പുണ്ടെന്നവണ്ണം തദ്ദേശീയരായ ഹൈന്ദവരുടെ ഐതിഹ്യ സംഗ്രഹമായ കേരളോല്പത്തിയിൽ ചില സൂചനകൾ കാണുന്നു. അത് പ്രകാരം നമ്പൂതിരിമാർക്കു ദാനമായി കിട്ടിയ കേരളം അവർക്കു ഭരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ദൂഷ്യം നിമിത്തം അവർ ഉത്തര ദിശയിൽ നിന്നും പരദേശികളായ ക്ഷത്രിയരെ കലിവർഷം 3317 അഥവാ AD 216 തൊട്ടു തന്നെ കേരളത്തിൽ പെരുമാളായി ഓരോ വ്യാഴവട്ട കാലത്തേക്ക് വാഴിച്ചു പോന്നതായി രേഖപ്പെടുത്തുന്നു. അതായത് ക്നാനായക്കാർ അവകാശപ്പെടുന്നപോലെ പെരുമാൾ ഭരണം എ ഡി 345 ഇൽ കേരളത്തിൽ നിലവിലുണ്ട് എന്ന വിധം കേരളോത്പത്തിയും ഉദ്‌ഘോഷിക്കുന്നു.

എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥം നാലു “തൊപ്പിയിട്ടവരെ” – പറങ്കികൾ (Portugese)‍, പരന്ത്രീസുകാർ (French), ലന്തക്കാർ (Dutch), ഇംഗ്ലീഷുകാർ (English) – എന്നിവരെ പരാമർശിക്കുന്നതിനാൽ അത് പതിനേഴാം നൂറ്റാണ്ടിലെയോ മറ്റോ സൃഷ്ടിയാകാനേ നിവൃത്തിയുള്ളൂ എന്ന് ചരിത്രകാരന്മാർ വാദിക്കുന്നു.

ക്നായായാക്കാർ തെളിവായി ഉയർത്തുന്ന മറ്റൊരു ഗ്രന്ഥമാണ്‌ റോബർട്ട് ഐസെൻമാൻ എന്ന അമേരിക്കൻ ചിത്രകാരന്റെ Essays on Works of Hippolytus എന്ന ഗ്രന്ഥം. AD 170–235 നു ഇടയിൽ ജീവിച്ചിരുന്ന റോമിലെ ഹിപ്പോളിറ്റസ് എന്ന ദൈവശാസ്‌ത്രപണ്‌ഡിതന്‍ തന്റെ എഴുത്തുകളിൽ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്‌തീയ കുടുംബങ്ങൾ മെസോപ്പൊട്ടാമിയയിലെ എടെസ്സയിൽ നിന്ന് (ഇന്നത്തെ തുർക്കിയിലുള്ള ഒരു നഗരം ) ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടുണ്ട് എന്നാണു ആ അവകാശവാദം . എന്നാൽ AD 235 മരിച്ച ഹിപ്പോളിറ്റസ് എഴുതിയെന്നു പറയപ്പെടുന്ന ലേഖനങ്ങളിൽ AD 345 ൽ  കൊടുങ്ങല്ലൂരിലെത്തിയ ക്നായി തോമായെ കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിൽ അതിന്റെ യുക്തിഭദ്രമല്ല. ഒന്നുകിൽ ഹിപ്പോളിറ്റസ് എഴുതിയെന്നു പറയപ്പെടുന്ന ലേഖനം വിശ്വാസയോഗ്യമല്ല അല്ലെങ്കിൽ റവ. ഫാ. ജേക്കബ് കൊല്ലപറമ്പിൽ അവകാശപ്പെടുന്ന പോലെ AD 345 ലോ അതിനു ശേഷമോ അല്ല ക്നായി തോമാ കേരളത്തിൽ എത്തിയത്. രണ്ടും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്.

ചുരുക്കം പറഞ്ഞാൽ ക്നായി തോമായൊടൊപ്പം ക്രൈസ്തവസഘം കൊടുങ്ങല്ലൂരെത്തിയ കഥയ്ക്ക് വിവിധ തദ്ദേശീയ ഐതിഹ്യങ്ങളുടെ ബലമുണ്ടെങ്കിലും അവ സാധൂകരിക്കാൻ വിശ്വാസയോഗ്യമായ ചരിത്ര പ്രമാണങ്ങൾ ഇല്ല. എന്നിരുന്നാലും ക്നാനായ സമുദായക്കാരുടെ വിവാഹങ്ങളിൽ സ്ത്രീകൾ പരമ്പരാഗതമായി ധരിച്ചിരുന്ന വേതൻമുടി എന്ന കിരീടം പോലുള്ള ശിരോആഭരണം അന്യ കേരളീയ സമുദായങ്ങളുടെ ആഭരങ്ങളുമായി സാമ്യമില്ല എന്ന് മാത്രമല്ല മെസോപ്പൊട്ടാമിയൻ / ചാൽദിയൻ സമുദായങ്ങളിലെ സ്ത്രീകളുടെ പാരമ്പര്യ ആഭരണ രീതികളെ ഓർമിപ്പിക്കുന്ന ഒന്നാണ് എന്ന് ഇത്തരുണത്തിൽ പ്രത്യേകം എടുത്തു പറയാതെ നിർവാഹമില്ല.

1024px-Knanaya_Wedding_Crown


ജീനിയോളജി പഠനമാണ് ഇവർ മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു വാദം. ചില പ്രൈവറ്റ് കമ്മേർഷ്യൽ കമ്പനികളുടെ ജിനിയോളജി കിറ്റുകൾ ഉപയോഗിച്ച് കൈവിരലിൽ ഒതുങ്ങുന്ന സമുദായ അംഗങ്ങളുടെ മാത്രം പ്രൊഫൈൽ പരിശോധന നടത്തി പല ജനിതക വാദങ്ങളും ഉയർത്തുന്നതായി പല ക്നാനായ വെബ്‌ സൈറ്റുകളിലും കാണാം . ശാസ്ത്രീയമായ ഒരു പഠന രീതിയല്ല അത് . ജനിതക ശാസ്ത്രജ്ഞർ സാമാന്യം വലിയ ഒരു സാമ്പിൾ സൈസിൽ നടത്തുന്ന പഠനം ഒരു പിയർ റിവ്യൂഡ് ജേർണലിൽ പ്രസിദ്ധീകരിച്ചു വരാതെ ഇത്തരം അവകാശ വാദങ്ങൾക്ക് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല .”

ആരെയും ശല്യപ്പെടുത്താതെ ജീവിച്ചുപോകുന്ന, വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മുൻപന്തിയിലുള്ള ക്നാനായ ക്രൈസ്തവരുടെ ചരിത്രം അവരുടെ തന്നെ വംശശുദ്ധിയിലുള്ള തീവ്രവാദം കൊണ്ട് ആരിലും താൽപ്പര്യം ജനിപ്പിക്കുന്നതാണ്. വംശശുദ്ധിയെപ്പറ്റി അവർ കൂടുതൽ അവകാശവാദങ്ങൾ ഉയർത്തുമ്പോൾ അവർ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ചെയുന്നത്.  അത് അവർക്കുതന്നെ ദോഷം ചെയ്യുകയേയുള്ളു. ഈ ലേഖനത്തിൽത്തന്നെ ഏഴിൽ പരം ചരിത്രമായിക്കഴിഞ്ഞു.. ഇതിൽ അവർ കച്ചവടത്തിന് വന്ന യഹൂദർ മതം മാറ്റിയ തദ്ദേശീയ മലയാളികൾ മാത്രമാണെന്നു വരെ കാണാം…അത് ശരിയാണെങ്കിൽ ഇവർ മറ്റു കൃസ്ത്യാനികളെ പോലെത്തന്നെ മലയാളികൾ മാത്രമല്ലേ. അങ്ങിനെയെങ്കിൽ ഇവർ ഏത് യഹൂദ വംശത്തിന്റെ ശുദ്ധിയെക്കുറിച്ചാണ് ഇവരീ പറയുന്നത്?

അറിയുവാൻ താൽപ്പര്യമുണ്ട് !

LEAVE A REPLY

Please enter your comment!
Please enter your name here